Jump to content

സുധാ വർഗ്ഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുധാ വർഗ്ഗീസ്
Sister Sudha Varghese receiving Padma Shri from the President Dr. A.P.J. Abdul Kalam in 2006
ജനനം
സുധാ വർഗീസ്

1949 (വയസ്സ് 74–75)
ദേശീയതഇൻഡ്യൻ
മറ്റ് പേരുകൾസിസ്റ്റർ സുധ, സൈക്കിൾ ദീദി
തൊഴിൽസാമൂഹ്യപ്രവർത്തനം
അറിയപ്പെടുന്നത്നാരി ഗുഞ്ജൻ വിദ്യാലയം, ആനന്ദ് ശിക്ഷാ കേന്ദ്രം

ഒരു സാമൂഹ്യപ്രവർത്തകയും അഭിഭാഷകയുമാണ് സുധാ വർഗ്ഗീസ്. ഇംഗ്ലീഷ്: Sudha Varghese. സിസ്റ്റർ സുധ, സൈക്കിൾ ദീദി എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു[1].30 വർഷത്തോളം ബീഹാറിൽ അധഃകൃതരും പാർശ്വവത്കരിക്കപ്പെട്ട വർഗ്ഗമായ മുഷാഹാർ വംശജരുടെ ഉന്നമനത്തിനായി വിവിധ രീതികളിൽ പ്രവർത്തിക്കുന്നു. 2006ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

ജീവിതരേഖ

[തിരുത്തുക]

1949കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനത്ത് ജനിച്ചു[2]. സാമൂഹ്യപ്രവർത്തനത്തിൽ തൽപരയായി 1965 ൽ റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള നോത്ര്‌ദാം സന്യാസിനി സഭയിൽ ചേർന്നു. ബീഹാറിലെ വിദ്യാഭ്യാസമേഖലയിലാണ് നോത്രദാം മഠം പ്രവർത്തിച്ചിരുന്നത്. കുറച്ച് വർഷങ്ങൾ പട്നയിലെ നോത്രദാം മാതൃമഠത്തിൽ പരിശീലനങ്ങൾക്കായി ചിലവഴിച്ച സുധ, ഹിന്ദിയും ഇംഗ്ലീഷും അഭ്യസിച്ചു.[3]

ബീഹാറിലെ സഭാകേന്ദ്രത്തിലെ കോൺവെന്റ് സ്കൂളുകളിൽ അദ്ധ്യാപികയായി. കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചു. രണ്ടുവർഷത്തിനുള്ളിൽ അധ്യാപികയുടെ ജോലിമതിയാക്കി മുംഗേർ ജില്ലയിലെ മൂഷാഹറുകൾക്കിടയിൽ പ്രവർത്തിച്ചു. ബീഹാറിലും ഉത്തർ പ്രദേശിലും കാണുന്ന ഒരു ദളിത് വർഗ്ഗമാണ് മൂഷാഹാർ. തോട്ടിപ്പണിക്കാരേക്കാൾ താഴ്ന്ന സ്ഥാനമാണിവർക്ക്. സാക്ഷരതയിലും ജീവിതനിലവാരത്തിലും വളരെയധികം പിന്നാക്കമാണിവർ. ബിഹാറിൽ 15% ദളിതരും മൂഷാഹാർ വിഭാഗത്തിൽ പെടും.[4] ഇവർക്ക് സ്വന്തമായി സ്വത്തുക്കളോ സ്ഥലമോ, ഒരു നേതാവോ ഇല്ല. മറ്റുള്ളവരെ അനുകരിച്ച് ജീവിച്ചിരുന്ന ഇവരെ തൊടുന്നത് തന്നെ നിഷിദ്ധമാണിപ്പോഴും. സാക്ഷരത മുഷഹർക്കിടയിൽ വളരെ കുറവായിരുന്നു. സ്ത്രീകളിൽ 1% ഉം പുരുഷന്മാരിൽ 2-3% ആയിരുന്നു സാക്ഷരതാ നിലവാരം തന്നെ. കൃഷിപ്പണിയാണ് പ്രധാനമായും ചെയ്തിരുന്നതെങ്കിലും ആർക്കും സ്വന്തമായി കൃഷിയിടങ്ങൾ ഇല്ലായിരുന്നു. ദാരിദ്ര്യം കൂടപ്പിറപ്പായിരുന്നു.1987 ൽ സർക്കാർ കൊടുത്തിരുന്ന സ്റ്റൈപ്പന്റുകൾ മുഷാഹാറികളിൽ നിന്ന് ഉന്നത ജാതിക്കാരായ ഓഫീസർമാർ തട്ടിയെടുക്കുന്നതായി സുധദീദി കണ്ടെത്തി.[5]

