സംഭവചക്രവാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സാമാന്യ ആപേക്ഷികത
ഐൻസ്റ്റൈൻ ഫീൽഡ് സമവാക്യങ്ങൾ
പരിചയപ്പെടുത്തൽ...
ഗണിതശാസ്ത്രം...
ഉപാധികൾ

സാമാന്യ ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് ബഹിരാകാശത്തിന്റെ വീക്ഷണപരിധിയാണ്‌ സംഭവചക്രവാളം, പ്രധാനമായും ഒരു തമോദ്വാരത്തിനോ വീക്ഷകനോ ചുറ്റുമുള്ള ഒരു മേഖലയുടെ പരിധിയെ സൂചിപ്പിക്കുവാൻ ഈ ആശയം ഉപയോഗിക്കുന്നു. ഈ അതിർവരമ്പിനപ്പുറം സംഭവിക്കുന്ന കാര്യങ്ങൾ ഇപ്പുറത്തുനിന്നുള്ള വീക്ഷകനെ ഭൌതികനിയമങ്ങൾ അനുസരിച്ച് ബാധിക്കുകയില്ല. സംഭവചക്രവാളത്തിനപ്പുറത്തുനിന്നുൽസർജിക്കുന്ന പ്രകാശം ഒരിക്കലും ഇപ്പുറത്തുള്ള വീക്ഷകനടുത്ത് എത്തിച്ചേരുന്നതല്ല. വീക്ഷകന്റെ വശത്തുനിന്നും സംഭവചക്രവാളത്തിലേക്കു കടന്നുപോകുന്ന ഏതു വസ്തുവും പ്രതിഭാസവും, വീക്ഷകനെ സംബന്ധിച്ചിടത്തോളം, ആ പരിധിയിൽ നിശ്ചലമാകുന്നതായി അനുഭവപ്പെടും. സൈദ്ധാന്തികമായി, സംഭവചക്രവാളം കടക്കുന്ന ഒരു വസ്തുവിനു മേൽ പുറമേ നിന്നുള്ള ഗുരുത്വബലത്തിനും യാതൊരു സ്വാധീനവുമുണ്ടാകില്ല. അതിനാൽ തന്നെ സംഭവചക്രവാളത്തിനപ്പുറത്തുള്ള സമയം നിർവ്വചിക്കപ്പെട്ടിട്ടില്ല.

തമോദ്വാരത്തിന്റെ സംഭവചക്രവാളം[തിരുത്തുക]

സംഭവചക്രവാളത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ വിശിഷ്ട ആപേക്ഷികത പ്രകാരം വിശദീകരിക്കപ്പെടുന്ന തമോദ്വാരത്തിനു ചുറ്റുമുള്ള സംഭവചക്രവാളം, അത്യധികം സാന്ദ്രതയേറിയ ഖഗോള വസ്തുക്കളാണ്‌ തമോദ്വാരങ്ങൾ ഇവയുടെ അതിഭീമമായ ഗുരുത്വബലത്തെ ഭേദിച്ച് ദ്രവ്യവും വികിരണവുമടക്കം യാതൊന്നിനും രക്ഷപ്പെടാനാവില്ല. തമോദ്വാരത്തിനു ചുറ്റും നിശ്ക്രമണ പ്രവേഗം പ്രകാശത്തിന്റെ വേഗതയേക്കാൾ കൂടുതലായ മേഖലയുടെ അതിർത്തിയാണ്‌ തമോദ്വാരത്തിന്റെ സംഭവച്ക്രവാളം. മറ്റൊരു വിധത്തിൽ വിവരിച്ചാൽ ഈ ചക്രവാളത്തിനകത്ത് പ്രകാശമടക്കമുള്ള എന്തിന്റേയും സഞ്ചാരപഥം തമോദ്വാരത്തിന്റെ ഉള്ളിലേക്കായിരിക്കും. എപ്പോഴെങ്കിലും ഒരു കണിക ഈ സംഭചക്രവാളത്തിനകത്തു കടന്നു കഴിഞ്ഞാൽ പിന്നീടതിനു തമോദ്വരത്തിന്റെ കേന്ദ്രത്തിലേക്കുള്ള സഞ്ചാരത്തെ ചെറുക്കുവാൻ കഴിയുകയില്ല (ഈ അവസ്ഥയിൽ സമയം മുന്നോട്ട് നീങ്ങാത്ത അവസ്ഥയ്ക്ക് തുല്യമാണെന്ന് കരുതപ്പെടുന്നു).

