അതിബലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Athibalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീരാമ-ലക്ഷ്മണന്മാരുടെ മരണത്തിനു കാരണഭൂതനായ മുനിയാണ് അതിബലൻ. ബ്രഹ്മാവിന്റെ നിർദ്ദേശത്താൽ യമധർമ്മനാണ് അതിബലൻ എന്നപേരിൽ അയോദ്ധ്യയിൽ ശ്രീരാമന്റെ അടുത്ത് എത്തുന്നത്. ശ്രീരാമന്റെ സ്വർഗ്ഗാരോഹണത്തിനു കാരണമാകുന്ന കൂടിക്കാഴ്ചക്കു വേണ്ടിയായിരുന്നു ബ്രഹ്മാവ് യമധർമ്മനെ ഇതിനു നിയോഗിക്കുന്നത്. [1]

രാമരാവണയുദ്ധവും, ശ്രീരാമപട്ടാഭിഷേകവും, സീതാപരിത്യാഗവും കഴിഞ്ഞ്‌ ശ്രീരാമൻ അയോദ്ധ്യയിലെ കൊട്ടാരത്തിൽ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, തുടങ്ങിയ സഹോദരങ്ങളോടും പുത്രമിത്രാദികളോടും മറ്റുപരിജനങ്ങളോടൊപ്പം താമസ്സിക്കുന്ന കാലം. ശ്രീരാമന്റെ അവതാരോദ്ദേശ്യം പൂർത്തിയായ വിവരം ത്രിലോകജ്ഞാനിയായ ബ്രഹ്മാവറിഞ്ഞു. ബ്രഹ്മാവ് യമധർമനോട് ശ്രീരാമന്റെ മനുഷ്യജീവിതം തീരാറായ വിവരം ധരിപ്പിക്കുകയും, അതിനു കാരണമാവാനായി യമൻ അതിബലൻ എന്നപേരിൽ ഒരു മഹർഷിയായി അയോദ്ധ്യ പോകാൻ നിർദ്ദേശിക്കുന്നു. മുനിയുടെ വേഷം പൂണ്ട്‌ ശ്രീരാമ സന്നിധിയിലെത്തി തനിക്ക് ശ്രീരാമചന്ദ്രനോടു മാത്രമായി രഹസ്യം ധരിപ്പിക്കാനുണ്ടെന്ന് രാമസഭയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ രാജാവായ രാമൻ അതനുവദിക്കുകയും ചെയ്തു. അതിബലന്റെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ ശ്രീരാമൻ ചെറുപുഞ്ചിരിയോടെ അതിബലനെ സ്വീകരിച്ചിരുത്തി. ചർച്ച കഴിയുന്നതുവരെ ആരെയും അകത്തു പ്രവേശിക്കാതിരിക്കാൻ ലക്ഷ്മണനേയും നിയുക്തനാക്കി. ആരെങ്കിലും അകത്തുകടന്നാൽ കാവൽ നിൽക്കുന്ന ലക്ഷ്മണന്റെ കൃത്യവിലോപമായി കണക്കാക്കി വധശിക്ഷ നടത്താനും അതിബലൻ രാമനോട് നിർദ്ദേശിച്ചു. രാമൻ മൗനാനുവാദവും അതിനു നൽകി.

