ഹിന്ദു വ്യക്തി നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊളോണിയൽ കാലഘട്ടത്തിൽ നിലവിൽ വന്ന ആംഗ്ലോ-ഹിന്ദു നിയമം മുതൽ സ്വതന്ത്ര ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദു നിയമം വരെ പരിഷ്കരണപരമ്പരകളിലൂടെ രൂപമാറ്റം സംഭവിച്ച ഹിന്ദു വ്യക്തിനിയമങ്ങളെ പൊതുവെ ഹിന്ദു വ്യക്തിനിയമം എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നു. ബ്രിട്ടീഷുകാർ ഹിന്ദു നിയമം ക്രോഡീകരിക്കുന്ന സമയത്ത് അവലംബമാക്കാവുന്ന ഒരു ഗ്രന്ഥമോ പണ്ഡിതനോ ഹിന്ദു നിയമങ്ങൾക്ക് ഉണ്ടായിരുന്നില്ല[1]. ഹിന്ദു പണ്ഡിതന്മാർക്കിടയിൽ തന്നെ പൊരുത്തക്കേടുകളായിരുന്നതിനാൽ ബ്രിട്ടീഷുകാർ തന്നെ ഇവയുടെ ക്രോഡീകരണത്തിനായി മുന്നിട്ടിറങ്ങി. ഹിന്ദു പണ്ഡിതരെ കോടതികളിൽ നിയമിച്ചുകൊണ്ടാണ് ഇത്തരം നീക്കം അവർ നടത്തിയത്. അവർക്ക് പരിശീലനം നൽകുകയും ബനാറസിലും കൊൽക്കത്തയിലും സംസ്കൃത സർവകലാശാല സ്ഥാപിക്കുകയും ചെയ്തുകൊണ്ട് സമയമെടുത്താണെങ്കിലും ഹിന്ദു വ്യക്തിനിയമങ്ങൾക്ക് അടിത്തറയിടാൻ ബ്രിട്ടീഷുകാർക്ക് സാധിച്ചു[1]. 1772-ൽ വാറൻ ഹേസ്റ്റിംഗ്സ് ബംഗാളിൽ നിന്ന് പത്ത് ബ്രാഹ്മണ പണ്ഡിറ്റുകളെ നിയമിക്കുകയും വിവാഹം,വിവാഹമോചനം, അനന്തരാവകാശം, പിന്തുടർച്ച എന്നീ നാല് വിഷയങ്ങളിൽ ഹിന്ദു നിയമങ്ങൾ മൂലസ്രോതസ്സുകളിൽ നിന്ന് സമാഹരിക്കാനായി ചുമതലപ്പെടുത്തുകയും ചെയ്തു[1]. ഹിന്ദുനിയമങ്ങളുടെ കാലാകാലമായുള്ള പരിഷ്കരണങ്ങൾ വളരെയധികം പ്രതിഷേധങ്ങൾക്ക് ഇടവരുത്തുകയുണ്ടായി. നിരവധി നിയമവ്യവഹാരങ്ങൾക്ക് ഇത് ഇടവരുത്തി. സന്യാസിമഠങ്ങളിലേയും മറ്റും പിന്തുടർച്ച വലിയ വിഷയമായി മാറി. ഇതോടെ പല സന്യാസി മഠങ്ങളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കുന്ന അവസ്ഥ സംജാതമായി[2].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Kishwar, Madhu (13 August 1994). Codified Hindu Law: Myth and Reality. Economic and Political Weekly, Volume 29, Number 33, pp.2145-2161.
  2. Kasturi, Malavika (Sep., 2009). 'Asceticising' Monastic Families: Ascetic Genealogies, Property Feuds and Anglo-Hindu Law in Late Colonial India. Modern Asian Studies, Volume 43, Number 5, pp. 1039-1083.
"https://ml.wikipedia.org/w/index.php?title=ഹിന്ദു_വ്യക്തി_നിയമം&oldid=3945563" എന്ന താളിൽനിന്ന് ശേഖരിച്ചത്