ഹെർക്കുലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രീക്ക് പുരാണകഥകളിലെ അതിമാനുഷ ശക്തിയുളള യോദ്ധാവായിരുന്ന ഹേരാക്ലിസ്സിന്റെ റോമൻ പേരാണ് ഹെർക്കുലീസ്. തീബസ്സിലെ പ്രശസ്തനായ സേനാനായകൻ ആംഫിട്രിയോണിന്റേ പത്നി അൽസെഡെസിൽ സ്യൂസിന് ഉണ്ടായ പുത്രനാണത്രെ ഹെർക്കുലീസ്. അതുകൊണ്ടുതന്നെ ഹീരക്ക് ഹെർക്കുലീസിനോട് കടുത്ത പകയുണ്ടായിരുന്നു. തന്നെ കൊല്ലാനായി ഹീര അയച്ച കൊടിയ വിഷമുളള സർപ്പങ്ങളെ ഞെരിച്ചുകൊന്ന് ശൈശവപ്രായത്തിൽത്തന്നെ ഹെർക്കുലീസ് ശക്തിപ്രകടനം നടത്തി [1]

'ഹെർക്കുലീസും ഹൈഡ്രയും രേഖാചിത്രം: ഹെർക്കുലീസ് സിംഹത്തോൽ ധരിച്ച് ഗദ ഓങ്ങി നിൽക്കുന്നു


എളുപ്പം വികാരവിക്ഷുബ്ധ്നനാകുന്ന സ്വഭാവക്കാരനായിരുന്നതിനാൽ, അമിതമായ ദേഹബലം പലപ്പോഴും അക്രമപ്രവണതക്ക് വഴിയൊരുക്കി. സംഗീതം പഠിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നതിനാൽ സംഗീതാധ്യാപകന്റെ തലയ്ക്ക് അടിച്ചു പരിക്കേല്പിച്ചുവെന്നും, ചൂടു സഹിക്കവയ്യാഞ്ഞ്, സൂര്യനുനേരെ ബാണം തൊടുത്തുവിട്ടെന്നും കഥകളുണ്ട്. പതിനെട്ടാം വയസ്സിൽ ഒരു സിംഹത്തെ ഏകനായി നേരിട്ട് കൊലപ്പെടുത്തി, അന്ന് തൊട്ട് സിംഹത്തോലു മേലങ്കിയായി ധരിക്കാൻ തുടങ്ങി. മെഗാറ രാജകുമാരിയേയാണ് ഹെർക്കുലീസ് വിവാഹം ചെയ്തത്. അവർക്ക് മൂന്നു പുത്രന്മാരും ഉണ്ടായി. ആയിടക്കാണ് ഹീര പക തീർക്കാനായി ഹെർക്കുലീസിനെ ഭ്രാന്തനാക്കിയത്. മതിവിഭ്രാന്തനായ ഹെർക്കുലീസ് ഭാര്യയേയും മക്കളേയും വധിക്കുന്നു. വിവേകം തിരിച്ചു കിട്ടിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ആത്മഹത്യക്കു മുതിരുന്ന ഹെർക്കുലീസിനെ ആത്മസുഹൃത്തായ തെസ്യൂസാണ് അതിൽ നിന്നു പിന്തിരിപ്പിക്കുന്നത്. പാപമോചനത്തിനായി, യൂറിസ്തിയസ്സിനു വേണ്ടി, ഹെർക്കുലീസിന് പത്ത് അതി സാഹസിക കാര്യങ്ങൾ ചെയ്തു തീർക്കേണ്ടിയിരുന്നു. പക്ഷെ രണ്ടെണ്ണത്തിൽ പരസഹായം ലഭിച്ചതുകാരണം എണ്ണം പന്ത്രണ്ടായെന്നാണ് കഥ. [1]

വീര സാഹസിക കൃത്യങ്ങൾ[തിരുത്തുക]

