തിരുവനന്തപുരം പബ്ലിക് ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Central Library, Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം പബ്ലിക് ലൈബ്രറി

ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലകളിൽ ഒന്നാണ് തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്ന തിരുവനന്തപുരം പബ്ലിക് ലൈബ്രറി[1]. സ്വാതിതിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് 1829-ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. ഇരുനിലകളിലായി സ്ഥാപിച്ചിരിക്കുന്ന ലൈബ്രറി സർക്കാർ ചുമതലയിലെ ആദ്യഗ്രന്ഥശാലയാണ്.

വിക്ടോറിയ മഹാറാണിയുടെ വജ്രജൂബിലിയാഘോഷത്തിന്റെ സ്മാരകമായാണ് ലൈബ്രറി സ്ഥാപിച്ചത്. ലഫ്. കേണൽ എഡ്വേഡ് കടോഗനാണ് ആദ്യകാലങ്ങളിൽ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയത്[2]. വളരെക്കുറച്ച് അംഗങ്ങളുമായി 1847-ൽ ലൈബ്രറി ഒരു രജിസ്റ്റേർഡ് സൊസൈറ്റിയായി മാറി. പിന്നീട് 1894-ൽ ജോയിന്റ് സ്റ്റോക്കു കമ്പനിയായി രജിസ്റ്റർ ചെയ്ത സൊസൈറ്റി പബ്ളിക് ലൈബ്രറി അസോസിയേഷനായി. ഈ അസോസിയേഷനെ 1897-ൽ ഒരു കരാർ പ്രകാരം തിരുവിതാംകൂർ സർക്കാരിനു കൈമാറി. അന്നു രാജ്യം ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് ലൈബ്രറി ജനങ്ങൾക്കായി തുറന്നുകൊടുത്തു. 1938 മുതൽ ലൈബ്രറി തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചത്. 1950 മുതൽ സംസ്ഥാന കേന്ദ്ര ലൈബ്രറി എന്ന ബഹുമതി ഇതിനു ലഭിച്ചു. 1988 മുതൽ ലൈബ്രറിയ്ക്ക് ഒരു വകുപ്പിന്റെ പദവി നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി പ്രസിഡന്റായും സ്റ്റേറ്റ് ലൈബ്രേറിയൻ കൺവീനറായും സാംസ്കാരിക നായകന്മാർ അംഗങ്ങളുമായി ഒരു സമിതിയാണ് ഇപ്പോൾ ഭരണചുമതല നിർവഹിക്കുന്നത്. 1981 മേയ് 15-നാണ് ലൈബ്രറിയുടെ മുൻവശത്തായുള്ള മഹാകവി ഉള്ളൂരിന്റെ പ്രതിമ ഇന്ത്യൻ പ്രസിഡന്റ് നീലം സജ്ജീവറെഡ്ഡി അനാച്ഛാദനം ചെയ്തത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-17. Retrieved 2012-08-13.
  2. "പബ്ലിക് ലൈബ്രറി". Archived from the original on 2020-08-11. Retrieved 2012-08-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]