വൈഡ്-ആംഗിൾ ലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനപ്രിയമായ കാനൺ വൈഡ് ആംഗിൾ ലെൻസുകളിൽ ഒന്ന് (17-40 എംഎം എഫ്/4 എൽ റെട്രോഫോക്കസ് സൂം ലെൻസ്)
ഐറിക്സ് ബ്ലാക്ക്സ്റ്റോൺ 15 എംഎം, ഫുൾ ഫ്രെയിം ക്യാമറകൾക്കായുള്ള ആധുനിക വൈഡ് ആംഗിൾ ലെൻസ്.
ഫോക്കൽ ലെങ്ത് ഫോട്ടോ കോമ്പോസിഷനെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന മൂന്ന് ചിത്രങ്ങൾ. ഒരേ സ്ഥാനങ്ങളിൽ ഉള്ള രണ്ട് വസ്തുക്കളെ ചിത്രീകരിക്കുന്നു. ഫോക്കൽ ലെങ്ത് മാറ്റുന്നതിലൂടെയും, പിങ്ക് കുപ്പിയിൽ നിന്ന് ക്യാമറയുടെ ദൂരം ക്രമീകരിക്കുന്നതിലൂടെയും പിങ്ക് കുപ്പി ചിത്രത്തിൽ അതേ വലുപ്പത്തിൽ തന്നെ തുടരുന്നു, അതേസമയം നീല കുപ്പിയുടെ വലുപ്പം ഗണ്യമായി മാറുന്നതായി തോന്നുന്നു. ചെറിയ ഫോക്കൽ ലെങ്തിൽ, കൂടുതൽ കാര്യങ്ങൾ ഫീൽഡിലേക്ക് വരുന്നുണ്ട് എന്നതും ശ്രദ്ധിക്കുക.

ഫോട്ടോഗ്രാഫിയിലും സിനിമാറ്റോഗ്രഫിയിലും ഒരു നോർമൽ ലെൻസ് (ഒരു നിരീക്ഷകന് "സ്വാഭാവികം" എന്ന് തോന്നിപ്പിക്കുന്ന ഒരു ഫീൽഡ് ഓഫ് വ്യൂ പുനർനിർമ്മിക്കുന്ന ലെൻസാണ് നോർമൽ ലെൻസ് എന്നറിയപ്പെടുന്നത്) കൊണ്ട് എടുക്കാവുന്നതിലും കൂടുതൽ വിസ്താരത്തിൽ രംഗങ്ങൾ പകർത്താൻ സഹായിക്കുന്ന തരത്തിലുള്ള ലെൻസ് ആണ് വൈഡ് ആംഗിൾ ലെൻസ് എന്ന് അറിയപ്പെടുന്നത്. നോർമൽ ലെൻസിന്റെ ഫോക്കൽ ലെങ്തിനേക്കാൾ ഗണ്യമായി ചെറുതായിരിക്കും വൈഡ് ആംഗിൾ ലെൻസുകളുടെ ഫോക്കൽ ലെങ്ത്. ഇത്തരം ലെൻസുകൾ വാസ്തുവിദ്യ, ഇന്റീരിയർ ഫോട്ടോഗ്രഫി, ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രഫി എന്നിവയിൽ കൂടുതൽ ഉപയോഗപ്രദമാണ്.

മുന്നിലും പശ്ചാത്തലത്തിലുമുള്ള വസ്തുക്കൾ തമ്മിലുള്ള വലുപ്പ വ്യത്യാസവും, ദൂരത്തിലുള്ള വ്യത്യാസവും സൂചിപ്പിക്കണമെന്ന് വരുകിലും ഇത്തരം ലെൻസുകൾ ഉപയോഗപ്രദമാണ്. വൈഡ് ആംഗിൾ ലെൻസ് ഉപയോഗിച്ചാൽ അടുത്തുള്ളവ വലുതായും, അകലത്തിലുള്ള വസ്തുക്കൾ ചെറുതും കൂടുതൽ അകലെയുമായുമാണ് കാണപ്പെടുന്നത്.

