Jump to content

ഹാജറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hagar
Expulsion of Ishmael and His Egyptian Mother, by Gustave Doré
ജനനം
മരണം
Hebron or The land that is now, Mecca (in Islamic tradition)
മറ്റ് പേരുകൾHājar
തൊഴിൽHousewife
ജീവിതപങ്കാളി(കൾ)Abraham
കുട്ടികൾIshmael (son of Abraham)
ബന്ധുക്കൾNebaioth, Mibsam, Dumah, Jetur, Naphish, Mishma, Basemath, Hadad, Tema, Massa, Adbeel, Kedemah, Kedar (all grandchildren)

ഈജിപ്തുകാരിയായ അടിമ സ്ത്രീയായിരുന്നു ഹാജർ (അറബി:هاجر). സന്താനങ്ങളില്ലാത്തതിനാൽ ഭാര്യയായ സാറയുടെ നിർദ്ദേശ പ്രകാരം ഹാജറിനെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു ഇബ്റാഹീം നബി. അവരിൽ ജനിച്ച പുത്രനാണ് പ്രവാചകനായിരുന്ന ഇസ്മാഈൽ. ഇബ്രാഹീം നബി(അ)യുടെ ഭാര്യ സാറാ ബീവി(റ)യെ ഒരിക്കൽ അക്രമിയായ അന്നത്തെ രാജാവ് ആക്രമിക്കാൻ ശ്രമിച്ചു. ഭക്തയായ അവരെ അല്ലാഹു രക്ഷിച്ചു. ഇത് വെറുമൊരു സ്ത്രീയല്ലെന്ന് മനസ്സിലാക്കിയ രാജാവ് സാറാ ബീവിയോട് രക്ഷക്കായി കേണപേക്ഷിച്ചു. ബീവിയുടെ പ്രാർത്ഥനാ ഫലമായി അയാളുടെ പ്രവർത്തനരഹിതമായ കൈകൾ പൂർവ സ്ഥിതിയിലായി. തന്നെ രക്ഷിച്ചതിന് സമ്മാനമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട വിശ്വസ്തയായ ഹാജറ എന്ന അടിമയെ സാറാ ബീവിക്ക് നൽകി രാജാവ് യാത്രയാക്കി.അങ്ങനെയാണ് ഹാജറ ബീവി ഇബ്രാഹിം നബിയുടെ അടുക്കലെത്തുന്നത്. സാറാ ബീവി-ഇബ്രാഹീം(അ) ദമ്പതിമാർക്ക് അന്ന് സന്താനങ്ങൾ പിറന്നിരുന്നില്ല. അവർ ഭർത്താവിനോട്, തനിക്ക് ലഭിച്ച ഹാജറ എന്ന അടിമയെ വിവാഹം ചെയ്യാൻ നിർദ്ദേശിച്ചു. അങ്ങനെ അവർ പ്രവാചകൻ ഇബ്രാഹീമിൻറെ പത്നിയുമായി. ജലശൂന്യവും ഫലശൂന്യവുമായ മരുപ്രദേശമായിരുന്നു മക്ക. അതിനാൽ തന്നെ ജനശൂന്യവുമായിരുന്നു. ഇബ്രാഹീം നബി(അ) ദൈവ ഹിതത്താൽ തന്റെ പത്‌നിയെയും പിഞ്ചോമനയെയും ആ മരുഭൂവിൽ ഉപേക്ഷിച്ച് പ്രബോധന പ്രവർത്തനങ്ങൾക്കായി തിരിക്കാനുദ്ദേശിച്ചു. ഉടൻ പത്‌നി വിളിച്ചു. അല്ലയോ ഇബ്രാഹീം, വീട്ടുകാരോ കൂട്ടുകാരോ ഇല്ലാത്ത ഈ മരുഭൂവിൽ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കൾ പോകുന്നത്? ഇബ്രാഹീം പ്രിയതമയുടെ വിളിക്കുത്തരം നൽകിയില്ല. കാരണം അല്ലാഹുവിന്റെ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ദൈവകൽപനയാണെങ്കിൽ അതിൽ നിന്ന് തടയുക സാധ്യമല്ല എന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവൾ ചോദിച്ചു: അല്ലാഹുവിന്റെ കൽപനയാണോ ഇത്! പ്രിയതമൻ അതെ എന്നു പ്രതിവചിച്ചു യാത്രയായി.

ദൈവസഹായത്തിലെ ഉറച്ച വിശ്വസം അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിച്ച ഹാജിറ അല്ലാഹുവിന്റെ വാഗ്ദാനം സത്യസന്ധമായി പുലരുമെന്ന് തിരിച്ചറിഞ്ഞു. ദൈവാനുസരണത്തിൽ തന്റെ ഭർത്താവിന്ന് തുണയേകാൻ എങ്ങനെ തനിക്ക് സാധിക്കും എന്നതിനെകുറിച്ച് അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു. വാക്കുകളിടറാതെയും മനസ്സ് ചഞ്ചലമാവാതെയും അവൾ പറഞ്ഞു. ദൈവം നമ്മെ വെറുതെ വിടുകയില്ല. ഇബ്രാഹീം ഇരുകരങ്ങളുമുയർത്തി അല്ലാഹുവിനോട് പ്രാർഥിച്ചു. 'ഞങ്ങളുടെ നാഥാ! എന്റെ മക്കളിൽ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയിൽ, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാൻ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവർ നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കാനാണത്. അതിനാൽ നീ ജനമനസ്സുകളിൽ അവരോട് അടുപ്പമുണ്ടാക്കേണമേ. അവർക്ക് ആഹാരമായി കായ്കനികൾ നൽകേണമേ. അവർ നന്ദി കാണിച്ചേക്കാം.'ഞങ്ങളുടെ നാഥാ! ഞങ്ങൾ മറച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതുമെല്ലാം നീയറിയുന്നു. അല്ലാഹുവിൽനിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല ഭൂമിയിലും ആകാശത്തും.' (ഇബ്രാഹീം 3738).

കുടിവെള്ളവും മറ്റു പാഥേയവുമെല്ലാം തീർന്നു. പിഞ്ചുപൈതലിന്റെ പൈദാഹമകറ്റാൻ കുടിനീര് എവിടെയും കാണുന്നില്ല. ഉമ്മയുടെ മാറിടത്തിൽ നിന്നും പാല് ചുരത്തുന്നുമില്ല, കുട്ടി ദാഹം ശമിക്കാതെ അട്ടഹസിക്കാൻ തുടങ്ങി. വാൽസല്യനിധിയായ ഒരുമ്മയുടെ വിങ്ങുന്ന ഹൃദയവുമായി മലമടക്കുകൾക്കിടയിലൂടെ വെള്ളമന്വേഷിച്ച് അവൾ ഓടി. അവളെയും തന്റെ പിഞ്ചോമനയെയും രക്ഷിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട് സഫാ കുന്നിൻ മുകളിലേക്ക് ഹാജിറ ഓടിക്കയറി. വല്ല ഭക്ഷണ പാനീയങ്ങളും അവിടെയുണ്ടോ എന്നും അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷെ രക്ഷയില്ല. വേഗത്തിൽ തന്നെ മലയിറങ്ങി മർവയിലേക്ക് കുതിച്ചു.

ഏഴ് പ്രാവശ്യം ഇപ്രകാരം സഫാമർവക്കിടയിൽ അവൾ കയറിയിറങ്ങി. പരിക്ഷീണതയായി നിരാശയോടെ അവൾ തന്റെ കുഞ്ഞിന്റെയരികിലേക്ക് തിരിച്ചു. പ്രപഞ്ച നാഥൻ ജിബ്‌രീൽ(അ)നെ കുഞ്ഞിന്റെയരികിലേക്ക് അയച്ചു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് തന്റെ ചിറക് കൊണ്ട് അടിക്കുകയും അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. ഇതുകണ്ട ഉമ്മ അല്ലാഹുവെ സ്തുതിച്ച് വെള്ളത്തിനരികിലേക്ക് കുതിച്ചുചെന്നു. അവൾ വെള്ളമെടുത്തു തന്റെ കരളിന്റെ കഷ്ണമായ മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പകർന്ന് നൽകി. വെള്ളം നിയന്ത്രണവിധേയമല്ലാത്ത രീതിയിൽ ഒഴുകിയപ്പോൾ അവൾ പറഞ്ഞു.. സം സം.. അടങ്ങൂ അടങ്ങൂ! അപ്രകാരം ആ അരുവിക്ക് സംസം എന്ന പേര് വന്നുചേർന്നു..

