ആയിരത്തൊന്നു രാവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയിരത്തൊന്നു രാവുകളുടെ ഒരു കയ്യെഴുത്തുപ്രതി

അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമാണ്‌ ആയിരൊത്തൊന്നു രാവുകൾ.ഇംഗ്ലീഷിൽ ഇത് അറേബ്യൻ രാവുകൾ (ഇംഗ്ലീഷ്: Arabian Nights) എന്നും അറിയപ്പെടുന്നു. (അറബി: كتاب ألف ليلة وليلة‎ Kitāb 'alf layla wa-layla; പേർഷ്യൻ: هزار و یک شب Hezār-o yek šab). പതിനെട്ടാം നൂറ്റാണ്ടിൽ അറബികളിൽ നിന്ന് ആദ്യം ഫ്രഞ്ചിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും മറ്റു യുറോപ്യൻ‍ ഭാഷകളിലേക്കും വിവർത്തനം ചെയ്തതിൽ പിന്നെ ഈ ശേഖരവും അതിൽ നിന്നെടുത്ത പല കഥകളും പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചു. മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഇന്ന് ഈ കഥാശേഖരത്തിന്റെ വിവർത്തനം ലഭ്യമാണ്‌.

വിവരണം[തിരുത്തുക]

അലിബാബയുടെ ഒരു ചിത്രീകരണം

ഭാഗികമായി ഭാരതീയ ഘടകങ്ങളെ ആശ്രയിക്കുന്ന ഇസ്ലാമിനു മുമ്പുള്ള പേർഷ്യൻ (pre-islamic Persian) ഭാവനയിൽ നിന്നാണ്‌ ആയിരത്തൊന്നു രാവുകളിലെ യഥാർത്ഥ കഥാസങ്കല്പം ഉരുവം കൊള്ളുന്നത്. പക്ഷേ ഇന്ന് നമ്മുടെ കൈകളിലുള്ള ഈ സൃഷ്ടി നിരവധി നൂറ്റാണ്ടുകളായി അറബ് ലോകത്തെ ഗ്രന്ഥകാരന്മാരും വിവർത്തകന്മാരും പണ്ഡിതന്മാരും ശേഖരിച്ചവയാണ്‌. പുരാതനകാലത്തേയും മധ്യകാലഘട്ടത്തിലേയും അറബ്,പേർഷ്യൻ,ഇന്ത്യൻ,ഈജിപ്ഷ്യൻ,മൊസപൊട്ടോമിയൻ നാടോടി കഥകളിലും സാഹിത്യത്തിലുമാണ് ഈ കഥകളുടെ വേരുകൾ ചെന്നെത്തുന്നത്. നിരവധി നാടോടി കഥകൾ ഖലീഫമാരുടെ കാലഘട്ടം മുതലുള്ളതാണങ്കിൽ പലകഥകളും പഹ്‌ലവി പേർഷ്യൻ സൃഷ്ടികളിൽ(ഹസാർ അഫ്സാൻ:ആയിരം കഥകൾ) നിന്നുള്ളവയുമാണ്‌.

ആയിരത്തൊന്നു രാവുകളുടെ എല്ലാ പതിപ്പുകളിലും കാണുന്ന പൊതുവായ കാര്യം രാജാവായ ഷഹരിയാറും അദ്ദേഹത്തിന്റെ ഭാര്യയായ ഷഹർസാദയും ഉൾക്കൊള്ളുന്ന പ്രാഥമിക കഥാചട്ടകൂടാണ്‌. ഈ കഥാചട്ടക്കൂടിനെ ഉപയോഗിച്ചുകൊണ്ട് ഇതിലെ എല്ലാ നാടോടി കഥകളേയും പരസ്പരം ഇഴചേർത്തിരിക്കയാണ്‌. ചില പതിപ്പുകളിൽ ആയിരത്തിൽ താഴെ കഥകൾ മാത്രമേ കാണൂ.എന്നാൽ ചിലതിൽ ആയിരത്തൊന്നു കഥകളുണ്ടാവും.

ആയിരത്തൊന്നു രാവുകളിലെ പ്രസിദ്ധമായ ചില കഥകളാണ്‌ "അലാവുദ്ദീനും അത്ഭുത വിളക്കും",ആലി ബാബയും നാല്പതു കള്ളന്മാരും" എന്നിവ. ഇവ അടിസ്ഥാനപരമായി മധ്യേഷ്യൻ നാടോടി കഥകളാണങ്കിലും ,ആയിരത്തൊന്നു രാവുകളുടെ അറബിക് പതിപ്പിൽ ഇത് ഉൾകൊള്ളുന്നില്ല. അവ ആദ്യകാലത്തെ യൂറോപ്പ്യൻ വിവർത്തകർ പിന്നീട് ഉൾകൊള്ളിച്ചതാണ്‌.

"https://ml.wikipedia.org/w/index.php?title=ആയിരത്തൊന്നു_രാവുകൾ&oldid=1922391" എന്ന താളിൽനിന്നു ശേഖരിച്ചത്