Jump to content

സ്പ്രിന്റ് (ഓട്ടമത്സരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഉസൈൻ ബോൾട്ട് ഏറ്റവും വേഗമേറീയ പുരുഷ സ്പ്രിന്റർ

ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും, അത്‌ലറ്റിക്സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരങ്ങളാണ് സ്പ്രിന്റ് (sprint) എന്നറിയപ്പെടുന്നത്. പ്രാചീനകാലത്തെ കായിക മത്സരങ്ങളിലും ഇത്തരം ഹ്രസ്വദൂര ഓട്ടമത്സരങ്ങൾ ഒരു പ്രിയപ്പെട്ട ഇനമായിരുന്നു എന്ന് ചരിത്ര രേഖകൾ പരിശോധിച്ചാൽ അറിയാം. ആദ്യകാല ഒളിമ്പിക്സ് മത്സരങ്ങളിൽ പതിമൂന്നെണ്ണത്തിലും "സ്റ്റേഡിയത്തിലെ ഓട്ടം" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഓട്ടമത്സരം മാത്രമാണുണ്ടായിരുന്നത്. സ്റ്റേഡിയത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന ഒരു ഓട്ടമത്സരമായിരുന്നു ഇത്. [1]. സമ്മർ ഒളിമ്പിക്സിലും IAAF ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ഉപയോഗിക്കുന്ന മൂന്നിനം സ്പ്രിന്റ് ഓട്ടമത്സരങ്ങളാണ്. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ എന്നിവ. ആദ്യകാലത്ത് ഈ മത്സരങ്ങളുടെ ദൂരം ഇമ്പീരിയൽ മാത്രയിലാണു സൂചിപ്പിച്ചിരുന്നതെങ്കിലും, ക്രമേണ മെട്രിക് മാത്രയിലേക്ക് മാറ്റുകയാണുണ്ടായത്. 100 മീറ്റർ ഓട്ടം നൂറു യാർഡ് ഓട്ടത്തിന്റെയും, [2] 200 മീറ്റർ ഓട്ടം ഒരു ഫർലോംഗ് (അല്ലെങ്കിൽ ഒരു മൈലിന്റെ 1/8) ഓട്ടത്തിന്റെയും,[3] 400 മീറ്റർ 440 യാർഡ് ഓട്ടത്തിന്റെയുംആധുനിക വകഭേദങ്ങളാണ്.

സ്പ്രിന്റ് ഇനത്തിൽ പെടുന്ന പ്രൊഫഷനൽ ഓട്ടമത്സരങ്ങളിൽ, ഓട്ടക്കാരൻ അല്ലെങ്കിൽ ഓട്ടക്കാരി, ട്രാക്കിൽ ഉറപ്പിച്ചിരിക്കുന്ന സ്റ്റാർട്ടിംഗ് ബ്ലോക്ക്സ് എന്നറിയപ്പെടുന്ന പ്രത്യേകതരം ഉപകരണത്തിൽ കാൽപ്പത്തികൾ ഊന്നി, കൈവിരലുകൾ ട്രാക്കിൽ തൊട്ടുകൊണ്ടു നിൽക്കുന്ന (crounching position) രീതിയിലാവും ഓട്ടം ആരംഭിക്കുന്നതിനു മുമ്പായി നിൽക്കുക. ഓട്ടം ആരംഭിക്കുമ്പോൾ പരമാവധി തള്ളൽ ബലം സ്റ്റാർട്ടിംഗ് ബ്ലോക്കുകളിലേക്ക് നൽകിക്കൊണ്ട് സാധ്യമായ പരമാവധി വേഗം ആർജ്ജിക്കുവാൻ ഈ രീതിയിലുള്ള തുടക്കം സഹായിക്കുന്നു.ഓട്ടം ആരംഭിച്ചുകഴിഞ്ഞാൽ ശരീരത്തിന്റെ നില സാവധാനം മുകളിലേക്കുയർത്തി, ഓട്ടത്തിനിടയിൽ നിവർന്നുള്ള നിലയിലേക്ക് മാറുന്നു. ഓരോ അത്‌ലറ്റും തങ്ങൾക്ക് നൽകിയിരിക്കുന്ന ട്രാക്കിൽ തന്നെ ഓട്ടം പൂർത്തിയാക്കണം എന്നത് എല്ലാ സ്പ്രിന്റ് മത്സരങ്ങളുടേയും (400 മീറ്റർ ഇൻഡോർ മത്സരങ്ങളിൽ ഒഴികെ) നിബന്ധനകളിലൊന്നാണ്. നൂറു മീറ്റർ വരെയുള്ള മത്സരങ്ങൾ ഒരു അത്‌ലറ്റിന് ആർജ്ജിക്കാവുന്ന പരമാവധിവേഗത്തെയാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്.ഇതിനുമുകളീലുള്ള ദൂരങ്ങളിൽ, ആർജ്ജിച്ച പരമാവധി വേഗം നിലനിർത്തുവാൻ സാധാരണഗതിയിൽ അത്‌ലറ്റുകൾക്ക് സാധിക്കുകയില്ല. ഓട്ടമത്സരം പോലെയുള്ള കഠിനമായ വ്യായാമങ്ങളിൽ പേശികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ലാക്റ്റിക് അംമ്ലത്തിന്റെ പ്രതിപ്രവർത്തനഫലമായി, പരമാവധി പ്രവർത്തനവേഗം 30-35 സെക്കന്റുകളിൽ കൂടുതൽ നിലനിർത്തുവാൻ മനുഷ്യപേശികൾക്ക് സാധിക്കുകയില്ല.

60 മീറ്റർ സ്പ്രിന്റ് ഇൻഡോർ മത്സര ഇനങ്ങളിൽ വളരെ സാധാരണമായ ഒന്നാണ്. ഈ ഇനത്തിൽ ഒരു വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരവും നിലവിലുണ്ട്. 50 മീറ്റർ, 55 മീറ്റർ, 300 മീറ്റർ, 500 മീറ്റർ എന്നിവ അത്ര സാധാരണമായ ഇനങ്ങളല്ല.

അത്‌ലറ്റിന്റെ ശാരീരിക ക്ഷമത നിർണ്ണയിക്കുന്ന ഘടകങ്ങൾ

[തിരുത്തുക]
  • പേശികളുടെ ബലം / ശക്തി
  • അഡ്രിനാലിന്റെ ഉപയോഗം
  • ശ്വസനവേഗത
  • അനേറോബിക് ശ്വസനത്തിനുള്ള സാധ്യത
  • കാലുകളുടെ വേഗത
  • കാലുകളുടെ വിരിച്ചിൽ
  • പെൽവിക് അസ്ഥികളുടെ വീതി

അവലംബം

[തിരുത്തുക]
  1. Instone, Stephen (15 November 2009). The Olympics: Ancient versus Modern. BBC. Retrieved on 23 March 2010.
  2. 100 m – Introduction. IAAF. Retrieved on 26 March 2010.
  3. 200 m Introduction. IAAF. Retrieved on 26 March 2010.
"https://ml.wikipedia.org/w/index.php?title=സ്പ്രിന്റ്_(ഓട്ടമത്സരം)&oldid=4023888" എന്ന താളിൽനിന്ന് ശേഖരിച്ചത്