ഹാരിയറ്റ് ബീച്ചർ സ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരിയറ്റ് ബീച്ചർ സ്റ്റോ

ഒരു അമേരിക്കൻ എഴുത്തുകാരിയും വിമോചകപ്രവർത്തകയുമായിരുന്നു ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റോ (Harriet Beecher Stowe). ഇവരുടെ അങ്കിൾ ടോംസ് കാബിൻ എന്ന നോവലിൽ അടിമത്തത്തിന്റെ ക്രൂരതയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അടിമത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പ്രേരകശക്തിയായും ലോകത്തുനിന്നും അടിമത്തം നിർമ്മാർജ്ജനം ചെയ്യുന്നതിനും ഈ നോവൽ സഹായകമായി.

പോരാട്ടങ്ങളിലൂടെയും നിയമനിർമ്മാണത്തിനുള്ള മുറവിളികളിലൂടെയും മറ്റു പല സാമൂഹ്യപ്രവർത്തകർക്കും സാധിക്കാത്ത കാര്യം ബീച്ചർ സ്റ്റോവിന് ഈ ഒരൊറ്റ നോവലിലൂടെ നേടിയെടുക്കാൻ സാധിച്ചു. അങ്കിൾ ടോംസ് കാബിൻ ഉയർത്തിയ ചിന്തകൾ അമേരിക്കയിൽ വടക്കും തെക്കുമുള്ള അഭിപ്രായങ്ങളെ ഏകീകരിക്കാനും അങ്ങനെ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനും കാരണമായതായി വിലയിരുത്തപ്പെടുന്നു.


ജീവിതരേഖ[തിരുത്തുക]

കണക്റ്റിക്കട്ടിലെ ലിച്ച്ഫീൽഡിൽ 1811 ജൂൺ 14-നാണ് ഹാരിയറ്റ് ബീച്ചർ ജനിച്ചത്. 1832-ൽ സിൻസിനാറ്റിയിലേക്ക് താമസം മാറ്റി. 1836-ൽ കാല്വിൻ ഇ. സ്റ്റോവിനെ വിവാഹം കഴിച്ചു. 1850-ൽ ന്യൂ ഇംഗ്ലണ്ടിലേക്ക് മാറി.

സാഹിത്യജീവിതം[തിരുത്തുക]

1851-നും 52 -നുമിടക്ക് വാഷിങ്ടൺ ഡി.സി.യിൽ നിന്നും പുറത്തിറങ്ങുന്നതും അടിമത്തത്തിനെതിരെ നിലകൊള്ളുന്നതുമായ നാഷണൽ എറാ എന്ന വർത്തമാനപ്പത്രത്തിൽ തുടർക്കഥകൾ എഴുതി. 1852 ഈ കഥകൾ ഒന്നിച്ചു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. അടിമത്തത്തെ കടന്നാക്രമിച്ച ഈ കഥാസമാഹാരമാണ് അങ്കിൾ ടോംസ് കാബിൻ. ഇതിനുപുറമേ മറ്റു കൃതികളും എഴുതിയിട്ടുണ്ടെങ്കിലും അവക്കൊന്നും അങ്കിൾ ടോംസ് കാബിൻ ഉണ്ടാക്കിയ ചലനങ്ങളെ വെല്ലാൻ സാധിച്ചില്ല.

അന്ത്യം[തിരുത്തുക]

1896 ജൂലൈ 1-ന് കണക്റ്റിക്കട്ടിലെ ഹാർട്ഫോർഡിൽ വച്ച് സ്റ്റോ മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  • ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 26 - ദില്ലി എഡിഷൻ - താൾ 2 - ദ് ഗ്രേറ്റ് വൺസ് എന്ന പംക്തിയിൽ ഹാരിയറ്റ് ബീച്ചർ സ്റ്റോ എന്ന തലക്കെട്ടിൽ വി.കെ. സുബ്രമണ്യൻ എഴുതിയ ലേഖനം.
"https://ml.wikipedia.org/w/index.php?title=ഹാരിയറ്റ്_ബീച്ചർ_സ്റ്റോ&oldid=2395427" എന്ന താളിൽനിന്നു ശേഖരിച്ചത്