ജോൺ ടെനിയേൽ
ജോൺ ടെനിയേൽ | |
---|---|
ജനനം | |
മരണം | 25 ഫെബ്രുവരി 1914 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 93)
ദേശീയത | English |
അറിയപ്പെടുന്നത് | Children's Literature |
ബ്രിട്ടീഷ് ചിത്രകാരനും കാർട്ടൂണിസ്റ്റുമാണ് ജോൺ ടെനിയേൽ. ജലച്ചായ ചിത്രരചനയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
ജീവിതരേഖ
[തിരുത്തുക]1820 ഫെബ്രുവരി 28-ന് ലണ്ടനിൽ ജനിച്ചു. റോയൽ അക്കാദമിയുടെ കീഴിലുള്ള സ്കൂളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. തുടർന്ന് ചാൾസ് കീനിന്റെ ശിഷ്യനായി ചിത്രകലയിൽ ഉപരിപഠനം നടത്തി. ചെറുപ്പത്തിൽത്തന്നെ ചിത്രകലാപരമായ കഴിവ് പ്രദർശിപ്പിച്ച ഇദ്ദേഹം 1845 - ലെ ഒരു ചുമർ ചിത്രരചനയിലൂടെയാണ് അതിപ്രശസ്തനായി മാറിയത്. ഡ്രൈഡന്റെ 'സെന്റ് സീലിയ' എന്ന രചനയുടെ ചിത്രീകരണമായിരുന്നു അത്. വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലെ ഹൌസ് ഒഫ് ലോർഡ്സിലായിരുന്നു ആ ചുവർചിത്രം വരച്ചത്.
പഞ്ച് എന്ന ഹാസ്യമാസികയിൽ ടെനിയേൽ 1850-ൽ ജോലിയിൽ പ്രവേശിച്ചു. അതിനുശേഷമാണ് ഇദ്ദേഹം വിഖ്യാതനായ കാർട്ടൂണിസ്റ്റായി അറിയപ്പെട്ടു തുടങ്ങിയത്. 1901 - ൽ വിരമിക്കും വരെ അവിടെത്തന്നെ തുടരുകയും ചെയ്തു. പഞ്ചിനുവേണ്ടി രണ്ടായിരത്തിലേറെ കാർട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാർട്ടൂണുകളും രചിച്ചിട്ടുണ്ട്. ബിസ്മാർക്കിന്റെ രാജി വിഷയമാക്കി 1890-ൽ രചിച്ച ഡ്രോപ്പിംഗ് ദ് പൈലറ്റ് വിശ്വപ്രസിദ്ധമാണ്. കാർട്ടൂണിസ്റ്റ് എന്നതുപോലെ ഇല്ലസ്ട്രേറ്റർ എന്ന നിലയിലും ടെനിയേൽ ശ്രദ്ധേയനായിട്ടുണ്ട്. ലൂയിസ് കരോളിന്റെ ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാന്റിന്റെ ചിത്രീകരണം നിർവഹിച്ചത് (1865) ഇദ്ദേഹമായിരുന്നു. ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ് എന്ന വിഖ്യാതകൃതിയിലെ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ് (1872). മുപ്പതിലേറെ ഗ്രന്ഥങ്ങൾക്കാണ് ഇദ്ദേഹം ചിത്രീകരണം നിർവഹിച്ചിട്ടുള്ളത്. അവയിൽ ഈസൊപ്സ് ഫേബിൾസ് (1848), ലല്ലാറൂഖ് (1861) എന്നിങ്ങനെ പലതും പ്രസിദ്ധങ്ങളാണ്.
അവ വിഖ്യാത മ്യൂസിയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇദ്ദേഹം റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെയിന്റേഴ്സ് ഇൻ വാട്ടർ കളറിലെ അംഗവുമായിരുന്നു. 1893-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇദ്ദേഹത്തിന് 'നൈറ്റ്' പദവി നൽകി. 1914 ഫെബ്രുവരി 25-ന് നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ജോൺ ടെനിയേൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |