Jump to content

ആയിരത്തൊന്നു രാവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(One Thousand and One Nights എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയിരത്തൊന്നു രാവുകളുടെ ഒരു കൈയെഴുത്തുപ്രതി

അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമാണ്‌ ആയിരൊത്തൊന്നു രാവുകൾ.ഇംഗ്ലീഷിൽ ഇത് അറേബ്യൻ രാവുകൾ (ഇംഗ്ലീഷ്: One Thousand and One Nights) എന്നും അറിയപ്പെടുന്നു. (അറബി: كتاب ألف ليلة وليلة: Kitāb 'alf layla wa-layla); പേർഷ്യൻ: هزار و یک شب : Hezār-o yek šab).പതിനെട്ടാം നൂറ്റാണ്ടിൽ അറബികളിൽ നി ന്ന് ആദ്യം ഫ്രഞ്ചിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും മറ്റു യുറോപ്യൻ‍ ഭാഷകളിലേക്കും വിവർത്തനം ചെയ്തതിൽ പിന്നെ ഈ ശേഖരവും അതിൽ നിന്നെടുത്ത പല കഥകളും പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചു. മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഇന്ന് ഈ കഥാശേഖരത്തിന്റെ വിവർത്തനം ലഭ്യമാണ്‌.

വിവരണം

[തിരുത്തുക]
അലിബാബയുടെ ഒരു ചിത്രീകരണം

ഭാഗികമായി ഭാരതീയ ഘടകങ്ങളെ ആശ്രയിക്കുന്ന ഇസ്ലാമിനു മുമ്പുള്ള പേർഷ്യൻ (pre-islamic Persian) ഭാവനയിൽ നിന്നാണ്‌ ആയിരത്തൊന്നു രാവുകളിലെ യഥാർത്ഥ കഥാസങ്കല്പം ഉരുവം കൊള്ളുന്നത്. പക്ഷേ ഇന്ന് നമ്മുടെ കൈകളിലുള്ള ഈ സൃഷ്ടി നിരവധി നൂറ്റാണ്ടുകളായി അറബ് ലോകത്തെ ഗ്രന്ഥകാരന്മാരും വിവർത്തകന്മാരും പണ്ഡിതന്മാരും ശേഖരിച്ചവയാണ്‌. പുരാതനകാലത്തേയും മധ്യകാലഘട്ടത്തിലേയും അറബ്,പേർഷ്യൻ,ഇന്ത്യൻ,ഈജിപ്ഷ്യൻ,മൊസപൊട്ടോമിയൻ നാടോടി കഥകളിലും സാഹിത്യത്തിലുമാണ് ഈ കഥകളുടെ വേരുകൾ ചെന്നെത്തുന്നത്. നിരവധി നാടോടി കഥകൾ ഖലീഫമാരുടെ കാലഘട്ടം മുതലുള്ളതാണങ്കിൽ പലകഥകളും പഹ്‌ലവി പേർഷ്യൻ സൃഷ്ടികളിൽ(ഹസാർ അഫ്സാൻ:ആയിരം കഥകൾ) നിന്നുള്ളവയുമാണ്‌.

ആയിരത്തൊന്നു രാവുകളുടെ എല്ലാ പതിപ്പുകളിലും കാണുന്ന പൊതുവായ കാര്യം രാജാവായ ഷഹരിയാറും അദ്ദേഹത്തിന്റെ ഭാര്യയായ ഷഹർസാദയും ഉൾക്കൊള്ളുന്ന പ്രാഥമിക കഥാചട്ടകൂടാണ്‌. ഈ കഥാചട്ടക്കൂടിനെ ഉപയോഗിച്ചുകൊണ്ട് ഇതിലെ എല്ലാ നാടോടി കഥകളേയും പരസ്പരം ഇഴചേർത്തിരിക്കയാണ്‌. ചില പതിപ്പുകളിൽ ആയിരത്തിൽ താഴെ കഥകൾ മാത്രമേ കാണൂ.എന്നാൽ ചിലതിൽ ആയിരത്തൊന്നു കഥകളുണ്ടാവും.