സഭാവാസികളെ ഏവരേയും പുറത്തു നിർത്തി ശ്രീരാമൻ അതിബലനോട് സംഭാഷണത്തിൽ ഏർപ്പെട്ടു. (അതിബലനായി വന്ന യമധർമ്മൻ തന്റെ കർമ്മനിയോഗം രാമനോട് വിശദീകരിക്കുന്നതായി എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിൽ പറയുന്നുണ്ടങ്കിലും, വാല്മീകി തന്റെ മൂലരാമായണത്തിൽ ഇതൊന്നും മനസ്സിലാവാത്ത ഒരു സാധാരണ മനുഷ്യനായി മാത്രമെ രാമനെ വർണ്ണിക്കുന്നുള്ളു.) മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആ സമയം ക്ഷിപ്രകോപിയായ ദുർവ്വാസാവ് മഹർഷി ശിഷ്യഗണങ്ങളോടൊപ്പം അയോദ്ധ്യയിൽ എത്തിച്ചേർന്നു. മഹാരാജാവിനെ കാണണമെന്ന് ദുർ‌വാസാവ് ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ആരെയും ഉള്ളിൽ കടത്തി വിടരുതെന്നുള്ള ജ്യേഷ്ഠന്റെ ആജ്ഞ ലക്ഷ്മണൻ അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും, തന്നെ തടയാൻ ലക്ഷ്മണനു ധൈര്യമോ എന്നു ചോദിച്ച് മുനി കോപിഷ്ഠനായി. ദുർ‌വാസാവിന്റെ കണ്ണുകളിലെ കോപം കണ്ടു ഭയന്ന ലക്ഷ്മണൻ മനസ്സില്ലാമനസോടെ സഭാമണ്ഡപത്തിലേക്ക് ദുർ‌വാസാവിനെ കടത്തിവിട്ടു. ദുർ‌വാസാവ് സഭാങ്കണത്തിൽ പ്രവേശിച്ച് രാമനോട് തനിക്കും ശിഷ്യർക്കും ഭക്ഷണത്തിനപേക്ഷിച്ചു. മൃഷ്ടാന്ന ഭോജനവും കഴിഞ്ഞ് അദ്ദേഹം പരിവാരങ്ങളോടൊപ്പം തിരിച്ചുപോയി.

തന്റെ വാക്കുകൾ തനിക്കു തന്നെ വിനയായല്ലോ എന്നോർത്ത് രാമൻ ദുഃഖിച്ചു. സത്യലംഘനം നടത്താൻ തനിക്കാവില്ല. ജ്യേഷ്ഠന്റെ വാക്കുപാലിക്കാൻ ലക്ഷ്മണൻ തീരുമാനിച്ചു. അയോദ്ധ്യപുരിയിലെ സരയു നദിയിൽ ചാടി ലക്ഷ്മണൻ ജീവത്യാഗം ചെയ്തു. (ദേവിയും അനന്തനും പോയികഴിഞ്ഞിരിക്കുന്നുവെന്നു രാമൻ മനോഗതം നടത്തുന്നത് എഴുത്തച്ഛൻ പറയുന്നുണ്ട്.) ലക്ഷ്മണ വിയോഗത്തിനുശേഷം ദുഃഖിതനായ രാമൻ രാജ്യകാര്യങ്ങൾ പുത്രന്മാരെ ഏൽപ്പിച്ചു. അതിനുശേഷം ലക്ഷ്മണൻ ആത്മാഹുതി നടത്തിയ സരയുനദിയിൽ തന്നെ അദ്ദേഹവും തന്റെ ഭൗതികശരീരം ത്യജിച്ചു. രാമനൊപ്പം മൂന്നു മാതാക്കളും, രണ്ടു സഹോദരന്മാരും, അവരുടെ പത്നിമാരും, സുഗ്രീവാദി വാനരന്മാരും, അയോദ്ധ്യയിലെ അനവധി പൗരജനങ്ങളും ജീവത്യാഗം ചെയ്തു. രാമന്റെ സ്വർഗ്ഗരോഹണശേഷം വിഭീഷണനും ഹനുമാനും രാമപുത്രന്മാരും, അനുജന്മാരുടെ പുത്രന്മാരും മാത്രമാണ് അവശേഷിച്ചത്.[2]. ലക്ഷ്യപൂർത്തിയായതിനാൽ അതിബലൻ പൂർവ്വരൂപം കൈക്കൊണ്ടു യമധർമ്മനായി കാലാന്തരത്തിൽ മാറുകയും ചെയ്തുവെന്നു രാമായണം.

അവലംബം[തിരുത്തുക]

  1. അദ്ധ്യാത്മരാമായണം വ്യാഖ്യാനസഹിതം -- തുഞ്ചത്ത് എഴുത്തച്ഛൻ -- ISBN 81-8264-071-7 -- മാതൃഭൂമി പബ്ലീഷർ, കോഴിക്കോട്
  2. സമ്പൂർണ്ണ രാമായണം -– ഡോ.പി.എസ്.നായർ -- ISBN 81-85973-30-X വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=അതിബലൻ&oldid=2279913" എന്ന താളിൽനിന്ന് ശേഖരിച്ചത്