ബംഗാഭവൻ

Coordinates: 23°43′24″N 90°25′04″E / 23.723302°N 90.417820°E / 23.723302; 90.417820
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bangabhaban എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗാഭവൻ
ബംഗാഭവന്റെ ആകാശ ദൃശ്യം
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിഇസ്ലാമിക ശൈലി
സ്ഥാനംധാക്ക, ബംഗ്ലാദേശ്
നിർമ്മാണം ആരംഭിച്ച ദിവസം1905
സാങ്കേതിക വിവരങ്ങൾ
തറ വിസ്തീർണ്ണം50 ഏക്കറിൽ 7000 ചതുരശ്ര മീറ്റർ
വെബ്സൈറ്റ്
bangabhaban.gov.bd

ബംഗ്ലാദേശ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് ബംഗാഭവൻ (ബംഗാളി: বঙ্গভবন). തലസ്ഥാനമായ ധാക്കയെ ദിൽക്കുഷ അവന്യുവുമായി ബന്ധിപ്പിക്കുന്ന ബംഗാഭവൻ റോഡിലുള്ള 'നവാബ്സ് ദിൽക്കുഷ' പൂന്തോട്ടത്തിനു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാൾ ഗവർണറുടെയും ഇന്ത്യൻ വൈസ്രോയിയുടെയും പാകിസ്താൻ രൂപീകരണശേഷം പൂർവ്വ പാകിസ്താൻ ഗവർണറുടെയും ഔദ്യോഗിക വസതിയായിരുന്നു ബംഗാ ഭവൻ. 1971 ജനുവരി 12-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അബു സയീദ് ചൗധരിയാണ് ഇവിടെ താമസിച്ച ആദ്യത്തെ ബംഗ്ലാദേശ് പ്രസിഡന്റ്. പ്രസിഡന്റിന്റെ സുരക്ഷാസേനയാണ് ബംഗാഭവന്റെയും സംരക്ഷണചുമതല നിർവ്വഹിക്കുന്നത്.

ചരിത്രം[തിരുത്തുക]

ബംഗാളിലെ സുൽത്താൻമാർ സൂഫി സന്യാസിയായ ഹസ്രത് ഷാ ജലാലിനെയും അനുയായികളെയും വധിച്ചശേഷം അടക്കം ചെയ്ത സ്ഥലത്താണ് ബംഗാഭവൻ സ്ഥിതിചെയ്യുന്നത്. സൂഫിമാർ ഈ സ്ഥലത്തെ പരിപാവനമായി കരുതിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സമീന്ദാറുടെ കൈയ്യിലായിരുന്ന ഈ സ്ഥലം നവാബ് ഖ്വാജാ അബ്ദുൾ ഘാനി വിലയ്ക്കു വാങ്ങുകയും ഇവിടെ ഒരു ബംഗ്ലാവ് പണിയുകയും ചെയ്തു. അദ്ദേഹം ഇതിന് ദിൽക്കുഷ ഗാർഡൻ എന്ന പേരും നൽകി. ഇന്ത്യയുടെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു 1905-ൽ ബംഗാൾ വിഭജനം നടത്തിയതോടെ പൂർവ്വ ബംഗാളിലെ സർക്കാർ ഈ സ്ഥലം വാങ്ങി ഇവിടെ കൊട്ടാരസദൃശ്യമായ ഒരു ഭവനം നിർമ്മിച്ചു. ബംഗാഭവൻ എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങി. 1911 വരെ ഈ കൊട്ടാരം ഇന്ത്യയുടെ വൈസ്രോയ്ക്കു താമസിക്കുന്നതിനുള്ള താൽക്കാലിക വസതിയായിരുന്നു. 1911 മുതൽ 1947 വരെ ബംഗാൾ ഗവർണറാണ് ഇവിടെ താമസിച്ചിരുന്നത്. 1947-ൽ ഇന്ത്യയ്ക്കും പാകിസ്താനും സ്വാതന്ത്ര്യം ലഭിച്ചതോടെ കിഴക്കൻ ബംഗാൾ പാകിസ്താന്റെ ഭാഗമായിത്തീരുകയും 'പൂർവ്വ പാകിസ്താൻ' എന്നറിയപ്പെടാനും തുടങ്ങി. അതിനുശേഷം ബംഗാ ഭവൻ പൂർവ്വ പാകിസ്താൻ ഗവർണറുടെ ഔദ്യോഗിക വസതിയായി.