ആയിരത്തൊന്നു രാവുകളിലെ പ്രസിദ്ധമായ ചില കഥകളാണ്‌ "അലാവുദ്ദീനും അത്ഭുത വിളക്കും",ആലി ബാബയും നാല്പതു കള്ളന്മാരും" എന്നിവ. ഇവ അടിസ്ഥാനപരമായി മധ്യേഷ്യൻ നാടോടി കഥകളാണങ്കിലും ,ആയിരത്തൊന്നു രാവുകളുടെ ചില അറബിക് പതിപ്പിൽ ഇത് ഉൾകൊള്ളുന്നില്ല. അവ ആദ്യകാലത്തെ യൂറോപ്പ്യൻ വിവർത്തകർ പിന്നീട് ഉൾകൊള്ളിച്ചതാണ്‌ എന്ന വാദങ്ങൾ ഉണ്ട്.

ഇന്ത്യാ ചൈനാ ദ്വീപുകൾ പണ്ട് അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരും. ഒന്നാമത്തവൻ ഷഹരിയാർ, രണ്ടാമൻ ഷാസമാൻ.

. രാജാവിന്റെ കാലശേഷം മക്കൾ രണ്ട് പേരും രാജ്യം തുല്യമായി വീതിച്ച് ഐക്യത്തോടെ ഭരണം നടത്തി വന്നു. 20- വർഷങ്ങൾ കഴിഞ്ഞപ്പോൾ മൂത്തയാൾ ഷരിയാറിന് അനുജൻ ഷാസമാനെ കാണാൻ ആഗ്രഹം ഉണ്ടായി. ദൂതന്മാരെ വിട്ട് ഷാസമാനോട് വിവരങ്ങൾ ധരിപ്പിച്ചു. ഷാസമാൻ വരാമെന്നേൽക്കുകയും അതിനായി ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിവാരങ്ങളും സമ്മാനങ്ങളുമായി ഷാസമാന്റെ സംഘം ജ്യേഷ്ഠൻ ഷഹരിയാറിനെ കാണാനായി പുറപ്പെട്ടു.

വൈകുന്നേരമായപ്പോൾ വഴിയിൽ ഒരിടത്ത് വിശ്രമത്തിനായി സംഘം തമ്പടിച്ചു. രാത്രിയായപ്പോഴാണ് ഷാസമാന് ഒരു കാര്യം ഓർമ്മ വന്നത്, ജ്യേഷ്ഠന് കൊടുക്കാനുള്ള വിശേഷപ്പെട്ട സമ്മാനം എടുത്തിട്ടില്ല. അങ്ങനെ അദ്ദേഹം പരിവാരങ്ങളെ ഒന്നുമറിയിക്കാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. കൊട്ടാരത്തിൽ തിരിച്ചെത്തിയ ഷാസമാൻ മനം പിളർക്കുന്ന ഒരു കാഴ്ചയാണ് അവിടെ കണ്ടത്, തന്റെ പത്നി പരിചാരകനായ ഒരു കറുമ്പന്റെ കൂടെ തന്റെ കിടപ്പറയിൽ രമിക്കുന്നു. കോപാകുലനായ ഷാസമാൻ രണ്ട് പേരേയും അവിടെവെച്ച് തന്നെ വധിച്ചു. ശേഷം ജ്യേഷ്ഠനുള്ള സമ്മാനവുമെടുത്തുകൊണ്ട് ആരാത്രി തന്നെ ഏറെ ദൂരം യാത്ര ചെയ്ത് ഷഹരിയാറിനടുത്തെത്തി.

