ഹാം റേഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ.സി.ഡി. ഡിസ്പ്ലേയും ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് കഴിവുമുള്ള ഒരു ആധുനിക ഹാം ട്രാൻസീവർ

വിനോദം, സന്ദേശവിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമേച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ഐക്യരാഷ്ട്രസഭ അംഗികരിച്ചിരിക്കുന്ന ഏക വിനോദമാണ് ഹാം റേഡിയോ. ലോകവ്യാപകമായി ഇരുപതുലക്ഷത്തോളമാളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു.[1] പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.

ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതാതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു വാക്യമുപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും ലഭിക്കുന്നു.

പേരിനുപിന്നിൽ[തിരുത്തുക]

ഹാം എന്ന പേര് രൂപപെട്ടത്തിനു പിന്നിൽ ഒരു കഥയുണ്ട്. 1888-ൽ ഹെർട്ട്സ് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ വൈദ്യുതികാന്തിക തരംഗങ്ങളെ പറ്റി പ്രതിപാദിക്കുകയും ആംസ്ട്രോങ്ങ് റേഡിയോ ഫ്രീക്ക്വൻസിക്ക് ഉപയോഗയോഗ്യമായ ഓസിലേറ്റർ സർക്ക്യൂട്ട് നിർമ്മിക്കുകയും മാർക്കോണി വയറില്ലാതെ ആശയങ്ങൾ കൈമാറാൻ കഴിയുന്ന യന്ത്രം ഉപയോഗിച്ച് വാർത്താവിനിമയം നടത്തുകയും ചെയ്തപ്പോൾ ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഹാം(HAM) എന്ന പേര് രൂപ പെടുത്തിയതത്രേ.


ഉപകരണം[തിരുത്തുക]

കൈയിലൊതുങ്ങുന്ന ട്രാൻസീവർ

മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ്. ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേന്നത്) എന്നും പറയുന്നു. എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത്‌ പ്രവൃത്തിയ്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക്‌ റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത്‌ കേൾപ്പിയ്ക്കുന്നു. ഇങ്ങനെയുള്ള ഒരു സംവിധാനത്തെ ഒരു വയർലെസ്‌ സെറ്റ്‌ അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്റർ+ റിസീവർ) എന്നു പറയുന്നു.

സാധാരണ രണ്ടുബാൻഡുള്ള റേഡിയോസ്വീകരണി ഉപയോഗിച്ച് ഹാം റേഡിയോ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കും. അവയിൽ 40 മീറ്ററിൽ ട്യൂൺ ചെയ്താൽ ചെറുതായി സംഭാഷണം കേൾക്കാം. റേഡിയോയുടെ ഏരിയലിൽ അൽപം വയർകൂടി വലിച്ചുകെട്ടിയാൽ സംഭാഷണം വ്യക്തമായി കേൾക്കുവാൻ സാധിക്കും.

ഉപയോഗിക്കുന്ന ആവൃത്തികൾ[തിരുത്തുക]

എഫ്.എം., എ.എം. (ഷോർട്ട് വേവ്) എന്നീ രണ്ടു തരത്തിലുള്ള റേഡിയോപ്രക്ഷേപണരീതികളും ഹാമുകൾ ഉപയോഗിക്കുന്നു. ഹാമുകൾ സാധാരണയായി 40 മീറ്റർ ബാൻഡ്, 20 മീറ്റർ ബാൻഡ് 80 മീറ്റർ ബാൻഡ് 15 മീറ്റർ ബാൻഡ്എന്നീ ബാൻഡുകളാണ് ഉപയോഗിക്കാറുള്ളത്. 144 മെഗാഹെർട്സും അതിനടുത്തുള്ള ഫ്രീക്വൻസികളും ഉപയോഗിച്ചാണ് എഫ്.എം ബാൻഡിൽ ഹാമുകൾ സംസാരിക്കുന്നത്. ഓരോ രാജ്യത്തും ഇത് വ്യത്യാസപ്പെടാം ( കൊടുത്തിട്ടുള്ള ഫ്രീക്വൻസിയും ബാൻഡും മിക്കവാറും എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് ഉപയോഗിക്കുന്നത് ).

കോൾ സൈൻ[തിരുത്തുക]

അമേച്വർ റേഡിയോ ലൈസൻസ് ലഭിക്കുന്ന ഓരോരുത്തർക്കും (ഓരോ ഹാമിനും) ഒരു വാക്യം കോൾ സൈൻ ആയി ലഭിക്കും. ഇത് അതതു രാജ്യത്തെ സർക്കാർ ഏജൻസിയാണ് നൽകുന്നത്. കോൾ സൈൻ കണ്ടാൽ അത് ഏതുരാജ്യത്തുനിന്നുള്ള ഹാമാണെന്ന് കണ്ടെത്താനാകും. ഉദാഹരണത്തിന് VU2AIO ഇന്ത്യയിലെ ഉപയോക്താവിന്റെ ഹാം കോഡ് ആണ്. ഇതിൽ VU എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. 2 എന്നത് ഒന്നാം ഗ്രേഡിനെയും AIO എന്നത് പ്രസ്തുത ഹാം റേഡിയോ ലൈസൻസ് കൈയാളുന്നയാളേയും സൂചിപ്പിക്കുന്നു. VU3RTE, VU2LV എന്നതും സമാനമായി മനസ്സിലാക്കേണ്ടതാണ്.

ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇത്തരം പ്രത്യേക അക്ഷരകോഡുകൾ നൽകിയിട്ടുണ്ട്. A എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ കോഡ് ആണ്. AP എന്നത് പാകിസ്താന്റെയും HG എന്നത് ഹംഗറിയുടെയും കോഡിലെ ആദ്യാക്ഷരങ്ങളായിരിക്കും. പലരാജ്യങ്ങൾക്കും ഒന്നിൽ കൂടുതൽ കോഡുകൾ ഉണ്ടാകാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് K എന്നൊരു കോഡ് കൂടെയുണ്ട്.

കോൾസൈനിൽ രാജ്യത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾക്കു ശേഷമുള്ള അക്കം ഹാമിന്റെ ലൈസൻസിന്റെ ഗ്രേഡിനെ കാണിക്കുന്നു. അവസാനത്തെ രണ്ടോ മൂന്നോ അക്ഷരങ്ങൾ ഹാമിനെ വ്യക്തിഗതമായി തിരിച്ചറിയാൻ സഹായിക്കുന്നു.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിൽ ഇതുവരെ 25000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്.[2][3] 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിൽ ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു.[4].

ലൈസൻസിനുള്ള നടപടികൾ[തിരുത്തുക]

ഇന്ത്യയിൽ വയർലസ് സെറ്റുകൾ ഉപയോഗിക്കുവാനായി സർക്കാരിൽ നിന്നും ലൈസൻസ് കരസ്ഥമാക്കണം. ഭാരത സർക്കാരിന്റെ വാർത്താവിനിമയ മന്ത്രാലയം നൽകുന്ന അനുമതിയാണ് ഇതിനു വേണ്ടത്. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. മോഴ്സ് കോഡ് (അയക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്സ് അറിവ് ഇവയാണ് വിഷയങ്ങൾ.

കേരളത്തിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്.

കോൾ സൈനും ഗ്രേഡുകളും[തിരുത്തുക]

ഹാം റേഡിയോ ഉപകരണം

ഇന്ത്യയിലെ ഹാമുകളുടെ കോൾസൈൻ vu എന്ന അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. ഇന്ത്യയിൽ ഇപ്പോൾ രണ്ടു ലൈസൻസുകളാണ് നൽകുന്നത്. ജനറൽ ഗ്രേഡ്, റസ്ട്രിക്ടഡ് ഗ്രേഡ് എന്നിവയാണവ.

നേരത്തെ റസ്ട്രിക്ടഡ് ഗ്രേഡ്, ഗ്രേഡ് രണ്ട്, ഗ്രേഡ് ഒന്ന്, അഡ്വാൻസ്ഡ് ഗ്രേഡ് എന്നിങ്ങനെ നാലുതരത്തിലായിരുന്നു ലൈസൻസ് ഘടന. ഇതിൽ ഗ്രേഡ് രണ്ടും, റസ്ട്രിക്ടഡ് ഗ്രേഡും ഒന്നാക്കിമാറ്റിയിട്ടുണ്ട്. അഡ്വാൻസ്ഡ് ഗ്രേഡും ഗ്രേഡ് ഒന്നും ലയിപ്പിച്ചാണ് ജനറൽ ഗ്രേഡ് ആക്കി മാറ്റിയത്.

ഇതു കൂടാതെ എസ്.ഡബ്ല്യു.എൽ (SWL - ഷോർട്ട് വേവ് ലിസണർ ) എന്ന ലൈസൻസ് കൂടി ഉണ്ട്. എന്നാൽ ഈ ലൈസൻസ് ഉപയോഗിച്ച് പ്രക്ഷേപണത്തിന് അനുവാദമില്ല. പക്ഷേ ഹാമുകൾ തമ്മിലുള്ള സംസാരവും മറ്റും കേൾക്കാനും മറ്റ് റിസീവറുകൾ ഉപയോഗിക്കാനുമുള്ള അനുവാദവുമാണ് ആണ് ഇത് തരുന്നത്.

അവലംബം[തിരുത്തുക]

  1. Sumner, David (August, 2011). "How Many Hams?". QST (American Radio Relay League): p. 9.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. Anjana Pasricha. "Ham Radio Operators Become Lifeline for Tsunami-Stricken Indian Islands". October 27, 2009. Voice of America. ശേഖരിച്ചത് 21 ഏപ്രിൽ 2013. 
  3. www.vigyanprasar.gov.in/ham/emergency_ham_communication_in_india.pdf
  4. http://www.madhyamam.com/news/351459/150427
"https://ml.wikipedia.org/w/index.php?title=ഹാം_റേഡിയോ&oldid=2353754" എന്ന താളിൽനിന്നു ശേഖരിച്ചത്