സോക്കലിന്റെ തട്ടിപ്പ്
ന്യൂയോർക്ക് സർവ്വകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറും പ്രശസ്ത ശാസ്ത്രജ്ഞനുമായ അലൻ സോക്കൽ എഴുതിയ ഒരു വ്യാജലേഖനമാണ് സോക്കലിന്റെ തട്ടിപ്പ് (Sokal affair) എന്നറിയപ്പെടുന്നത്. സോഷ്യൽ ടെക്സ്റ്റ് എന്ന തത്ത്വചിന്താമാസികയുടെ 1996 ഏപ്രിലിൽ പുറത്തിറക്കിയ ശാസ്ത്രയുദ്ധങ്ങൾക്കു വേണ്ടിയുളള ലക്കത്തിൽ സോക്കൽ ഒരു തട്ടിപ്പുലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. മാസിക ലേഖനങ്ങളിലെ വാസ്തവം ഉറപ്പുവരുത്തുന്നതിൽ എത്രമാത്രം ശ്രദ്ധകൊടുക്കുന്നുണ്ടെന്നും, അസംബന്ധം നിറഞ്ഞതും അതേസമയം പത്രാധിപരുടെ മുൻവിധികളെ അനുകൂലിക്കുന്ന തരത്തിലുള്ളതുമായ ലേഖനം പ്രസിദ്ധീകരിക്കാൻ തയ്യാറാകുമോയെന്നും പരിശോധിക്കാനായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തത്.[1]
ലേഖനം
[തിരുത്തുക]സീമകളെ അതിലംഘിക്കുക: ക്വാണ്ടം ഗുരുത്വത്തിന്റെ പരിവർത്തനാത്മക വ്യാഖ്യാന ശാസ്ത്രത്തിലേക്ക് (Transgressing the Boundaries: Towards a Transformative Hermeneutics of Quantum Gravity) എന്ന ശീർഷകമാണ് സോക്കൽ ലേഖനത്തിന് നൽകിയത്.[2] ക്വാണ്ടം ഭൗതികം സാമൂഹികവും ഭാഷാപരവുമായ ഒരു നിർമ്മിതി മാത്രമാണെന്ന് സോക്കൽ ലേഖനം വഴി വാദിച്ചു. ഫ്രെഡറിക് ജെയിംസൻ, ആൻഡ്രൂ റോസ് തുടങ്ങി പ്രശസ്തരായ തത്ത്വചിന്തകൻമാരടങ്ങുന്ന പത്രാധിപസമിതി പരിശോധിക്കുകയും പുതുക്കി എഴുതുകയും ചെയ്തതിനു ശേഷമാണ് ലേഖനം സോഷ്യൽ ടെക്സ്റ്റിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ ആ സമയത്ത് പിയർ റിവ്യൂ രീതി അനുവർത്തിക്കാതിരുന്ന മാസിക പുറത്തുനിന്നുള്ള ഭൗതികശാസ്ത്രജ്ഞന്മാരെക്കൊണ്ടൊന്നും ലേഖനം വിലയിരുത്തിച്ചിരുന്നില്ല.[3]
പരിണതി
[തിരുത്തുക]ലേഖനം പുറത്തുവന്നതിനു ശേഷം ഏറെ താമസിയാതെ ഡേവിഡ് ഗ്ലെൻ എന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ സോക്കലിനെ സമീപിച്ച് ഈ ലേഖനം തട്ടിപ്പാണോയെന്ന് അന്വേഷിച്ചു. ഡേവിഡിനെ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനത്തിന്റെ പേരിൽ സോക്കൽ അഭിനന്ദിച്ചു. തന്റെ തട്ടിപ്പ് വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് ല്വിംഗ്വാ ഫ്രാങ്കായുടെ 1996 മേയ് ലക്കത്തിൽ സോക്കൽ പ്രസിദ്ധീകരിച്ചു. സോഷ്യൽ ടെക്സ്റ്റിലെ ലേഖനം ഉത്തരാധുനികതയുടെ ഒരു ഹാസ്യാനുകരണമായിരുന്നുവെന്നും ഈ തട്ടിപ്പിലൂടെ അതിന്റെ ധൈഷണിക വ്യായാമങ്ങളുടെ ഉറപ്പില്ലായ്മയും നിഷ്ഫലതയും വെളിവാക്കുന്നതിനാണ് താൻ ശ്രമിച്ചതെന്നും ഈ കുറിപ്പിലൂടെ സോക്കൽ പറഞ്ഞു.[4] ശാസ്ത്രത്തെ രക്ഷിക്കുക എന്നതിലുപരി ഉത്തരാധുനികരിൽ നിന്നും സാമൂഹിക നിർമ്മിതിവാദികളിൽ നിന്നും ശാസ്ത്രീയ വീക്ഷണത്തേയും ഇടതുപക്ഷത്തേയും പ്രതിരോധിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അസംബന്ധഭാഷണങ്ങൾ നിറഞ്ഞ ആ ലേഖനം പ്രത്യയശാസ്ത്ര മുൻവിധികൾ നിറഞ്ഞ പത്രാധിപൻമാരെ സന്തുഷ്ടരാക്കിയിരുന്നു. ഇതുകൊണ്ടു മാത്രമാണ് ആ ലേഖനം 'സോഷ്യൽ ടെക്സ്റ്റി'ൽ പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മെയ് 17 ലെ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിന്റെ മുൻപേജിൽ സോക്കൽ തട്ടിപ്പിന്റെ വാർത്ത പ്രത്യക്ഷപ്പെട്ടു. സോക്കലിന്റെ നാടകീയമായ ഈ ഇടപെടൽ വളരെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.