ഷഹരിയാർ എല്ലാ ഉപചാരങ്ങളോടേയും അനുജനെ സ്വീകരിച്ചു. പക്ഷെ ദുഖാകുലനായ അനുജന്റെ മുഖം കണ്ട് ഷഹരിയാർ കാര്യം തിരക്കുകയും ചെയ്തു. പക്ഷെ ഷാസമാൻ കാര്യങ്ങളൊന്നും പറഞ്ഞില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനുജന്റെ ദുഃഖം തീർക്കാനും അവനെ ഉന്മേഷവാനാകാനുമായി രാജാവ് നമുക്ക് നായാട്ടിന് പോകാം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ അതിനും താത്പര്യം കാണിക്കതിരുന്ന ഷാസമാൻ ജ്യേഷ്ഠൻ പൊയ്ക്കോളൂ എന്നു പറഞ്ഞു. രജാവ് നായാട്ടിനു പുറപ്പെട്ട ഉടനെ തന്റെ മുറിയിൽ കയറി. ആ മുറിയിലെ ഒരു കിളിവാതിലിലൂടെ നോക്കിയാൽ കൊട്ടാരത്തിലെ ഉദ്യാനവും അവിടുത്തെ കുളവും കാണാം. ഷാസമാൻ വെറുതെ പുറത്ത് നോക്കികൊണ്ടിരിന്നപ്പോൾ രാജ്ഞിയും പരിവാരങ്ങളും കുളിക്കാനായി വരുന്നത് കണ്ടു. അടിമകളായ 20 പുരുഷന്മാരും 20 സ്ത്രീകളും അടങ്ങുന്നതായിരുന്നു രാജ്ഞിയുടെ സംഘം. അവരെല്ലാം വിവസ്ത്രരാവുകയും കുളത്തിൽ ഇറങ്ങി കുളിക്കാൻ ആരംഭിക്കുകയു ചെയ്തു. ഈ സമയം രാജ്ഞി 'ഓ മസൂദ്, ഇവിടെ വരൂ' എന്നാജ്ഞാപിച്ചു. അപ്പോൾ ഒരു കറുത്ത അടിമ ഓടി വരികയും രാജ്ഞിയെ ചുമ്പിക്കുകയും വിവസ്ത്രനായിക്കൊണ്ട് പൊയ്കയിലേക്ക് ഇറങ്ങിക്കൊണ്ട് രാജ്ഞിയുമായി ക്രീഡകളിൽ ഏർപ്പെടുകയും ചെയ്തു.

ഇതുകണ്ടപ്പോൾ ഷാസമാന്റെ ദുഃഖത്തിന് അല്പം അയവു വന്നു. തന്റേതിനേക്കാൾ മോശം അവസ്ഥയാണ് ജ്യേഷ്ഠന് എന്നു മനസ്സിലാക്കിയ ഷാസമാന് ഷഹരിയാറിന്റെ കാര്യത്തിൽ സഹതാപം തോന്നുകയും ചെയ്തു. നായാട്ട് കഴിഞ്ഞെത്തിയ ഷഹരിയാർ അനുജന്റെ മുഖത്തെ സന്തോഷവും പ്രസാദാത്മകതയും ശ്രദ്ധിച്ചു. അതിനെ കാരണമാരാഞ്ഞ ഷഹരിയാറിനോട് നാലുനാൾ മുൻപ് ഞാൻ അനുഭവിച്ച വേദന എന്തായിരുന്നു എന്ന് വ്യക്തമാക്കി. ഇപ്പോൾ അതെങ്ങിനെ മാറി എന്നുമാത്രം എന്നോട് ചോദിക്കരുത് എന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതിന്റെ കാരണം അറിയാൻ ഔത്സുക്യം കാണിച്ച രജാവ് അതിനായി ഷാസമാനെ നിർബന്ധിച്ചു. നിർബന്ധത്തിനു വഴങ്ങി ഷാസമാൻ താൻ കൊട്ടാരത്തിൽ കണ്ട കാര്യങ്ങൾ ഷഹരിയാറിനോട് വിശദീകരിച്ചു.

ഇതു താൻ വിശ്വസിക്കില്ലെന്നും, നേരിട്ടുകണ്ടാൽ മാത്രമേ വിസ്വാസം വരൂ എന്നും ഷഹരിയാർ ഷാസമാനോട് പറഞ്ഞു. അതിനായി ഒരു വഴി ഷാസമാൻ തന്നെ ഷരിയാറിനു ഉപദേശിച്ചു. നായാട്ടിനു പോവുകയാണെന്ന വ്യാജ വാർത്ത ഉണ്ടാക്കുക, ശേഷം കൊട്ടരത്തിൽ ഒളിഞ്ഞിരിക്കുക, അപ്പോഴറിയാം കാര്യങ്ങൾ. രാജാവ് അങ്ങനെ തന്നെ ചെയ്തു. അങ്ങനെ തന്റെ രാജ്ഞിയുടെ ചതി മനസ്സിലാക്കിയ ഷഹരിയാർ തങ്ങളെപ്പോലെ ദുഃഖമനുഭവിക്കുന്ന മറ്റൊരാളെ കണ്ടെത്തുന്നത് വരെ നമുക്ക് രാജപദവിയും അധികാരങ്ങളും ഒന്നും വേണ്ട എന്നു തീരുമാനിച്ചു.

