വെങ്കിടമഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക കർണ്ണാടകസംഗീതത്തിനു അടിസ്ഥാനമായി കരുതുന്ന ചതുർദണ്ഡീപ്രകാശിക എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവാണ് വെങ്കടമഖി. ഇന്നു പരക്കെ പ്രചാരത്തിൽ ഇരിക്കുന്ന 72 മേളകർത്താരാഗപദ്ധതി വെങ്കിടമഖി അവതരിപ്പിച്ചത് ചതുർദണ്ഡീപ്രകാശികയിലൂടെ ആയിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ തഞ്ചാവൂർ രാജാവിന്റെ മന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതർ എന്ന രാജ്യതന്ത്രജ്ഞന്റെ പുത്രനാണ് വെങ്കിടമഖി. ത്വത്വചിന്തകനും, സംസ്കൃതപണ്ഡിതനും, സംഗീതജ്ഞനും ആയിരുന്ന ഗോവിന്ദ ദീക്ഷിതർ സംഗീതസുധ എന്ന പേരിൽ ഒരു സംഗീതശാസ്ത്രഗ്രന്ഥം രചിച്ചിട്ടുമുണ്ട്.

ചതുർദണ്ഡീപ്രകാശിക[തിരുത്തുക]

പ്രധാന ലേഖനം: ചതുർദണ്ഡീപ്രകാശിക

സംഗീതശാസ്ത്രസംബന്ധമായ വിഷയങ്ങളെ ചുരുക്കമായും സ്പഷ്ടമായും പ്രതിപാദിക്കുകയെന്നതാണ് ചതുർദണ്ഡീപ്രകാശിക എന്ന ഗ്രന്ഥത്തിന്റെ സ്വഭാവം. സപ്തസ്വരങ്ങളെ പതിനാറായി വിഭജിച്ച് അവയെ പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ച് അവയുടെ പരസ്പരമേളനം നിമിത്തം എഴുപത്തി രണ്ട് മേളകർത്താരാഗങ്ങളെ ചിട്ടപ്പെടുത്തി ആധുനിക മേളകർത്താജന്യരാഗപദ്ധതി ആസൂത്രണം ചെയ്തത് വെങ്കടമഖിയാണ്.

വെങ്കടമഖി 72 മേളകർത്താപദ്ധതിയുടെ ഉപജ്ഞാതാവാണെങ്കിലും അവയ്ക്കുള്ള കനകാംഗ്യാദി നാമങ്ങളോ ദീക്ഷിത സമ്പ്രദായത്തിൽ സ്വീകരിച്ചു കാണുന്ന കനകാബര്യാദി നാമങ്ങളോ അദ്ദേഹത്തിന്റേതായി കണക്കാക്കുന്നത് ശരിയല്ല. ഈ നാമങ്ങൾ പിൽക്കാലത്ത് ഉണ്ടായവയാണ്. അദ്ദേഹം നടപ്പിലുള്ളവയായി പത്തൊൻപതു മേളങ്ങളെ മാത്രമേ നിർദ്ദേശിക്കുന്നുള്ളൂ. അവയുടെ ക്രമസംഖ്യകളും നാമങ്ങളും താഴെ കൊടുക്കുന്നു. മുഖാരി (1), സാമവരാളി(3), ഭൂപാളം(8), ഹെജ്ജുജ്ജി(13), വസന്തഭൈരവി(14), ഗൌളം(15), ഭൈരവി(20), ആഹരി(21), ശ്രീരാഗം(22), കാംബോജി(28), ശങ്കരാഭരണം(29), സാമന്തം(30), ദേശാക്ഷി(35), നാട്ട(36), ശുദ്ധവരാളി(39), പന്തുവരാളി(45), ശുദ്ധനാമക്രിയ(51), സിംഹരവം(58), കല്യാണി(65)

ഇവയിൽ കടപയാദി പ്രകാരമുള്ള ആദ്യാക്ഷരങ്ങളില്ല. സാരമായ നാമവ്യത്യാസവും പലതിലുമുണ്ട്.

"https://ml.wikipedia.org/w/index.php?title=വെങ്കിടമഖി&oldid=1686221" എന്ന താളിൽനിന്നു ശേഖരിച്ചത്