ദൃശ്യസന്നിവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Film editing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ചലച്ചിത്രത്തിന്റെ നിർമ്മാണപ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയ ആണ് ദൃശ്യസന്നിവേശം അഥവാ ചിത്രസംയോജനം (Film editing).വിവിധ സ്ഥലങ്ങളിലോ വ്യത്യസ്തസമയങ്ങളിലോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളെ കഥയുടെ ഒഴുക്കിനനുസരിച്ച് അടുക്കിവെക്കുന്ന ഈ പ്രവർത്തനത്തിൽ ചിത്രീകരണസമയത്ത് അനാവശ്യമായി വന്ന ദൃശ്യങ്ങളെ ഒഴിവാക്കി ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കുന്നു. ഇവയെ കഥ, സംഭാഷണങ്ങൾ, അഭിനേതാവിന്റെ പ്രകടനം, സംഗീതം തുടങ്ങി പല ഘടകങ്ങൾ ആസ്പദമാക്കി വിളക്കിച്ചേർക്കുക എന്നത് ഒരേ സമയം ക്രിയാത്മകതയും സാങ്കേതികവൈദഗ്ദ്ധ്യവും ആവശ്യമുള്ള ജോലി ആണ്.

ഒരു ചലച്ചിത്രത്തിന്റെ ഏറ്റവും അടിസ്ഥാനഘടകം എന്നു പറയുന്നത് ഒരു ഫ്രെയിമിനെ ആണ്. ഒരു ഫ്രെയിം(frame) എന്നത് നിശ്ചലഛായാഗ്രഹണത്തിലെ ഒരു ഫ്രെയിമിനു തുല്യമാണ്.സാധാരണ ഗതിയിൽ ഒരു സെക്കന്റ് ദൃശ്യത്തിൽ ഇത്തരത്തിലുള്ള 24 ഫ്രെയിമുകൾ കാണും. ഇത്തരത്തിൽ തുടർച്ചയായി ചിത്രീകരിക്കപ്പെടുന്നതും ഇടമുറിയാത്തതുമായ ദൃശ്യശകലത്തെ ഷോട്ട്(shot) എന്നു പറയുന്നു. ഒരു ഷോട്ടിന്റെ ദൈർഘ്യം എത്രയുമാകാം. പൊതുവെ ഒരു തവണ ക്യാമറ ഓൺ ആക്കി ഓഫ് ആക്കുന്ന സമയത്ത് ചിത്രീകരിക്കപ്പെടുന്നതയിരിക്കും ഒരു ഷോട്ട്.(ടൈം ലാപ്സ് ഫോട്ടോഗ്രഫി പോലുള്ള സങ്കേതത്തിൽ ഈ നിർവചനം ശരിയല്ല.) ഇത്തരത്തിൽ ഒരു സ്ഥലത്തുതന്നെ ഒരെ സമയത്ത് നടക്കുന്നതായി ചിത്രീകരിക്കപ്പെട്ട ഒന്നിലധികം ഷോട്ടുകൾ ക്രമത്തിൽ അടുക്കിച്ചേർക്കുമ്പോൾ ഒരു സീൻ(scene) സൃഷ്ടിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ദൃശ്യസന്നിവേശം&oldid=2730008" എന്ന താളിൽനിന്നു ശേഖരിച്ചത്