Jump to content

പെലപ്പൊനേഷ്യൻ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെലോപൊനേഷ്യൻ യുദ്ധം

പെലപ്പൊന്നേഷൻ യുദ്ധത്തിലെ ശക്തിവിന്യാസത്തിന്റെ ഭൂമിശാസ്ത്രം: കുങ്കുമനിറം ആഥൻസ് ഉൾപ്പെട്ട ഡീലിയൻ സഖ്യത്തേയും, പച്ച സ്പാർട്ടയുടെ പെലപ്പൊന്നേഷൻ സഖ്യത്തേയും സൂചിപ്പിക്കുന്നു.
തിയതിബി.സി. 431 മുതൽ 404 ഏപ്രിൽ 25 വരെ
സ്ഥലംഗ്രീസ്, ഏഷ്യാമൈനർ, സിസിലി
ഫലംപെലപ്പോന്നേഷൻ സഖ്യത്തിന്റെ വിജയം
Territorial
changes
ഡീലിയൻ സഖ്യത്തിന്റെ തിരോധാനം,
ആഥൻസിന്റെയും സഖ്യനാടുകളുടേയും മേലുള്ള സ്പാർട്ടയുടെ മേധാവിത്ത്വം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ആഥൻസിന്റെ നിയന്ത്രണത്തിലുള്ള ഡീലിയൻ സഖ്യംസ്പാർട്ടയുടെ നിയന്ത്രണത്തിലുള്ള പെലപ്പൊന്നേഷൻ സഖ്യം
പടനായകരും മറ്റു നേതാക്കളും
പെരിക്കിൾസ്
ക്ലിയോൺ
നിക്കിയാസ്
അൽസിബയഡിസ്
ഡെമോൺസ്തനീസ്
ആർക്കിഡാമസ് രണ്ടാമൻ
ബ്രാസിഡാസ്
ലൈസാണ്ടർ
അൽസിബയഡിസ്

പുരാതന ഗ്രീസിൽ, ആഥൻസിന്റെ സാമ്രാജ്യമായി പരിണമിച്ചിരുന്ന ഡീലിയൻ സഖ്യവും സ്പാർട്ടയുടെ നേതൃത്വത്തിലുള്ള പെലപ്പൊന്നേഷൻ സഖ്യവും തമ്മിൽ നടന്ന യുദ്ധമാണ് പെലോപൊനേഷ്യൻ യുദ്ധം (ബിസി 431-404). യവനലോകത്ത് അതു കൈവരിച്ചിരുന്ന രാഷ്ട്രീയമേധാവിത്വവും ഈജിയൻ കടൽ പ്രദേശത്തെ വാണിജ്യമേൽക്കോയ്മയും നിലനിർത്താനുള്ള ഏഥൻസിന്റെ നിശ്ചയവും അതിനോട് മറ്റു നഗരരാഷ്ട്രങ്ങൾ പ്രകടിപ്പിച്ച എതിർപ്പുമാണ് ഈ യുദ്ധത്തിനു കാരണമായത്. ഗ്രീക്കു ലോകത്തെ സമൂലം ഉടച്ചുവാർത്ത ഈ പോരാട്ടം പെരിക്ലീസിന്റെ ഭരണകാലത്തെ കേന്ദ്രമാക്കിയുള്ള ഗ്രീസിന്റെ വിഖ്യാതമായ സുവർണ്ണയുഗത്തിന്റെ അന്ത്യം സൂചിപ്പിച്ചു. "ഗ്രീസിന്റെ ആത്മഹത്യ" (the suicide of Greece) എന്നു പോലും ഈ യുദ്ധം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

കാരണങ്ങൾ

[തിരുത്തുക]

