Jump to content

സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച്, മുംബൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയുടെ അവശിഷടങ്ങൾ

മുംബൈയിലെ അന്ധേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പോർച്ചുഗീസുകാർ നിർമ്മിച്ച ഒരു പുരാതന ക്രിസ്ത്യൻ പള്ളിയാണ് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ചർച്ച്.

ചരിത്രം

[തിരുത്തുക]

1579 ൽ പോർച്ചുഗീസുകാരനായ ജെസ്യൂട്ട് പാതിരി മാനുവൽ ഗോമസ് നിർമിച്ചതാണ് ഈ പള്ളി. അതേ വർഷം സ്നാപകയോഹന്നാന്റെ പെരുന്നാളിന് ഇത് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഇതിനോടനുബന്ധിച്ച് ഒരു ശ്മശാനവും ഉണ്ടായിരുന്നു. 1588-ൽ മരോൾ ഗ്രാമവാസികൾ കൂട്ടമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. 1840 ൽ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പടർന്നതിനെത്തുടർന്ന് ഈ പള്ളി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് കൊണ്ടിവിടയിലെ വികാരി ജോസ് ലോറൻസ്കോ പെയ്സ് പള്ളി അടുത്തുള്ള മരോൾ ഗ്രാമത്തിലേക്ക് സ്ഥലംമാറ്റി. ഈ പള്ളിയിലെ പ്രതിമകൾ, തൂണുകൾ, അൾത്താര മുതലായവ പുതിയ സഭയിലേക്ക് മാറ്റി. 1949-ൽ ഒരു ശക്തമായ ചുഴലിക്കാറ്റിലാണ് ഈ പള്ളിയുടെ മേൽക്കൂര തകർന്നു വീണതെന്ന് പറയപ്പെടുന്നു[1]. 1973 വരെ പെരുന്നാൾ ദിവസം ഇവിടെ വിശ്വാസികൾ ഒത്തുകൂടിയിരുന്നു. എന്നാൽ ഈ പ്രദേശം സാന്താക്രൂസ് ഇലക്ട്രോണിക് എക്സ്പോർട്ട്സ് പ്രോസസ്സിംഗ് സോൺ (സീപ്സ്) എന്ന പദ്ധതിയുടെ ഭാഗമായതോടെ സുരക്ഷാകാരണങ്ങളാൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തുടർന്ന് 30 വർഷത്തോളം ഇവിടെ കുർബാന നടന്നിരുന്നില്ല. 2003 ൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ ഈ പള്ളി ബോംബെ അതിരൂപതയിലെ ഫാദർ റോഡ്നി എസ്പെറെൻസിനു കൈമാറി[2].

ഉപേക്ഷിക്കപ്പെട്ട പള്ളി തകർന്ന് ചെടികൾ മൂടുവാൻ തുടങ്ങിയിരുന്നുവെങ്കിലും അവിടെയുള്ള ക്രിസ്ത്യാനികൾ വർഷം തോറും ഈ പള്ളി സന്ദർശിക്കുന്നു. എല്ലാ വർഷവും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയിൽ പരിസരത്തുള്ള മൂവായിരത്തോളം വിശ്വാസികൾ ഈ പള്ളിയിൽ ഒത്തുകൂടുന്നു[3]. വിശ്വാസികളിൽ കൂടുതലും ഈസ്റ്റ് ഇന്ത്യൻ സമുദായത്തിൽ പെട്ടവരാണ്. മരോൾ പള്ളിയിൽ നിന്നും സ്നാപകയോഹന്നാന്റെ പ്രതിമയും വഹിച്ച് വിശ്വാസികൾ ഇവിടെയെത്തുന്നു[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 https://indianexpress.com/article/cities/mumbai/436-year-old-ruins-of-condita-church-springs-to-life-for-annual-mass/
  2. "CM gives SEEPZ church back to archdiocese". Archived from the original on 2013-07-20. Retrieved 2018-11-08.
  3. https://www.dnaindia.com/mumbai/report-st-john-s-opens-for-mass-1096878