അവർ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രിയും ഒരു പകലും യാത്ര ചെയ്തതിനു ശേഷം അവർ ഒരു കടൽതീരത്ത് എത്തി. ആ കടൽതീരത്തെ ഒരു വന്മരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരരുവിയിൽ നിന്ന് തെളിനീർ കുടിച്ച് ദാഹമകറ്റി വിശ്രമത്തിനായി ഇരുവരും ആ മരച്ചുവട്ടിൽ ഇരുന്നു. പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാകുകയും അതിൽ നിന്ന് ഒരു ഭൂതം തലയിൽ ഒരു വലിയ പെട്ടിയുമായി കരയിലേക്ക് വരികയും ചെയ്തു. ഇതു കണ്ട് പേടിച്ച രജാക്കന്മാർ ഇരുവരും ആ മരത്തിൽ കയറി ഒളിച്ചു. ഭൂതം നടന്നു വന്ന് അവരിരിക്കുന്നമരത്തിനു കീഴെ ഇരുന്ന് പെട്ടി തുറന്നു. അപ്പോൾ അതിൽ നിന്ന് ഒരു സുന്ദരിയായ സ്ത്രീ ഇറങ്ങി വന്നു. ഭൂതം ആ സ്ത്രീയുടെ മടിയിൽ തല വെച്ച് ഉറങ്ങാൻ ആരംഭിച്ചു. ഈ സമയം മുകളിലേക്ക് നോക്കിയ ആസ്ത്രീ രണ്ട് രാജാക്കന്മാരേയും കണ്ടു. അവൾ അവരെ താഴേക്ക് ആംഗ്യത്തിലൂടെ വിളിച്ചു. പേടിയോടെ അവർ ഇറങ്ങിച്ചെന്നു. അവൾ അവളുടെ കാമം ശമിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങാതിരുന്നപ്പോൾ ഭൂതത്തിനെ ഉണർത്തുമെന്നും അയാൾക്ക് തിന്നാൻ നിങ്ങളെ നൽകുമെന്നും ആ സ്ത്രീ അറിയിച്ചു. ആ ഭീഷണിക്ക് അവർ വഴങ്ങി. തുടർന്ന് ആ സ്ത്രീ അവളുടെ മാല അവരെ കാണിച്ചു. അതിൽ കുറേ മുദ്ര മോതിരങ്ങൾ കോർത്തിട്ടിരിക്കുന്നു. അവൾ പറഞ്ഞു: എന്നോടൊപ്പം ഒരുപ്രാവശ്യം ശയിച്ചവർ എനിക്ക് ഒരു മോതിരം തരണം. നിങ്ങളും അതുപോലെ തന്നേ പറ്റൂ. അവർ രണ്ടു പേരും ഓരോ മോതിരം അവൾക്കു നൽകി.

പിന്നീട് ആ സ്ത്രീ അവളുടെ കഥ പറഞ്ഞു. തന്റെ വിവാഹ ദിനത്തിൽ ഈ ഭൂതം തന്നെ തട്ടിക്കൊണ്ട് വന്ന് തടവിലാക്കിയതാണ്. ഒരു പെട്ടിയിലാക്കി ഏഴ് ചങ്ങലകൾ കൊണ്ട് പൂട്ടി കടലിലാണ് ഈ ഭൂതം എന്നെ ഒളിപ്പിക്കാറ്. വല്ലപ്പോഴും മാത്രമേ എന്നെ പുറത്തിറക്കൂ. എന്നാൽ ഞാൻ ആ ഭൂതത്തിനെ പറ്റിച്ച് മനുഷ്യരുമായി രമിക്കും. രജാക്കന്മാർ രണ്ട് പേരും അത്ഭുത പരവശരായി. ഇതാ തങ്ങൾ തേടിയത് കണ്ടെത്തിയിരിക്കുന്നു. ഇവളുടെ ചതി ആ ഭൂതം അറിയുന്നില്ലല്ലോ. തുല്യ ദുഖിതനായ ഒരാളെ കൂടി കണ്ടെത്തിയതോടെ അവരുടെ ദുഖഭാരം കുറഞ്ഞു. രണ്ടു പേരും അവരവരുടെ രാജ്യത്തേക്ക് തിരിച്ചു പോയി. തന്റെ രാജ്യത്ത് തിരിച്ചെത്തിയ ഷഹരിയാർ രാജ്ഞിയേയും പരിവാരങ്ങളേയും ഒന്നടങ്കം കഴുത്ത് വെട്ടിക്കൊന്നു.