അവളായിരുന്നു ഇബ്രാഹീം നബിയുടെ പ്രിയ പത്‌നിയും ഇസ്മാഈൽ നബി(അ)യുടെ വാൽസല്യനിധിയായ മാതാവുമായ ഹാജിറ എന്ന മഹതി. ഇബ്രാഹീം നബി(അ) പ്രഥമ പത്‌നിയായ സാറയുമായി ഈജിപ്തിലേക്ക് ഹിജ്‌റ പോയപ്പോൾ മഹതിക്ക് ഈജിപ്തിലെ രാജാവ് സമ്മാനമായി നൽകിയതായിരുന്നു അവളെ. സാറക്ക് പ്രായാധിക്യമെത്തുകയും ഇനി സന്താനങ്ങളുണ്ടാവുകയില്ല എന്ന അവസ്ഥയെത്തിയപ്പോൾ സാറ തന്റെ ഭർത്താവിന് ഹാജിറയെ സമ്മാനിക്കുകയായിരുന്നു. ഇബ്രാഹീം നബി ഹാജിറയെ വിവാഹം കഴിച്ചു. അവൾ ഗർഭം ധരിക്കുകയും ഇസ്മാഈലിനെ പ്രസവിക്കുകയും ചെയ്തു. ഇത് പിന്നീട് യജമാനത്തിയായ സാറയുടെ രോഷത്തിനിടയാക്കി. തന്റെ സ്ഥാനത്ത് ഭർത്താവിന്റെ ഹൃദയത്തിൽ ഹാജിറ കയറിക്കൂടി എന്ന ഒരു നഷ്ടബോധം അവളിൽ ഉയിരെടുത്തു. ഹാജിറയെയും കൂട്ടി അവളിൽ നിന്നകന്നു കഴിയാൻ അവൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്രകാരമാണ് അല്ലാഹുവിന്റെ കൽപനപ്രകാരം ഇബ്രാഹീം നബി ഹാജിറയുമായി മക്കാമണൽത്തട്ടിൽ എത്തുന്നത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ അവളിലൂടെയും കുട്ടിയിലൂടെയും ലോകർക്ക് കൺകുളിർക്കുന്ന അനുഭവങ്ങൾ അല്ലാഹു പ്രദാനം ചെയ്യുകയുണ്ടായി.

കാലം അതിന്റെ ചാക്രികതയിൽ മുന്നോട്ടു ഗമിച്ചു. ഹാജിറക്കും ഇസ്മാഈലിനും അവരുടെ ഗോത്രമായ ജുർഹുമിൽ സന്താനങ്ങളുണ്ടായി. അവിടെ തന്നെ കഴിച്ചുകൂട്ടാൻ അവർ ഉദ്ദേശിച്ചു. സംസം ജലം അവരുടെ സ്ഥിരതാമസത്തിന് വഴിയൊരുക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്തു. ആ കുട്ടി യുവാവായി വളർന്നു വലുതായി. അവരിൽ നിന്നും അറബി ഭാഷ പഠിക്കുകയും ചെയ്തു.

