ഹക്കീം അസനുള്ള ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ പ്രധാനമന്ത്രിയും സ്വകാര്യവൈദ്യനുമായിരുന്നു ഹക്കീം അസനുള്ള ഖാൻ[1] (ജീവിതകാലം 1797-1873[2] ). ബുദ്ധിമാനും തന്ത്രശാലിയും വിദ്യാഭ്യാസ-സംസ്കാരസമ്പന്നനുമായ ഇദ്ദേഹം സഫറിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു.[1] എതിരാളികൾ ഇദ്ദേഹത്തെ ഗംഗാറാം യഹൂദി എന്നാണ് വിളിച്ചിരുന്നത്.[3]

ആദ്യകാലങ്ങളിൽ സഫറിന്റെ പ്രധാനഭാര്യയായിരുന്ന സീനത്ത് മഹലുമായി നല്ല ബന്ധത്തിലല്ലായിരുന്നെങ്കിലും 1857-ലെ ലഹളസമയത്ത് ഇരുവരും വിമതശിപായിമാർക്കെതിരെയുള്ള നിലപാടെടുത്തുകൊണ്ട് ഒരുമിച്ചു. ബ്രിട്ടീഷുകാരുമായുള്ള അസനുള്ള ഖാന്റെ എഴുത്തുകുത്തുകൾ ശിപായിമാർ കണ്ടെത്തിയതിനെത്തുടർന്ന് അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചെങ്കിലും സഫർ അയാളെ സംരക്ഷിക്കുയായിരുന്നു. വിമതരോടൊപ്പം നിൽക്കരുതെന്നും ബ്രിട്ടീഷുകാർക്ക് കീഴടങ്ങണമെന്നും സഫറിനെ ഇദ്ദേഹം പ്രേരിപ്പിച്ചു. എന്നാൽ സഫർ കീഴടങ്ങിയതിനുശേഷം ഹക്കീം തനിക്ക് മാപ്പുലഭിക്കുന്നതിന് സഫറിനെതിരെയുള്ള തെളിവുകൾ ബ്രിട്ടീഷുകാർക്ക് നൽകി വിശ്വാസവഞ്ചന കാണിച്ചിരുന്നു.[1] 1853-ൽ ഡെൽഹി റെസിഡന്റ് തോമസ് മെറ്റ്കാഫ് മരിച്ചത് വിഷപ്രയോഗം മൂലമാണെന്നും അതിനുപിന്നിൽ അസനുള്ള ഖാന്റെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും സംശയിക്കപ്പെട്ടിരുന്നു.[4]

മിർസ ഗാലിബ്, സൗഖ്, മോമിൻ തുടങ്ങിയവ പ്രശസ്തകവികളുടെ സമകാലീനനും സുഹൃത്തുമായിരുന്നു അസനുള്ള ഖാൻ. മോമിൻ എഴുതിയ കവിതകൾ ഇൻഷായി മോമിൻ എന്ന പേരിൽ അസനുള്ള ഖാൻ പ്രസിദ്ധീകരിച്ചിരുന്നു. ഗാലിബിന്റെയും സൗഖിന്റെയും കവിതകളും ഇത്തരത്തിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.[2]

കുടുംബം[തിരുത്തുക]

അസനുള്ള ഖാൻ ഒരു അഫ്ഗാൻ വംശജനായിരുന്നു. അദ്ദേഹത്തിന്റെ പൂർവികർ അഫ്ഗാനിസ്താനിലെ ഹെറാത്തിൽ നിന്ന് കശ്മീരിലെ ദൽ തടാകപരിസരങ്ങളിലേക്കും പിന്നിട് ഡെൽഹിയിലേക്കും കുടിയേറിയവരാണ്. അസനുള്ള ഖാനെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ഹക്കീമുകളായിരുന്നു (വൈദ്യൻമാരായിരുന്നു) അതുപോലെത്തന്നെ അദ്ദേഹത്തിന്റെ മകനായ ഇക്രാമുള്ള ഖാനും ഹഖീമായിരുന്നു.

അസനുള്ള ഖാന്റെ ഒരു കുടുംബമാളിക പുരാനി ദില്ലിയിലെ ലാൽ കുവ പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. ഹവേലി മെഹ്മൂദ ഉൻ നിസ എന്നാണ് ഈ മാളികയുടെ പേര്. ഇക്രാമുള്ള ഖാന്റെ ഭാര്യയായിരുന്ന മെഹ്മൂദയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 1730-കളിലോ അതിനു മുൻപോ ആയിട്ടാണ് ഈ മാളിക പണിതിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ലാസ്റ്റ് മുഗൾ,[൧] താൾ: XVII
  2. 2.0 2.1 2.2 ആർ.വി. സ്മിത്ത് (2004 ജൂലൈ 26). "ദാറ്റ് ഹവേലി ഇൻ ലാൽ കുവാ". ദ ഹിന്ദു - മെട്രോ പ്ലസ്. ശേഖരിച്ചത് 2013 ജൂലൈ 6.
  3. ആർ.വി. സ്മിത്ത് (2013 ഒക്ടോബർ 16). "ദ സാഡ് പ്ലൈറ്റ് ഓഫ് സീനത്ത് മഹൽ". ദ ഹിന്ദു. ശേഖരിച്ചത് 2013 ജൂലൈ 6.
  4. ലാസ്റ്റ് മുഗൾ,[൧] താൾ: 119

ഗ്രന്ഥങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹക്കീം_അസനുള്ള_ഖാൻ&oldid=1868148" എന്ന താളിൽനിന്ന് ശേഖരിച്ചത്