1961-ൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ കൊട്ടാരത്തിനു കേടുപാടുകൾ സംഭവിച്ചതിനാൽ ചില അറ്റകുറ്റപ്പണികൾ നടത്തേണ്ടി വന്നു. 1964-ഓടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. 2006 ഫെബ്രുവരി 14-ന് ബംഗാഭവന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഹണ്ട്രഡ് ഇയേഴ്സ് ഓഫ് ബംഗാഭവൻ, ബംഗാഭവൻ ശതവർഷ എന്നീ രണ്ടു പുസ്തകങ്ങൾ പുറത്തിറങ്ങി.[1][2][3] ബംഗാഭവൻ നിർമ്മിച്ച ശേഷം 1906 ഫെബ്രുവരി 14-ന് കിഴക്കൻ ബംഗാളിലെ ലെഫ്റ്റണന്റ് ഗവർണറായിരുന്ന ജോസഫ് ബാംഫിൾഡേ ഫുള്ളർ ഇവിടേക്ക് ഭരണകേന്ദ്രം മാറ്റിയതിന്റെ നൂറാം വാർഷികത്തിലാണ് പുസ്തകങ്ങൾ പുറത്തിറക്കിയത്.[4]

നിലവിലെ സ്ഥിതി[തിരുത്തുക]

നിലവിൽ ബംഗ്ലാദേശ് സർക്കാരിന്റെ ഭരണകേന്ദ്രമാണ് ബംഗാഭവൻ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ കെട്ടിടം ധാരാളം ഗവേഷകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. എല്ലാവർഷവും മാർച്ച് 26-ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇവിടെ നടക്കുന്നു. ബംഗ്ലാദേശ് പ്രസിഡന്റുമൊത്തുള്ള ഔദ്യോഗിക കൂടിക്കാഴ്ചകൾ ബംഗാഭവനിലാണ് നടത്തുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

മുഗൾ വാസ്തുശൈലിയിൽ യൂറോപ്യൻ ശൈലി കൂടി ചേർത്താണ് ബംഗ ഭവൻ നിർമ്മിച്ചിരിക്കുന്നത്. 1961-നും 1964-നും ഇടയിൽ നടന്ന അറ്റകുറ്റപ്പണികളിൽ ഇസ്ലാമിക ശൈലിയിലുള്ള നിർമ്മിതികൾ കൂടി പണിതുചേർത്തു. ഏതാണ്ട് 50 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സ്ഥലത്താണ് ബംഗഭവൻ സ്ഥിതിചെയ്യുന്നത്. ചുറ്റും ധാരാളം വൃക്ഷങ്ങളും പുൽത്തകിടിയുമുണ്ട്. ശക്തമായ മതിൽക്കെട്ടിനുള്ളിലാണ് കെട്ടിടസമുച്ചയങ്ങൾ സ്ഥിതിചെയ്യുന്നത്. പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കും താമസിക്കുന്നതിനായി 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തയ്യാറാക്കിയിരിക്കുന്ന മൂന്നു നില കെട്ടിടമാണ് ബംഗാഭവന്റെ പ്രധാന ഭാഗം. ഇവിടെ സന്ദർശകർക്കും മുറികൾ ഒരുക്കിയിട്ടുണ്ട്. മുറികൾക്കു പുറമെ ദർബാർ ഹാളും ഡൈനിംഗ് ഹാളും ഓഡിറ്റോറിയവും ഇവിടെയുണ്ട്. ബംഗാഭവന്റെ പ്രധാന കവാടത്തിനു സമീപം ബാങ്ക്, പോസ്റ്റോഫീസ്, കഫെറ്റീരിയ, വസ്ത്രശാലകൾ എന്നിവയുണ്ട്. പ്രസിഡന്റിന്റെ സംരക്ഷണ സേനയാണ് ബംഗാഭവന്റെ സുരക്ഷാ കാര്യങ്ങൾ നിർവ്വഹിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Hundred Years Bangabhaban 1905 2005". abebooks.com. 9 ജൂലൈ 2015.
  2. http://www.bangla-sydney.com/pdf/helal-100-years-of-bangabhaban.pdf
  3. Press Secretary to President. "Bangabhabaner Shatabarsha". ResearchGate.
  4. "'Hundred Yrs of Bangabhaban' launched". The Daily Star. 15 ഫെബ്രുവരി 2006. Archived from the original on 4 മാർച്ച് 2016. Retrieved 3 നവംബർ 2017.

പുറംകണ്ണികൾ[തിരുത്തുക]

23°43′24″N 90°25′04″E / 23.723302°N 90.417820°E / 23.723302; 90.417820

"https://ml.wikipedia.org/w/index.php?title=ബംഗാഭവൻ&oldid=3949604" എന്ന താളിൽനിന്ന് ശേഖരിച്ചത്