ഹാങ്‌ചെങ് എന്ന സ്ഥലത്തിനടുത്തുള്ള ലോങ്‌മെൻ എന്നയിടത്താണ് സി-മാ ചിയാൻ ജനിച്ചുവളർന്നത്. ജ്യോതിഷികളുടെ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇദ്ദേഹത്തിന്റെ അച്ഛൻ സിമാ ടാനുംഹാൻ ചക്രവർത്തിയായിരുന്ന വുവിന്റെ എഴുത്തുകാരുടെ തലവൻ ആയി ജോലി ചെയ്തിരുന്നു. ചക്രവർത്തിയുടെ ഗ്രന്ഥശാല സൂക്ഷിക്കുക, കലണ്ടർ ആവശ്യാനുസ്സരണം പരിഷ്കരിക്കുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ ചുമതലകൾ. അച്ഛന്റെ അദ്ധ്യയനത്തിൽ പത്തുവയസ്സായപ്പോഴേ സി-മാ ചിയാൻ പഴയസമ്പ്രദായത്തിലുള്ള എഴുത്തുരീതിയിൽ പ്രാവീണ്യം നേടിയിരുന്നു. കോങ് ആൻഗുവോ (孔安國), ഡോങ് ഷോൺഗ്ഷു എന്നീ പ്രസിദ്ധ കൺഫ്യൂഷ്യൻ തത്ത്വചിന്തകരുടെ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. ഇരുപതുവയസ്സിൽ സി-മാ ക്വിൻ രാജ്യമാകെ ചുറ്റിസഞ്ചരിച്ചു പുരാതന സ്മാരകങ്ങളും മറ്റും കണ്ടു. പണ്ഡിതരായിരുന്ന പഴയകാല രാജാക്കന്മാരുടെ ശവകുടീരങ്ങൾ (കുവൈജി കുന്നിലെ യു രാജാവിന്റെ ശവകുടീരം, ഹുനാനിലെ ഷുൺ രാജാവിന്റെ ശവകുടീരം) ഇദ്ദേഹം കണ്ടെത്തി.[1]ഷാങ്‌ഡോങ്, യുനാൻ, ഹെബേയ്, ഷെജിയാങ്, ജിയാങ്സു, ജിയാങ്സി, ഹുനാൻ എന്നീ പ്രവിശ്യകൾ ഇദ്ദേഹം സന്ദർശിക്കുകയുണ്ടായി.
യാത്രകൾക്കുശേഷം സി-മാ ഭരണകൂടത്തിൽ കൊട്ടാര അറ്റൻഡന്റ് ജോലി കരസ്ഥമാക്കി. ഹാൻ വുഡി ചക്രവർത്തിക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുക ഇദ്ദേഹത്തിന്റെ ജോലികളിൽ പെട്ടിരുന്നു. ബി.സി.110 ൽ ഇദ്ദേഹത്തിന് മുപ്പത്തഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നപ്പോൽ രാജ്യത്തിന്റെ പടിഞ്ഞാറുണ്ടായിരുന്ന സംസാരഹീനരായ ഗോത്രവർഗ്ഗങ്ങൾക്കെതിരേയുള്ള ഒരു സൈനികനീക്കത്തിന് സി-മായെ അയക്കുകയുണ്ടായി. ആ വർഷം ഇദ്ദേഹത്തിന്റെ അച്ഛന് അസുഖം ബാധിച്ചതിനാൽ ചക്രവർത്തിയുടെ ഫെങ് ബലിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. തന്റെ സമയം അവസാനിക്കാറായി എന്നു തോന്നിയതിനാൽ ഇദ്ദേഹം മകനെ തിരികെ വിളിച്ച് താൻ തുടങ്ങിവച്ച ചരിത്രനിർമ്മാണം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. ആനൽസ് ഓഫ് സ്പ്രിംഗ് ആൻഡ് ഓട്ടം എന്ന ആദ്യ ചൈനീസ് ചരിത്രഗ്രന്ഥത്തിന്റെ തുടർച്ച സൃഷ്ടിക്കുക എന്നതായിരുന്നു സി-മാ ടാനിന്റെ ഉദ്ദേശം. മകനും ഈ പാത പിന്തുടർന്നു. ബി.സി. 109-ൽ ഇദ്ദേഹം ഷിജിയുടെ സമാഹരണം ആരംഭിച്ചു. അച്ഛന്റെ മരണത്തിന് മൂന്നുവർഷങ്ങൾക്കുശേഷം സി-മാ ചിയാൻ പ്രമുഖ ചരിത്രകാരനായി (Grand Historian) നിയമിതനായി. ബി.സി. 105 ൽ സി-മാ ചിയാനെ കലണ്ടർ നവീകരണജോലി ഏൽപ്പിച്ചു. രാജ്യത്തിലെ പൊതുസ്ഥിതിയെപ്പറ്റി ചക്രവർത്തിയെ ഉപദേശിക്കുക എന്ന ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു.