ആഗമാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agamanandan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഗമാനന്ദ സ്വാമികൾ

കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു ആഗമാനന്ദൻ(1896 - 1961)[1] . പണ്ട് ഹരിജൻ എന്ന് വ്യവഹരിച്ചിരുന്ന പുലയ സമുദായത്തിൽ നിന്നും മൂന്ന് സഹോദരന്മാരെ സ്വാമികൾ ആശ്രമത്തിൽ ചേർത്ത് പഠിപ്പിച്ചു.പത്മനാഭൻ ,അയ്യപ്പൻ, തങ്കച്ചൻ എന്നീ കുട്ടികൾ എല്ലാത്തിലും മിടുക്കരായി വളർന്നു. ഉദ്യോഗസ്ഥരായി. ഈ കുട്ടികളും സ്വാമികളും ചേർന്നാണ് ഇന്ന് ആശ്രമത്തിൽ കാണുന്ന വൃക്ഷലതാദികളെല്ലാം വച്ചുപിടിപ്പിച്ചത്. ഇതിൽ മൂത്ത സഹോദരനായ പത്മനാഭന്റെ മകനാണ് എഴുത്തുകാരനായ ബിജു.പി.നടുമുറ്റം

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും, ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ. 1928 ൽ സന്ന്യാസം സ്വീകരിക്കുന്നതിനുമുൻപുള്ള പേര് കൃഷ്ണൻനമ്പ്യാതിരി എന്നായിരുന്നു. കുട്ടിക്കാലം മുതലേ ആധ്യാത്മികജീവിതത്തിൽ കൃഷ്ണന് വലിയ താത്പര്യമായിരുന്നു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ഒരു സനാതനധർമവിദ്യാർഥി സംഘം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. ബാംഗ്ളൂർ ശ്രീരാമകൃഷ്ണമഠാധിപതിയും ശ്രീരാമകൃഷ്ണശിഷ്യനുമായിരുന്ന നിർമ്മലാനന്ദസ്വാമിയെ 1913-ൽ കണ്ടുമുട്ടിയതു കൃഷ്ണൻ നമ്പ്യാതിരിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഭവിച്ചു. ശ്രീരാമകൃഷ്ണമിഷന്റെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദസ്വാമി തിരുവനന്തപുരത്തെത്തിയപ്പോൾ കൃഷ്ണൻ നമ്പ്യാതിരി അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ കൈക്കൊണ്ടു. സംസ്കൃതം ഐച്ഛികമായെടുത്ത് 1921-ൽ മദിരാശി സർവകലാശാലയിൽനിന്ന് ബി.എ. (ഓണേഴ്സ്) ബിരുദം നേടി. 1925-ൽ ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരംഗമായി ചേർന്നു. 1928-ലാണ് ബാംഗ്ളൂരിൽ വച്ച് 'ആഗമാനന്ദൻ' എന്ന സന്ന്യാസനാമം സ്വീകരിച്ചത്.

1936-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവർഷത്തിൽ ആഗമാനന്ദസ്വാമി കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു. കൂടാതെ പുതുക്കാട്ട് മറ്റൊരാശ്രമവുംകൂടി സ്ഥാപിച്ചിട്ടുണ്ട്. അധഃസ്ഥിതോദ്ധാരണത്തിനും ജാതിനിർമാർജ്ജനത്തിനുംവേണ്ടി ആഗമാനന്ദ സ്വാമികൾ ഗണ്യമായി പ്രയത്നിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിൽ മതപ്രസംഗങ്ങൾക്ക് സ്ഥാനംകൊടുത്തത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദൻ നിർവഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂൾ, അഗതിമന്ദിരം, 'ഹരിജനഹോസ്റ്റൽ', ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.എന്നിവയാണ് ഇദ്ദേഹത്തിന്റെ ൽ പ്രധാനപ്പെട്ടവ.

1961-ൽ സ്വാമി സമാധി അടഞ്ഞു.

കൃതികൾ[തിരുത്തുക]

  • വിവേകാനന്ദസന്ദേശം
  • ശ്രീശങ്കരഭഗവദ്ഗീതാനിരൂപണം
  • വിഷ്ണുപുരാണം (തർജുമ)

അവലംബം[തിരുത്തുക]

  1. Sreedhara Menon, A (2007). A Survey Of Kerala History. D C Books. p. 312. ISBN 9788126415786.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഗമാനന്ദൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആഗമാനന്ദൻ&oldid=3682051" എന്ന താളിൽനിന്ന് ശേഖരിച്ചത്