ഹാരിയറ്റ് ബീച്ചർ സ്റ്റൗ
ഹാരിയെറ്റ് എലിസബത്ത് ബീച്ചർ സ്റ്റൗ | |
|---|---|
സ്റ്റൗ 1852 ൽ | |
| ജനനം | Harriet Elisabeth Beecher ജൂൺ 14, 1811 ലിച്ച്ഫീൽഡ്, കണക്റ്റിക്കട്ട്, യു.എസ്. |
| മരണം | ജൂലൈ 1, 1896 (85 വയസ്സ്) ഹാർട്ട്ഫാർഡ്, കണക്ടിക്കട്ട്, യു.എസ്. |
| തൂലികാ നാമം | ക്റ്റിസ്റ്റഫർ ക്രോഫീൽഡ് |
| പങ്കാളി | കാൽവിൻ ഏല്ലിസ് സ്റ്റൗ |
| കയ്യൊപ്പ് | |
ഒരു അമേരിക്കൻ എഴുത്തുകാരിയും വിമോചകപ്രവർത്തകയുമായിരുന്നു ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റൗ (Harriet Beecher Stowe). 1852 ൽ അവർ എഴുതിയ അങ്കിൾ ടോംസ് കാബിൻ എന്ന നോവൽ ആഫ്രോ അമേരിക്കക്കാരെ അടിമത്തത്തിലേക്ക് തള്ളിവിട്ട ക്രൂരവും മനുഷ്യത്വരഹിതവുമായ അവസ്ഥകളെക്കുറിച്ചുള്ള നേർക്കാഴ്ചയാണ്. ദശലക്ഷക്കണക്കിനു മനസ്സുകളിലേക്ക് ഈ നോവൽ പുസ്തകമായും നാടകമായും കടന്നുകയറി, അമേരിക്കയിലും ബ്രിട്ടനിലും അടിമത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വിത്തുപാകാനും ലോകത്തുനിന്നും അടിമത്തം നിർത്തലാക്കാനും ഈ നോവൽ സഹായകമായി. വടക്കൻ അമേരിക്കയിൽ അടിമത്തവിരുദ്ധസമരങ്ങൾക്ക് ഊർജ്ജം നൽകിയ ഈ നോവൽ തെക്കൻ അമേരിക്കയിൽ സാരമായ വിദേഷത്തിനും കാരണമായി.
പോരാട്ടങ്ങളിലൂടെയും നിയമനിർമ്മാണത്തിനുള്ള മുറവിളികളിലൂടെയും മറ്റു പല സാമൂഹ്യപ്രവർത്തകർക്കും സാധിക്കാത്ത കാര്യം ഹാരിയറ്റ് എലിസബത്ത്, ഈ ഒരൊറ്റ നോവലിലൂടെ നേടിയെടുക്കാൻ സാധിച്ചു. അങ്കിൾ ടോംസ് കാബിൻ ഉയർത്തിയ ചിന്തകൾ അമേരിക്കയിൽ വടക്കും തെക്കുമുള്ള അഭിപ്രായങ്ങളെ ഏകീകരിക്കാനും അങ്ങനെ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനും കാരണമായതായി വിലയിരുത്തപ്പെടുന്നു. എലിസബത്ത്, 30ഓളം പുസ്തകങ്ങൾ രചിച്ചു. അവയിൽ മൂന്ന് യാത്രാക്കുറിപ്പുകളും, ലേഖനങ്ങളും കത്തുകളും ഉൾപ്പെടുന്നു. അവരുടെ രചനകളും പരസ്യമായി എടുത്ത നിലപാടുകളും അക്കാലത്തെ ജനങ്ങളിൽ വൻപിച്ച സ്വാധീനം ചെലുത്തിയിരുന്നു.