സോക്കലിന്റെ ലേഖനം ആധുനിക ഭൗതികശാസ്ത്രത്തിലേയും ഗണിതശാസ്ത്രത്തിലേയും സിദ്ധാന്തങ്ങളെ ഉത്തരാധുനികതയുടെ സംവർഗ്ഗങ്ങളോട് അലസമായി ബന്ധിപ്പിക്കുന്നതായിരുന്നു. ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും അടിസ്ഥാന ധാരണകൾ മാത്രമുളളവർക്കു പോലും തന്റെ ലേഖനത്തിലെ തട്ടിപ്പ് ബോധ്യമാകുമായിരുന്നുവെന്നാണ് സോക്കൽ ല്വിംഗ്വാ ഫ്രാങ്കയിൽ എഴുതിയത്. ക്വാണ്ടം സിദ്ധാന്തത്തെ തെളിവായി മുന്നോട്ടുവയ്ക്കുന്ന ഒരു ലേഖനം ഭൗതികശാസ്ത്രത്തിൽ വേണ്ടത്ര ഗ്രാഹ്യമുളളവരോട് ആലോചിക്കാതെ സോഷ്യൽ ടെക്സ്റ്റ് പ്രസിദ്ധീകരിച്ചതിൽ സോക്കൽ ആശ്ചര്യപ്പെട്ടു. ന്യൂയോർക്കിലെ കെട്ടിട സമുച്ചയത്തിലെ ഇരുപത്തൊന്നാം നിലയിലുളള തന്റെ ഫ്ളാറ്റിൽ നിന്നും താഴേക്കു ചാടി ഗുരുത്വാകർഷണനിയമമെന്ന സാമൂഹിക വിശ്വാസത്തെ വെല്ലുവിളിക്കാൻ, ശാസ്ത്രസിദ്ധാന്തങ്ങൾ കേവലം സാമൂഹിക വിശ്വാസങ്ങളാണെന്ന ഉത്തരാധുനികതയുടെ വാദം തെളിയിക്കാൻ സോക്കൽ ഉത്തരാധുനിക സൈദ്ധാന്തികൻമാരോട് ആവശ്യപ്പെട്ടു. സാംസ്ക്കാരിക വിമർശനരംഗത്തെ പ്രമുഖനായ ഡ്യൂക്ക് സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസർ സ്റ്റാൻലി ഫിഷ് ന്യൂയോർക്ക് ടൈംസി ൽ എഴുതിയ പ്രൊഫസർ സോക്കലിന്റെ ചീത്ത തമാശ ആയിരുന്നു, സോക്കലിന്റെ ലേഖനത്തോടുളള ആദ്യ പ്രതികരണം. സോഷ്യൽ ടെക്സ്റ്റിന്റെ പത്രാധിപൻമാരായ ആൻഡ്രു റോബിൻസും ബ്രൂസ് റൂബിൻസും ചേർന്ന് ല്വിംഗ്വാ ഫ്രാങ്കയിൽ എഴുതിയ ഒരു പ്രസ്താവനയായിരുന്നു അടുത്തത്. ല്വിംഗ്വാ ഫ്രാങ്കയിൽ തന്റെ തട്ടിപ്പ് വെളിപ്പെടുത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച ലേഖനത്തിനു ശേഷം ഇത്തരം പ്രതികരണങ്ങൾക്കെഴുതിയ മറുപടിലേഖനങ്ങൾ സഹിതം സോക്കൽ പല വേദികളിലും തന്റെ നിലപാടിനെ വിശദീകരിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ Sokal, Alan (1996). "A Physicist Experiments With Cultural Studies". Lingua Franca. Retrieved April 3, 2007.
{{cite web}}
: Italic or bold markup not allowed in:|work=
(help); More than one of|author=
and|last=
specified (help); Unknown parameter|month=
ignored (help) - ↑ Sokal, Alan (1994-11-28, revised 1995-05-13, published May 1996). "Transgressing the Boundaries: Towards a Transformative Hermeneutics of Quantum Gravity". Social Text #46/47 (spring/summer 1996). Duke University Press. pp. 217–252. Retrieved April 3, 2007.
{{cite web}}
: Check date values in:|date=
(help); More than one of|author=
and|last=
specified (help) - ↑ Bruce Robbins; Andrew Ross (July 1996). "Mystery science theater". Lingua Franca.. Reply by Alan Sokal.
- ↑ Sokal, Alan (May/June 1996). "A Physicist Experiments With Cultural Studies" (PDF). Lingua Franca. p. 2. Archived from the original (PDF) on 2011-07-24. Retrieved 27 January 2010.
{{cite news}}
: Check date values in:|date=
(help)