ഉയർന്ന സമുദായങ്ങൾക്കെന്നപോലെ, മൂഷാഹറുകൾക്കും ആദ്യം എതിർപ്പായിരുന്നു. [അവലംബം ആവശ്യമാണ്] ആദ്യം ജാംസോത് എന്ന സ്ഥലത്താണ് പ്രവർത്തനം തുടങ്ങിയത്. മൂഷാഹറുകൾ താമസിച്ചിരുന്ന ഒരു തോല എന്ന കൂരയിൽ താമസിച്ചു അവർക്കൊപ്പം പ്രവർത്തിച്ചു. താമസിയാതെ നന്ദി സൂചകമായി അവർക്കും ഒരു തോല ലഭിച്ചു. ആദ്യം കുട്ടികളെ പഠിപ്പിക്കാനും അവർക്ക് വൃത്തിയുടെ ആദ്യപാഠങ്ങൾ പറഞ്ഞു കൊടുക്കാനും തുടങ്ങി.

വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിലെ സ്ത്രീകളുടെ നിലയിൽ സുധ ആശങ്കപ്പെട്ടു. ബലാത്സംഗം അവർക്കിടയിൽ വളരെ സാധാരണയായിരുന്നു. മൂഷാഹാരി ആണുങ്ങൾ ചെത്തിയിരുന്ന കള്ള് കുടിക്കാനെത്തുന്ന ഉന്നത ജാതിക്കാാരായ പുരുഷന്മാരായിരുന്നു പ്രശ്നക്കാർ. ഒരു പെൺകുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടപ്പോൾ സുധാദീദി അവരെയും കൂട്ടി പോലീസിൽ പരാതി രേഖപ്പെടുത്തിക്കുകയും അപരാധിയെ ശിക്ഷിക്കുകയും ചെയ്തു.[5] ആദ്യത്തെ പോലീസ് പരാതിയായിരുന്നു അത്. മൂഷാഹറുകൾ ഉൾപ്പെട്ട കേസുകളിൽ അവർക്കായി ഹാജരാകാൻ അഭിഭാഷകരെപ്പോലും കിട്ടാതിരുന്ന സ്ഥിതി നിലനിന്നിരുന്നു. അവരെ പലരും ചൂഷണവും ചെയ്തിരുന്നു. ഇതിനു പരിഹാരമായി ബാംഗ്ലൂരിൽ നിയമ പഠനത്തിനു ചേർന്നു. 2000[5] മുതൽ ബാംഗ്ലൂരിലേക്ക് നിരന്തരം യാതചെയ്ത് നിയമപഠനം നടത്തി അഭിഭാഷകയായിത്തീർന്നു.[6] അതിനുശേഷം ഒൻപതോളം ബലാത്സംഗക്കേസുകൾ രേഖപ്പെടുത്തപ്പെട്ടു. താമസിയാതെ സിസ്റ്റർ സുധയുടെ പ്രവർത്തനം ഒരു ചെറിയ സാമ്രാജ്യം തന്നെ സൃഷ്ടിച്ചു. നാരി ഗുഞ്ജൻ അഥവ സ്ത്രീകളുടെ ശബ്ദം എന്നതറിയപ്പെടാൻ തുടങ്ങി.[4]

നാരി ഗുഞ്ജൻ

[തിരുത്തുക]

ബീഹാറിലെ ദളിതർക്ക് വിദ്യാഭാസം, തൊഴിൽ പരിശീലനം, ആരോഗ്യസംരക്ഷണം, നിയമപരിരക്ഷ തുടങ്ങിയവ നൽകുന്നതിനുവേണ്ടി ഇവർ രൂപീകരിച്ച സന്നദ്ധസേവന സംഘടനയാണ് 'നാരി ഗുഞ്ജൻ' 1987 ൽ ആരംഭിച്ച ഈ സ്ഥാപനം ഈ വിഭാഗത്തിലെ വനിതകളുടെ അന്തസ്സ് ഉയർത്തുന്നതിന് ഒരു പ്രധാന പങ്കു വഹിച്ചു. ആദ്യത്തെ മൂലധനം സുഹൃത്തുകളും ബന്ധുക്കളുമായിരുന്നു. അവരുടെ അഭിപ്രായത്തിൽ സുധക്ക് ഭ്രാന്തായിരുന്നു. എങ്കിലും അവരും സഹായിക്കാതിരുന്നില്ല. അല്പസ്വല്പം സമുദായക്കാരും സഹായം നൽകി. യൂണിസെഫിൽ നിന്ന് സഹായം കിട്ടിയതോടെ 50 ഓളം കേന്ദ്രങ്ങൾ വിവിധഭാഗങ്ങളിലായി തുടങ്ങാൻ സാധിച്ചു. ഈ കേന്ദ്രങ്ങളിലെല്ലാം സുധ തനിയെ സൈക്കിളിൽ യാത്ര ചെയ്ത് സന്ദർശിച്ച് മേൽനോട്ടം വഹിച്ചുപോന്നു. അങ്ങനെയാണ് സൈക്കിൾ ദീദി എന്ന ഓമനപ്പേരു ലഭിച്ചത്.[3] 2005 ൽ ഒരു മൂഷാഹ ആൺകുട്ടിയെ മേൽജാതിയുവാക്കൾ ആക്രമിക്കുകയും അതിന്റെ പേരിൽ പോലീസ് കേസ് ആകുകയും ചെയ്തു. എന്നാൽ എല്ലാവരുടേയും വിചാരം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് സുധയാണെന്നായിരുന്നു. നിരാകരിച്ചു നോക്കിയെങ്കിലും ആ നാട്ടിൽ നിന്ന് തിരിച്ച് പോരേണ്ടി വന്നു. പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു തുണയും ലഭിച്ചുമില്ല. കോൺവെന്റിലേക്ക് തിരിച്ചു പോയ സിസ്റ്റർ സുധയുടെ മനസ്സിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു സ്കൂളിന്റെ പദ്ധതി രൂപപ്പെട്ടു.[4]

പ്രേർണാ വിദ്യാലങ്ങൾ

[തിരുത്തുക]