യവനലോകത്തിനാകെ ദുരിതം വിതച്ച ഈ അന്തശ്ചിദ്രത്തിനു പല കാരണങ്ങളും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. പെരിക്ലിസിന്റെ കീഴിൽ രാഷ്ട്രാതിർത്തിക്കുള്ളിൽ ജനാധിപത്യം പിന്തുടർന്ന ആഥൻസ്, അയൽനാടുകൾക്കു നേരെ സ്വീകരിച്ചതു ശക്തിയുടെ ഭാഷയെ ആശ്രയിച്ചുള്ള നയമായിരുന്നു. ഈജിയൻ കടലിലെ കച്ചവടമാർഗ്ഗങ്ങൾ ആഥൻസിന്റെ നിയന്ത്രണത്തിലായിരുന്നു. ഈജിപ്തിൽ നിന്നുള്ള ധാന്യഇറക്കുമതിയെ ആശ്രയിച്ചിരുന്ന ആഥൻസ് ഈജിയൻ കടലിന്റെ നിയന്ത്രണം നിലനില്പിന്റെ പ്രശ്നമായി കരുതി. എങ്കിലും വ്യാപാരമാർഗ്ഗങ്ങളെ വരുതിയിൽ നിർത്താനായി ആഥൻസ് കൈക്കൊണ്ട മയമില്ലാത്ത നടപടികൾ അയൽനാടുകൾക്ക് ഈർച്ചയും അവമാനവും ഉണ്ടാക്കി.

ഈ താത്പര്യസംഘർഷം സമാധാനപരമായി പരിഹരിഹാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ആയുധമെടുക്കാൻ അവസരം പാർത്തുനിന്ന അപക്വമതികളായ ചെറുപ്പക്കാർ പെലപ്പൊന്നേസിലും ആഥൻസിലും യുദ്ധത്തിനായി മുറവിളി കൂട്ടിയതും സമാധാനത്തിനുള്ള വഴിയടച്ചതായി പെലപ്പൊന്നേഷൻ യുദ്ധത്തിന്റെ ചരിത്രമെഴുതിയ തുസ്സിഡിഡീസ് പറയുന്നു.[1]

കൊറിന്തിയൻ കടലിടുക്കിലെ സ്പാർട്ടൻപക്ഷനഗരമയിരുന്ന മെഗാരക്കെതിരെ ബിസി 432-ൽ ആഥൻസ് പ്രഖ്യാപിച്ച ഉപരോധം യുദ്ധത്തിനു തുടക്കം കുറിച്ച പ്രകോപനങ്ങളിൽ ഒന്നായിരുന്നു. [൧]

മൂന്നു ഘട്ടങ്ങൾ

[തിരുത്തുക]

ബിസി 431 മുതൽ 404 വരെ ദീർഘിച്ച ഈ യുദ്ധത്തിന്റെ പുരോഗതിയിൽ ചരിത്രകാരന്മാർ മൂന്നു ഘട്ടങ്ങൾ കാണുന്നു.

തുടക്കം

[തിരുത്തുക]

ആർക്കിദാമിയൻ യുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തിൽ ഗ്രീക്ക് ഉപദ്വീപിൽ ആഥൻസ് ഉൾപ്പെട്ട അറ്റിക്കാ പ്രദേശത്തെ സ്പാർട്ട നിരന്തരം ആക്രമിച്ചു. അതേസമയം, തങ്ങളുടെ നാവികമേൽക്കോയ്മ മുതലെടുത്ത് പെലപ്പൊന്നേസ് തീരത്ത് മിന്നലാക്രമണങ്ങൾ നടത്തിയ ആഥൻസ് സ്വന്തം സാമ്രാജ്യത്തിനുള്ളിലുള്ള എതിർപ്പുകളെ ദാഷിണ്യമില്ലാതെ അടിച്ചമർത്തി. സ്പാർട്ടയുടെ ആക്രമണത്തെ ഭയന്ന് ആഥൻസിലെ ജനത നഗരഭിത്തികൾക്കുള്ളിൽ കൂട്ടം ചേർന്ന് ഒതുങ്ങിക്കഴിഞ്ഞപ്പോൾ കുന്നുകൂടിയ മാലിന്യങ്ങൾ പ്ലേഗു പരത്തി. യുദ്ധത്തിനൊപ്പം നഗരത്തെ അലട്ടിയ ഈ പകർച്ചവ്യാധി ആഥൻസിന്റെ പ്രസിദ്ധനേതാവ് പെരിക്ലിസ് ഉൾപ്പെടെയുള്ളവരുടെ ജീവൻ അപഹരിച്ചു. ബി.സി. 421-ൽ "നിക്കിയാസിന്റെ ശാന്തി" (Peace of Nicias) എന്നറിയപ്പെടുന്ന സമാധാന ഉടമ്പടിയോടെ യുദ്ധത്തിന്റെ ഈ ഘട്ടം സമാപിച്ചു. ഏറ്റുമുട്ടലിന്റെ അന്ത്യം പ്രഖ്യാപിച്ചതിനപ്പുറം ആഥൻസും സ്പാർട്ടയും തമ്മിൽ അൻപതു വർഷത്തെ മൈത്രീബന്ധത്തിനുപോലും "നിക്കിയാസിന്റെ ശാന്തി"-യിൽ വ്യവസ്ഥയുണ്ടായിരുന്നു. സ്പാർട്ട ആക്രമിക്കപ്പെട്ടാൽ സഹായത്തിനെത്താമെന്ന ആഥൻസിന്റെ ഉറപ്പും സന്ധിയിൽ ഉണ്ടായിരുന്നു.

