വീഴുമല
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വീഴുമല (അഥവാ വീണമല) പാലക്കാട് ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക് പടിഞ്ഞാറായി നീണ്ട് കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്. ഇടതൂർന്ന വനവും ഒട്ടേറെ ഔഷധസസ്യങ്ങളും കാട്ടുജീവികളും ഉണ്ടായിരുന്ന, വനം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഈ മല കാലക്രമേണ അനധികൃത കയ്യേറ്റത്തിന് വിധേയമായി. വനം ചുരുങ്ങി ഇപ്പോൾ മൊട്ടക്കുന്നുകളും സ്വകാര്യ റബ്ബർ പ്ലാന്റേഷനും കാണാം. വീഴുമലയുടെ കിഴക്കെ അറ്റം ഉയരം കുറവും പടിഞ്ഞാറെ അറ്റം ക്രമേണ ഉയരം കൂടിയുമാണ്. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് വലിയ രണ്ട് പാറകളുണ്ട്. രണ്ട് പാറയുടെയും ഇടക്ക് ഒരു വലിയ വിടവും കാണാം.
ഐതിഹ്യം
[തിരുത്തുക]ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നീണ്ടുകിടക്കുന്ന വീഴുമലക്ക് കേട്ടുകേൾവിയുള്ള ഒരു ഐതിഹ്യമുണ്ട്.
പണ്ട് സീതാദേവിയെ രാവണന്റെ അടുക്കൽനിന്നും വീണ്ടെടുക്കുന്നതിനായി രാമലക്ഷ്മണന്മാർ ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ലങ്ക ആക്രമിച്ച് യുദ്ധം ചെയ്തപ്പോൾ, രാവണന്റെ പുത്രനായ ഇന്ദ്രജിത്ത് ദിവ്യമായ നാഗാസ്ത്രം പ്രയോഗിക്കുകയും നാഗാസ്ത്രത്തിന്റെ ദിവ്യശക്തിയാൽ രാമലക്ഷ്മണന്മാർ അടക്കം പലരും ബോധമറ്റ് യുദ്ധക്കളത്തിൽ വീഴുകയും ചെയ്തു. ചേതനയറ്റ് കിടക്കുന്ന ഇവരെ ഉടനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഒരു മാർഗ്ഗമേയുള്ളൂ - ജാംബവാൻ നിർദ്ദേശിച്ചു. കൈലാസപർവ്വതനിരകളിലെ ഋഷഭാദ്രി മലയിൽ കണ്ടുവരുന്ന വിവിധ അപൂർവ്വ ഔഷധസസ്യങ്ങൾ പിഴിഞ്ഞെടുത്ത സത്ത് ഉടൻ വേണം. ജാംബവാന്റെ ഉപദേശപ്രകാരം അപൂർവ ഔഷധസസ്യങ്ങളായ മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവർണകരണി എന്നിവ തേടി ഹനുമാൻ ഹിമാലയ പർവ്വതനിരകളിലേക്ക് പറന്നു. അവിടെയെത്തിയ ഹനുമാൻ ഔഷധസസ്യങ്ങളുടെ പേര് മറന്നതുകാരണം ഏതാണെന്നറിയാതെ ആ ഔഷധസസ്യങ്ങൾ സ്ഥിതിചെയ്തിരുന്ന ഋഷഭാദ്രി മലയെ അടിയോടെ പൊക്കി തന്റെ കൈയ്യിലേന്തി ലങ്കയിലെ യുദ്ധക്കളത്തിലേക്ക് പറന്നു. യാത്രാമദ്ധ്യേ കൈയ്യിലേന്തിയ ദിവ്യമലയുടെ ചെറിയ ചില ഭാഗങ്ങൾ അടർന്നു പല ഭാഗത്തായി വീണുവെന്ന് പുരാണങ്ങളിൽ പരാമർശം. അങ്ങനെ ഹനുമാന്റെ കൈയിൽ നിന്നും അടർന്നു വീണ ഒരു ചെറിയ മലയാണ് "വീഴുമല" യെന്ന് ഐതിഹ്യം. ഈ വീഴുമലയിൽ പണ്ട് നിറയെ ഔഷധസസ്യങ്ങൾ കാണപ്പെട്ടിരുന്നു. പല ആയുർവേദശാലക്കാരും ഇവിടെ നിന്നും ഈ ഔഷധസസ്യങ്ങൾ ശേഖരിച്ചിരുന്നു.
വീഴുമലക്ക് 400 മീറ്ററോളം ഉയരമുണ്ട്. ഇപ്പോഴും ഔഷധസസ്യങ്ങൾക്ക് കുറവൊന്നുമില്ല. വീഴുമല വീണത് തലകീഴായി ആയിരുന്നുവെന്നും, അതു കൊണ്ട് മറ്റ് പ്രദേശങ്ങളിൽ ലഭിക്കുന്ന ഔഷധസസ്യങ്ങളുടെ വേരിന്റെ സ്ഥാനത്ത് ഇവിടത്തെ സസ്യങ്ങളുടെ ഇല / ചില്ല ഉപയോഗിച്ചാൽ മതിയാവുമെന്നും ഒരു ഐതിഹ്യമുണ്ട്. വീഴുമലയിൽ ഉള്ള പുരാതന ക്ഷേത്രം ഹനുമാന്റേത് തന്നെയാണ്. കൂടാതെ ജൈനസംസ്കാരത്തിന്റെ കുറേ ശേഷിപ്പുകൾ ഇപ്പോഴും ഇവിടെ കാണാൻ കഴിയുമെന്ന് ശ്രുതിയുണ്ട്.
വീഴുമലയുടെ താഴ്വാരയിൽ നാരായണ ഗുരുകുലം എന്ന് അധികം ആരാലും അറിയപ്പെടാത്ത ഒരു ആശ്രമം ഉണ്ട്. ഗുരു നിത്യ ചൈതന്യ യതിയും, തപോവൻ മഹാരാജും ഒക്കെ ഇവിടത്തെ സന്ദർശകരായിരുന്നത്രേ. (തപോവൻ മഹാരാജ് - സ്വാമി ചിന്മയാനന്ദന് ദീക്ഷ കൊടുത്തയാൾ - ജനിച്ചത് വീഴുമലയുടെ താഴ്വരയിൽ തന്നെയുള്ള മുടപ്പല്ലൂർ എന്ന ഗ്രാമത്തിലാണ്). ആലത്തൂർ സിദ്ധാശ്രമം സ്ഥാപിച്ച ശ്രീ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടേ പ്രഥമ ശിഷ്യൻ ആയിരുന്ന ജടഭരത സ്വാമികളും നാരായണ ഗുരുകുലവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
വീഴുമലയിൽ മഴക്കാലത്ത് നല്ല ഭംഗിയുള്ള ചില വെള്ളച്ചാട്ടങ്ങൾ ഉണ്ടാവാറുണ്ട്. ജൂണ്-ജൂലൈ മാസങ്ങൾ ആണ് മലകയറ്റത്തിനു പറ്റിയ സമയം.