ഭവഭൂതി
പൊതുവർഷം എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു സംസ്കൃതകവിയും നാടകകൃത്തും ആയിരുന്നു ഭവഭൂതി (भवभूति).(ജ:655- 725) ഉംവേകൻ എന്നും ഇദ്ദേഹത്തിനു പേരുണ്ട്[1].കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. "കാളിദാസൻ മാത്രം മുൻപനായുള്ളവൻ" എന്നു ജവഹർലാൽ നെഹ്രുവും[2] "ഭാരതീയനാടകവേദിയുടെ ഇതിഹാസത്തിൽ കാളിദാസരചനകൾ മാത്രം അതിശയിക്കുന്ന നാടകങ്ങൾ രചിച്ചവൻ" എന്നു വിൽ ഡുറാന്റും[3] "കാളിദാസനു മാത്രം ദ്വിതീയനാകാവുന്നവൻ" എന്നു ഡി.ഡി.കൊസാംബിയും[4] അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്.
ജീവിതം
[തിരുത്തുക]ഭവഭൂതിയുടെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. എട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലമെന്നും മാതാപിതാക്കൾ ബ്രാഹ്മണരായിരുന്നെന്നും കരുതപ്പെടുന്നു.[4][൧] മദ്ധ്യഭാരതത്തിലെ വിദർഭയിലെ പത്മപുരിയിലായിരുന്നു ഭവഭൂതിയുടെ ജനനം. അദ്ദേഹത്തിന്റെ ശരിയായ നാമം ശ്രീകണ്ഠ-നീലകണ്ഠൻ എന്നായിരുന്നെന്നും നീലകണ്ഠനും ജാതുകർണിയും ആയിരുന്നു മാതാപിതാക്കളെന്നും പറയപ്പെടുന്നു. ഇന്നത്തെ ഗ്വാളിയോറിനടുത്തുള്ള പദ്മപാവയ എന്ന സ്ഥലത്ത് പരമഹംസ ദയാനിധി എന്ന ഗുരുവിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സമഗ്രമായ ശിക്ഷണം അദ്ദേഹത്തെ ഒട്ടേറെ വിഷയങ്ങളിൽ അവഗാഹമുള്ളവനാക്കി. വ്യാകരണം, മീമാംസ, ന്യായം എന്നിവയ്ക്കു പുറമേ വേദ, സാംഖ്യ യോഗങ്ങളും വശമാക്കിയവനാണു താനെന്ന് മാലതീമാധവത്തിന്റെ ആമുഖത്തിൽ ഭവഭൂതി തന്നെ പറയുന്നുണ്ട്.[5]
കനൗജിലെ യശോവർമ്മന്റെ സദസ്യനായിരുന്നെന്നു കരുതപ്പെടുന്നു. യമുനാതീരത്തെ കല്പി എന്ന സ്ഥലത്തു വെച്ചാണ് അദ്ദേഹം തന്റെ ഐതിഹാസിക നാടകങ്ങൾ രചിച്ചത്. കാനൂജിലെ രാജാവായിരുന്ന യശോവർമ്മന്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്നു ഭവഭൂതി.[6] കശ്മീരിലെ രാജാവായിരുന്ന ലളിതാദിത്യനുമായി പൊതുവർഷം 736-ൽ യുദ്ധത്തിനു പോയ യശോവർമ്മന്റെ പരിജനങ്ങളിൽ ഭവഭൂതി ഉണ്ടായിരുന്നതായി, 12-ാം നൂറ്റാണ്ടിൽ കശ്മീരിന്റെ ചരിത്രമെഴുതിയ കൽഹണൻ രേഖപ്പെടുത്തിയിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]മഹാവീരചരിതം, മാലതീമാധവം, ഉത്തരരാമചരിതം എന്നിവയാണ് ഭവഭൂതിയുടെ പ്രധാന കൃതികൾ.
മഹാവീരചരിത്രം
[തിരുത്തുക]രാമായണകഥയുടെ പൂർവഭാഗമാണ് ഇതിന്റെ ഇതിവൃത്തം. പരശുരാമനേയും ബാലിയേയും രാവണനേയും നേരിടുന്ന മഹാവീരനായി ശ്രീരാമനെ ചിത്രീകരിക്കുന്ന ഈ രചന വീരരസപ്രധാനമാണ്. രാമായണത്തിന്റെ മൂലകഥയിൽ, കഥാപാത്രങ്ങളെ ഉദാത്തീകരിക്കാനായി പല മാറ്റങ്ങളും ഭവഭൂതി നടത്തുന്നുണ്ട്. രാമനെ വനത്തിൽ അയക്കുന്നതിൽ കൈകേയിക്ക് അദ്ദേഹം ഒരു പങ്കും കല്പിക്കുന്നില്ല. മന്ഥരയുടെ രൂപത്തിൽ വരുന്ന ശൂർപ്പണഖയുടെ ഉപജാപമാണ് വനവാസത്തിനു കാരണമായത്.
