പ്രഭാത് പട്നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prabhat Patnaik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2017 ഫെബ്രുവരി 3ന് കോഴിക്കോട്ട്
Prabhat Patnaik in JNU, 2006.

ഇന്ത്യയിലെ ഒരു സാമ്പത്തികശാസ്ത്രജ്ഞനാണ് പ്രഭാത് പട്നായിക്[1]. ദില്ലി ജവാഹർലാൽ നെഹ്രു സർവകലാശാലയിലെ (ജെ.എൻ.യു.) സെന്റർ ഫോർ ഇക്കണോമിക് സ്‌റ്റഡീസ് ആന്റ് പ്ലാനിംഗിൽ 1974 മുതൽ 2010 വരെ അദ്ധ്യാപകനായിരുന്നു[2]. ജൂൺ 2006 മുതൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി സേവനമനുഷ്‌ഠിക്കുന്നു.

1945 സെപ്റ്റംബറിൽ ഒഡിഷയിലെ ജട്നിയിൽ മഞ്ജരി പട്നായിക്കിന്റെയും പ്രാണനാഥ് പട്നായിക്കിന്റെയും മകനായി ജനനം. സ്വദേശത്തും ഇൻഡോറിലെ ഡാലി കോളേജിലുമായി സ്‌കൂൾ വിദ്യാഭ്യാസം. ദില്ലി സെന്റ് സ്‌റ്റീവൻസ് കോളേജിൽനിന്നും സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. റോഡ്സ് സ്‌കോളർഷിപ്പ് നേടി 1966-ൽ ബ്രിട്ടനിലെ ഓൿസ്‌ഫഡ് സർവകലാശാലയിൽ ചേർന്നു. ഓൿസ്‌ഫഡിലെ ബാലിയോൾ, നഫീൽഡ് കോളേജുകളിൽനിന്നായി ബി.ഫിൽ., ഡി.ഫിൽ, ബിരുദങ്ങൾ കരസ്ഥമാക്കി.

1969-ൽ ബ്രിട്ടനിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ അധ്യാപകനായി ചേർന്നു. തുടർന്ന് ക്ലെയർ കോളേജിൽ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1974-ൽ ദില്ലി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ പുതുതായി സ്ഥാപിച്ച സെന്റർ ഫോർ ഇക്കണോമിക് സ്‌റ്റഡീസ് ആന്റ് പ്ലാനിംഗിൽ (സി.ഇ.എസ്.പി.) അസോസിയേറ്റ് പ്രൊഫസറായി ചേർന്നു. 1983-ൽ പ്രൊഫസർ ആയി, 2010 വർഷാവസാനം വിരമിക്കും വരെ തൽ‌സ്ഥാനത്ത് തുടർന്നു. വിരമിക്കുമ്പോൾ സി.ഇ.എസ്.പി.-യിൽ സുഖമോയ് ചക്രവർത്തി ചെയർ കൂടിയായിരുന്നു പട്നായിക്.

സ്ഥൂലസാമ്പത്തികശാസ്‌ത്രം (മാക്രോ ഇക്കണോമിൿസ്), പൊളിറ്റിക്കൽ ഇക്കോണമി തുടങ്ങിയ വിഷയങ്ങളിൽ ഒട്ടനവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. രചിച്ച ഗ്രന്ഥങ്ങളിൽ Time, Inflation and Growth (1988), Economics and Egalitarianism (1990), Whatever Happened to Imperialism and Other Essays (1995), Accumulation and Stability Under Capitalism (1997), The Retreat to Unfreedom (2003), The Value of Money (2008), Re-envisioning Socialism (2011) എന്നിവ ഉൾപ്പെടുന്നു. Social Scientist എന്ന പ്രമുഖ സാമൂഹ്യശാസ്‌ത്ര ജേർണലിന്റെ എഡിറ്റർ കൂടിയാണ് അദ്ദേഹം.

വിശ്രുത സാമ്പത്തികശാസ്‌ത്രജ്ഞയായ ഉട്സാ പട്നായിക് ആണ് ഭാര്യ. പ്രഭാത് പട്നായിക്കിനൊപ്പം സി.ഇ.എസ്.പി.യിൽ പ്രൊഫസർ ആയിരുന്നു ഉട്സാ പട്നായിക്. 2010-ൽ വിരമിച്ചു.

2006 ജൂൺ മുതൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷനാണ് പ്രഭാത് പട്നായിക്.

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 765. 2012 ഒക്ടോബർ 22. Retrieved 2013 മെയ് 14. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2011-09-30.
"https://ml.wikipedia.org/w/index.php?title=പ്രഭാത്_പട്നായിക്&oldid=3638114" എന്ന താളിൽനിന്ന് ശേഖരിച്ചത്