പ്രേരണ എന്നതിന്റെ അർത്ഥം പ്രചോദനം എന്നാണ്. ഈ കേന്ദ്രങ്ങളിൽ മുഷാഹാരി പെൺകുട്ടികൾക്ക് സൗജന്യമായി താമസിച്ചു പഠിക്കാനാവുമായിരുന്നു. മഹാദളിതരായ പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച പ്രേർണാ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു. ദാനാപൂറിനടുത്ത ലാൽ കോതിക്കടുത്തുള്ള ഒരു പൊതു കക്കൂസും എരുമത്തൊഴുത്തും ചേർന്ന കെട്ടിടം നവീകരിച്ച് ഒരു സ്കൂൾ ആക്കിയെടുത്തു. ഇതിനു സംസ്ഥാന സർക്കാരിന്റെ സഹായം ഉണ്ടായിരുന്നു. ആദ്യത്തെ കുട്ടികൾ 2006 ഓടെ സ്കൂളിൽ ചേർന്നു.[3] മാതാപിതാക്കൾ ആകാംക്ഷഭരിതരായിരുന്നു. അവർ ആദ്യമായാണ് അവരുടെ പെൺ മകളെ വീട്ടിനു പുറത്ത് താമസിച്ച് പഠിക്കാൻ അനുവദിക്കുന്നത്. എങ്കിലും സിസ്റ്റർ സുധയും പ്രേർണാ സ്കൂളും എല്ലാ കണക്കുകൂട്ടലുകളും അസ്ഥാനത്താക്കി. പെൺകുട്ടികൾടെ എണ്ണം 125 ആയി. എല്ലാവർക്കും മൂന്നു നേരം ഭക്ഷണം ഉൾപ്പെടെ താമസവും മറ്റു ചെലവുകളും സൗജന്യമായിരുന്നു. പെൺകുട്ടികൾ ചിട്ടയും വൃത്തിയും പഠിച്ചു. താമസിയാതെ പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച പ്രേർണാ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു. ബീഹാർ സർക്കാരിന്റെ മഹാദളിത് മിഷന്റെ സഹായത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആനന്ദ് ശിക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കാനായി. ഒന്നര വർഷത്തിനുള്ളിൽ പാറ്റ്നയുടെ രണ്ട് ഭാഗങ്ങളിലായി, അതായത് ഫൂല്വാരി ഷരീഫിലും ദാനാപൂറിലുമായി അമ്പത് കേന്ദ്രങ്ങളാണ് തുടങ്ങാനായി. കിഷോരി മഞ്ച് എന്ന പേരിൽ ഒരു പരിപാടി തുടങ്ങി. അതിലൂടെ യൗവനാരംഭത്തിലുള്ള പെൺകുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാനായി. ഈ കിഷോരി ശിക്ഷാ കേന്ദ്രങ്ങൾക്ക് ഇപ്പോൾ 80 ശാഖകൾ ഉണ്ട്. ബീഹ്ത, ദാനാപൂർ, പുൻപുൻ, ഫുല്വാരി നൗബത്പൂർ എന്നീ സ്ഥലങ്ങളിലാണ് ഇവ ഉള്ളത്.[7]

മികച്ച കുറച്ചു പെൺകുട്ടികളെ അടുത്തുള്ള സർക്കാർ സ്കൂളിൽ പഠനത്തിനയച്ചുവെങ്കിലും അവിടത്തെ നിലവാരം മോശമാണെന്നു കണ്ട് സ്വകാര്യ സ്കൂളുകളിൽ കനത്ത ഫീസ് നൽകി അയച്ചു. ബാക്കിയുള്ള കുട്ടികളെ പ്രേർണയിൽ തന്നെ പഠിപ്പിക്കാൻ പദ്ധതിയൊരുക്കി. ഇതിനായി നാട്ടിൽ ജോലി ഇല്ലാതെ അലഞ്ഞിരുന്നു ഒരു കൂട്ടം ബിരുദദാരികളെ ജോലിക്കെടുത്തു. കട്ടിലുകൾ മാറ്റിയിട്ട് ക്ലാസ് റൂമിനു സ്ഥലമുണ്ടാക്കി പഠനം ആരംഭിച്ചു. സർക്കാരിന്റെ പാഠ്യപദ്ധതിയായിരുന്നു അവലംബിച്ചത്. ഇതിനു പുറമേ നൃത്തം, ചിത്രം രചന, കരാട്ടേ തുടങ്ങിയവയും പഠിപ്പിച്ചു.[4] പെൺകുട്ടികൾ ഇവ കാര്യാമായെടുത്തു. 20 ഓളം പേർക്ക് ഗുജറാത്ത് സർക്കാർ നടത്തിയ നാഷണൽ ചാമ്പ്യൻഷിപ്പിൽ വിജയിക്കാനായി. ഏതാണ്ട് എല്ലാ ഇനത്തിലും ഒരു സ്ഥാനമെങ്കിലും കരസ്ഥമാക്കാൻ പ്രർണയിലെ കുട്ടികൾക്ക് ക്ഴിഞ്ഞു. ഇത് കണ്ട് അത്ഭുതപരവശനായ ബിഹാർ മുഖ്യമന്ത്രി അവരെ ജപ്പാനിലെ ലോക ചമ്പ്യൻഷിപ്പിനയക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. 7 പേർ ടോക്യോയിലെ അന്താരാാഷ്ട്ര മത്സരത്തിൽ പങ്കെടുത്തു ഏഴു കപ്പുകളുമായാണ് മടങ്ങിയത്.[3] കുറേ പെൺകുട്ടികൾ പത്താം തരം പാസാകുകയും, 7 എങ്കിലും പാസ്സായ ചിലകുട്ടികൾക്ക് വികാസ് മിത്ര എന്ന പേരിലുള്ള സർക്കാർ ജോലി ലഭിക്കുകയും ചെയ്തു. ഇത് ആ കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചു.

