ഹോർമൂസ് കടലിടുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോർമൂസിന്റെ ചരിത്ര മാപ്പ് (1892)
നീല ആരോമാർക്ക് ഹോർമൂസിലെ വേർതിരിക്കപ്പെട്ട ഗതാഗത പാത സൂചിപ്പിക്കുന്നു
ഉപഗ്രഹചിത്രം

തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഒരു ജലപാതയാണ്‌ ഹോർമൂസ് കടലിടുക്ക്(Arabic: مضيق هرمز‎ - Madīq Hurmuz,പേർഷ്യൻ: تنگه هرمز). ഹോർമൂസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്‌. ഹോർമൂസ് കടലിടുക്കിന്റെ വീതി 54 കിലോ മീറ്റർ(29 നോട്ടിക്കൽ മൈൽ) വരും[1]. പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. അമേരിക്കൻ ഐക്യനാടുകളുടെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്ക് പ്രകാരം, ശരാശരി 15 ടാങ്കറുകൾ 16.5 മുതൽ 17 വരെ മില്യൻ ബാരൽ അസംസ്കൃത എണ്ണ ഓരോദിവസവും ഈ പാതയിലൂടെ വഹിച്ചുകൊണ്ട് പോകുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായി ഹോർമൂസിനെ കണക്കാക്കുന്നതും ഇക്കാരണത്താലാണ്‌. ലോകത്തിലെ കടൽമാർഗ്ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40% വും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20% വും വരുമിത്[2].

പേരിന്റെ ഉത്ഭവം[തിരുത്തുക]

ഹോർമൂസ് എന്ന പേരിന്റെ ഉത്ഭവത്തെ കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. പേർഷ്യൻ ദേവതയായ ഹൊർമൊസ് എന്ന പേരിൽ നിന്നാണ്‌ ഇത് ഉത്ഭവിച്ചത് എന്നാണ്‌ വ്യാപകമായി വിശ്വസിക്കപ്പെടുന്നത് . ചരിത്രകാരന്മാരും,പണ്ഡിതരും ഭാഷജ്ഞാനികളും അഭിപ്രായപ്പെടുന്നത് ഈന്തപ്പന എന്നർഥം വരുന്ന പ്രാദേശിക പേർഷ്യൻ പദമായ ഹുർമഖ്(هورمغ) എന്നതിൽ നിന്ന് ഉത്ഭവിച്ചു എന്നാണ്‌. ഇപ്പോഴും ഹുർമൂസിലേയും മിനബിലേയും നാടൻ ഭാഷയിൽ നേരത്തെ പറഞ്ഞ അർത്ഥത്തിലുള്ള ഹുർമഖ് എന്നാണ്‌.

ഹോർമൂസിലെ ഗതാഗതം[തിരുത്തുക]

ഹോർമൂസ് ജലപാതയിലൂടെ നീങ്ങുന്ന കപ്പലുകൾ ഗതാഗത വേർതിരിക്കൽ പദ്ധതി (ടി.എസ്.എസ്) എന്ന പേരിൽ, പരസ്പരം കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പോകുന്നതിനും വരുന്നതിനും പ്രത്യേക ഗതാഗത പാത പിന്തുടരുന്നു. 10 കിലോമീറ്റർ വീതിയുള്ളതാണ്‌ ഗതാഗത പാത. ഇതിൽ 3 കിലോമീറ്റർ വരുന്ന ഓരോ പാതകൾ വരുന്നതിനും പോകുന്നതിനു ഒരുക്കിയിരിക്കുന്നു. ഈ രണ്ട് പാതകളേയും 3 കിലോമീറ്റർ വീതിവരുന്ന മീഡിയൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമവുമായി ബന്ധപ്പെട്ട ട്രാൻസിറ്റ് ജലപാത വകപ്പിന്‌ കീഴിൽവരുന്ന ഒമാന്റെയും ഇറാന്റെയും പ്രദേശങ്ങളിലൂടയാണ്‌ കപ്പലുകൾ കടന്നുപോകുന്നത്[3]. എല്ലാ രാജ്യങ്ങളും ഈ വകുപ്പ് അംഗീകരിച്ചിട്ടല്ലങ്കിലും യു.എസ്. അടക്കമുള്ള മിക്കവാറും രാജ്യങ്ങൾ സമുദ്രജലഗതാഗതത്തിന്‌ യു.എൻ ന്റെ ഈ നിയമം സ്വീകരിച്ചിട്ടുണ്ട്[4]. ടി.എസ്.എസ് എന്ന നിയമം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനായി ഒമാന്‌ , മുസന്ദം ഉപദ്വീപിൽ എൽ.ക്യു.ഐ എന്ന റഡാർ സൈറ്റുണ്ട്.

ഇറാന്റെ നാവികാഭ്യാസം[തിരുത്തുക]

2012 ൽ രണ്ടു തവണ ഇറാൻ ഈ മേഖലയിൽ നാവികാഭ്യാസം നടത്തി. "വിലായത് 91" എന്ന് പേരിട്ട അഭ്യാസം ആറുദിവസം നീണ്ടു. ഹോർമുസ് കടലിടുക്ക്, ഒമാൻ ഗൾഫ്, ഇന്ത്യൻ സമുദ്രത്തിന്റെ വടക്കുഭാഗം എന്നിവിടങ്ങളിലായി 10 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന ഭാഗത്താണ് അഭ്യാസം.

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ- വാതക കയറ്റുമതിയിൽ 40 ശതമാനവും ഹോർമുസിലൂടെയാണ്. പാശ്ചാത്യരാജ്യങ്ങൾ തങ്ങളെ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും ഇവിടെ ഇറാൻ നാവികാഭ്യാസം നടത്തിയിരുന്നു. നാലുമാസംമുമ്പ് ഒരു മുങ്ങിക്കപ്പലും ഡിസ്ട്രോയർ യുദ്ധക്കപ്പലും ഇറാൻ ഇവിടേക്ക് അയച്ചിരുന്നു[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോർമൂസ്_കടലിടുക്ക്&oldid=1990679" എന്ന താളിൽനിന്നു ശേഖരിച്ചത്