ഹിറ്റ്‌ലർ പ്രതിജ്ഞ
നാസി ജർമനിയിലെ സൈനികരും ഉദ്യോഗസ്ഥരും പട്ടാളക്കാരും സർക്കാർ ജീവനക്കാരും 1934 മുതൽ 1945 വരെയുള്ള കാലഘട്ടങ്ങളിൽ ഹിറ്റ്‌ലറോട് വിധേയത്തം കാണിക്കാനായി എടുക്കേണ്ടിയിരുന്ന പ്രതിജ്ഞയാണ് ഹിറ്റ്‌ലർ പ്രതിജ്ഞ (Hitler oath). ഭരണഘടനയോടല്ലാതെ ഹിറ്റ്‌ലർ എന്ന വ്യക്തിയോട് ആയിരുന്നു വിധേയത്തം കാണിക്കേണ്ടിയിരുന്നത്.
പശ്ചാത്തലം
[തിരുത്തുക]ജർമൻ പാർലിമെന്റിന്റെ അനുവാദമില്ലാതെ തന്നെ നിയമങ്ങൾ നിർമ്മിക്കാൻ ജർമ്മനിയിലെ മന്ത്രിസഭ ഉണ്ടാക്കിയ നിയമമായ എനബ്ലിംഗ് ആക്ടിനും നാസി പാർട്ടി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളെയും നിരോധിച്ച നടപടിക്കുശേഷവും വേണമെങ്കിൽ ഹിറ്റ്‌ലറെ അധികാരഭ്രഷ്ടനാക്കാൻ കഴിവുള്ള ഏകവ്യക്തിയായിരുന്നു പ്രസിഡണ്ടായ ഹിന്റർബർഗ്. 1934 ആഗസ്ത് 2 -ന് അദ്ദേഹം മരണമടഞ്ഞതോടു കൂടി ഏകാധിപത്യഭരണത്തിനുള്ള ഹിറ്റ്‌ലരുടെ കടമ്പകളെല്ലാം നീങ്ങി. ഹിന്റർബർഗിന്റെ മരണത്തിന്റെ തലേന്ന്, ഹിറ്റ്‌ലറുടെ മന്ത്രിസഭ ജർമനിയുടെ ചാൻസലറുടെയും പ്രസിഡണ്ടിന്റെയും പദവികൾ ഒന്നാക്കി മാറ്റിക്കൊണ്ടുള്ള ഒരു നിയമം കൊണ്ടുവരികയും, രാഷ്ട്രനേതാവും സൈനികമേധാവിയുമായ ഹിറ്റ്‌ലർ ഫ്യൂറർ (Führer) എന്ന് അറിയപ്പെടുമെന്നും നിയമമായി. ഹിന്റർബർഗിന്റെ മരണത്തിന്റെ അന്ന് ഈ ആക്ടിനു നിയമപ്രാബല്യം കൊണ്ടുവരാൻ ജനങ്ങൾക്കിടയിൽ ആഗസ്ത് 19 -ന് ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്നും പ്രഖ്യാപനം ഉണ്ടായി.
അഭിപ്രായവോട്ടെടുപ്പിൽ 90 ശതമാനം വോട്ടിന് പദവികൾ ഒന്നാക്കുന്ന ആക്ട് നിയമമായി. അതോടെ ഹിറ്റ്‌ലർ ജർമനിയുടെ സമ്പൂർണ്ണ ഏകാധിപതിയായി മാറി. അടുത്ത ദിവസമായ 1934 ആഗസ്ത് 20 -ന് മന്ത്രിസഭ ഹിറ്റ്‌ലർ പ്രതിജ്ഞ ഉണ്ടാക്കി. അതുവരെ രാജ്യത്തോടും ഭരണഘടനയോടും വിധേയത്തം കാണിക്കേണ്ട വാചകങ്ങൾ മാറ്റി ഹിറ്റ്‌ലർ എന്ന വ്യക്തിയോടായി പ്രതിജ്ഞ എടുക്കേണ്ടത്.