മാലതീമാധവം
[തിരുത്തുക]പത്ത് അങ്കങ്ങളുള്ള ഒരു നാടകമാണിത്. ഇതിലെ കഥകളും ഉപകഥകളും മിക്കവാറും കവിയുടെ തന്നെ ഭാവനയിൽ പിറന്നതാണ്. അവന്തീരാജ്യത്തെ മന്ത്രിയുടെ മകൾ മാലതിയുടേയും, ഉജ്ജയനിയിലെ യുവവിദ്വാനായ മാധവന്റേയും പ്രേമകഥയാണിത്. തന്റെ മന്ത്രിയുടെ മകൾ, മാധവനു പകരം നന്ദനൻ എന്ന യുവാവിനെ വിവാഹം ചെയ്യണമെന്ന് രാജാവ് തീരുമാനിച്ചു. രാജാവിന്റെ ഈ പദ്ധതിക്ക് മാധവിയുടെ പിതാവ് കൂട്ടുനിൽക്കുകയും ചെയ്യുന്നു. മാധവന്റെ സുഹൃത്ത് മകരന്ദനും നന്ദനന്റെ സഹോദരി മാദ്ധ്യന്തികയും ചേർന്ന ഉപകഥ നാടകത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലതിയുടെ വേഷമിട്ട മകരന്ദൻ, നന്ദനനുമായുള്ള വിവാഹനാടകത്തിലൂടെ കടന്നു പോകുന്നു. അതിനിടെ നടക്കുന്ന മാലതീ-മാധവന്മാരുടെ സംഗമത്തിൽ ഒരു ബുദ്ധഭിക്ഷുണിയുടെ സഹായം പ്രധാനമാകുന്നു.[7]
പൈശാചികശക്തികളെ പ്രീതിപ്പെടുത്താൻ വേണ്ടി നടത്തുന്ന നരബലി ഉൾപ്പെടെയുള്ള ബീഭത്സതകളുടെ ചിത്രീകരണവും കാപാലികൻ എന്ന കഥാപാത്രവും ഉൾപ്പെടുന്ന അഞ്ചാമങ്കവും പ്രകൃതിവർണ്ണന നിറഞ്ഞ ഒൻപതാം അങ്കവും ഈ നാടകത്തെ സവിശേഷമാക്കുന്നു. അഞ്ചാമങ്കം ഷേക്സ്പിയർ നാടകമായ മാക്ബത്തിലെ മന്ത്രവാദിനി രംഗത്തേയും ഗൈഥേയുടെ ഫൗസ്റ്റിലെ വാൾപർഗിസ് രാവിനേയും അതിലംഘിക്കുന്നുവെന്നു പോലും കരുതുന്നവരുണ്ട്.[6]
ഉത്തരരാമചരിതം
[തിരുത്തുക]ഭവഭൂതിയുടെ നായകശില്പമായി കരുതപ്പെടുന്ന ഈ കൃതി, കരുണരസപ്രധാനമാണ്. രാമായണകഥയുടെ എണ്ണമറ്റ ശ്രോതസ്സുകളിൽ ഏതിനെയാണ് ഭവഭൂതി ഇതിന്റെ രചനയിൽ അവലംബിച്ചതെന്നു പറയുക വയ്യ. മൂലകഥയിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങൾ കരുണരസത്തിൽ ഊന്നൽ കൊടുക്കുന്നവയാണ് . ഏഴംഗങ്ങളുള്ള ഈ നാടകത്തിൽ കവി, രാമായണം ഉത്തരകാണ്ഡത്തിലെ സീതാരാമന്മാരുടെ വേർപിരിയലിന്റെ ദുരന്തസമാപ്തിയെ ശുഭമാക്കി മാറ്റിയിരിക്കുന്നു. സീതയുടെ നിരപാരധിത്വം ജനങ്ങൾ സമ്മതിച്ചതിനെ തുടർന്ന് അവർ ഒന്നിക്കുന്നതോടെയാണ് നാടകം സമാപിക്കുന്നത്.[7] കരുണരസത്തിന്റെ ഇത്ര ഹൃദയസ്പർശിയായ പ്രയോഗത്തിനു സാഹിത്യത്തിൽ വേറെ ഉദാഹരണമില്ല എന്നു തന്നെ കരുതുന്നവരുണ്ട്.[5]
സംസ്കൃതനാടകങ്ങളിൽ യശ്ശസുകൊണ്ട് ഉത്തരരാമചരിതത്തെ വെല്ലുന്നതായി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം മാത്രമേയുള്ളു. അതേസമയം അമിതവൈകാരികതയുടെ പേരിൽ ഈ കൃതി ആധുനിക കാലത്ത് വിമർശിക്കപ്പെട്ടിട്ടുമുണ്ട്. വാല്മീകിയുടെ ഇതിഹാസനായകനെ ഭവഭൂതി വികാരജീവിയായി തരംതാഴ്ത്തി എന്നാണ് ഈ വിമർശകന്മാരുടെ പരാതി.[6]
ആസ്വാദനം
