സി രാജഗോപാലപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നടനും കലാകാരനും സാഹിത്യകാരനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു 'തഴവ രാജൻ' എന്നറിയപ്പെട്ടിരുന്ന സി. രാജഗോപാലപിള്ള. ഒരു കാലത്ത് നാടകവേദികളിൽ തിലകന്റെയും, നെടുമുടിവേണുവിന്റെയും ആലംമൂടന്റെയും രവി ആലംമൂടന്റെയും സമകാലികൻ ആയിരുന്നു സി രാജഗോപാലപിള്ള.

ജനനം, പഠനം[തിരുത്തുക]

കൊല്ലം കരുനാഗപ്പള്ളി കരാലിൽ ചെല്ലപ്പൻ പിള്ളയുടെയും ജാനമ്മപിള്ളയുടെയും നാലുമക്കളിൽ മൂത്തവനായി ജനിച്ച രാജഗോപാല പിള്ളയ്ക്ക് പ്രസന്നകുമാർ, മോഹൻകുമാർ, ശരത്ചന്ദ്രകുമാർ എന്നീ മൂന്ന് സഹോദരങ്ങളും ഉണ്ട്. കരുനാഗപ്പള്ളി എൻ.എസ്.എസ്.യു.പി.എസ് സ്‌കൂൾ, തഴവ ആദിത്യവിലാസം ഹൈസ്‌കൂൾ എന്നിവടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജഗോപാലപിള്ള തന്റെ പിന്നീടുള്ള ഉപരിപഠനത്തിനായി തിരഞ്ഞെടുത്ത് മുംബൈ ആയിരുന്നു. അവിടെ നിന്നും ബി.ബി.എയും പിന്നീട് എം.ബി.എയും പൂർത്തിയാക്കിയ രാജഗോപാലപിള്ള അക്കാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ നാട്ടിലെ ചുരുക്കം ചിലരിൽ ഒരാളായിരുന്നു.[1]

ഗൾഫിലേക്കും കലാരംഗത്തേക്കും[തിരുത്തുക]

