ശ്രീപദ് അമൃത് ഡാങ്കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. എ. ഡാങ്കെ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിൽ പ്രമുഖനാണ് ശ്രീപദ് അമൃത് ഡാങ്കെ എന്ന എസ്.എ. ഡാങ്കെ(10 ഒക്ടോബർ 1899 - 23 മേയ് 1991).ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെയും സമുന്നതനായ നേതാവും ഉജ്ജ്വല വാഗ്മിയും മികച്ച പാർലമെന്റേറിയനുമായിരുന്നു ഡാങ്കെ. 1962 മുതൽ 1978 വരെ സി.പി.ഐ.യുടെ ചെയർമാനായിരുന്നു ഡാങ്കെ. കോൺഗ്രസ് പക്ഷപാതിത്വത്തിന്റെ പേരിൽ 1981-ൽ സി.പി.ഐ.യിൽ നിന്ന് പുറത്താക്കപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

1899 ഒക്ടോബർ 10 ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ സ്വാതന്ത്ര്യ സമരത്തിലേക്കു് ആകൃഷ്ടനായി. 1917ൽ ബോംബെയിലെ വിൽസൺ കോളേജിൽ ചേർന്നു. ദി യംഗ് കോളേജിയറ്റ് എന്ന പേരിലാരംഭിച്ച മാസിക ശ്രദ്ധ പിടിച്ചു പറ്റി. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പെ ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തുചാടി.[1] 1921 ൽ ലെനിനും ഗാന്ധിയും എന്ന ആദ്യ കൃതി പ്രസിദ്ധപ്പെടുത്തി. ആർ.വി.ലോട്ട്വാല എന്ന ലക്ഷ പ്രഭുവിന്റെ സഹായത്തോടെ മാർക്സിസ്റ്റ് സ്റ്റഡി ഗ്രൂപ്പുകൾ സംഘടിപ്പിച്ചു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചതോടെ സോഷ്യലിസ്റ്റ് എന്ന വാരിക ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമിതാണെന്ന് കരുതപ്പെടുന്നു. പതിനാറ് വർഷത്തോളം ജയിൽ വാസം അനുഭവിച്ചു. 1949 ൽ മിലാനിൽ ചേർന്ന ഡബ്ലിയു.എഫ്.ടി.യു കോൺഗ്രസ്സ് അതിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.1957 ൽ ബോംബെ സംസ്ഥാനത്തുനിന്നും രണ്ടാം ലോകസഭയിലേക്കും 1967 ൽ ബോംബെ (സെൻട്രൽ)യിൽ നിന്നും നാലാം ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.[2]

സി.പി.ഐ യുടെ രണ്ടാം പാർട്ടി കോൺഗ്രസ്സിനെത്തുടർന്ന് ഉടലെടുത്ത അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡാങ്കെ ഉൾപ്പെടെ നാലംഗ പ്രതിനിധി സംഘം മോസ്കോയിലേക്ക് പോയി. തിരിച്ചു വന്ന സംഘത്തിന്റെ നേതൃത്ത്വത്തിൽ 1951 ൽ കൽക്കത്തയിൽ ചേർന്ന പ്രത്യേക സമ്മേളനം അജയഘോഷിനെ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡാങ്കെയെ പോളിറ്റ് ബ്യൂറോയിലേക്കും കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

1953 ൽ മധുരയിൽ ചേർന്ന മൂന്നാം കോൺഗ്രസ്സിലും രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അടുത്ത പാർട്ടി കോൺഗ്രസ്സായപ്പോഴേക്കും ഔദ്യോഗിക പ്രമേയത്തിനെതിരെ ബദൽ പ്രമേയം അവതരിപ്പിക്കപ്പെട്ടു.ആ പ്രമേയത്തിന് പ്രതിനിധികളുടെ മൂന്നിലൊന്ന് വോട്ടും കിട്ടി. കോൺഗ്രസ്സിനോടും അതിന്റെ നേതൃത്ത്വത്തിലുള്ള ഗവൺമെന്റിനോടും സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ചായിരുന്നു അഭിപ്രായ വ്യത്യാസം.കോൺഗ്രസ്സ് കക്ഷിയോടും അതിന്റെ നേതൃത്ത്വത്തിലുള്ള ഗവൺമെന്റിനോടും വിട്ടു വീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളണമെന്നു ഒരു വിഭാഗം വാദിച്ചു.കോൺഗ്രസ്സുമായി അനുരഞ്ജനത്തിനു വേണ്ടി മറ്റൊരു വിഭാഗവും രംഗത്തു വന്നു. ഡാങ്കെയായിരുന്നു അവരുടെ നേതാവ്. മരണം വരെ ആ നിലപാട് അദ്ദേഹം തുടർന്നു.

അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്[തിരുത്തുക]

ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന. എ.ഐ.ടി.യു.സി.യുടെ സ്ഥാപകനേതാക്കളിലൊരാളായ എസ്.എ. ഡാങ്കേയാണ്ഏറ്റവും ദീർഘകാലം സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചത്. 1954 മുതൽ 1980 വരെ ഇദ്ദേഹം തുടർച്ചയായി പ്രസിഡന്റായോ ജനറൽ സെക്രട്ടറിയായോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1920-കളുടെ രണ്ടാംപകുതിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷ-കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ രൂപംകൊണ്ടു. ഈ ഗ്രൂപ്പുകൾ 1927-ൽ 'വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർട്ടീസ്' എന്ന പേരിൽ സംഘടിച്ചു. എസ്.എ. ഡാങ്കെ, മുസഫർ അഹമ്മദ്, പി.സി. ജോഷി തുടങ്ങിയവരാണ് ഇതിനു നേതൃത്വം നൽകിയത്. 1928 ആകുമ്പോഴേക്കും എ.ഐ.ടി.യു.സി.യിൽ കമ്യൂണിസ്റ്റ് സ്വാധീനം ശക്തമായി. ഇതേവർഷം ബോംബെയിൽ നടന്ന തുണിമിൽ തൊഴിലാളി സമരത്തെത്തുടർന്ന്, കമ്യൂണിസ്റ്റു നിയന്ത്രണത്തിലുണ്ടായിരുന്ന ഗിർനി കാംകർ യൂണിയന്റെ, സ്വാധീനം നിർണായകമായി. റെയിൽവെ, ചണമില്ലുകൾ, മുനിസിപ്പാലിറ്റികൾ, പേപ്പർമില്ലുകൾ, ഓയിൽ കമ്പനികൾ തുടങ്ങിയ വിവിധ മേഖലകളിൽ കമ്യൂണിസ്റ്റു തൊഴിലാളി യൂണിയനുകൾ രൂപംകൊണ്ടു. ഈ പശ്ചാത്തലത്തിലാണ് 1928-ലെ വാർഷിക സമ്മേളനത്തിൽ വച്ച് എ.ഐ.ടി.യു.സി.യുടെ നിയന്ത്രണം കമ്യൂണിസ്റ്റുകാരുടെ കൈകളിലെത്തുന്നത്. ഈ കാലഘട്ടത്തിൽ മിതവാദികളുടെ എതിർപ്പുണ്ടായിട്ടും കമ്യൂണിസ്റ്റുകാർ ചില പ്രമേയങ്ങൾ പാസ്സാക്കി. സാമ്രാജ്യത്വവിരുദ്ധ ലീഗ് (League against Imperialism ) പാൻപസിഫിക് ട്രേഡ് യൂണിയൻ സെക്രട്ടേറിയറ്റ് (Pan Pacific Trade Union Secretariat) ഗ്രേറ്റ് ബ്രിട്ടനിലെ വർക്കേഴ്സ് വെൽഫെയർ ലീഗ് ഒഫ് ഇന്ത്യ (Workers Welfare League of India in Great Britain) എന്നിവയുമായി സഖ്യമുണ്ടാക്കുകയായിരുന്നു പ്രധാന പ്രമേയങ്ങളുടെ ലക്ഷ്യം. മിതവാദികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന്, വി.വി. ഗിരി, ചമൻ ലാൽ, എൻ.എം. ജോഷി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ട്രേഡ് യൂണിയൻ ഫെഡറേഷൻ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. എന്നാൽ, കരിനിയമങ്ങളിലൂടെയും അടിച്ചമർത്തലിലൂടെയും തൊഴിലാളിപ്രസ്ഥാനത്തെ തകർക്കുന്ന സമീപനമാണ് ബ്രിട്ടിഷ് ഭരണാധികാരികൾ സ്വീകരിച്ചത്. 'പബ്ളിക് സേഫ്റ്റി ആക്ട്', 'ട്രേഡ് ഡിസ്പ്യൂട്ട്സ് ആക്ട്' തുടങ്ങിയ നിയമങ്ങളുടെ മറവിൽ ആയിരക്കണക്കിന് തൊഴിലാളി നേതാക്കളെ അറസ്റ്റുചെയ്തു. മാത്രവുമല്ല, മീററ്റ് ഗൂഢാലോചനാ കേസ്സിൽ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തുകയും ചെയ്തു. 1929-ൽ തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ച് പഠിക്കാൻ 'റോയൽകമ്മിഷ'നെ നിയമിച്ച ഗവ. ഒരു വിഭാഗം നേതാക്കളെ പ്രീണിപ്പിക്കാനും ശ്രമിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തിൽ മാത്രമല്ല തൊഴിലാളിരംഗത്തും കമ്യൂണിസ്റ്റുകാർ ഒറ്റപ്പെടുന്നതിനിടയാക്കി. 1931-ലെ സമ്മേളനം കമ്യൂണിസ്റ്റുകാരെ എ.ഐ.ടി.യു.സി. നേതൃത്വത്തിൽനിന്ന് ഏതാണ്ട് പൂർണമായി ഒഴിവാക്കി. 1935-ൽ കമ്യൂണിസ്റ്റുകാർ വീണ്ടും എ.ഐ.ടി.യു.സി.യിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. നെഹ്രുവിന്റെയും സുഭാഷ്ചന്ദ്രബോസിന്റെയും പിന്തുണ ലഭിച്ച കമ്യൂണിസ്റ്റു-ഇടതുപക്ഷ വിഭാഗങ്ങൾക്ക് ക്രമേണ തൊഴിലാളി രംഗത്തും സ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞു. 1937-ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ എ.ഐ.ടി.യു.സി. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