[തിരുത്തുക]ഭവഭൂതിയുടെ രചനകളിൽ, ഭാഷയുടെ അസാമാന്യസൗന്ദര്യം പരിഭാഷയ്ക്ക് എളുപ്പം വഴങ്ങുന്നതല്ല.[2] ശൈലിയുടെ സങ്കീർണ്ണത അദ്ദേഹത്തിന്റെ നാടകങ്ങളുടെ ആസ്വാദനത്തെ പരിമിതപ്പെടുത്തി. പരിമിതമായ ആസ്വാദകരെ തനിക്കു വേണ്ടൂ എന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തു. മാലതീമാധവം നാടകത്തിന്റെ തുടക്കത്തിൽ പ്രേക്ഷകരോട് മുഖത്തടിച്ച മട്ടിൽ ഭവഭൂതി ഇങ്ങനെ പറയുന്നു:-
“ | എന്റെ വരികളിൽ കുറ്റം കണ്ടെത്തുന്ന വല്ലവരും ഇവിടെയുണ്ടോ? എങ്കിൽ അവയുടെ ആസ്വാദനം അവർക്കു വിധിച്ചിട്ടുള്ളതല്ലെന്ന് അവർ അറിഞ്ഞിരിക്കട്ടെ; എന്റെ അഭിരുചി പങ്കിടുന്ന ആരെങ്കിലും എന്നെങ്കിലും എവിടെയെങ്കിലും ഉണ്ടാകും; കാരണം, കാലം അനന്തവും ലോകം വിശാലവുമാണ്.[൨][3][8] | ” |
ഹാസ്യാദികളായ ലഘുഭാവങ്ങൾ, ഭവഭൂതിയുടെ സൃഷ്ടികളെ സ്പർശിച്ചില്ല. ജീവിതത്തിന്റെ ഗഹനഭാവങ്ങളാണ് അദ്ദേഹത്തെ ആകർഷിച്ചത്. സംസ്കൃതനാടകങ്ങളിലെ പതിവുസാന്നിദ്ധ്യമായ വിദൂഷകനെ അദ്ദേഹം തന്റെ മൂന്നു നാടകങ്ങളിലും ഒഴിവാക്കി.[5]
കുറിപ്പുകൾ
[തിരുത്തുക]൧ ^ പൊതുവർഷം ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്ന രാജശേഖരൻ, താൻ ഭവഭൂതിയുടെ പുനർജന്മമാണെന്ന് അവകാശപ്പെട്ടിരുന്നു.[5]
൨ ^ യേ നാമ: കേചിത് ഇഹ ന പ്രാതയന്തി അവജ്ഞാം,
ജാനന്തി തേ കിമപി താൻ പ്രതി നൈസ യത്ന.
ഉത്പസ്യതേഽസ്ഥി മമ കോഽപി സമാനധർമ്മ;
കാലോഹ്യയം നിരവധിർ, വിപുലാ ച പൃഥ്വി.
അവലംബം
[തിരുത്തുക]- ↑ ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഴേഴ്സ്. 2010. പു 71, 247
- ↑ 2.0 2.1 ജവഹർലാൽ നെഹ്രു, ഇന്ത്യയെ കണ്ടെത്തൽ (പുറം 160)
- ↑ 3.0 3.1 വിൽ ഡുറാന്റ്, നമ്മുടെ പൗരസ്ത്യപൈതൃകം, സംസ്കാരത്തിന്റെ കഥ ഒന്നാം ഭാഗം (പുറം 576)
- ↑ 4.0 4.1 ഡി.ഡി.കൊസാംബി, പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ (പരിഭാഷ എം. ലീലാവതി(പുറം 295)
- ↑ 5.0 5.1 5.2 5.3 C.Ramanathan, Bhavabhuti, A Brief Sketch of Life & Works, Indian Institute of World Culture-ൽ നടത്തിയ പ്രഭാഷണം Archived 2017-07-13 at the Wayback Machine.
- ↑ 6.0 6.1 6.2 ഭാരതീയ സാഹിത്യത്തിന്റെ ചരിത്രം, 500-1399: from courtly to the popular ശിശിർ കുമാർ ദാസ്, സാഹിത്യ അക്കാദമി പ്രസിദ്ധീകരണം (പുറങ്ങൾ 55-56).
- ↑ 7.0 7.1 Indianetzone.com. Bhavabhuti, Indian Sanskrit Dramatist
- ↑ AND Haksar, A Treasury of Sanskrit Poetry(പുറം 131) "The Pround Poet" എന്ന പേരിൽ മാലതീമാധവം I.6-ന്റെ ഇംഗ്ലീഷ് പരിഭാഷ