ഏഥൻസിലെ പ്ലേഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plague of Athens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

430 ബി.സിയിൽ പെലോപൊന്നേഷ്യൻ യുദ്ധസമയത്ത് ഏഥൻസിനെ ബാധിച്ച പകർച്ചവ്യാധിയെയാണ്, ഏഥൻസിലെ പ്ലേഗ് (Plague of Athens) എന്നുവിളിക്കുന്നത്. യുദ്ധത്തിന്റെ രണ്ടാം വർഷം വിജയം സുനിച്ഛിതമാണ് എന്ന് കരുതിയിരുന്ന സമയത്താണ് രോഗബാധ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ തുറമുഖമായ പിറേയസ് വഴിയാണ് അസുഖം എത്തിപ്പെട്ടതെന്ന് കരുതുന്നു. സ്പാർട്ടൻ നഗരരാജ്യത്തേയും മറ്റു മിക്ക കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളെയും അസുഖം ബാധിക്കുകയുണ്ടായി. 429 ബിസിയിലും 427/6 ബി.സി.യിലും അസുഖം വീണ്ടും പ്രത്യക്ഷപ്പെട്ടു.

ഫലങ്ങൾ[തിരുത്തുക]

ഏതൻസ് സൈനികരിൽ നാലിലൊന്ന് ഈ അസുഖത്താൽ മരണമടഞ്ഞു. ചില വർഷങ്ങൾ കൊണ്ട് ജനസംഖ്യയിൽ നാലിലൊന്നും ചത്തൊടുങ്ങി. ഈ അസുഖം ഗ്രീസിൽ ഏഥൻസിനുണ്ടായിരുന്ന ആധിപത്യം ഇല്ലാതെയാക്കി. അസുഖത്തിന്റെ മാരകസ്വഭാവം രോഗം പകരുന്ന നിരക്ക് കുറയാൻ കാരണമായി (അസുഖം ബാധിക്കുന്നവർക്ക് ഇത് മറ്റ് അധികം ആൾക്കാരിലേയ്ക്ക് പകരുന്നതിനു മുൻപേ മരണം സംഭവിക്കുമായിരുന്നുവത്രേ).

പകർച്ചവ്യാധിയുടെ ഭീകരത മനുഷ്യരുടെ സമനില തെറ്റിച്ചപ്പോൾ സാമൂഹികവും ധാർമ്മികവുമായ മര്യാദകൾ എങ്ങനെ തകിടം മറിഞ്ഞുവെന്ന് പെലപ്പൊന്നേഷൻ യുദ്ധത്തിന്റെ ഇതിഹാസമെഴുതിയ സമകാലീനചരിത്രകാരൻ തുസ്സിഡിഡീസ് വിവരിച്ചിട്ടുണ്ട്:-

അനേകം ജഡങ്ങൾ സംസ്കരിക്കപ്പെടാതെ കിടന്നെങ്കിലും പക്ഷികളും ജന്തുക്കളും അവയെ സ്പർശിക്കാതിരിക്കുകയോ രുചിച്ച മാത്രയിൽ ചാവുകയോ ചെയ്തു [...]. മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ ശരീരങ്ങൾ ഒന്നിനുപുറമേ ഒന്നായി കിടന്നു; പകുതിമരിച്ച പരവശാത്മാക്കാൾ തെരുവുകളിൽ അലഞ്ഞുനടക്കുകയും, വെള്ളംകൊതിച്ച് നീരുറവുകൾക്കു സമീപം പറ്റം ചേർന്നു നിൽക്കുകയും ചെയ്തു. അവർ അഭയം തേടിയ വിശുദ്ധസ്ഥലങ്ങളിലും, അവിടെ മരിച്ച അവരെപ്പോലുള്ളവരുടെ ജഡങ്ങൾ കൂടിക്കിടന്നു; എല്ലാ അതിരുകളും കടന്ന ദുരന്തത്തിൽ തങ്ങൾക്ക് സംഭവിക്കാൻ പോകുന്നതെന്തെന്ന ആകാംക്ഷ മനുഷ്യരെ ഗ്രസിച്ചപ്പോൾ, അവർ ദേവസ്ഥാനങ്ങളേയും, ദേവവിഹിതങ്ങളേയും ബഹുമാനിക്കാതെയായി. ചിരസ്ഥാപിതമായ സംസ്കാരവിധികൾ ആകെ തകിടം മറിഞ്ഞു. ജഡങ്ങൾ ആകാവുന്ന വിധത്തിലൊക്കെ സംസ്കരിക്കപ്പെട്ടു. ഉറ്റവരിൽ അനേകം പേരുടെ മരണത്തോടെ സാമഗ്രികൾക്ക് ക്ഷാമമായപ്പോൾ, പലരും ജഡങ്ങളുടെ സംസ്കാരത്തിന് ലജ്ജാകരമായ വഴികൾ അവലംബിക്കാൻ തുടങ്ങി: മറ്റൊരാൾ ഒരുക്കിയ ചിതയിൽ തങ്ങൾ കൊണ്ടുവന്ന ജഡങ്ങൾ വച്ച് ചിലർ തീകൊളുത്തി; ചിലപ്പോൾ തങ്ങൾ വഹിച്ചിരുന്ന ജഡത്തെ നേരത്തേ കത്തിക്കൊണ്ടിരുന്ന ഒരു ജഡത്തിനുമേൽ വലിച്ചെറിഞ്ഞിട്ട് അവർ സ്ഥലം വിട്ടു.[1]

രോഗകാരണം[തിരുത്തുക]

ഈ അസുഖം ടൈഫോയ്ഡ് പനിയായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി . യഥാർത്ഥ കാരണം വളരെനാൾ അജ്ഞാതമായിരുന്നു. 2006 ജനുവരിയിൽ ഏഥൻസ് സർവ്വകലാശാലയിലെ ഗവേഷകർ നഗരത്തിനു താഴെയുണ്ടായിരുന്ന ഒരു കൂട്ട ശവക്കുഴിയിൽ നിന്നു ശേഖരിച്ച പല്ലുകൾ പഠനവിധേയമാക്കുകയും അതിൽ ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഥൻസിലെ_പ്ലേഗ്&oldid=2926683" എന്ന താളിൽനിന്ന് ശേഖരിച്ചത്