ശോഭന ഭാരതീയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശോഭന ഭാരതീയ
ജനനം 1957
തൊഴിൽ വ്യവസായ സംരംഭക
കാലയളവ് 2006 - 2012
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
മാതാപിതാക്കൾ കൃഷ്ണ കുമാർ ബിർള

ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമശൃംഖലയായ ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റോറിയൽ ഡയറക്റ്ററും ചെയർപെഴ്സസണുമാണ് ശോഭന ഭാരതീയ (ജനനം: 1957). ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ (ബിറ്റ്സ്, പിലാനി) പ്രോ ചാൻസലറായും പ്രവർത്തിക്കുന്നു. ഒരു കോൺഗ്രസ് അനുഭാവിയായ ശോഭന 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2016-ൽ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച കരുത്തരായ വനിതകളുടെ പട്ടികയിൽ 93-ആമതെത്തിയിരുന്നു[1].

ആദ്യകാല ജീവിതം[തിരുത്തുക]

പ്രമുഖ വ്യവസായിയായ കൃഷ്ണകുമാർ ബിർളയുടെയും മനോരമാ ദേവിയുടെയും മകളായി 1957-ൽ ജനിച്ചു. കൊൽക്കത്തയിലെ ലൊറെറ്റോ ഹൗസിലായിരുന്നു സ്കൂൾ വിദ്യഭ്യാസം.[2] കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തു[3].

മാധ്യമരംഗത്ത്[തിരുത്തുക]

1986-ൽ ഹിന്ദുസ്ഥാൻ ടൈംസിൽ എക്സിക്യൂട്ടീവ് ഡയറക്റ്ററായി പ്രവേശിച്ചു. ഒരു ദേശീയ ദിനപ്പത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്റർ പദവി അലങ്കരിച്ച ആദ്യ ഇന്ത്യൻ വനിതയായിരുന്നു ശോഭന, ഒരുപക്ഷേ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. പത്രത്തിന്റെ രൂപമാറ്റത്തിലും പുതുമ നിലനിർത്തുന്നതിലും അവർ ക്രിയാത്മകമായ പങ്ക് വഹിച്ചു. .[4] ശോഭനയുടെ നേതൃത്വത്തിൽ 2005 സെപ്റ്റംബറിൽ എച്ച്.ടി ഗ്രൂപ്പ് ഓഹരിവിപണിയിൽ പബ്ലിക് ഇക്വിറ്റി വിതരണത്തിലൂടെ 4 ബില്യൺ രൂപയോളം സമാഹരിച്ചു [5]. 1996-ലെ വേൾഡ് എക്കണോമിക് ഫോറം ശോഭനയെ ‘’ഗ്ലോബൽ ലീഡർ ഓഫ് ടുമോറോ’’ എന്ന ബഹുമതി നൽകി ആദരിച്ചു. 2001-ലെ ഔട്ട്സ്റ്റാൻഡിംഗ് ബിസിനസ്സ് വുമൺ, 1992-ലെ നാഷണൽ പ്രസ്സ് ഇന്ത്യ അവാർഡ്, 2007-ൽ കോർപ്പറേറ്റ് എക്സലൻസ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. 2005-ൽ പദ്മശ്രീ പുരസ്ക്കാരം നൽകി രാജ്യം ഇവരെ ആദരിച്ചു.[6] 2016-ൽ ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഡി ഓണർ (Officer of the National Order of the Legion of Honour) നേടി.[7]

രാഷ്ട്രീയത്തിൽ[തിരുത്തുക]

2006-ൽ യു.പി.എ-യുടെ നാമനിർദ്ദേശം വഴി രാജ്യസഭയിലെത്തി. [8] എന്നാൽ ശോഭന ഭാരതീയ ഒരു പത്രപ്രവർത്തകയല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയോട് അടുപ്പം പുലർത്തുന്ന ഒരു മാധ്യമ മുതലാളി മാത്രമാണെന്നും അതിനാൽ രാജ്യസഭാ സീറ്റിന് അർഹയല്ലെന്നും കാണിച്ച് നൽകപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. [9] 2006-ൽ ശൈശവ വിവാഹത്തിനെതിരേ പാർലമെന്റിൽ അവർ ബില്ലവതരിപ്പിച്ചു. [10]

വ്യക്തി ജീവിതം[തിരുത്തുക]

ഭർത്താവ് ശ്യാംസുന്ദർ ഭാരതീയ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജൂബിലന്റ് ലൈഫ് സയൻസ് ലിമിറ്റഡിന്റെ ചെയർമാനാണ്. [11]. ഇവരുടെ മകനായ ഷമിത് ഭാരതീയ, ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു ഡയറക്റ്ററാണ്. ധീരുഭായി അംബാനിയുടെ ചെറുമകളായ നയൻതാരാ കോത്താരിയാണ് മരുമകൾ.

അവലംബം[തിരുത്തുക]

  1. "World's Most Powerful Women". Forbes. ശേഖരിച്ചത് 2016-06-07. 
  2. Naazneen Karmali (28 August 2008). "Paper Tigress". Forbes. ശേഖരിച്ചത് 6 March 2012. 
  3. HT Media Group Prospectus 2005-08-12
  4. Pradyuman Maheshwari (20 April 2003). "Top 50 power points in the media". Mid Day. 
  5. "HT Media debuts on BSE at Rs 685". The Hindu Business Line. 2 September 2005. ശേഖരിച്ചത് 19 June 2007. 
  6. "Padma Awards". Ministry of Home Affairs, Government of India. 2015. ശേഖരിച്ചത് July 21, 2015. 
  7. ഹിന്ദുസ്ഥാൻ ടൈംസ്, ഡിസംബർ 15, 2016
  8. "Nominated to Rajya Sabha". The Hindu. 18 February 2006. ശേഖരിച്ചത് 19 June 2007. 
  9. Legal Correspondent (29 April 2006). "Plea against nomination to Rajya Sabha rejected". The Hindu. ശേഖരിച്ചത് 19 June 2007. 
  10. "The Child Marriage (Abolition) and Miscellaneous Provisions Bill, 2006" (PDF). Parliament of India, Rajya Sabha. December 2006. 
  11. Bhupesh Bhandari (27 December 2005). "Hari Bhartia's mantra for success: The Rediff Interview/Hari Bhartia, MD, Jubilant Organosys". rediff.com. ശേഖരിച്ചത് 19 June 2006. 
"https://ml.wikipedia.org/w/index.php?title=ശോഭന_ഭാരതീയ&oldid=2513514" എന്ന താളിൽനിന്നു ശേഖരിച്ചത്