അന്നു മുതൽ ഓരോ രാത്രിയും ഓരോ കന്യകമാരെ തന്റെ അന്തഃപുരത്തിൽ എത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. രാത്രിയിൽ ഓരോ കന്യകമാരുടേയും ചാരിത്ര്യം നശിപ്പികുകയും രാവിലെ അവളെ കൊന്നു കളയുക എന്നതുമായിരുന്നു രാജാവിന്റെ രീതി. ഇങ്ങനെ 3 വർഷം ക്ഴിഞ്ഞപ്പോൾ നാട്ടിൽ കന്യകമാർ ഇല്ലാതായി. കുറെ മാതാപിതാക്കൾ അവരുടെ മക്കളുമായി രാജ്യം വിട്ടുപോയി. ഈ അവസ്ഥയിൽ മന്ത്രിക്ക് ഉത്കണ്ഠയായി. ഇനി ആരെ രാജാവിന്റെ പത്നിയാക്കും എന്ന് ചിന്തിച്ച് ഭയപ്പെട്ട മന്ത്രി തന്റെ വീട്ടിലെത്തി. മന്ത്രിക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്തവൾ ഷഹറസാദ്, രണ്ടാമത്തവൾ ദുനിയാസാദ്. രണ്ടു പേരും ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും മികച്ചു നിൽക്കുന്നവർ. മൂത്തവൾക്ക് വിജ്ഞാനത്തിലും കലയിലും കഴിവുണ്ടായിരുന്നു. ഇന്നുവരെ ജീവിച്ചിരുന്ന എല്ലാ രാജാക്കൻമാരുടേയും കവികളുടേയും കഥകൾ അവൾക്കറിയാമായിരുന്നു. 1000- കഥാ ഗ്രന്ഥങ്ങൾ സ്വന്തമായുള്ളവൾ. അവൾ പിതാവിനോട് ദുഃഖത്തിന്റെ കാരണം തിരക്കി. കാര്യമറിഞ്ഞ അവൾ പിതാവിനോട് പറഞ്ഞു: "അല്ലാഹു വിന്റെ കൃപകൊണ്ട് ഞാൻ ഒരു പരിഹാരം ഉണ്ടാക്കാം. ഞാൻ കൊല്ലപ്പെട്ടാലും, ജീവിച്ചിരുന്നാലും അത് മുസൽമാൻമാരുടെ പെൺമക്കളുടെ മോചനത്തിന് കാരണമായേക്കും.ഇന്നു ഞാനാകാം രാജാവിന്റെ പത്നി".

ഇത് കേട്ട് സ്തബ്ധനായ മന്ത്രി അതിനു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: ഏതൊരു പിതാവും തന്റെ മക്കൾ മരിക്കുന്നത് ഇഷ്ടപ്പെടില്ല.അതിനാൽ തന്നെ ഞാനതിന് സമ്മതിക്കില്ല.

പക്ഷ ഷഹറസാദ് വാശി പിടിച്ചു. പിതാവ് പറഞ്ഞു, " നിന്റെ വാശി കാണുമ്പോൾ ഒരു കഴുതയും കാളയും സ്വന്തമായുള്ള ഒരു കർഷകന്റെ കഥയാണ് ഓർമ്മ വരുന്നത്." എന്താണാ കഥ എന്ന് ഷഹറസാദ് ചോദിച്ചു. മന്ത്രി ആകഥ പറഞ്ഞു. കർഷകന് പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു. ഒരിക്കൽ കാളയും കഴുതയും സംസാരിക്കുന്നത് അദ്ദേഹം കേൾക്കാനിടയായി.കാള നിലം ഉഴുന്നതുമായി ബന്ധപ്പെട്ട് തന്റെ ബുദ്ധിമുട്ടുകളെയാണ് കഴുതയോട് പറഞ്ഞത്. കഴുത അതിൽ നിന്ന് രക്ഷപ്പെടാൻ കാളക്ക് ഒരു ബുദ്ധി ഉപദേശിച്ചു. നാളെ കർഷകൻ നിലം ഉഴാനായി നുകം കെട്ടാൻ നിന്റെ അടുത്ത് വരുമ്പോൾ നീ രോഗം അഭിനയിച്ച് നിലത്ത് വീഴണം, അങ്ങനെ തനിക്ക് രക്ഷപ്പെടാം. ഈ സംസാരം കർഷകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിറ്റെ ദിവസം കാള അസുഖം അഭിനയിച്ചപ്പോൾ കർഷകൻ മകനോട് പറഞ്ഞു, "ഇന്ന് നമുക്ക് കഴുതയെ വെച്ച് നിലം ഉഴാം".

