സെഡ്ലിക്ക് അസ്ഥികുടീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെഡ്ലക്ക് അസ്ഥികുടീരം (Sedlec Ossuary) എന്ന ഔദ്യോഗിക പേരുള്ള ഈ റോമൻ കത്തോലിക ദേവാലയം പക്ഷെ കൂടുതൽ അറിയപ്പെടുന്നത് അസ്ഥികൂട പള്ളി  Bone Church എന്നും Church of Bones എന്നുമൊക്കെയാണ്. ചെക്ക് റിപ്പബ്ലിക്കിലെ ബൊഹേമിയ പ്രവശ്യയിലെ കോത്ന ഹോറ (Kutna Hora) പട്ടണത്തിനു സമീപമാണ് സെഡ്ലിക്ക് എന്ന ഗ്രാമം.

എഴുപതിനായിരത്തോളം ആളുകളുടെ അസ്ഥികൂടങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നതായി കരുതുന്നു. അവയിൽ പലതും കലാപരമായി ഈ ദേവാലയത്തെ അലങ്കരിക്കുന്നു. മനുഷ്യ അസ്ഥികൊണ്ടുള്ള ഈ അലങ്കാരങ്ങൾ കാണാൻ പ്രതിവർഷം രണ്ട് ലക്ഷത്തിൽപരം ആളുകൾ എത്തുന്നുണ്ടത്രേ. ചെക്ക് റിപ്പബ്ലിക്കിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് സെഡ്ലിക്കിലെ പള്ളി.[1]

മനുഷ്യതലയോടുകളാൽ പൊതിയപ്പെട്ട മച്ച്, ദേവാലയ മദ്ധ്യത്തിലായി തൂങ്ങി കിടക്കുന്ന മനുഷ്യ ശരീരത്തിലെ എല്ലാ അസ്ഥികളുടേയും ഒരു ജോഡിയെങ്കിലും ചേർത്ത് നിർമ്മിച്ചിരിക്കുന്ന ഭീമൻ  ബഹുശാഖ വിളക്ക് (chandelier), എല്ലുകളാൽ തീർത്തിരിക്കുന്ന കൈയ്യൊപ്പ്, എല്ലിൽ തീർത്ത രാജമുദ്ര എന്നിവയൊക്കെ ഇവിടുത്തെ കൗതുകങ്ങളാണ്.

ദേവാലയത്തിന്റെ ഉൾവശം


ചരിത്രം[തിരുത്തുക]

പതിമൂന്നാം നൂറ്റാണ്ടിൽ സെഡ്ലിക്കിലെ ഒരു ആശ്രമത്തിലെ ഒരു പുരോഹിതൻ ജറുസലേം സന്ദർശന വേളയിൽ ഗൊൽഗോഥയിൽ നിന്നും ഒരു പിടി മണ്ണു കൊണ്ട് വന്നു സെഡ്ലിക്കിലെ സെമിത്തേരിയിൽ വിതറിയത്രേ. ഈ വാർത്ത പരന്നതോടുകൂടി സെഡ്ലിക്കിലെ സെമിത്തേരിയിൽ അടക്കം ചെയ്യപ്പെടുക എന്നത് യൂറോപ്പിലുടനീളമുള്ള ബഹുശതം വിശ്വാസികളുടെ അഭിലാഷങ്ങളിൽ ഒന്നായി മാറി. 

പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് മഹാമാരിയും യുദ്ധകെടുതികളും കൂടി മരണ നിരക്ക് അഭൂതപൂർവ്വമായി വർദ്ധിപ്പിച്ചപ്പോൾ സെമിത്തേരി വളരയേറെ വിപുലീകരിക്കപ്പെട്ടു.  

സെമിത്തേരിയുടെ നടുവിൽ ഒരു പള്ളി പണിയാൻ തുടങ്ങിയതോടെ ശ്മശാനത്തിലെ കുഴിച്ചെടുക്കപ്പെടുന്ന അസ്ഥിപഞ്ജരങ്ങൾ സൂക്ഷിക്കാനായി ഒരു ബദൽ സംവിധാനം വേണ്ടി വന്നു. അതാണ് സെഡ്ലിക്ക് ഓശുവറി.

     [1][പ്രവർത്തിക്കാത്ത കണ്ണി] ഔദ്യോഗിക സൈറ്റ്

  1. NIPOS: Statistika kultury 2009 - I. díl - kulturní dědictví (muzea, galerie a památkové objekty)