Jump to content

ഹാഫിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hafez എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാഫിസ്-എ ഷിറാസി
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പേർഷ്യൻ കൈയെഴുത്തുപ്രതിയിലെ ഹാഫിസിന്റെ ചിത്രം. ബ്രിട്ടീഷ് ലൈബ്രറി, ലണ്ടൻ
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പേർഷ്യൻ കൈയെഴുത്തുപ്രതിയിലെ ഹാഫിസിന്റെ ചിത്രം. ബ്രിട്ടീഷ് ലൈബ്രറി, ലണ്ടൻ
തൊഴിൽകവി
ദേശീയതപേർഷ്യൻ
Periodമുസാഫറീദുകൾ
Genreപേർഷ്യൻ കവിത, പേർഷ്യൻ യോഗാത്മവാദം, ഇർഫാൻ
സാഹിത്യ പ്രസ്ഥാനംകവിത, യോഗാത്മവാദം, സൂഫിസം, തത്ത്വമീമാംസ, ധർമ്മശാസ്ത്രം

ഹാഫിസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ക്വാജ ഷംസുദ്ദീൻ മുഹമ്മദ് ഹാഫിസ്-എ ഷിറാസി ( പേർഷ്യൻ: خواجه شمس‌الدین محمد حافظ شیرازی), (ജനനം 1315 - മരണം 1390) പേർഷ്യൻ ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന ലിറിക്കൽ കവിയാണ്. "കവികളുടെ കവി" എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'ദിവാൻ' എന്ന ഹാഫിസിന്റെ രചന മിക്കവാറും പേർഷ്യൻ ഭവനങ്ങളിൽ കാണാം. ഇന്നും ജനങ്ങൾ അദ്ദേഹത്തിന്റെ കവിതകൾ മന:പാഠമാക്കുകയും അവയെ ലോകോക്തികളും പഴമൊഴികളും ആയി ഉപയോഗിക്കുകയും ചെയ്യുന്നു. ഹാഫിസിന്റെ ജീവിതവും കവിതകളും ഏറെ വിശകലനത്തിനും നിരൂപണത്തിനും വ്യാഖ്യാനങ്ങൾക്കും വിധേയമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിനുശേഷമുള്ള പേർഷ്യൻ കവിതയുടെ ഗതിയെ ഏറ്റവുമേറെ സ്വാധീനിച്ച കവി അദ്ദേഹമാണ്.[1][2]

ഹാഫിസിന്റെ പേർഷ്യൻ ഗസലുകളിലെ മുഖ്യപ്രമേയങ്ങൾ , പ്രണയം, മദ്യം, ലഹരി തുടങ്ങിയവയുടെ ആഘോഷവും, തങ്ങളെത്തന്നെ ധാർമ്മികതയുടെ കാവൽക്കാരും, വിധികർത്താക്കളും, മാതൃകകളുമായി കരുതുന്നവരുടെ കാപട്യത്തിന്റെ തുറന്നുകാട്ടലുമാണ്.

ആധുനിക ഇറാനിലെ ഹാഫിസ് വായനകൾ ( പേർഷ്യൻ: فال حافظ), പരമ്പരാഗതസംഗീതം, ദൃശ്യകലകൾ , ആലേഖനകല(Calligraphy) എന്നിവയിൽ ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിൽ ഹാഫിസിന് ഇന്നുമുള്ള സ്വാധീനം പ്രകടമാവുന്നു. ഇറാനിയൻ വാസ്തുവിദ്യയുടെ ഒരു നായകശില്പമായ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം ഏറെ സന്ദർശകരെ ആകർഷിക്കുന്നു. ഹാഫിസ് കവിതകളുടെ അനുകരണങ്ങളും പരിഭാഷകളും പ്രധാനപ്പെട്ട പല ഭാഷകളിലുമുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ഇറാനിലെ ഷിറാസിലാണ് ഹാഫിസ് ജനിച്ചത്. പേർഷ്യൻ സംസ്കാരത്തെ വളരെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി വളരെക്കുറച്ച് വിശദാംശങ്ങളേ വെളിപ്പെട്ടിട്ടുള്ളൂ. പരമ്പരാഗതമായി കൈമാറിവരുന്ന കഥകളാണ് ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയുള്ള പ്രധാന സ്രോതസ്സ്. ഇത്തരം തക്സിനകൾ (ജീവിതരേഖകൾ) വിശ്വാസയോഗ്യമല്ല.[3] മൊഹമ്മദ് ഗൊലഡാം എന്ന പേരുകാരനാണ് എന്ന് വിശ്വസിക്കപ്പെടുന്ന ഒരാളാണ് ഹാഫിസിന്റെ ദിവാൻ എന്ന രചനാസംഗ്രഹത്തിന്റെ ആമുഖം തയ്യാറാക്കിയിട്ടുള്ളത്. ഇദ്ദേഹം ഹാഫിസിന്റെ കാലത്താണ് ജീവിച്ചിരുന്നത്.[4] ഇദ്ദേഹത്തിന്റെ കൃതികളുടെ ആധുനിക സംഗ്രഹങ്ങളുടെ ആമുഖം തയ്യാറാക്കിയിട്ടുള്ളത് മൊഹമ്മദ് ക്വസ്‌വീനി, ക്വാസെം ഗാനി എന്നിവരും (495 ഗസലുകൾ) പർവിസ് നാറ്റിൽ ഖൻലാരി (486 ഗസലുകൾ) എന്നയാളുമാണ്.[5][6]

