സാഹിത്യചോരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യചോരണമെന്നത് മറ്റൊരാളുടെ വാക്കുകളോ ആശയങ്ങളോ ചിന്തകളോ സമ്മതം ഇല്ലാതെ മോഷ്ടിച്ചോ അനുകരിച്ചോ അവയെ അതേപടിയോ അല്ലെങ്കിൽ ലഘുവായ മാറ്റം വരുത്തിയോ തന്റെ സ്വന്തം സൃഷ്ടിയായി അവതരിപ്പിക്കുന്ന പ്രവൃത്തിയാണ്.

ഇത് ഒരു നിയമലംഘനം എന്നതിനെക്കാളുപരി ഒരു അധാർമ്മിക പ്രവൃത്തി എന്ന നിലയ്ക്കാണ് കരുതപ്പെടുന്നത്. പല സാഹിത്യചോരണങ്ങളും കോപ്പിറൈറ്റ് ലംഘനത്തിലുൾപ്പെടാറുണ്ട്.

സാഹിത്യചോരണ ആരോപണങ്ങൾ[തിരുത്തുക]

മലയാള സാഹിത്യത്തിൽ സാഹിത്യചോരണങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.സമീപ കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സാഹിത്യചോരണ വിവാദം കവി എസ് കലേഷ് 2011 ൽ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ നീ /ഞാൻ ' എന്ന കവിത എഴുത്തുകാരിയും അധ്യാപികയും ആയ ദീപ നിശാന്ത് 2018 നവംബർ ലക്കം ഓൾ കേരള പ്രൈവറ്റ് ടീച്ചേർസ് അസോസിയേഷൻ പ്രസിദ്ധീകരണത്തിൽ 'അങ്ങനെയിരിക്കെ' എന്ന പേരിൽ ചെറിയ മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചതാണ്. തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചതിനെതിരെ കവി തന്നെ രംഗത്ത് വരികയും എൻ എസ് മാധവൻ അടക്കമുള്ള എഴുത്തുകാർ കലേഷിനൊപ്പം നിലകൊള്ളുകയും ചെയ്തു[1] . സാഹിത്യചോരണത്തെ സംബന്ധിച്ച് വ്യാപക ചർച്ചകൾ ഇതേ തുടർന്നുണ്ടായി. കവിതാ മോഷണാരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് തനിക്ക് സംഭവിച്ച ജാഗ്രതക്കുറവ് ദീപ നിഷാന്ത് അംഗീകരിക്കുകയും കലേഷിനോട് മാപ്പ് പറയുകയും ചെയ്തു.[2]

കാരൂർ സോമൻ എന്ന തൂലികാ നാമത്തിൽ യാത്രാവിവരണങ്ങൾ അടക്കമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഡാനിയേൽ ജോസഫ് എന്ന എഴുത്തുകാരനെതിരെ 30 ഓളം ബ്ലോഗർമാരും എഴുത്തുകാരും സാഹിത്യചോരണ ആരോപണം ഉന്നയിച്ചു. ഓൺലൈനിലും മറ്റുമായി അവർ പ്രസിദ്ധീകരിച്ച കുറിപ്പുകൾ അതെ പടി ഡാനിയൽ തന്റെ പുസ്തകത്തിൽ ഉപയോഗിച്ചു. സാഹിത്യചോരണ ആരോപണം ഉയർന്നതിനെ തുടർന്ന് കാരൂർ സോമന്റെ പുസ്തകങ്ങൾ എല്ലാം പ്രസാധകർ തന്നെ പിൻവലിച്ചു.[3]

സാഹിത്യ ചോരണ ആരോപണങ്ങൾ മിക്കവാറും എഴുത്തുകാർ നേരിടാറുണ്ട് എങ്കിലും ആരോപണം നേരിട്ടവർ അംഗീകരിക്കാറില്ല. മേൽ സൂചിപ്പിച്ച ആരോപങ്ങൾ ആരോപണം നേരിട്ടവർ അംഗീകരിച്ചവയാണ്.

അവലംബം[തിരുത്തുക]

  1. https://www.manoramanews.com/news/spotlight/2018/11/30/ns-madhavan-on-deepa-nishanth.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-12-04.
  3. http://zeenews.india.com/malayalam/kerala/plagiarism-malayalam-bloggers-demand-action-against-karoor-soman-13090
"https://ml.wikipedia.org/w/index.php?title=സാഹിത്യചോരണം&oldid=3647139" എന്ന താളിൽനിന്ന് ശേഖരിച്ചത്