വലുപ്പത്തിന്റെ ഈ വ്യത്യാസം വിപുലമായ പശ്ചാത്തലങ്ങളുള്ള ചിത്രം പകർ‌ത്തുന്നതിനിടയിൽ മുന്നിൽ ഉള്ള‌ വസ്തുക്കളെ കൂടുതൽ‌ പ്രാധാന്യമുള്ളതും ശ്രദ്ധേയവുമാക്കുന്നതിന് ഉപയോഗിക്കാം.[1]

ഒരേ ഫോക്കൽ ലെങ്ത് ഉള്ള സ്റ്റാൻഡേർഡ് ഡിസൈൻ ലെൻസ് പ്രൊജക്റ്റ് ചെയ്യുന്നതിനേക്കാൾ വലിയ ഇമേജ് സർക്കിൾ പ്രൊജക്റ്റ് ചെയ്യുന്ന ഒന്നാണ് വൈഡ് ആംഗിൾ ലെൻസ്. ഈ വലിയ ഇമേജ് സർക്കിൾ ഒരു വ്യൂ ക്യാമറയിൽ വലിയ ടിൽറ്റ് & ഷിഫ്റ്റ് ചലനങ്ങൾ പ്രാപ്തമാക്കുന്നു, അല്ലെങ്കിൽ വിശാലമായ കാഴ്ച മണ്ഡലം പ്രാപ്തമാക്കുന്നു.

സ്റ്റിൽ ഫോട്ടോഗ്രഫിയിൽ, ഒരു പ്രത്യേക ഫോർമാറ്റ് ക്യാമറയിൽ "നോർമൽ ലെൻസ്" എന്നത്, ഇമേജ് ഫ്രെയിമിന്റെ അല്ലെങ്കിൽ ഡിജിറ്റൽ ഫോട്ടോസെൻസറിന്റെ ഡയഗണൽ നീളത്തിന് ഏകദേശം തുല്യമായ ഫോക്കൽ ലെങ്ത് ഉള്ള ലെൻസ് ആണ്. സിനിമാറ്റോഗ്രഫിയിൽ, ഡയഗണലിന്റെ ഏകദേശം ഇരട്ടി ഫോക്കൽ ലെങ്ത് ഉള്ള ലെൻസ് "നോർമൽ" ആയി കണക്കാക്കപ്പെടുന്നു.[2]

കാഴ്ചയുടെ ആംഗിൾ[തിരുത്തുക]

64° യ്ക്കും 84° യ്ക്കും ഇടയിൽ കാഴ്ചവട്ടം ഉള്ള ലെൻസ് വൈഡ് ആംഗിൾ ആയി കണക്കാക്കുന്നു. ഇത് 35 എംഎം ഫിലിം ഫോർമാറ്റിൽ 35-24 എംഎം ലെൻസ് ആണ്.

സവിശേഷതകൾ[തിരുത്തുക]

ദൈർഘ്യമേറിയ ഫോക്കൽ ലെങ്ത് ഉള്ള ലെൻസുകൾ വസ്തുവിനെ കൂടുതൽ വലുതാക്കുന്നു. പ്രത്യക്ഷത്തിൽ വസ്തുക്കൾക്കിടയിലെ ദൂരം കുറയുകയും, ദൃശ്യത്തിന്റെ ആഴം കുറയുന്നത് കാരണം പശ്ചാത്തലം മങ്ങുകയും ചെയ്യുന്നു. അതേസമയം, വൈഡ് ആംഗിൾ ലെൻസുകൾ കൂടുതൽ ആഴത്തിലുള്ള ദൃശ്യം അനുവദിക്കുമ്പോൾ വസ്തുക്കൾ തമ്മിലുള്ള ദൂരവും കൂടുന്നു.