1315-ലോ 1317-ലോ ആണ് ഇദ്ദേഹം ജനിച്ചതെന്ന കാര്യത്തിൽ മിക്ക പണ്ഡിതരും യോജിക്കുന്നുണ്ട്. ജാമിയുടെ അഭിപ്രായത്തിൽ 1390-ലാണ് ഇദ്ദേഹം മരിച്ചത്.[4][7] നാട്ടുകാരായ പല ഭരണാധികാരികളും ഇദ്ദേഹത്തിന്റെ സാഹിത്യരചനയെ പിന്തുണച്ചിട്ടുണ്ട്: ഷാ അബു ഇഷാക്വ് ഹാഫിസിന്റെ കൗമാരത്തിലായിരുന്നു അധികാരത്തിൽ വന്നത്. തിമൂർ ഇദ്ദേഹത്തിന്റെ മരണസമയത്താണ് ഭരണം പിടിച്ചടക്കിയത്. ഷാ മുബാരിസ് ഉദ്-ദിൻ മുഹമ്മദ് (മുബാരിസ് മുസാഫർ) എന്ന കണിശക്കാരനായ ഭരണാധികാരിയും ഇദ്ദേഹത്തെ പരിപോഷിപ്പിച്ചിരുന്നു. ജലാൽ ഉദ്-ദിൻ ഷാ ഷൂജ (ഷാ ഷൂജ) ഭരിച്ചിരുന്ന ഇരുപത്തേഴ് വർഷകാലത്താണ് ഇദ്ദേഹത്തിന് ഏറ്റവുമധികം പ്രോത്സാഹനം ലഭിച്ചിട്ടുള്ളത്.[8] ഹാഫിസ് മറ്റു കവികളെ പുച്ഛിച്ചതുകാരണം ഇടക്കാലത്ത് ഷാ ഷൂജയുമായി ഇദ്ദേഹം അകലുകയുണ്ടായി. ഹാഫിസിന് ഇതുകാരണം ഷിരാസിൽ നിന്ന് ഇസ്ഫഹാനിലേക്കും യാസ്ദിലേക്കും ഓടിപ്പോകേണ്ടിയും വന്നു. ഇതെപ്പറ്റി ചരിത്രരേഖകളൊന്നും ലഭ്യമല്ല.[8] ഇദ്ദേഹത്തിന്റെ ശവക്കല്ലറ ഷിറാസിലെ മുസല്ല ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. Hazez (EI) E. Yarshater, I. An overview
  2. Hafiz and the Place of Iranian Culture in the World by Aga Khan III, November 9, 1936 London.
  3. Lit. Hist. Persia III, pp. 271-73
  4. 4.0 4.1 Khorramshahi. Accessed 25 July 2010
  5. Lewisohn, p. 69.
  6. Gray, pp. 11-12. Gray notes that Qazvini’s and Gani’s compilation in 1941 relied on the earliest known texts at that time, and that none of the four texts they used were related to each other. Since then, she adds, more than fourteen earlier texts have been found, but their relationships to each other have not been studied.
  7. Lewisohn, p. 67
  8. 8.0 8.1 Gray, pp. 2-4.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഹാഫിസിന്റെ കവിതകളുടെ ഇംഗ്ലീഷ് തർജ്ജമകൾ
പേർഷ്യൻ ഭാഷയിലെ വിവരങ്ങൾ
ഇംഗ്ലീഷ് ഭാഷയിലെ വിവരങ്ങൾ
ജർമൻ ഭാഷയിലേയ്ക്കുള്ള പരിഭാഷകൾ
മറ്റുള്ളവ
"https://ml.wikipedia.org/w/index.php?title=ഹാഫിസ്&oldid=4095863" എന്ന താളിൽനിന്ന് ശേഖരിച്ചത്