ആദ്യം ചെയ്യേണ്ടിയിരുന്നത് ആയുധങ്ങൾ കൊണ്ട് മുറിവേല്പിക്കാനാകാത്ത നെമിയ എന്ന സിംഹത്തെ കൊല്ലുകയായിരുന്നു. ഹെർക്കുലീസ് നെമിയയെ നിഷ്പ്രയാസം ശ്വാസം മുട്ടിച്ചുകൊന്നു. ഒമ്പതു തലകളുളള ഹൈഡ്രയെ കൊല്ലുകയായിരുന്നു അടുത്ത പരിപാടി. ഒമ്പതു തലകളിലൊന്ന് അജേയമായിരുന്നു, പക്ഷേ മറ്റു എട്ടു തലകൾ ഛേദിച്ചാലോ ഉടനെ ഒന്നിനു പകരം രണ്ടെണ്ണം മുളച്ചു വരുന്നവയും. മരുമകനായ ഇയോലസ്സിന്റെ സഹായത്തോടെ ഹെർക്കുലീസ് ഹൈഡ്രയെ വധിച്ചു, ഓരോ തല ഛേദിക്കുമ്പോഴും കത്തുന്ന പന്തമുപയോഗിച്ച്, കഴുത്തിലെ ഞരമ്പുകളും മാംസപേശികളും ചുട്ടു കരിച്ചാണ് ഇതു ചെയ്തത്. ആർട്ടിമിസിനു ഏറ്റവും പ്രിയപ്പെട്ടതായിരുന്ന സ്വർണ്ണക്കൊമ്പുകളുളള മാൻകുട്ടിയെ ജീവനോടെ കടത്തിക്കൊണ്ടു വരികയായിരുന്നു അടുത്ത കൃത്യം. ഒരു വർഷമെടുത്തു, ഈ കൃത്യം സഫലികരിക്കാൻ. എറിമാന്തസ് മലയിൽ അധിവസിക്കുന്ന വലിയൊരു കാട്ടു പന്നിയെ പിടിച്ചു കെട്ടുകയായിരുന്നു അടുത്ത സാഹസികകൃത്യം. പന്നിയെ തുരത്തിയോടിച്ച് ക്ഷീണിതനാക്കി അവസാനം മഞ്ഞിൽ പൂഴ്ത്തിയാണ് ഹെർക്കുലീസ് അതിനെ കീഴ്പ്പെടുത്തിയത്. അഞ്ചാമതായി ഒരൊറ്റ ദിവസം കൊണ്ട് ഒറ്റക്ക് ഓജിയൻ തൊഴുത്ത് വൃത്തിയാക്കേണ്ടി വന്നു. ഓജിയസ്സിന് ആയിരക്കണക്കിന് കന്നുകാലികളുണ്ടായിരുന്നു, വർഷങ്ങളോളം ആ തൊഴുത്ത് വൃത്തിയാക്കിയിട്ടേ ഇല്ലായിരുന്നു. അടുത്തുളള രണ്ടു നദികളുടെ ഗതി, തൊഴുത്തിലേക്ക് തിരിച്ച്, ഹെർക്കുലീസ് ഈ കൃത്യവും തൃപ്തികരമായി നിർവ്വഹിച്ചു. ആറാമതായി ജനങ്ങളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്ന സ്റ്റൈംഫാലിയൻ പക്ഷിസമൂഹത്തെ കൊന്നൊടുക്കുകയായിരുന്നു. അഥീനയുടെ സഹായത്തോടെ ഇതും ചെയ്തു തീർത്തു. ഏഴാമത്തെ ജോലി ക്രീറ്റിലേക്ക് ചെന്ന് അവിടത്തെ അതിസുന്ദരനായ കാട്ടുകൊമ്പനെ, യുറിസ്തിയസ്സിലേക്ക് കൊണ്ടുവരികയായിരുന്നു. പൊസൈഡൺ മിനോസിനു നല്കിയ ഉപഹാരമായിരുന്നു ഇത്. ഹെർക്കുലീസ് ഇതിലും വിജയിച്ചു. എട്ടാമത്തെ കൃത്യം, ത്രേസിലെ രാജാവ് ഡയോമിഡസിന്റെ കൈവശം ഉണ്ടായിരുന്ന മനുഷ്യഭുക്കുകളായ പെൺ കുതിരകളെ കൊണ്ടുവരികയായിരുന്നു. ഡയോമിഡെസിനെ വധിച്ച് ഹെർക്കുലീസ് കുതിരകളെ നേടിയെടുത്തു. ആമസോൺ വംശജരുടെ രാജ്ഞി ഹിപ്പോലിറ്റയുടെ അരപ്പട്ട കൊണ്ടുവരികയായിരുന്നു