രണ്ടാം ഘട്ടം

[തിരുത്തുക]

എന്നാൽ സമാധാനത്തെ "മറ്റുവഴികളിലൂടെയുള്ള യുദ്ധം" (war by other means) ആയി ഇരുപക്ഷവും കാണാൻ തുടങ്ങിയതിനാൽ "നിക്കിയാസിന്റെ ശാന്തി"-ക്ക് ഏറെ ആയുസ്സുണ്ടായില്ല. അൻപതു വർഷത്തെ ശാന്തിയും മൈത്രിയും ആറുവർഷത്തെ ശീതയുദ്ധത്തിൽ ഒതുങ്ങി. ആഥൻസിലെ രാജനീതിയിൽ അൽസിബയഡിസിന്റെ തീവ്രപക്ഷത്തിനു മേൽക്കോയ്മ കിട്ടിയത് സന്ധിയുടെ തകർച്ചയെ ത്വരിതപ്പെടുത്തി. പെലപ്പൊന്നേസിൽ താമസിയാതെ ഏറ്റുമുട്ടലുകൾ വീണ്ടും തുടങ്ങിയതോടെ നിക്കിയാസിന്റെ സന്ധി പേരിനു പോലും ഇല്ലാതായി. സിസിലിയിൽ അതിന്റെ മേൽക്കോയ്മയെ ചെറുത്ത സൈറാക്കൂസിനെ ആക്രമിക്കാനായി ബിസി 415-ൽ ആഥൻസ് ഒരു കൂറ്റൻ നാവികപ്പടയെ നിയോഗിച്ചു. മൊത്തം നാവികവ്യൂഹത്തിന്റെ നാശത്തോടെ ബിസി 413-ൽ ആ സാഹസം വൻപരാജയത്തിൽ സമാപിച്ചു.

അന്ത്യം

[തിരുത്തുക]

ഡിസേലിയൻ യുദ്ധമെന്നും അയോണിയൻ യുദ്ധമെന്നും ഒക്കെ അറിയപ്പെടുന്ന അന്തിമപോരാട്ടമാണ് പിന്നീടു നടന്നത്. ഈ ഘട്ടത്തിൽ, പേർഷ്യയിലെ അക്കാമെനീയ സാമ്രാജ്യത്തിന്റെ സഹായം ലഭിച്ച സ്പാർട്ട, അയോണിയയിലും ഈജിയൻ കടൽ പ്രദേശത്തുമുള്ള ആഥൻസിന്റെ അധിനിവേശനാടുകളുടെ കലാപങ്ങളെ പ്രോത്സാഹിപ്പിച്ച് ആഥീനിയൻ സാമ്രാജ്യത്തിനു തുരങ്കം വക്കുകയും ആഥൻസിന്റെ നാവിക മേൽക്കോയ്മയെ നശിപ്പിക്കുകയും ചെയ്തു. ബിസി 405-ൽ അഗോസ്പോട്ടമൈയിലെ യുദ്ധത്തിൽ ആഥൻസിന്റെ നാവികശക്തി തരിപ്പണമായതോടെ യുദ്ധം സമാപിച്ച്, അടുത്ത വർഷം ആഥൻസ് കീഴടങ്ങി.

