നിയോമൈസിൻ
Clinical data | |
---|---|
Trade names | Neo-rx |
AHFS/Drugs.com | monograph |
MedlinePlus | a682274 |
Routes of administration | Topical, Oral |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Elimination half-life | 2 to 3 hours |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
ECHA InfoCard | 100.014.333 |
Chemical and physical data | |
Formula | C23H46N6O13 |
Molar mass | 614.644 g/mol |
3D model (JSmol) | |
| |
| |
(what is this?) (verify) |
ഗ്രാംനെഗറ്റീവ്, ഗ്രാം പോസിറ്റീവ് ബാക്റ്റീരിയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ആന്റിബയോട്ടിക് ആണ് നിയോമൈസിൻ. നിയോമൈസിൻ, അമിനോഗ്ലൈക്കോസൈഡ് വിഭാഗത്തിൽപ്പെടുന്നു. 1949-ൽ സെൽമാൻ വാക്ക്സ്മാനും (Selman Waksman) ലേഷെവലിയറും (Le Chevalier) ചേർന്ന് സ്ട്രെപ്റ്റോമൈസസ് ഫ്രാഡിയെ (Streptomyces) എന്ന ബാക്റ്റീരിയത്തിൽ നിന്നാണ് ഇത് ആദ്യമായി വേർതിരിച്ചെടുത്തത്. 1951-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സെൽമാൻ വാക്ക്സ്മാന് ലഭിച്ചു. അസംസ്കൃത നിയോമൈസിൻ, യഥാർഥത്തിൽ നിയോമൈസിൻ ബി, സി എന്നീ ഘടകങ്ങൾ ചേർന്ന ഒരു കോംപ്ലക്സാണ്. നിയോമൈസിൻ ബിയും സിയും ഔഷധരൂപത്തിലുപയോഗിച്ചുവരുന്ന നിയോമൈസിനിൽ 90 ശതമാനത്തോളം ബി യൗഗികമാണുള്ളത്.
നിയാമിൻ (Neamines), നിയോബയോസാമിൻ ബി (Neobiosamine B) എന്നീ രണ്ടു ഘടകങ്ങൾ ചേർന്നാണ് നിയോമൈസിൻ ബി ഉണ്ടാകുന്നതെങ്കിൽ നിയാമിനും നിയോബയോസാമിൻ സി (Neobiosamine C)യുമാണ് നിയോമൈസിൻ സിയുടെ ഘടകങ്ങൾ. ഘടനാപരമായ ഈ വ്യത്യാസങ്ങൾ മൂലം, മെഥനോളിൽ ലയിച്ച ഹൈഡ്രോക്ലോറിക് അമ്ലവുമായി പ്രവർത്തിക്കുമ്പോൾ നിയോമൈസിൻ ബിയും സിയും ഒരേ അമീൻ ഹൈഡ്രോക്ലോറൈഡാണ് തരുന്നതെങ്കിലും അവ നല്കുന്ന മീഥൈൽ ഗ്ലൈക്കോസൈഡുകൾ വ്യത്യസ്തമാണ്.
ബാക്റ്റീരിയയുടെ പ്രോട്ടീൻ തന്മാത്രകളുടെ ഉദ്ഭവവും വളർച്ചയും തടയുന്നതുവഴിയാണ് നിയോമൈസിൻ പ്രവർത്തിക്കുന്നത്. അമിനോ ഗ്ളൈക്കോസൈഡ് ഫോസ്ഫോട്രാൻസ്ഫറേസ് ജീനുകളാണ് ബാക്റ്റീരിയങ്ങൾക്ക് നിയോമൈസിനെ പ്രതിരോധിക്കുന്നതിനുള്ള ക്ഷമത നല്കുന്നത്. അമിനോഗ്ലൈക്കോസൈഡ് വിഭാഗത്തിൽത്തന്നെ ഉൾപ്പെടുന്ന സ്ട്രോപ്റ്റോമൈസിനിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലത്തെ തുടർച്ചയായ ഉപയോഗം കൊണ്ടു മാത്രമേ രോഗാണുവിന് നിയോമൈസിൻ പ്രതിരോധക്ഷമത ലഭിക്കുന്നുള്ളൂ.
വലിയതോതിൽ പാർശ്വഫലങ്ങൾ ഉളവാക്കുന്നതുകൊണ്ട് നിയോമൈസിന്റെ ഉപയോഗം വളരെ ശ്രദ്ധയോടെ വേണം എന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. ശ്രവണനാഡിയെ ക്ഷയിപ്പിക്കുന്ന നിയോമൈസിൻ, ബധിരതയ്ക്ക് കാരണമാകുന്നു. കൂടാതെ വൃക്കകളെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് നിയോമൈസിന്റെ ഉപയോഗം പ്രധാനമായും ശരീരോപരിതലത്തിൽ മാത്രമായി ചുരുങ്ങുന്നു. ലേപനങ്ങളിലും നേത്രൗഷധങ്ങളിലും ഒരു പ്രധാന ഘടകമായി നിയോമൈസിൻ ഉപയോഗിക്കുന്നു. സ്റ്റഫൈലോകോക്കസ് (Staphylococcus) ബാക്റ്റീരിയങ്ങൾ ഉണ്ടാക്കുന്ന ചില ത്വഗ്രോഗങ്ങൾക്കും ഗ്രാം നെഗറ്റീവ് ബാസില്ലകൾക്കും എതിരെ പ്രയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ ഒരു ആന്റിബയോട്ടിക്കാണ് നിയോമൈസിൻ. ശ്വാസതടസത്തിന്് നിയോമൈസിൻ എയറോസോൾ ഉപയോഗിക്കാവുന്നതാണ്. കലകളിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുന്നില്ല എന്നതിനാൽ ഈ ആന്റിബയോട്ടിക്ക്, ഉദരശസ്ത്രക്രിയയ്ക്ക് മുമ്പ് കുടലും മറ്റും ശുദ്ധീകരിക്കാനായി ഉപയോഗിക്കാറുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നിയോമൈസിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |