ശബ്ദദീപ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകകുമിളാ ശബ്ദദീപ്തി - പരീക്ഷണം.
ശബ്ദദീപ്തി പരീക്ഷണത്തിന്റെ വീഡിയോ
ബഹുകുമിളാ ശബ്ദദീപ്തിയുടെ ചിത്രം. ദീർഘനേരത്തെ എക്സ്പോഷനുശേഷം കിട്ടിയത്.

ഉന്നത ആവൃത്തിയുള്ള അൾട്രാശബ്ദങ്ങൾ ചില ദ്രാവങ്ങളിലൂടെ കടത്തിവിടുമ്പോൾ ദ്രാവകത്തിൽ അതിസൂക്ഷ്മമായ കുമിളകൾ സൃഷ്ടിക്കപ്പെടുകയും അതിൽനിന്നും പ്രകാശസ്പന്ദങ്ങൾ പുറപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സോണോ ലൂമിനസൻസ് അഥവാ ശബ്ദദീപ്തി. ഏകദേശം ഒരു മൈക്രോമീറ്റർ അഥവാ ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നുമാത്രമാണ് ഈ കുമിളയുടെ വലിപ്പം. ഈ കുമിളയുടെ ഉപരിതലതാപനില 5000കെൽവിൻവരെ ഉയരും എന്നതാണ് ശബ്ദദീപ്തിയെ ആകർഷകമാക്കുന്നത്. ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമായി ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല.

ചരിത്രം[തിരുത്തുക]

1934ൽ തികച്ചും അവിചാരിതമായാണ് ശബ്ദദീപ്തി കണ്ടെത്തുന്നത്. ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുള്ള റഡാർഗവേഷണങ്ങൾക്കിടയിലാണ് കൊളോൺ സർവ്വകലാശാലയിലെ എച്ച് ഫ്രണലും എച്ച് ഷൽറ്റ്സും ശബ്ദദീപ്തി നിരീക്ഷിച്ചത്. ഫോട്ടോ ഡവലപ്പ് ചെയ്യുന്നതിന്റെ വേഗത കൂട്ടാൻ കഴിയുമോ എന്നു പരീക്ഷിക്കുകയായിരുന്നു അവർ. ഡവലപ്പ് ചെയ്ത ഫോട്ടോയിൽ കണ്ട ചെറിയ പൊട്ടുകളാണ് കൂടുതൽ ഗവേഷണങ്ങൾക്ക് അവരെ പ്രേരിപ്പിച്ചത്. അൾട്രാശബ്ദം ദ്രാവത്തിലൂടെ കടന്നുപോയപ്പോൾ അതിലുണ്ടായ കുമിളകളിൽനിന്നാണ് ഈ പ്രകാശം വന്നതെന്ന് അവർ കണ്ടെത്തി.

ഏകകുമിളാ ശബ്ദദീപ്തി[തിരുത്തുക]

1989ൽ ഫെലിപ്പ് ഗേയ്റ്റണും ലോറൻസ് ക്രെമും ചേർന്നാണ് ഏകകുമിളാ ശബ്ദദീപ്തി(Single Bubble SonoLuminescence - SBSL) കണ്ടെത്തുന്നത്. പ്രകാശംപൊഴിക്കുന്ന ഒരു കുമിളയെ മാത്രം നിരീക്ഷിക്കാനുതകുന്ന സംവിധാനമാണിത്. ശബ്ദതരംഗങ്ങൾ കടന്നുപോകുമ്പോൾ കുമിളകൾ പെട്ടെന്നുസങ്കോചിക്കുകയും അതിൽനിന്നും പ്രകാശം പുറത്തുവരികയുമാണ് ചെയ്യുക. ഏതാനും പൈക്കോസെക്കന്റ് നേരത്തേക്കുമാത്രമാണ് പ്രകാശം പുറത്തുവരുന്നത്. ശബ്ദത്തിന്റെ ആവർത്തിക്കനുസരിച്ച് കൃത്യമായ ഇടവേളകളിൽ ഒരു കുമിളയിൽനിന്നുതന്നെ പ്രകാശം പുറത്തുവരുന്നതു നിരീക്ഷിക്കാം എന്നതാണ് ഏകകുമിളാശബ്ദദീപ്തിയുടെ ഗുണം. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് ഇന്നും പ്രധാനമായും ഉപയോഗിക്കുന്ന രീതിയാണിത്.

കുമിളക്കുള്ളിലെ താപനില[തിരുത്തുക]

ഏകകുമിളാ ശബ്ദദീപ്തിയിൽനിന്നും പുറത്തുവരുന്ന പ്രകാശത്തെ സ്പെക്ട്രോസ്കോപ്പിക് പഠനങ്ങൾക്കു വിധേയമാക്കിയാണ് അതിനുള്ളിലെ താപനില അളന്നത്. ഏകദേശം 5000കെൽവിനാണ് കുമിളയ്ക്കുള്ളിലെ താപനില. സൂര്യന്റെ ഉപരിതലതാപനിലയും ഇതുതന്നെയാണ്. ഉപയോഗിക്കുന്ന ദ്രാവകത്തിനും പ്രയോഗിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിക്കും അനുസരിച്ച് താപനിലയും വ്യത്യാസപ്പെടുന്നുണ്ട്.

കോൾഡ് ഫ്യൂഷനും വിവാദവും[തിരുത്തുക]

കുമിളയുടെ കേന്ദ്രത്തിലെ താപനില ഒരു കോടി കെൽവിൻവരെ ഉയരാം എന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. ന്യൂക്ലിയാർ ഫ്യൂഷൻ നടക്കാവുന്ന താപനിലയാണിത്. 2002 മാർച്ച് 8ലെ ജേർണൽ സയൻസിൽവന്ന റിപ്പോർട്ടിൽ ശബ്ദദിപ്തി ഉപയോഗിച്ച് ന്യുക്ലിയാർ ഫ്യൂഷൻ നടത്താം എന്നു പറഞ്ഞിരുന്നു. റൂസി പി ടാലിയർഖാൻ എന്നയാളായിരുന്നു ഈ അവകാശവാദം നടത്തിയത്. 2004ൽ നടത്തിയ പരീക്ഷണം ഈ അവകാശവാദത്തെ സാധൂകരിക്കുകയും ചെയ്തു. എന്നാൽ 2005ൽ ബി ബി സിയുടെ ന്യൂഹൊറൈസൻ പരിപാടിക്കുവേണ്ടി നടത്തിയ പ്രദർശനം പരാജയമായിരുന്നു. പിന്നീട് ഈ അവകാശവാദം വ്യാജമായിരുന്നു എന്നു തെളിഞ്ഞു. റൂസി ടാലിയർഖാന്റെ പ്രൊഫസർഷിപ്പ് എടുത്തുകളയുകയും തുടർന്നുള്ള ഗവേഷണങ്ങൾക്കുള്ള ഫണ്ടിങിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. കുമിളയ്ക്കുള്ളിലെ അത്ഭുതങ്ങൾ തേടി, ശാസ്ത്രകേരളം ഡിസംബർ 2005
"https://ml.wikipedia.org/w/index.php?title=ശബ്ദദീപ്തി&oldid=3091614" എന്ന താളിൽനിന്ന് ശേഖരിച്ചത്