പ്രതിജ്ഞയുടെ വാചകങ്ങൾ
[തിരുത്തുക]സൈനികർ എടുക്കേണ്ട പ്രതിജ്ഞ
[തിരുത്തുക]ജർമൻ സാമ്രാജ്യത്തിന്റെയും ജനങ്ങളുടെയും നേതാവും സൈന്യത്തിന്റെ പരമാധികാരിയുമായ അഡോൾഫ് ഹിറ്റ്‌ലറോട് ഞാൻ എന്നും വിധേയത്തം ഉള്ളവൻ ആയിരിക്കുമെന്ന് ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. ഒരു ഉപാധികളുമില്ലാതെ അദ്ദേഹത്തോട് അനുസരണ കാണിക്കുന്ന ധീരനായ ഒരു യോദ്ധാവായ ഞാൻ ഈ പ്രതിജ്ഞ പാലിക്കാൻ എന്റെ ജീവൻ വരെ നൽകാനും തയ്യാറാണ്.
സർക്കാർ ഉദ്യോഗസ്ഥർ എടുക്കേണ്ട പ്രതിജ്ഞ
[തിരുത്തുക]ഞാൻ എന്നും ജർമൻ സാമ്രാജ്യത്തിന്റെയും ജനങ്ങളുടെയും നേതാവായ അഡോൾഫ് ഹിറ്റ്‌ലറോട് വിശ്വസ്തതയും അനുസരണയും ഉള്ളവൻ ആയിരിക്കുകയും നിയമം പരിപാലിച്ചുകൊണ്ട് എന്റെ ധർമ്മം നിർവ്വഹിക്കാൻ ദൈവം എന്നെ സഹായിക്കുകയും ചെയ്യട്ടെ.
- എന്താണ് നിങ്ങളുടെ പ്രതിജ്ഞ? - ജർമൻ സാമ്രാജ്യത്തിന്റെ ചാൻസലറും ഏകനായ നേതാവുമായ അഡോൾഫ് ഹിറ്റ്‌ലറോട് ഞാൻ ദൃഢവിശ്വാസവും ധൈര്യവും പ്രഖ്യാപിക്കുന്നു. എനിക്കായി അങ്ങു തീരുമാനിക്കുന്ന നേതാക്കളിൽ മരണം വരെ ഞാൻ വിധേയൻ ആയിരിക്കും. അതിന് ദൈവം എന്നെ സഹായിക്കട്ടെ.
- അപ്പോൾ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? - ഉവ്വ്, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്.
- ദൈവത്തിൽ വിശ്വസിക്കാത്ത ആളെപ്പറ്റി നിങ്ങൾ എന്തുവിചാരിക്കുന്നു? - അയാൾ അഹങ്കാരിയും അധികാരാസക്തിയുമുള്ള അവിവേകിയാണെന്ന് ഞാൻ കരുതും; അവൻ നമ്മളെ അർഹിക്കുന്നില്ല.
അനന്തരഫലങ്ങൾ
[തിരുത്തുക]പ്രതിജ്ഞ എടുത്തുപോയതുകൊണ്ടുമാത്രം തങ്ങൾക്ക് തീരെ ഇഷ്ടമില്ലാത്ത പലപ്രവൃത്തികളും ചെയ്യാനും അവയുടെ ഭാഗങ്ങളാവാനും പലരും നിർബന്ധിതരായി. യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ പോലുമുള്ള ആജ്ഞകൾ അനുസരിക്കേണ്ടിവന്നു. 1938 -ഓടെ ഹിറ്റ്‌ലർ ഒരു യുദ്ധഭ്രാന്തനാണെന്ന് ബോധ്യം വന്നെങ്കിലും തങ്ങളുടെ പ്രതിജ്ഞ പാലിക്കാൻ അയാളെ അവർക്ക് അനുസരിക്കേണ്ടിവന്നു. സൈനികർക്കുള്ള പല പരിശീലനങ്ങളിലും വിദ്യാഭ്യാസപരിപാടികളിലും പ്രതിജ്ഞ തെറ്റിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി ആവർത്തിച്ചു പറഞ്ഞിരുന്നു. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രതിജ്ഞ ലംഘിക്കാനാവാതെ പല ദുഷ്‌കൃത്യങ്ങളും ചെയ്യേണ്ടിവന്നതിനെപ്പറ്റി ന്യൂറംബർഗ് വിചാരണയിൽ പലരും വാദിച്ചിരുന്നു. ഈ പ്രതിജ്ഞ എടുക്കാൻ തയ്യാറാവാത്തതിന്റെ പേരിൽ പലരെയും വധിച്ചിരുന്നു.