സ്കോപ്ട്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്തനഛേദം നടത്തിയ സ്കോപ്ട്സി സ്ത്രീ

റഷ്യൻ സാമ്രാജ്യത്തിൽ പതിനെട്ടാം നൂറ്റാണ്ടിലോ അതിനു മുൻപോ ഉത്ഭവിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോളം നിലനിന്ന ഒരു രഹസ്യധാർമ്മികതയാണ് സ്കോപ്ട്സി. ലൈംഗികകാമത്തെ തിന്മയായി കരുതുന്ന വിശ്വാസം പിന്തുടർന്ന് അവർക്കിടയിൽ സ്ത്രീപുരുഷന്മാർ നടത്തിയിരുന്ന വൃഷണഛേദത്തിന്റേയും സ്തനഛേദത്തിന്റേയും പേരിലാണ് ഇവർ ശ്രദ്ധ നേടിയത്. 'ദൈവജനം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഓർത്തഡോക്സ് വിമതധാർമ്മികതക്കുള്ളിൽ ഒരു വിഭാഗമായി ഉത്ഭവിച്ച ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കോൺട്രാത്തി സെലിവനോവ് എന്ന കർഷകനായിരുന്നു. തന്റെ ആശയങ്ങൾ അദ്ദേഹം കണ്ടെത്തിയത് റഷ്യൻ ബൈബിളിന്റെ ചില ആദിപാഠങ്ങളുടെ 'സൃഷ്ടിപരമായ' മറുവായന (creative misreading) വഴിയാണ്. ആ വായനയിൽ പുതിയനിയമത്തിലെ, 'രക്ഷകൻ' എന്നർത്ഥം വരുന്ന 'ഇസ്കുപിറ്റൽ' (Iskupitel) എന്ന പദം 'വരിയുടക്കുന്നവൻ' എന്നർത്ഥം വരുന്ന 'ഓസ്കോപിറ്റൽ' (Oskopitel) ആയി. പഴയനിയമത്തിലെ, 'സന്താനപുഷ്ടിയുള്ളവരാകുക' (പ്ലോഡൈറ്റ്സ് -Plodites) എന്ന ദൈവാഹ്വാനം, 'വരിയുടക്കുക' (പ്ലോറ്റൈറ്റ്സ് - Plotites) എന്നുമായി.[1]

ഈ നവധാർമ്മികതയെ ആദ്യം ശ്രദ്ധിച്ചത് 18-ആം നൂറ്റാണ്ടിലെ പോലീസ് റിപ്പോർട്ടുകളാണ്. 1772-ൽ കാതറീൻ രാജ്ഞി മദ്ധ്യ റഷ്യയിൽ ഓറെൽ എന്ന സ്ഥലത്തെ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. 1807-ൽ റഷ്യൻ ഓർത്തഡോക്സ് സഭയുടെ വിശുദ്ധ സൂനഹദോസ് ഈ പ്രസ്ഥാനത്തെ ഏറ്റവും അപകടകരവും ദൈവദൂഷണപരവുമായ വേദവ്യതിചലമായി പ്രഖ്യാപിച്ചു. 1835-ൽ ഈ നിർവചനം റഷ്യൻ സാന്മ്രാജ്യത്തിലെ നിയമസംഹിതയുടെ ഭാഗമായി. റഷ്യൻ സെനറ്റ് ഇവരെ മനുഷരാശിയുടെ ശത്രുക്കളും സാന്മാർഗ്ഗികതയുടെ വിനാശകരും ദൈവികവും മാനുഷികവുമായ നിയമങ്ങൾക്കു മുൻപിൽ കുറ്റവാളികളും ആയി മുദ്രകുത്തി.[2] ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റു ഭരണകൂടവും ഈ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിച്ചു. ഈ എതിർപ്പുകൾക്കു മുന്നിലും ഏറെക്കാലം അംഗബലത്തോടെ നിലനിന്ന ഇവർ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ ക്രമേണ ഇല്ലാതായി.

അവലംബം[തിരുത്തുക]

  1. ഡയർമെയ്ഡ് മക്കല്ലക്ക്, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റെ ഇയേഴ്സ്" (പുറങ്ങൾ 545-46)
  2. The Castrati(Skoptsy) Sect in Russia: History, Teaching and Religious Practice, ഐറീന എ.ടൂപ്പിൾ, എവ്ജെനി എ.ടോർക്കിനോവ് Archived 2014-05-12 at the Wayback Machine., Transpersonalstudies.org.
"https://ml.wikipedia.org/w/index.php?title=സ്കോപ്ട്സി&oldid=3809390" എന്ന താളിൽനിന്ന് ശേഖരിച്ചത്