തമോദ്വാരത്തിന്റെ സംഭവചക്രവാളം പല കാരണങ്ങളെക്കൊണ്ടും ശ്രദ്ധേയമാണ്‌. ആധുനികയന്ത്രങ്ങൾ ഉപയോഗിച്ച് പ്രപഞ്ചത്തിലെ തമോദ്വാരങ്ങളുടെ അസ്തിത്വം കണ്ടെത്താനുള്ള യഥാർത്ഥസാദ്ധ്യതകൾ മനുഷ്യനു ലഭ്യമാണു്. തമോദ്വാരം അതിന്റെ ചുറ്റുപാടുനിന്നും പദാർത്ഥങ്ങളെ വലിച്ചെടുക്കുന്നു എന്ന അനുമാനം ഇത്തരം നിരീക്ഷണങ്ങൾക്കു് സാധൂകരിക്കാൻ കഴിയും. ദ്രവ്യം സംഭവചക്രവാളത്തെ കടന്നുപോകുന്നത് ഗോചരമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഇത്തരം സാഹചര്യം വഴിയൊരുക്കുന്നു. വിശിഷ്ട ആപേക്ഷികതയനുസരിച്ചുള്ള തമോദ്വാരങ്ങളുടെ വിവരണം സാങ്കൽ‌പ്പികമോ ഏകദേശമോ ആയ ചിന്താപരീക്ഷണങ്ങൾ എന്നതിലുപരി, തെളിയിക്കാവുന്ന പ്രായോഗികവസ്തുതകളായി മാറ്റാൻ ഈ ആശയം വഴി വെയ്ക്കും. സംഭവചക്രവാളം കടക്കുമ്പോൾ സംഭവിക്കുന്ന ക്വാണ്ടം വ്യത്യാസങ്ങൾ സവിശേഷമായ ഗുരുത്വപ്രതിഭാസങ്ങളായി പ്രകടിപ്പിക്കപ്പെടുമെന്നു് കരുതപ്പെടുന്നു.

തമോദ്വാരത്തിന്റെ സംഭവചക്രവാളം പ്രായോഗികനിരീക്ഷണങ്ങളിലൂടെ അനുഭവവേദ്യമാക്കുന്നതു് വിശിഷ്ട ആപേക്ഷികതയുടെ കൂടുതൽ വിശദമായ പഠനത്തിനും വികാസത്തിനും സാദ്ധ്യതയൊരുക്കുമെന്നു് ഊർജ്ജതന്ത്രജ്ഞർ പ്രത്യാശിക്കുന്നു.

വീക്ഷണ പ്രപഞ്ചത്തിന്റെ സംഭവചക്രവാളം[തിരുത്തുക]

വീക്ഷിക്കാൻ സാധ്യമാകുന്ന ഈ പ്രപഞ്ചത്തിലെ കണികകളുടെ ചക്രവാളം എന്ന് പറയുന്നത് നിലവിൽ വീക്ഷണവിധേയമാക്കാൻ സാധിക്കുന്ന പ്രപഞ്ചത്തിലെ പരമാവധി ദൂരമാണ്‌. ഈ ദൂരത്തിനപ്പുറം സംഭവിക്കുന്ന കാര്യങ്ങൾ നമ്മുക്ക് നിരീക്ഷിക്കുവാൻ സാധിക്കില്ല കാരണം അതിനപ്പുറമുള്ള പ്രകാശത്തിന് നമ്മുടെ അടുത്തെത്തുവാനുള്ളത്ര സമയം കടന്നുപോയിട്ടില്ല, ആ പ്രകാശം പ്രപഞ്ചോല്പത്തിയുടെ സമയത്ത് ഉൽസർജ്ജിക്കപ്പെട്ടതാണെങ്കിൽപ്പോലും. കണികാചക്രവാളത്തിന്റെ വികാസം പ്രപഞ്ചവികാസത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചവികാസത്തിന്റെ സ്വഭാവം എന്തുതന്നെയായിരുന്നാലും ഒരിക്കലും വീക്ഷണവിധേയമാക്കാൻ സാധിക്കാത്ത പ്രപഞ്ചത്തിന്റെ ഭാഗങ്ങളുണ്ട്, വീക്ഷകൻ അതിനപ്പുറമുള്ള പ്രകാശത്തെ എത്രതന്നെ കാത്തിരുന്നാലും ശരി, ഇതിനപ്പുറമുള്ള സംഭവങ്ങൾ ഒരിക്കലും വീക്ഷിക്കുക സാധ്യമല്ലാത്ത ഈ പരിതി കണികാചക്രവാളത്തിന്റെ അതിർത്തിയുടെ പരമാവധി ദൂരം സൂചിപ്പിക്കുന്നു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സംഭവചക്രവാളം&oldid=1696111" എന്ന താളിൽനിന്ന് ശേഖരിച്ചത്