Jump to content

അബി തിയെറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abbey Theatre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബിതിയെറ്റർ
Front facade
Address
26 Lower Abbey Street
City
Country Ireland
Designation National Theatre of Ireland
Architect Michael Scott
Owned by Abbey Theatre Limited (prev. National Theatre Society)
Capacity 494
Opened 1904
Rebuilt 1965
abbeytheatre.ie

അയർലൻഡിലെ ഡബ്ളിനിൽ 1904-ൽ സ്ഥാപിതമായ പ്രശസ്തദേശീയനാടകശാലയാണ് അബി തിയെറ്റർ. ഗെയ്ലിക് ഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനുംവേണ്ടി നിലകൊണ്ട ഗെയ്ലിക് ലീഗ് സ്ഥാപിച്ച 'ഐറിഷ് ലിറ്റററി തിയെറ്റർ' പരിണമിച്ചുണ്ടായതാണ് അബിതിയെറ്റർ.

ചരിത്രം

[തിരുത്തുക]

വില്യം ബട്ട്ലർ യേറ്റ്സ്, ജോൺ മിറ്റിഗ്റ്റൺ സിങ്, ലേഡിഗ്രിഗറി എന്നിവരായിരുന്നു അബിതിയെറ്റർ സ്ഥാപിക്കുന്നതിനു ശ്രമിച്ചവർ. യൂറോപ്യൻ സാഹിത്യവേദിയെ സ്വാധീനിച്ച ഫ്രാൻസിലെ അന്റോയിൻ ആന്ദ്രേയുടെ തിയെറ്റർ ലിബ്ര്, ജർമനിയിലെ ഓട്ടോ ബ്രാഹ്മിന്റെ ദോയിഷെസ് റ്റെയാറ്റർ, ലണ്ടനിലെ ജെ.റ്റി. ഗൈനിന്റെ സ്വതന്ത്ര നാടകവേദി എന്നീ പ്രസ്ഥാനങ്ങളാണ് അബിതിയെറ്ററിന്റെ സ്ഥാപനത്തിനു പിന്നിൽ വർത്തിച്ച പ്രേരകശക്തികൾ. ഈ പ്രസ്ഥാനങ്ങളെപ്പോലെ, അഭിതിയെറ്ററും ഐറിഷ് സാഹിത്യത്തിന്റെ സ്വതന്ത്രമായ പുരോഗതിയെ ലക്ഷ്യമാക്കിക്കൊണ്ടാണ് രൂപംകൊണ്ടത്. ഇതിന്റെ പ്രാരംഭരൂപമായ ഐറിഷ് ലിറ്റററി തിയെറ്റർ 1903-ൽ 'ഐറിഷ് നാഷണൽ തിയെറ്റർ സൊസൈറ്റി' ആയിത്തീർന്നു. 1904-ൽ യേറ്റ്സിന്റെ സ്നേഹിതയും മാൻചെസ്റ്റർ റെപ്പർട്ടറി തിയെറ്ററിന്റെ (1907) സ്ഥാപകയുമായ ആനി എച്ച്. ഹോർണിമാൻ എന്ന ഇംഗ്ളീഷ് പ്രഭി ഈ തീയെറ്ററും അതിനു തൊട്ടടുത്തുള്ള കെട്ടിടങ്ങളും ഏറ്റെടുത്ത് അബിതിയെറ്റർ ഉണ്ടാക്കാനുള്ള സാമ്പത്തികസഹായം നല്കി. യേറ്റ്സ്, ഗ്രിഗറി എന്നിവർ അബിതിയെറ്ററിലെ സഹസംവിധായകരായി. പിന്നീട് സിങ് അവരോടു ചേർന്നു.

ഐറിഷ് സാഹിത്യനവോത്ഥാനത്തിന്റെ ആദ്യദശകങ്ങളിൽ അബിതിയെറ്റർ കനത്ത സ്വാധീനത ചെലുത്തിയിരുന്നു. യേറ്റ്സിന്റെ ഡെയ്ഡ്രി (Deirdre), ദി കൌണ്ടസ് കാതലീൻ (The Countess Kathleen), കാതലീൻ നി ഹൂളിഹൻ (Cathleen ni Houlihan), ഗ്രിഗറിയുടെ സ്പ്രെഡിംഗ് ദി ന്യൂസ് (Spreading the News), ദി വർക്ക് ഹൌസ് വാർഡ് (The Workhouse Ward), ദി റൈസിങ് ഒഫ് ദി മൂൺ (The Rising of the Moon), സിങിന്റെ റൈഡേഴ്സ് ടു ദി സീ (Ridrs to the Sea), ഇൻ ദി ഷാഡോ ഒഫ് ദി ഗ്ളെൻ (In the Shadow of the Glen), ദി പ്ളേബോയ് ഒഫ് ദി വെസ്റ്റേൺ വേൾഡ് (The Playboy of the Western World) എന്നിവയാണ് അബിതിയെറ്ററിൽ ആദ്യകാലത്ത് അവതരിപ്പിച്ച നാടകങ്ങൾ. ദി പ്ളേബോയ് ഒഫ് ദി വെസ്റ്റേൺ വേൾഡ് എന്ന നാടകം വളരെയധികം കുഴപ്പങ്ങൾക്ക് കളമൊരുക്കി. ഇത് ഐറിഷ് ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കൃതിയായിരുന്നുവെന്ന തെറ്റിദ്ധാരണയുടെ ഫലമായി വിപ്ളവകാരികൾ കലാപങ്ങൾ ഉണ്ടാക്കി. 1911-ൽ ന്യൂയോർക്കിൽ ഈ നാടകം അവതരിപ്പിച്ചപ്പോഴും ഇതേ അനുഭവമുണ്ടായി.

ഇതേത്തുടർന്ന് സംവിധായകർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുകയും പ്രമുഖ അമച്വർ നടൻമാരായിരുന്ന ഫേ സഹോദരൻമാർ രാജിവയ്ക്കുകയും ചെയ്തു. 1909-ൽ ഹോർണിമാൻ അവരുടെ സാമ്പത്തികസഹായം പിൻവലിച്ചു. എന്നാൽ ഇക്കാലമായപ്പോഴേക്ക് അബിതിയെറ്റർ സ്വയംപര്യാപ്തത നേടിയിരുന്നു. നാടകകൃത്തും സംവിധായകനുമായ ലെനോക്സ് റോബിൻസൺ 1910-ൽ അബിസംഘത്തിൽ ചേർന്നു. റോബിൻസൺ 40 വർഷം ഈ തിയെറ്ററിൽ സേവനം അനുഷ്ഠിച്ചു. 1910-24 കാലത്ത് അബിതിയെറ്ററിനെ നിലനിർത്തുന്നതിന് റോബിൻസൺ വഹിച്ച പങ്ക് വളരെ പ്രാധാന്യം അർഹിക്കുന്നു. ഇക്കാലത്തുതന്നെ ഗവൺമെന്റിൽ നിന്നുള്ള അംഗീകാരവും ധനസഹായവും അബിതിയെറ്ററിന് ലഭിച്ചു.

നാടകം, അഭിനയം എന്നിവയ്ക്കുള്ള ഒരു പരിശീലനകേന്ദ്രമെന്ന നിലയിൽ അബിതിയെറ്റർ ഉയർന്നു. തൻനിമിത്തം നടൻമാരുടെ പുതിയ തലമുറകളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. 1960-ൽ ആരംഭിച്ച ദശകത്തിലെ അന്താരാഷ്ട്ര നാടകോത്സവങ്ങളിലും അബിതിയെറ്റർ കൂടുതലായി സഹകരിച്ചു. ഡബ്ളിൻ നാടകോത്സവത്തിന് രൂപംകൊടുത്തതും അബിതിയെറ്ററാണ്. 1951-ൽ ഉണ്ടായ തീപിടിത്തത്തോടെ പ്രവർത്തനം അടുത്തുള്ള ക്വീൻസ് തിയെറ്ററിലേക്കു മാറ്റി. 1958-ൽ പഴയ അബിതിയെറ്ററിന്റെ സ്ഥാനത്ത് പുതുതായി ഒരു വലിയ തിയെറ്റർ പണിയുവാനുള്ള പദ്ധതികൾക്കു രൂപംനല്കി. 1966 ജൂലൈ. 18-ന് പുതിയ അബിതിയെറ്റർ ഉദ്ഘാടനം ചെയ്യപ്പെട്ടു. വെളിച്ചം, ശബ്ദവിന്യാസം തുടങ്ങിയ സജ്ജീകരണങ്ങൾക്ക് വലിയ പ്രചാരവും പുതിയ സംവിധാനങ്ങളും ഇന്നു സുലഭമാണെങ്കിലും പഴമയുടെ അന്തസ്സ് നിലനിർത്തുന്നതിൽ അബിതിയെറ്റർ ഇന്നും ശ്രദ്ധിച്ചുപോരുന്നു. പരീക്ഷണനാടകങ്ങൾ അവതരിപ്പിക്കുന്നതിനുവേണ്ടി 'പീക്കോക്ക്' (Peacock) എന്ന ഒരു ചെറിയ തിയെറ്ററും അബിതിയെറ്ററിൽ പ്രവർത്തിക്കുന്നുണ്ട്. അബിതിയെറ്ററിന്റെ നേതൃത്വത്തിൽ നാടകകൃത്തുക്കൾക്കുവേണ്ടി ഒരു സ്കൂളും പ്രവർത്തിച്ചുവരുന്നുണ്ട്. ഐറിഷ് നാടകങ്ങളുടെ പ്രശസ്തിക്കുവേണ്ടി അബിതിയെറ്റർ വഹിച്ച പങ്ക് പ്രശംസനീയമാണ്. മറ്റു യൂറോപ്യൻ തിയെറ്ററുകളുമായി സഹകരിച്ച് അബിതിയെറ്റർ അതിന്റെ പ്രവർത്തനപരിധി വിപുലീകരിച്ചു. ഐറിഷ് നാടകങ്ങളുടെ പ്രചാരണമാണ് അബിതിയെറ്ററിന്റെ ഉദ്ദേശ്യമെങ്കിലും ഇതരനാടകങ്ങളുടെ പഠനത്തിലും താത്പര്യം കാണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. 1911-12, 1932-33, 1934-35, 1937-38 എന്നീ വർഷങ്ങളിൽ അബിതിയെറ്റർ നടത്തിയ നാടകപര്യടനങ്ങളുടെ ഫലമായി ഒട്ടേറെ കലാകാരൻമാർ പ്രശസ്തരായിട്ടുണ്ട്, ഡഡ്ലിഡിഗ്ഗഴ്സ്, ബാറി ഫിറ്റ്സ്ജെറാൽഡ് ആർതർ ഷീൽസ്, ആർബർട് ഷാർപ്, പി.ജെ. കെല്ലി, എഫ്.ജെ. മാക്കോർമിക്, മൌറീൻ ഡിലനേ, സാറാ ആൾഗുഡ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. 2004 ഡി.-ൽ അബിതിയെറ്റർ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബിതിയെറ്റർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബി_തിയെറ്റർ&oldid=3623276" എന്ന താളിൽനിന്ന് ശേഖരിച്ചത്