ജീവിതരേഖ
[തിരുത്തുക]കണക്റ്റിക്കട്ടിലെ ലിച്ച്ഫീൽഡിൽ 1811 ജൂൺ 14-നാണ് ഹാരിയറ്റ് എലിസബത്ത് ബീച്ചർ ജനിച്ചത്. കാൽവിനിസ്റ്റ് പ്രാസംഗികനായ ലൈമാൻ ബീച്ചറിന് ജനിച്ച 11 മക്കളിൽ ആറാമത്തെയാളായിരുന്നു അവർ. സ്റ്റോവിന് കേവലം അഞ്ച് വയസ്സുള്ളപ്പോൾ കടുത്ത മതവിശ്വാസിയായ അമ്മ റോക്‌സാന (ഫൂട്ട്) മരണമടഞ്ഞതോടെ പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. റൊക്‌സാനയുടെ മാതൃപിതാവ് വിപ്ലവ യുദ്ധത്തിലെ ജനറലായിരുന്ന ആൻഡ്രൂ വാർഡ് ആയിരുന്നു. ഹാരിയറ്റിന്റെ സഹോദരങ്ങളിൽ അധ്യാപികയും എഴുത്തുകാരിയുമായ കാതറിൻ ബീച്ചർ എന്ന സഹോദരിയും പ്രശസ്ത പ്രസംഗകനും അടിമത്ത വിരുദ്ധവാദിയുമായി മാറിയ ഹെൻറി വാർഡ് ബീച്ചർ, ചാൾസ് ബീച്ചർ, എഡ്വേർഡ് ബീച്ചർ എന്നിവരുൾപ്പെടെ സഭാശുശ്രൂഷകരായി മാറിയ സഹോദരന്മാരും ഉൾപ്പെടുന്നു.[1]
ഹാരിയറ്റ് തന്റെ മൂത്ത സഹോദരി കാതറിൻ നടത്തിയിരുന്ന ഹാർട്ട്ഫോർഡ് വനിതാ സെമിനാരിയിൽ വിദ്യാഭ്യാസത്തിന് ചേർന്നു. അവിടെ നിന്ന് അക്കാലത്ത് സ്ത്രീകൾക്ക് വളരെ അസാധാരണമായിരുന്ന - ക്ലാസിക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത അക്കാദമിക് വിദ്യാഭ്യാസം, ഭാഷകൾ, ഗണിതം എന്നിവ പഠിച്ചു. അവളുടെ സഹപാഠികളിൽ പിന്നീട് ഫാനി ഫേൺ എന്ന അപരനാമത്തിൽ രചനകൾ നടത്തിയ സാറാ പി. വില്ലിസും ഉൾപ്പെടുന്നു.[2]
1832-ൽ, 21-ാം വയസ്സിൽ, ഹാരിയറ്റ് ബീച്ചർ ലെയ്ൻ തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡന്റായി മാറിയ തന്റെ പിതാവിനൊപ്പം ചേരാനായി ഒഹായോയിലെ സിൻസിനാറ്റിയിലേക്ക് താമസം മാറി. അവിടെ, ബീച്ചർ സഹോദരിമാർ, കരോലിൻ ലീ ഹെന്റ്സ്, സാൽമൺ പി. ചേസ് (ഒഹായോയുടെ ഭാവി ഗവർണറും പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ കീഴിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി സെക്രട്ടറിയുമായിരുന്ന വ്യക്തി), എമിലി ബ്ലാക്ക്‌വെൽ, തുടങ്ങിയവർ അംഗങ്ങളായ ഒരു സാഹിത്യ സലൂണും സോഷ്യൽ ക്ലബ്ബുമായ സെമി-കോളൺ ക്ലബ്ബിലും അവർ അംഗമായി ചേർന്നു.[3]
ഒഹായോ നദിയിലൂടയുള്ള സിൻസിനാറ്റി നഗരത്തിലെ വ്യാപാര, ഷിപ്പിംഗ് ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന അക്കാലത്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാർ, രക്ഷപ്പെട്ടോടി വന്ന നിരവധി അടിമകൾ, പ്രതിഫലേഛയാൽ അവരെ അന്വേഷിച്ചു വന്ന വേട്ടക്കാർ, സംസ്ഥാനത്തെ കനാലുകളിലും റെയിൽറോഡുകളിലും ജോലി ചെയ്തിരുന്ന ഐറിഷ് കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവരെ ആകർഷിച്ചു. 1829-ൽ ജോലിക്കുവേണ്ടി മത്സരിക്കുന്നവരെ പുറത്താക്കാൻ ശ്രമിച്ചുകൊണ്ട് ഐറിഷുകാർ കറുത്തവരെ ആക്രമിക്കുകയും നഗരത്തിലെ പല ഭാഗങ്ങളും നശിപ്പിക്കുകയും ചെയ്തു. ആ ആക്രമണങ്ങളിൽ ദുരിതമനുഭവിച്ച നിരവധി ആഫ്രിക്കൻ അമേരിക്കക്കാരെ കണ്ടുമുട്ടിയ ബീച്ചർക്ക്, അവരുടെ അനുഭവങ്ങൾ അടിമത്തത്തെക്കുറിച്ച് പിന്നീട് എഴുതാൻ സഹായിച്ചു. തദ്ദേശീയമായി ജനിച്ച അടിമത്വ വിരുദ്ധ പോരാളികളുടെ നേതൃത്വത്തിൽ 1836 ലും 1841 ലും വീണ്ടും കലാപങ്ങൾ ഉണ്ടായി.
അടിമത്തത്തെക്കുറിച്ചുള്ള ലെയ്ൻ സംവാദങ്ങളും ഹാരിയറ്റിനെ സ്വാധീനിച്ചിരുന്നു. 1834 ഫെബ്രുവരിയിൽ 18 ദിവസത്തേക്ക് കോളനിവൽക്കരണത്തിനും അടിമത്തം നിർത്തലാക്കുന്നതിനായ വാദിക്കുന്നവർക്കുമിടയിൽ നടന്ന സംവാദ പരമ്പര ലെയ്നിൽ നടന്ന ഏറ്റവും വലിയ സംഭവമായിരുന്നു. തിയോഡോർ വെൽഡും മറ്റ് അടിമത്ത വിരുദ്ധ വാദികളും നിർണായകമായി വിജയിച്ച ഇതിലെ മിക്ക മിക്ക സംവാദങ്ങളിലും എലിസബത്ത് പങ്കെടുത്തു.[4]:171 അടിമത്തം നിർത്തലാക്കുന്നതിനെതിരെ വാദിക്കുന്ന വെള്ളക്കാരിൽ നിന്ന് കൂടുതൽ അക്രമം ഉണ്ടാകുമെന്ന് ഭയന്ന് അവളുടെ അച്ഛനും ട്രസ്റ്റികളും ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വിലക്കി. "വംശം" പരിഗണിക്കാതെ വിദ്യാർത്ഥികളെ സ്വീകരിക്കുക, ഏത് വിഷയത്തെക്കുറിച്ചും ചർച്ചകൾ അനുവദിക്കുക എന്നീ വിഷയങ്ങളിൽ അതിന്റെ ട്രസ്റ്റികൾ സൂക്ഷ്മവും കർക്കശവുമായ ഒരു വോട്ടെടുപ്പിലൂടെ സമ്മതിച്ചതിന്റെ ഫലമായി ഒരു പിന്തുണയുള്ള ട്രസ്റ്റിയും ഒരു പ്രൊഫസറും ചേർന്ന് ലെയ്ൻ വിദ്യാർത്ഥികളുടെ കൂട്ട പലായനമുണ്ടാകുകയും പുതിയ ഒബർലിൻ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അവർ ഒരു സംഘമായി താമസം മാറുകയും ചെയ്തു.
ലെയ്‌നിലെ സാഹിത്യ ക്ലബ്ബിൽ വെച്ചാണ് അവർ സെമിനാരിയിൽ ബൈബിൾ സാഹിത്യ പ്രൊഫസറും വിഭാര്യനായിരുന്ന റവ. കാൽവിൻ എല്ലിസ് സ്റ്റോവിനെ കണ്ടുമുട്ടിയത്. 1836 ജനുവരി 6 ന് സെമിനാരിയിൽ വച്ച് ഇരുവരും വിവാഹിതരായി. സ്റ്റോവ് ദമ്പതികൾക്ക് ഇരട്ട പെൺമക്കൾ ഉൾപ്പെടെ ഏഴ് കുട്ടികളുണ്ടായിരുന്നു.[5]
സാഹിത്യജീവിതം
[തിരുത്തുക]1851-നും 52 -നുമിടക്ക് വാഷിങ്ടൺ ഡി.സി.യിൽ നിന്നും പുറത്തിറങ്ങുന്നതും അടിമത്തത്തിനെതിരെ നിലകൊള്ളുന്നതുമായ നാഷണൽ എറാ എന്ന വർത്തമാനപ്പത്രത്തിൽ തുടർക്കഥകൾ എഴുതി. 1852 ഈ കഥകൾ ഒന്നിച്ചു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. അടിമത്തത്തെ കടന്നാക്രമിച്ച ഈ കഥാസമാഹാരമാണ് അങ്കിൾ ടോംസ് കാബിൻ. ഇതിനുപുറമേ മറ്റു കൃതികളും എഴുതിയിട്ടുണ്ടെങ്കിലും അവക്കൊന്നും അങ്കിൾ ടോംസ് കാബിൻ ഉണ്ടാക്കിയ ചലനങ്ങളെ വെല്ലാൻ സാധിച്ചില്ല.
അന്ത്യം
[തിരുത്തുക]1896 ജൂലൈ 1-ന് കണക്റ്റിക്കട്ടിലെ ഹാർട്ഫോർഡിൽ വച്ച് സ്റ്റോ മരണമടഞ്ഞു.
അവലംബം
[തിരുത്തുക]- ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 26 - ദില്ലി എഡിഷൻ - താൾ 2 - ദ് ഗ്രേറ്റ് വൺസ് എന്ന പംക്തിയിൽ ഹാരിയറ്റ് ബീച്ചർ സ്റ്റോ എന്ന തലക്കെട്ടിൽ വി.കെ. സുബ്രമണ്യൻ എഴുതിയ ലേഖനം.
റഫറൻസുകൾ
[തിരുത്തുക]- ↑ Applegate, Debby (2006). The Most Famous Man in America: The Biography of Henry Ward Beecher. Doubleday Religious Publishing Group. ISBN 978-0-307-42400-6.
- ↑ Warren, Joyce W. Fanny Fern: An Independent Woman. New Brunswick, NJ: Rutgers University Press, 1992: 21. ISBN 0-8135-1763-X.
- ↑ Tonkovic, Nicole. Domesticity with a Difference: The Nonfiction of Catharine Beecher, Sarah J. Hale, Fanny Fern, and Margaret Fuller. University Press of Mississippi, 1997: 12. ISBN 0-87805-993-8.
- ↑ Williams Jr., Donald E. (2014). Prudence Crandall's legacy: the fight for equality in the 1830s, Dred Scott, and Brown v. Board of Education. Middletown, Connecticut: Wesleyan University Press. ISBN 978-0-8195-7470-1.
- ↑ "Family". The Harriet Beecher Stowe Center. Archived from the original on 2025-03-21. Retrieved June 4, 2024.