1945-ൽ സംഘടനയുടെ ഭരണഘടന പരിഷ്കരിച്ചു. ഒരു സോഷ്യലിസ്റ്റുരാഷ്ട്രം കെട്ടിപ്പടുക്കുക, ഉത്പാദനം വിതരണം കൈമാറ്റം എന്നിവ ദേശസാത്കരിക്കുക, തുടങ്ങിയവ സംഘടനയുടെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നു. രാഷ്ട്രീയോദ്ദേശ്യങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചുവന്നത്. തൊഴിലാളിവർഗത്തിന്റെ സാമ്പത്തിക സാമൂഹികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസം, പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, പ്രകടനങ്ങൾ എന്നീ മാർഗങ്ങളിലൂടെയും പണിമുടക്കും മറ്റു സമരമുറകളും ഉപയോഗിച്ചും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. വർഗസമരത്തിനുള്ള ഒരു വേദിയാണ് തൊഴിൽസംഘടനയെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വർഗസമരം, തൊഴിലാളിവർഗ സ്വേച്ഛാധിപത്യം എന്നിവയ്ക്ക് വളരെ പ്രാധാന്യം നല്കിക്കൊണ്ടാണ് ഭരണഘടന പുതുക്കിയത്.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ, എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ സജീവമായി. 1945-47 കാലഘട്ടത്തിൽ നിർണായകമായ പല പ്രക്ഷോഭങ്ങളിലും സംഘടന പങ്കെടുത്തു. കൽക്കട്ടയിൽ ഐ.എൻ.എ. വിചാരണ പ്രശ്നത്തിലും ബോംബെയിലെ നാവിക കലാപത്തിലും എ.ഐ.ടി.യു.സി. സജീവമായി ഇടപെട്ടിരുന്നു. 1946 ഫെബ്രുവരി 22-ന് മൂന്നു ലക്ഷം തൊഴിലാളികളാണ് നാവികകലാപത്തെ പിന്തുണച്ചുകൊണ്ട് പണിമുടക്കി പ്രകടനം നടത്തിയത്.

1947 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ നടന്ന വാർഷികസമ്മേളനത്തിൽ ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘത്തിലെ അംഗങ്ങൾ എ.ഐ.ടി.യു.സി.യിൽ നുഴഞ്ഞു കയറാനും, അതിന്റെ നിയന്ത്രണം കൈക്കലാക്കാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. കോൺഗ്രസ് ഗവൺമെന്റിന്റെ നയങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസ്സാക്കിയെടുക്കാനാണ് അവർ ശ്രമിച്ചത്. അതിനെത്തുടർന്ന് 1947 മേയിൽ ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘവും കോൺഗ്രസ് കക്ഷിയും ചേർന്ന് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപവത്കരിച്ചു. കോൺഗ്രസ് കക്ഷിയുടെ താത്പര്യങ്ങൾക്കും രാഷ്ട്രതാത്പര്യങ്ങൾക്കും എതിരാണ് എ.ഐ.ടി.യു.സി. എന്ന് ഗുൽസാരിലാൽ നന്ദയും സർദാർ പട്ടേലും പ്രസ്താവിച്ചു.

പ്രധാന കൃതികൾ[തിരുത്തുക]

  • ലെനിനും ഗാന്ധിയും
  • ഇന്ത്യ : പ്രാകൃത കമ്മ്യൂണിസം മുതൽ അടിമത്തം വരെ
  • ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനം
  • ട്രേഡ് യൂണിയൻ ഐക്യത്തിന്റെ പല പ്രശ്നങ്ങൾ
  • രണ്ട് കുത്തിത്തിരിപ്പുകളെയും പരാജയപ്പെടുത്തുക

വിവാദങ്ങൾ[തിരുത്തുക]

കാൻപൂർ ഗൂഢാലോചനാക്കേസിലെ പ്രതിയാക്കി ഗവൺമെന്റ് അറസ്റ്റ് ചെയ്തു. കോടതി നാലു വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചു. ജയിലിൽ നിന്ന് പുറത്തു വരാൻ ഡാങ്കെ ബ്രിട്ടീഷ് അധികൃതരുമായി കത്തിടപാടു നടത്തുകയും മോചനത്തിന് പ്രതിഫലമായി ബ്രിട്ടീഷ് ഗവൺമെന്റിനു വേണ്ടി ചാരപ്രവർത്തനം നടത്താമെന്ന് ഉറപ്പു നൽകുകയും ചെയ്ത രേഖകൾ കണ്ടെടുത്തിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ പഥികർ സി. ഭാസ്കരൻ, ചിന്ത പബ്ളിഷേഴ്സ് 2002
  2. http://164.100.47.132/LssNew/biodata_1_12/1151.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-14.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീപദ്_അമൃത്_ഡാങ്കെ&oldid=3792113" എന്ന താളിൽനിന്ന് ശേഖരിച്ചത്