35 എംഎം ഫോർമാറ്റ് ക്യാമറയ്ക്കുള്ള വൈഡ് ആംഗിൾ ലെൻസുകൾ[തിരുത്തുക]

ഒരു ഫുൾ ഫ്രെയിം 35 എംഎം ക്യാമറ സെൻസർ അളവ് 36 മില്ലിമീറ്റർ X 24 മില്ലീമീറ്റർ ആണ്, ഇതിന്റെ ഡയഗണൽ അളവ് 43.3 മില്ലീമീറ്റർ ആണ്. അതിനാൽ ഇച്ഛാനുസൃതമായി, മിക്ക നിർമ്മാതാക്കളും സ്വീകരിക്കുന്ന നോർമൽ ലെൻസ് 50 എംഎം ആണ്. അതോടൊപ്പം ഫോക്കൽ ലെങ്ത് 35 മില്ലീമീറ്റർ അല്ലെങ്കിൽ അതിൽ കുറവ് ആയ ലെൻസുകൾ വൈഡ് ആംഗിൾ ആയി കണക്കാക്കുന്നു.

ഫിലിമിന്റെ അല്ലെങ്കിൽ സെൻസറിന്റെ ഹ്രസ്വ വശത്തേക്കാൾ കുറഞ്ഞ ഫോക്കൽ ലെങ്ത് ഉള്ള ലെൻസുകളെയാണ് അൾട്രാ വൈഡ് ആംഗിൾ ലെൻസുകൾ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്, 36 മില്ലിമീറ്റർ X 24 മില്ലീമീറ്റർ സെൻസർ ഉള്ള 35 എഎം ഫുൾ ഫ്രെയിം ക്യാമറകളെ സംബന്ധിച്ച്, അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നത് 24 മില്ലീമീറ്ററിനേക്കാൾ കുറഞ്ഞ ഫോക്കൽ ദൂരമുള്ള ലെൻസ് ആണ്.

റെക്റ്റിലീനിയർ ഇമേജ് സൃഷ്ടിക്കാത്ത (അതായത്, ബാരൽ ഡിസ്ടോർഷൻ ഉള്ള) അൾട്രാ വൈഡ് ആംഗിൾ ലെൻസുകളെ ഫിഷ്ഐ ലെൻസുകൾ എന്ന് വിളിക്കുന്നു. 35 മില്ലീമീറ്റർ ക്യാമറയിൽ ഇവയ്ക്കുള്ള സാധാരണ ഫോക്കൽ ദൈർഘ്യം 6 മുതൽ 8 മില്ലീമീറ്റർ വരെയാണ്. ഇത്തരം ലെൻസുകൾ വൃത്താകൃതിയിലുള്ള ചിത്രം സൃഷ്ടിക്കുന്നു. 8 മുതൽ 16 മില്ലീമീറ്റർ വരെ ഫോക്കൽ നീളമുള്ള ലെൻസുകൾ റെക്റ്റിലീനിയർ അല്ലെങ്കിൽ ഫിഷ്ഐ ഡിസൈനുകൾ ആകാം.

വൈഡ് ആംഗിൾ ലെൻസുകൾ നിശ്ചിത-ഫോക്കൽ-ലെങ്ത് ഉള്ളവയോ, സൂം ലെൻസുകളോ ആകാം. 35 എംഎം ക്യാമറകൾക്ക് റെക്റ്റിലീനിയർ ഇമേജുകൾ നിർമ്മിക്കുന്ന നിശ്ചിത-ഫോക്കൽ-ലെങ്ത് ലെൻസുകൾ 8 എംഎം വരെയുള്ളവയാണ്. 12 മില്ലിമീറ്റർ മുതൽ ആരംഭിക്കുന്ന 2:1 ശ്രേണികളുള്ള സൂം ലെൻസുകളും ഉണ്ട്.