അടുത്ത കൃത്യം. ഹീരയുടെ കുതന്ത്രങ്ങൾ മൂലം സൌഹൃദപൂർവ്വും നടക്കുമായിരുന്ന ഈ കൃത്യം പാടെ അലങ്കോലപ്പെട്ടു, അരഞ്ഞാൺ കൈക്കലാക്കാൻ കഴിഞ്ഞെങ്കിലും ഹെർക്കുലീസിന് ഹിപ്പോലിറ്റയെ വധിക്കേണ്ടിവന്നു. പത്താമത്തെ സാഹസകൃത്യം എറിത്ര ദ്വീപിൽ വസിച്ചിരുന്ന മൂന്നുടലുകളുളള ജെറിയോണിന്റെ കന്നുകാലികളെ കടത്തിക്കൊണ്ടു വരികയായിരുന്നു. ഹെർക്കുലീസ് ഇത് നിഷ്പ്രയാസം ചെയ്തു തീർത്തു. പതിനൊന്നാമത്തെ കൃത്യം.ഹോസ്പെറൈഡിസിന്റെ സ്വർണ്ണ ആപ്പിളുകൾ കണ്ടുപിടിച്ച് തിരിച്ചു കൊണ്ടുവരികയായിരുന്നു. ഹോസ്പൈറിഡിസിന്റെ അച്ഛനായിരുന്ന, അറ്റ്ലസിനോട് ഹെർക്കുലീസ് സഹായം ആവശ്യപ്പെട്ടു.ഹെർക്കുലീസിന്റെ മുതുകിലേക്ക് സ്വന്തം ഭാരം(സ്വർഗ്ഗവും ഭൂമിയും) കയറ്റി വെച്ച ശേഷം അറ്റ്ലസ് ആപ്പിളുകൾ കൊണ്ടുവരാൻ പോയി. ആപ്പിളുകളുമായി തിരിച്ചു വന്നെങ്കിലും ഭാരം തിരിച്ചടുക്കാൻ സന്നദ്ധനായില്ല. ഹെർക്കുലീസ് തന്ത്രപൂർവ്വം "ഭാരം ശരിക്കു വെക്കട്ടെ തല്ക്കാലം ഒന്നു പിടിക്കു" എന്നു പറഞ്ഞുകൊണ്ട് ഭാരം അറ്റ്ലസിലേക്കു മാറ്റുകയും ആപ്പിളുകളുമായി സ്ഥലം വിടുകയും ചെയ്തു. പന്ത്രണ്ടാമത്തെ സാഹസികകൃത്യം നടത്തിയെടുക്കാനായി ഹെർക്കുലീസിന് പാതാളലോകത്തിലെത്തേണ്ടി വന്നു. അവിടത്തെ ഭീകരനായ കാവൽ നായ സെർബറസിനെ കടത്തിക്കൊണ്ടു വരണം.പ്ളൂട്ടോ സമ്മതം മൂളി, പക്ഷെ ഒരു നിബന്ധന, നിരായുധനായിരിക്കണം, കൈകൾ മാത്രമേ ഉപയോഗിക്കാവൂ. ഹെർക്കുലീസ് അങ്ങനെത്തന്നെ സെർബറസിനെ കീഴടക്കി.

ഹെർക്കുലീസിനെ കേന്ദ്രമാക്കി വേറേയും അനവധി വീരസാഹസിക കഥകൾ ഗ്രീക്കു പുരാണത്തിലുണ്ട്.

അന്ത്യം[തിരുത്തുക]

ഹെർക്കുലീസിന്റെ അന്ത്യം അതിദാരുണമായിരുന്നു. ഹെർക്കുലീസിനെ തന്നിലേക്ക് കുടുതൽ ആകർഷിക്കാനായി ഭാര്യ ഡെയാനിറ വശ്യവസ്ത്രം അയാളെ ധരിപ്പിക്കുന്നു. വിഷലിപ്തമായ വസ്ത്രത്തിന്റെ ചൂടു സഹിക്കാഞ്ഞ്, എരിപൊരി കൊളളുന്ന ഹെർക്കുലീസ് ചിതയൊരുക്കി അതി ചാടി ദേഹത്യാഗം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Edith Hamilton. Mythology. Little Brown &co. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "hercu" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ഹെർക്കുലീസ്&oldid=2224749" എന്ന താളിൽനിന്നു ശേഖരിച്ചത്