വൈകുന്നേരമായപ്പോൾ കഴുത തളർന്ന് ആലയിലേക്ക് വന്നു. കാള കഴുതക്ക് നന്ദി പറഞ്ഞു. എന്നാൽ കഴുത തന്റെ ബുദ്ധിമോശമോർത്ത് ഉള്ളാലെ വിലപിച്ചു.രണ്ടു ദിവസം ഇങ്ങനെ ആവർത്തിച്ചപ്പോൾ കഴുത മറ്റൊരു വാർത്തയുമായാണ് ജോലി അവസാനിപ്പിച്ച് വന്നത്. "സ്നേഹിതാ നീ ഇങ്ങനെ അസുഖ ബാധിതനായി തുടരുകയാണെങ്കിൽ നിന്നെ കശാപ്പ്കാരന് നൽകി തൊലിയുരിച്ച് മേശവിരിയുണ്ടാക്കാനാണ് ഇന്ന് തീരുമാനിച്ചിരിക്കുന്നത്." ഇത് കേട്ട് കാള പേടിച്ച് പോയി. അന്ന് കാള പുല്ലും വൈക്കോലും നന്നായി തിന്നു.കർഷകൻ അടുത്തൂടെ പോയപ്പോൾ കാള തുള്ളിച്ചാടിക്കാണിക്കാൻ തുടങ്ങി. ഇത് കണ്ട കർഷകന് ചിരി വന്നു.

കർഷകൻ ചിരിച്ചത് അയാളുടെ ഭാര്യ കണ്ട്, അവൾ കർഷകനുമായി വഴക്കിട്ടു. "നിങ്ങൾ എന്നെ കളിയാക്കിയാണ് ചിരിച്ചത്". കർഷകൻ അങ്ങനെയല്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ എന്തിന് എന്നായി അവൾ. ആ രഹസ്യം ഒരാളോടും എനിക്ക് പറയാൻ പറ്റില്ല എന്നും അഥവാ പറത്താൻ അന്ന് ഞാൻ മരിക്കും എന്നും കർഷകൻ ഭാര്യയെ അറിയിച്ചു. പക്ഷെ അവൾ സമ്മതിച്ചില്ല. അവളുടെ വാശി സഹിക്കവയ്യാതെ കർഷകൻ അത് പറയാൻ തീരുമാനിച്ചു. മരണം ഉറപ്പായ കർഷകൻ വില്പത്രമെല്ലാം എഴുതി തയ്യാറാക്കി.

അദ്ദേഹത്തിന്റെ കോഴിക്കൂട്ടിൽ ഒരു പൂവൻകോഴിയും 50 പിടകളും ഉണ്ടായിരുന്നു. അവരുടെ കലപില ശബ്ദം കേട്ട് കർഷകന്റെ നായ കോഴികളോട് ദേഷ്യപ്പെടുന്നത് കർഷകൻ ശ്രദ്ധിച്ചു: "നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു, അപ്പോൾ നിങ്ങളിവിടെക്കിടന്ന് ബഹളമുണ്ടാക്കുകയാണോ?" പൂവൻ നായയോട് വിവരങ്ങൾ ചോദിച്ചു. വിവരമറിഞ്ഞ പൂവൻ പറഞ്ഞു: "നമ്മുടെ യജമാനൻ എത്ര മണ്ടനാണ്, ഞാൻ 50 ഭാര്യമാരെ പോറ്റുന്നു, മൾബറിയുടെ നല്ല വടിയെടുത്ത് എനിക്ക് രഹസ്യം കേൾക്കണ്ടേ എന്ന് പറയുന്നത് വരെ ചുട്ട അടി കൊടുക്കാത്തത് കൊണ്ടാണ്".

