അഞ്ചുവണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anchuvannam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്ത്വബ്ദം 8-ആം നൂറ്റാണ്ടോടടുപ്പിച്ച് തെക്കേ ഇന്ത്യയിലെ വ്യാപാരക്കുത്തക അടക്കിവെച്ചിരുന്ന ജൂതസംഘമാണ്‌ അഞ്ചുവണ്ണം. വേണാട്ടു രാജാവായ അയ്യനടികൾ തിരുവടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് ക്രി.വ 849-ൽ കൊടുത്ത ശാസനത്തിലാണ്‌ ഇവരെക്കുറിച്ചുള്ള ആദ്യ പരാമർശമുള്ളത്. രാജ്യത്തെ ഉദയോഗസ്ഥപ്രമുഖരുടെയും അഞ്ചുവണ്ണം, മണിഗ്രാമം എന്നീ കച്ചവടസംഘങ്ങളുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ്‌ തരിസാപ്പള്ളി ശാസനം ചമച്ചത്. ഭാസ്കരരവിവർമ്മൻ ഒന്നാമന്റെ(962-1019) ജൂതശാസനത്തിൽ (1000) ജോസഫ് റബ്ബാൻ എന്ന ജൂതപ്രമാണിക്ക് ചുങ്കവും മറ്റും പിരിക്കുക, പല്ലക്കേറുക തുടങ്ങി എഴുപത്തിരണ്ടു സ്ഥാനമാനങ്ങളോടെ അഞ്ചുവണ്ണം പിന്തുടർച്ചാവകാശമായി നൽകുന്നതായി പറയുന്നു. വീരരാഘവപട്ടയത്തിലും ഈ സംഘത്തെക്കുറിച്ച് സൂചനയുണ്ട്. അറുനൂറ്റവർ എന്ന നാട്ടുകൂട്ടത്തിൽ ഇവർ പ്രമാണികളായിരുന്നു. കൊല്ലം നഗരത്തിന്റെ സം‌രക്ഷണച്ചുമതല അഞ്ചുവണ്ണക്കാർക്കുണ്ടായിരുന്നു. കൊല്ലത്തിന്റെ സാമ്പത്തികപുരോഗതിക്ക് വിലപ്പെട്ട സംഭാവനകൾ ഇവർ നൽകിയതായി ചരിത്രരേഖകളിൽനിന്ന് വ്യക്തമാണ്‌. പയ്യന്നൂർപ്പാട്ടിൽ അഞ്ചുവണ്ണക്കാരെക്കുറിച്ചുള്ള പരാമർശമുള്ളതിനാൽ ഉത്തരകേരളത്തിലും ഈ വണിൿ‌സംഘം പ്രചരിച്ചിരുന്നതായി മനസ്സിലാക്കാം. കൊല്ലം തന്നെ ആസ്ഥാനമായി പ്രവർത്തിച്ച മറ്റൊരു കച്ചവടസംഘമായിരുന്നു മണിഗ്രാമം.

നാലു വർണ്ണങ്ങൾക്കു പുറത്തുള്ള ജൂതരെ കുറിക്കുന്നതാകാം അഞ്ചുവണ്ണം എന്ന സംജ്ഞ. അഥവാ, അഞ്ചു വർണ്ണക്കാർ ചേർന്ന സംഘമോ അഞ്ചുതരം ചരക്കുകൾ വിൽക്കുന്ന സംഘമോ ആകാം. [1] നെയ്ത്തുകാർ എന്ന അർത്ഥത്തിൽ 'അഞ്ചുവണ്ണത്താർ' എന്നു തമിഴിൽ പ്രയോഗമുണ്ട്. അതിനാൽ തുണിക്കച്ചവടവുമായി ഇവർക്ക് ബന്ധമുണ്ടെന്നുവരാം.[2]

ഇവ കൂടി കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. എസ്.കെ. വസന്തൻ, കേരളസംസ്കാരചരിത്രനിഘണ്ടു, വാല്യം 1, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  2. സർവ്വവിജ്ഞാനകോശം,വാല്യം 1
"https://ml.wikipedia.org/w/index.php?title=അഞ്ചുവണ്ണം&oldid=2188240" എന്ന താളിൽനിന്ന് ശേഖരിച്ചത്