തുടർന്ന് ഗൾഫിലേക്ക് തന്റെ ജീവിതം പറിച്ചുനട്ട രാജഗോപാലപിള്ള യു.എ.ഇ യിലെ അറിയപ്പെടുന്ന നാടക നടനായി. 1978 ൽ ഒക്ടോബർ 21 ൽ ആദ്യമായി കപ്പൽ കയറിയാണ് ഗൾഫിലേക്ക് നടനെന്ന രീതിയിൽ രാജഗോപാലപിള്ള എത്തുന്നത്. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ തൊട്ടുതാഴെയുള്ള സഹോദരനായ പ്രസന്നകുമാറും ഉണ്ടായിരുന്നു. വെറും ഇരുപത്തിമൂന്നു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന രാജഗോപാലപിള്ള അന്ന് ഏറെ പ്രസിദ്ധനായ 'തഴവ രാജൻ ' എന്നറിയപ്പെടുന്ന നാടക നടനായി മാറിക്കഴിഞ്ഞിരുന്നു. ഗൾഫിലെ അൽമറായി കൺസ്ട്രക്ഷൻ കമ്പനിയിലെ മുതലാളിയായിരുന്ന ഷൈലേഷിന്റെ മാനേജരായിട്ടും രാജഗോപാലപിള്ള ജോലി ചെയ്യുന്നുണ്ടായിരുന്നു. അന്ന് ആ കമ്പനിയുടെ ഷെയർ ഉള്ള ഷെയ്ഖിനോടൊപ്പം ചേർന്ന് ഷൈലേഷും രാജഗോപാലപിള്ളയും കലാസാംസ്‌കാരിക കൂട്ടായമകൾക്ക് നേതൃത്വം നൽകുന്ന കാലത്ത്, ഗായകൻ യേശുദാസ് ഗൾഫിലേക്ക് വരികയും അദ്ദേഹത്തിന് രാജഗോപാലപിള്ളയുടെ നേതൃത്വത്തിൽ ഒരു വിരുന്നൊരുക്കുകയും ചെയ്തു. പ്രസ്തുത കൂട്ടായ്മയിൽ യേശുദാസ് അടക്കം മുൻകൈ എടുത്താണ് '' ഫാൽക്കൺസ് മൂവീസ് '' എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. യേശുദാസാണ് പ്രസ്തുത പേര് നിർദ്ദേശിച്ചത്. തുടർന്നാണ് ഫാൽക്കൺ മൂവിസിന്റെ ബാനറിൽ '' മോഹം എന്ന പക്ഷി '' എന്ന ചലച്ചിത്രത്തിന് രൂപം നൽകുന്നത്. അന്ന് മുറാദ് എന്റെർപ്രൈസസിൽ സെയിൽസ് മാനേജരായി ജോലി ചെയ്തിരുന്ന ഡി.ഫിലിപ്പിനെ സിനിമയുടെ നിർമ്മാണത്തിന് ഒപ്പം ചേർത്തു. ഫിലിപ്പ് അക്കാലത്ത് ഉദയായുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചു വരികയായിരുന്നു. ഫിലിപ്പിന്റെ അത്തരം ബന്ധങ്ങൾ തങ്ങളുടെ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് അവർ പ്രത്യാശിച്ചു. എന്നാൽ ഒരു നിർമ്മാണ കമ്പനിയുടെ ഭാഗമാവാൻ ഫിലിപ്പിന് മൂലധനം ഇല്ലായിരുന്നു. നിത്യവൃത്തിക്കു തന്നെ ബുദ്ധിമുട്ടി കഴിയുന്ന ഫിലിപ്പിനെ കൂടെ കൂട്ടാൻ മാർഗ്ഗമില്ലാതായപ്പോൾ അന്നത്തെ പതിനയ്യായിരം ദിർഹം രാജഗോപാലപിള്ള ഫിലിപ്പിന്റെ കയ്യിൽ കൊടുക്കുകയും ആ രൂപ സിനിമയുടെ നിർമ്മാണത്തിൽ ഫിലിപ്പിന്റെ മൂലധനമാക്കി ചേർത്ത്, സിനിമയോടൊപ്പം നിർത്താൻ പിള്ള തീരുമാനിച്ചു. [1]

സിനിമ നിർമ്മാണം[തിരുത്തുക]

കെ.ജി.ജോർജ്ജ് സംവിധായകനായി മധു, ജയഭാരതി, ടി.പി.മാധവൻ തുടങ്ങിയ താരനിരകളോടെ 'മോഹം എന്ന പക്ഷി ' സിനിമ ചെയ്യാൻ തീരുമാനമായി. ചിത്രത്തിന്റെ റിക്കോർഡിങ് ആരംഭിച്ചു. യേശുദാസിനും, സുശീലയ്ക്കും ഒപ്പം കെ.ജി.ജോർജ്ജിന്റെ ഭാര്യയായ സെൽമയും അതിൽ ഒന്നു രണ്ട് ഗാനങ്ങൾ ആലപിച്ചു. തുടർന്ന് സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. ചിത്രീകരണം പൂർത്തിയാവാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ, പൊടുന്നനെ ഒരു ദിവസം ജയൻ നായകനായ '' സായൂജ്യം '' എന്ന സിനിമ റിലീസ് ആയി. രാജഗോപാലപിള്ളയടക്കമുള്ള ചിത്രം കണ്ട് ഞെട്ടിത്തരിച്ചു. മോഹം എന്ന പക്ഷി എന്ന തന്റെ മുക്കാൽഭാഗം പൂർത്തിയായ സിനിമയുടെ അതേ കഥയിലാണ് സായൂജ്യം പുറത്തിറങ്ങിയിരിക്കുന്നത്. അത് എല്ലാവരിലും ഒരു കനത്ത ആഘാതമായിരുന്നു വരുത്തിയിരുന്നത്. തുടർന്ന് അവർക്ക് തങ്ങളുടെ ആദ്യ സിനിമ എന്നന്നേക്കുമായി നിർത്തിവയ്ക്കേണ്ടി വന്നു. രാജഗോപാലപിള്ളയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു. മധു അടക്കമുള്ള ചുരുക്കം ചിലർ വാങ്ങിച്ച അഡ്വാൻസ് തുകകൾ തിരിച്ചു നൽകിയപ്പോൾ മിക്കവരും പണം നൽകിയില്ല. ആദ്യ സിനിമയുടെ കനത്ത പ്രഹരവും ഏറ്റുവാങ്ങിയാണ് രാജഗോപാലപിള്ള വീണ്ടും നാട്ടിലേക്ക് തിരിച്ചു വരുന്നത്. അപൂർണ്ണമായ മോഹം എന്ന പക്ഷി എന്ന സിനിമയ്ക്ക് ശേഷം കോലങ്ങൾ, ശേഷക്രിയ എന്നീ രണ്ട് ചലച്ചിത്രങ്ങൾ കൂടെ രാജഗോപാലപിള്ള ഫാൽക്കൺ മൂവിസിന്റെ ബാനറിൽ നിർമ്മിച്ചു.[1][2]