ഈ സംസാരം കേട്ട കർഷകൻ ഒരു തീരുമാനത്തിലെത്തി. നല്ല മൾബറി വടിയുമായി ഭാര്യയുടെ അടുത്ത് ചെന്ന് ഒരു മുറിയിൽ കയറി വാതിലടച്ചു. അവസാനം എനിക്ക് രഹസ്യമൊന്നും കേൾക്കേണ്ടേ" എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് വന്ന ആ സ്ത്രീയെയാണ് മക്കളും ബന്ധുക്കളും കണ്ടത്.

മന്ത്രി മകളോട് പറഞ്ഞു: "കണ്ടല്ലോ സ്ത്രീയുടെ വാശിക്കുള്ള ശിക്ഷ, അതായിരിക്കും നിന്റെയും പരിണതി." പക്ഷെ ഷഹറസാദ് വാശി കൈവിട്ടില്ല. മരിച്ചാലും വേണ്ടില്ല, താൻ രാജാവിന്റെ പത്നിയാകും എന്ന് മകൾ പറഞ്ഞപ്പോൾ മന്ത്രി മകളുമായി കൊട്ടാരത്തിലേക്ക് പോയി. അതിനിടെ ഷഹറസാദ്, ആളയച്ചാൽ നീ കൊട്ടാരത്തിലേക്ക് വരണമെന്ന് ദുനിയാസാദിനോട് ചട്ടം കെട്ടിയിരുന്നു. കൊട്ടാരത്തിലെത്തിയപ്പോൾ ഇന്നത്തെ പെൺകുട്ടി തയ്യാറായിട്ടുണ്ടോ എന്ന് രാജാവ് ചോദിച്ചു. ഉണ്ടെന്ന് മന്ത്രി ഉണർത്തിച്ചു. എവിടെ, കാണട്ടെ എന്ന് രാജാവ് ചോദിച്ചപ്പോൾ മന്ത്രിയുടെ പിറകിൽ മറഞ്ഞിരുന്ന ഷഹറസാദ് മുന്നോട്ട് വരികയും ഏങ്ങലടിച്ച് കരയാൻ ആരംഭിക്കുകയും ചെയ്തു. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ച രാജാവിനോട് ഷഹറസാദ് പറഞ്ഞു: "എനിക്കൊരനിയത്തിയുണ്ട്, അവളോട് യാത്ര പറയണം". രാജാവ് സമ്മതിച്ചു. വൈകുന്നേരമായപ്പോൾ കൊട്ടാരത്തിലെത്തിയ ദുനിയാസാദ് വേഗം മണിയറയിൽ കയറി ഉറക്കം ആരംഭിച്ചു. അന്ന് രാത്രി ഷഹരിയാർ ഷഹറസാദയുടെ കന്യകാത്വം അപഹരിച്ചു. രാത്രി അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദുനിയാസാദ് ഉണർന്നു. അവൾ പറഞ്ഞു: "ചേടത്തി നിങ്ങൾക്ക് കുറെ കഥകൾ അറിയാലോ, നമുക്ക് കഥ പറഞ്ഞ് നേരം വെളുപ്പിച്ചാലോ?"

ഷഹറസാദ് പറഞ്ഞു: "രാജാവ് തിരുമനസ്സ് സമ്മതിക്കുകയാണെങ്കിൽ ഞാൻ കഥ പറയാം". ഉറക്കം വരാതിരുന്ന രാജാവ് കഥ പറയാൻ സമ്മതം മൂളി. ആയിരത്തൊന്ന് രാത്രികളിലെ വിസ്മയം ഇവിടം മുതൽ ആരംഭിക്കുന്നു.


ഉള്ളടക്ക പട്ടിക

[തിരുത്തുക]
  1. വാല്യം1

ഇതും കാണുക

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആയിരത്തൊന്ന് രാവുകൾ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ആയിരത്തൊന്നു_രാവുകൾ&oldid=3762082" എന്ന താളിൽനിന്ന് ശേഖരിച്ചത്