ഹിറ ഗുഹ
മക്കയിൽ നിന്നും രണ്ടു മൈൽ അകലെയുള്ള ജബലുന്നൂരിൽ സ്ഥിതി ചെയ്യുന്ന ഗുഹയാണ് ഹിറാ ഗുഹ. നാല് മുഴം നീളവും 1.75 മുഴം വീതിയുമാണ് ഇതിനുള്ളത്. കഅബാലയത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ഈ ഗുഹയിൽ വെച്ചാണ് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചത്.
ചരിത്രം[തിരുത്തുക]
ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള പ്രദേശമാണ് ഹിറാ ഗുഹ. ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കുന്ന മുഹമ്മദിന്റെ മുന്നിൽ ദൈവത്തിന്റെ മാലാഖയായ ജിബ്രീൽ പ്രത്യക്ഷപ്പെട്ട് ഇഖ്‌റഅ (വായിക്കുക) എന്ന് വായിച്ചു കേൾപ്പിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന നിലക്കാണ് ജബലുന്നൂർ (പ്രകാശത്തിന്റെ പർവതം) എന്ന് ഈ പർവതത്തിന് പേര് ലഭിച്ചത്[1].
ചിന്താശീലനായ മുഹമ്മദ് നബി മക്കയിലെ ഒഴിവു സമയം ഒറ്റയ്ക്ക് കഴിയാനായിരുന്നു ഇഷ്ടപ്പെട്ടത്. അദ്ദേഹം ലോകത്തെ കുറിച്ചും സഹജീവികളെ കുറിച്ചും അദ്ധ്യാത്മിക കാര്യങ്ങളെ കുറിച്ചും സദാ ചിന്തിച്ചുകൊണ്ടിരുന്നു. അത്തരം അവസരങ്ങളിൽ മക്കക്കു പുറത്തുള്ള ഹിറയിലെ ഒരു ഗുഹയിലാണ് അധിക സമയവും അദ്ദേഹം കഴിഞ്ഞത്. സമുദ്ര നിരപ്പിൽ നിന്ന് 761 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മക്കയിലെ വൻ മലകളിൽ ഒന്നാണിത്. അങ്ങനെ ഹിറാ ഗുഹയിൽ ധ്യാനമഗ്നനായി കഴിയവേ നാൽപതാം വയസ്സിലാണ് അദ്ദേഹം പ്രവാചകനായി മാറുന്നത്. ഗുഹയിൽ അദ്ദേഹത്തെ ജിബ്രീൽ എന്ന ദൈവദൂതൻ കാണാനെത്തി. ദൈവദൂതൻ വായിക്കുക എന്ന് മുഹമ്മദ് നബിയെ വായിച്ചു കേൾപ്പിച്ചു. തുടർന്ന് അവിടെ വെച്ച് ഒട്ടേറെ ദൈവവചനങ്ങൾ ദൈവ ദൂതനിൽ നിന്നും മുഹമ്മദ് നബി സ്വായത്തമാക്കി.
ഇപ്പോൾ[തിരുത്തുക]
ഇസ്‌ലാമിക ചരിത്രപ്രധാന കേന്ദ്രമായ മക്കയിലെ ഹിറാ ഗുഹയിലേക്ക് ഹജ്ജ്, ഉംറ സീസണിൽ ആയിരക്കണക്കിന് തീർഥാടകരാണ് സന്ദർശിക്കാനെത്തുന്നത്. ഗുഹയിലേക്കുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന ഉമ്മുർ ഖുറാ സർവകലാശാലയിലെ ഹജ്ജ് ഉംറ ഇൻസ്റ്റിറ്റിയൂട്ടിന്റെ കണ്ടെത്തലിനെത്തുടർന്നു കേബിൾ കാർസംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-01.