അനുസരണവും ദൈവകൽപന നടപ്പാക്കലും വാർധക്യത്തിൽ കനിഞ്ഞരുളിയ സീമാന്ത പുത്രനായ ഇസ്മാഈൽ(അ) വളർന്നപ്പോൾ അവനെ ബലിയറുക്കാനുള്ള ദൈവകൽപനയെത്തി. സഹനശീലയും ദൈവപ്രീതി മാത്രം കാംക്ഷിക്കുന്നവളുമായ ഹാജിറ തന്റെ കരളിന്റെ കഷ്ണമായ പുത്രനെ അറുക്കാനിരിക്കുന്ന ഭർത്താവിനെയാണ് അഭിമുഖീകരിക്കുന്നത്. പിശാച് ഉമ്മയുടെ വാൽസല്യത്തെ ചൂഷണം ചെയ്തുകൊണ്ട് പ്രലോഭനമുണ്ടാക്കാൻ ശ്രമിക്കുകയുണ്ടായി. ഇബ്രാഹീം മകനെയും കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് നിനക്കറിയാമോ എന്ന് ചോദിച്ചു. അവൾ അറിയില്ല എന്ന് പ്രതികരിച്ചപ്പോൾ അറുക്കാനാണെന്ന് പിശാച് മന്ത്രിച്ചു. അവൾ പറഞ്ഞു. എന്നെക്കാൾ അവനോട് കൃപയുള്ളവനാണ് ഇബ്രാഹീം. തന്റെ നാഥൻ അപ്രകാരം കൽപിച്ചു എന്നാണ് അവൻ വാദിക്കുന്നത് എന്ന് പിശാച് പറഞ്ഞപ്പോൾ അവൾ പ്രതികരിച്ചു. നാഥന്റെ കൽപനയാണെങ്കിൽ അത് അനുസരിക്കുന്നതാണ് അത്യുത്തമം. സഹനശീലത്തോടെ ദൈവകൽപനക്ക് സന്നദ്ധയായ അവളുടെ ഇച്ഛാശക്തിക്ക് മുമ്പിൽ പിശാചിന്റെ കുതന്ത്രങ്ങൾ പരാജയപ്പെട്ടു. മിനുട്ടുകൾക്കകം ശുഭവാർത്തയുമായി ഭർത്താവ് അവളുടെ അടുത്തേക്ക് തിരിച്ചുവരുന്നു. മകന് പകരമായി അല്ലാഹു ബലിയറുക്കാൻ നൽകിയ ആടുകളുമായിട്ടായിരുന്നു അദ്ദേഹം വന്നത്. അപ്രകാരം അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും പൂർണാർഥത്തിൽ വിജയിക്കുകയുണ്ടായി. 'അങ്ങനെ അവരിരുവരും കൽപനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി. അപ്പോൾ നാം അദ്ദേഹത്തെ വിളിച്ചു: 'ഇബ്‌റാഹീമേ, 'സംശയമില്ല; നീ സ്വപ്നം സാക്ഷാൽക്കരിച്ചിരിക്കുന്നു.' അവ്വിധമാണ് നാം സച്ചരിതർക്ക് പ്രതിഫലം നൽകുന്നത്. ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു. നാം അവനുപകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നൽകി. പിന്മുറക്കാരിൽ അദ്ദേഹത്തിന്റെ സൽക്കീർത്തി നിലനിർത്തുകയും ചെയ്തു (അസ്സ്വാഫ്ഫാത്ത് 103108). തന്റെ മകനെ അല്ലാഹു രക്ഷപ്പെടുത്തിയതിൽ ഹാജിറ മനം നിറഞ്ഞു സന്തോഷിക്കുകയും അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ഇതാണ് അനുസരണ ശീലയായ ഭാര്യയുടെ സുന്ദരമായ മാതൃകൾ പകർന്നു നൽകിയ, അദ്‌നാനികളുടേയും അറബികളുടേയും ഇസ്മാഈലിന്റെയും മാതാവായ ഹാജിറ. വാൽസല്യനിധിയായ ഉമ്മ, വിശ്വാസദാർഢ്യയായ മഹതി, ആത്മാർഥതയുടെ പ്രതീകം, ഭർത്താവിന്റെ അഭാവത്തിൽ സന്താനത്തെ പരിപാലിക്കുകയും നിർഭയത്വം നൽകിയ ധീരവനിത എന്നീ നിലയിലെല്ലാം ചരിത്രത്തിൽ തന്റെ ഇടം കണ്ടെത്തിയ മഹതിയായ ഹാജിറയെ കാലഘട്ടം തേടിക്കൊണ്ടിരിക്കുകയാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹാജറ&oldid=3557685" എന്ന താളിൽനിന്ന് ശേഖരിച്ചത്