നിർമ്മാണം[തിരുത്തുക]

ഒരു സാധാരണ ഷോർട്ട്-ഫോക്കസ് വൈഡ് ആംഗിൾ ലെൻസിന്റെ ക്രോസ്-സെക്ഷൻ.
ഒരു സാധാരണ റിട്രോഫോക്കസ് വൈഡ് ആംഗിൾ ലെൻസിന്റെ ക്രോസ്-സെക്ഷൻ.

വൈഡ് ആംഗിൾ ലെൻസിൽ, ഷോർട്ട് ഫോക്കസ് ലെൻസുകൾ, റിട്രോഫോക്കസ് ലെൻസുകൾ എന്നിങ്ങനെ രണ്ട് ഇനങ്ങൾ ഉണ്ട്. ഷോർട്ട് ഫോക്കസ് ലെൻസുകൾ സാധാരണയായി ഒന്നിലധികം ഗ്ലാസ് ഘടകങ്ങളാൽ നിർമ്മിതമാണ്, അവയുടെ ആകൃതികൾ ഡയഫ്രത്തിന് മുന്നിലും പിന്നിലും സിമട്രിക്കലാണ്. ഫോക്കൽ ലെങ്ത് കുറയുമ്പോൾ, ഫിലിം പ്ലെയിനിൽ അല്ലെങ്കിൽ ഡിജിറ്റൽ സെൻസറിൽ നിന്നുള്ള ലെൻസിന്റെ പിൻ ഘടകത്തിന്റെ ദൂരവും കുറയുന്നു. സിംഗിൾ ലെൻസ് റിഫ്ലെക്സ് ക്യാമറകൾക്ക് ഷോർട്ട് ഫോക്കസ് വൈഡ് ആംഗിൾ ലെൻസുകൾ അഭികാമ്യമല്ലാതാവുന്നത് ഇതുകൊണ്ടാണ്. വലിയ ഫോർമാറ്റ് വ്യൂ ക്യാമറകളിലും റേഞ്ച്ഫൈൻഡർ ക്യാമറകളിലും, ഷോർട്ട്-ഫോക്കസ് ലെൻസുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന് കാരണം അവയ്ക്ക് റെട്രോഫോക്കസ് രൂപകൽപ്പനയേക്കാൾ കുറഞ്ഞ ഡിസ്ടോർഷൻ മാത്രമേയുള്ളൂ എന്നതാണ്.

റിട്രോഫോക്കസ് ലെൻസ് ഈ പ്രോക്‌സിമിറ്റി പ്രശ്‌നം ഒരു അസമമായ രൂപകൽപ്പനയിലൂടെ പരിഹരിക്കുന്നു. ഇത് ലെൻസിന്റെ പിന്നിലെ ഘടകം ഫിലിം പ്ലെയിനിൽ നിന്ന് അകലെയാക്കാൻ അനുവദിക്കുന്നു. (ആൻജീനിയസ് റിട്രോഫോക്കസ് കാണുക.)

ഉദാഹരണത്തിന്, 18 മില്ലീമീറ്റർ റെട്രോഫോക്കസ് ലെൻസിന്റെ പിൻ ഘടകം ഫിലിം പ്ലെയിനിൽ നിന്ന് 25 മില്ലിമീറ്ററിൽ കൂടുതലാകുന്നത് സാധാരണമാണ്. സിംഗിൾ ലെൻസ് റിഫ്ലെക്സ് ക്യാമറകൾക്കായി വൈഡ് ആംഗിൾ ലെൻസുകൾ രൂപകൽപ്പന ചെയ്യുന്നത് ഇത് സാധ്യമാക്കുന്നു.

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. "Using wide angle lenses". Cambridge in Colour. Retrieved 27 December 2011.
  2. Anton Wilson, Anton Wilson's Cinema Workshop, American Cinematographer, 2004 (Page 100) ISBN 0-935578-26-9

പുറേത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈഡ്-ആംഗിൾ_ലെൻസ്&oldid=3454630" എന്ന താളിൽനിന്ന് ശേഖരിച്ചത്