സർക്കാർ പദവി

[തിരുത്തുക]

2012 മുതൽ 2015 വരെ ബീഹാർ സംസ്ഥാനത്തിന്റെ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്യക്ഷയായിരുന്നു. ബീഹാർ സംസ്ഥാനത്തെ പ്ലാനിങ്ങ് കമ്മീഷൻ ഫോർ വിമൻ ഡവലപ്മെന്റ് അംഗമാണ്.[8]

ബഹുമതികൾ

[തിരുത്തുക]
  • 2006 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[9]
  • മൗലാന അബുൽ കലാം ആസാദ് ശിക്ഷാ പുരസ്കാർ
  • കോർപറേറ്റ് ഫിലിപ്സ് ഇന്ത്യ ഗുഡ് സമാരിറ്റൻ അവാർഡ് [10],
  • സോഷ്യൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
  • ഐക്കൺ ഓഫ് ബീഹാർ പുരസ്കാരം
  • 2010 ൽ ബിഹാർ സമാൻ പുരസ്കാരം
  • ബിഹാാർ അസ്മിത് അവാർഡ് [11]
  • 2017 ലെ വനിത വുമൺ ഓഫ് ദ ഇയർ പുരസ്കാരത്തിനു തിരഞ്ഞെടുത്തു.[10]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

https://apwaps.net/2014/08/19/nari-gunjan/ Archived 2015-05-31 at the Wayback Machine.

റഫറൻസുകൾ

[തിരുത്തുക]
  1. http://digitalpaper.mathrubhumi.com/1094225/Weekend/5-Feb-2017#page/1/1%7Cമാതൃഭൂമി Archived 2017-02-08 at the Wayback Machine. വാരാന്തപ്പതിപ്പ്ഃ05.02.2017
  2. http://indiatoday.intoday.in/story/Marginalised+girls+find+hope+in+Sudha/1/20392.html%7Cindiatoday[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 3.3 http://www.theglobeandmail.com/news/world/breaking-caste/remarkable-school-gives-girls-from-the-bottom-of-indias-caste-system-new-hope/article554373/?page=2
  4. 4.0 4.1 4.2 4.3 Stephanie, Nolen (Dec. 02 2011). "Breaking Caste: Part 1 Remarkable school gives girls from the bottom of India's caste system new hope". Retrieved 2017 മാർച്ച് 12. {{cite news}}: Check date values in: |access-date= and |date= (help)
  5. 5.0 5.1 5.2 http://www.tribuneindia.com/2006/20060212/society.htm
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 9 മാർച്ച് 2017. Retrieved 11 മാർച്ച് 2017.
  7. ശിവാനി, സിൻഹ (201). "Why she feels for Dalits in Bihar | Sister Sudha Varghese". Archived from the original on 14 മേയ് 2017.
  8. https://www.youtube.com/watch?v=_E0NaN9vpl4
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 4 മാർച്ച് 2016. Retrieved 3 മാർച്ച് 2017.
  10. 10.0 10.1 "Sr Sudha Varghese adjudged Vanitha Woman of the Year".
  11. Shivani Sinha,, Utkarsh Kumar (2015). "Epitome of social upliftment of Bihar's Dalits , Sister Sudha vows to continue her struggle". Retrieved 2017 മാർച്ച് 12. {{cite news}}: Check date values in: |access-date= (help)CS1 maint: extra punctuation (link)
"https://ml.wikipedia.org/w/index.php?title=സുധാ_വർഗ്ഗീസ്&oldid=4087447" എന്ന താളിൽനിന്ന് ശേഖരിച്ചത്