ഫലങ്ങൾ

[തിരുത്തുക]

പെലപ്പൊന്നേഷൻ യുദ്ധം യവനലോകത്തെ മാറ്റിമറിച്ചു. ഗ്രീസിലെ ഏറ്റവും ശക്തമായ നഗരരാഷ്ട്രമായിരുന്ന ആഥൻസ് യുദ്ധം അവസാനിച്ചപ്പോൾ, ഏതാണ്ട് പൂർണ്ണമായ അടിമത്തത്തിലായി. ഗ്രീക്കു ലോകത്തിലെ മേധാവിത്ത്വം സ്പാർട്ടയുടേതായി. യുദ്ധം വരുത്തിവച്ച സാമ്പത്തികാഘാതം, മുഴുവൻ ഗ്രീസിനേയും ബാധിച്ചു; പെലപ്പൊന്നീസിൽ ദാരിദ്ര്യം വ്യാപകമായി. നിശ്ശേഷം തകർന്ന ആഥൻസിന് അതിന്റെ ഐശ്വര്യം ഒരിക്കലും വീണ്ടെടുക്കാനായില്ല.[2][3] ഗ്രീക്കു സമൂഹത്തിൽ കൂടുതൽ സൂക്ഷ്മമായ മറ്റു പരിവർത്തനങ്ങൾക്കും യുദ്ധം കാരണമായി; ജനാധിപത്യത്തിന്റെ പക്ഷത്തു നിന്ന ആഥൻസും പ്രഭുവാഴ്ചയെ പിന്തുണച്ച സ്പാർട്ടയും തമ്മിലുള്ള ഈ പോരാട്ടത്തിനിടെ ഇരുപക്ഷവും മറ്റു നാടുകളിൽ തങ്ങളുടെ അനുഭാവികളെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനാൽ പിൽക്കാലത്ത് ആഭ്യന്തരകലഹങ്ങൾ യവനസമൂഹങ്ങളിൽ സർവ്വസാധാരണമായി.

മുൻകാലങ്ങളിൽ ഗ്രീസിൽ നടന്നിരുന്ന യുദ്ധങ്ങൾ പരിമിതവും മര്യാദകൾ പിന്തുടരുന്നവയും ആയിരുന്നു. നഗരരാഷ്ട്രങ്ങൾക്കിടയിൽ പതിവായ സമ്പൂർണ്ണസ്വഭാവത്തോടു കൂടിയ പുതിയ യുദ്ധങ്ങൾക്ക് വൻതോതിലുള്ള അരുംചെയ്തികൾ അവശ്യഘടകമായി. മതപരവും സാംസ്കാരികവുമായ വിലക്കുകളെ തകർക്കുകയും, വിസ്തൃതമായ നാട്ടിൻപുറങ്ങളെ നിർജ്ജനീകരിക്കുകയും, മുഴുവൻ നഗരങ്ങളേയും നാമാവശേഷമാക്കുകയും ചെയ്ത പെലപ്പൊന്നേഷൻ യുദ്ധം ബിസി അഞ്ചാം നൂറ്റാണ്ടിന്റെയും ഗ്രീസിന്റെ സുവർണ്ണകാലത്തിന്റേയും നാടകീയമായ അന്ത്യം കുറിച്ചു.[4]

കുറിപ്പുകൾ

[തിരുത്തുക]

^ തന്റെ പ്രേമഭാജനം അസ്പേഷെയെ (Aspasia) മെഗാര പിണക്കിയതിനെ തുടർന്നാണ് പെരിക്ലിസ് മെഗാരക്കെതിരെ തിരിഞ്ഞ് ഗ്രീസിനാകെ ദുരിതം വരുത്തിയ യുദ്ധം ഉണ്ടാക്കിയതെന്ന് അക്കാലത്തെ നർമ്മസാഹിത്യകാരൻ അരിസ്റ്റോഫനീസും മറ്റും അപവാദം പറഞ്ഞിട്ടുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 വിൽ ഡുറാന്റ്, "ഗ്രീസിന്റെ ജീവിതം", സംസ്കാരത്തിന്റെ കഥ, രണ്ടാം ഭാഗം (പുറങ്ങൾ 437-56)
  2. Kagan, The Peloponnesian War, 488.
  3. Fine, The Ancient Greeks, 528–33.
  4. Kagan, The Peloponnesian War, Introduction XXIII–XXIV.
"https://ml.wikipedia.org/w/index.php?title=പെലപ്പൊനേഷ്യൻ_യുദ്ധം&oldid=3089619" എന്ന താളിൽനിന്ന് ശേഖരിച്ചത്