നാടകരംഗത്തേക്ക് വീണ്ടും[തിരുത്തുക]

സിനിമ നിർമ്മാണത്തിൽ സംഭവിച്ച നഷ്ടത്തിനു ശേഷം കരുനാഗപ്പള്ളിയിലെ പ്രസിദ്ധമായ '' ദർശന തീയറ്റേഴ്സ് '' എന്ന നാടക സമിതി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായി. നിരവധി സ്റ്റേജുകൾ കയ്യടികളോടെ നടകങ്ങളുമായി ദർശന തീയറ്റേഴ്സ് കേരളത്തിലെ അറിയപ്പെടുന്ന നാടക സമിതിയായി മാറി. അന്നത്തെ പ്രസിദ്ധ നാടക സംവിധായകനായിരുന്ന കലാരവിയായിരുന്നു സമിതിയുടെ നാടക സംവിധായകൻ. അതിലെ മുഖ്യ കഥാപാത്രമായി "തഴവ രാജൻ" അഭിനയിച്ചു. അക്കാലത്തെ പ്രസിദ്ധ നാടകനടിയായ രതിയെ പിന്നീട് അദ്ദേഹം വിവാഹം ചെയ്തു. രത്ന, സരോജ് എന്നീ രണ്ട് പെൺമക്കൾ ജനിക്കുകയും ചെയ്തു.[1]

ഗോഡ്സ് ഓൺ കൺട്രി എന്ന ഫഹദ്ഫാസിൽ ചിത്രത്തിൽ ഇഷ തൽവാറിന്റെ അച്ഛനായാണ് രാജഗോപാലപിള്ള അവസാനമായി അഭിനയിച്ചത്.[1]

അന്ത്യം[തിരുത്തുക]

കൊല്ലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2023 ഫെബ്രുവരി ഇരുപത്തിഎട്ടാം തീയതി ചൊവ്വാഴ്ച പുലർച്ചയോടെ അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 പാമ്പള്ളി. "ഓർക്കുന്നുവോ? അത്രമേൽ സിനിമയെ സ്‌നേഹിച്ച ഒരാൾ ഇവിടെ ജീവിച്ചിരുന്നു". ഓർക്കുന്നുവോ? അത്രമേൽ സിനിമയെ സ്‌നേഹിച്ച ഒരാൾ ഇവിടെ ജീവിച്ചിരുന്നു. മാതൃഭൂമി.കോം. Retrieved 07 മാർച്ച് 2023. {{cite web}}: Check date values in: |access-date= (help)
  2. "Profile of Malayalam Producers Thazhava Rajan". Retrieved 2023-03-07.
"https://ml.wikipedia.org/w/index.php?title=സി_രാജഗോപാലപിള്ള&oldid=3900233" എന്ന താളിൽനിന്ന് ശേഖരിച്ചത്