വി.പി. രാമകൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയ പ്രവർത്തകനും മുൻ ജലസേചന - തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്നു വി.പി. രാമകൃഷ്ണപിള്ള[1]. (ജനനം 12 നവംബർ 1931, മരണം 08 നവംബർ 2016[2])ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം എട്ടും പത്തും കേരള നിയമസഭകളിലെ അംഗവുമായിരുന്നു[3].

അഷ്ടമുടി കൊയ്‌വേലി കുടുംബത്തിൽ പരമേശ്വരൻപിള്ളയുടെയും ഭാർഗവി അമ്മയുടെയും മകനായി 1931-ലാണ് വി പി. രാമകൃഷ്ണപിള്ള ജനിച്ചത്. പ്രാക്കുളം എൻ എസ് എസ് ഇംഗ്ളീഷ് സ്കൂളിലും തിരുവനന്തപുരം എം. ജി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. [4]

പഠനം, രാഷ്ട്രീയ പ്രവേശം[തിരുത്തുക]

തിരുവിതാംകൂറിൽ 1945ൽ വിദ്യാർത്ഥി പ്രക്ഷോഭം ആർത്തിരമ്പിയപ്പോൾ പ്രാക്കുളം സ്‌കൂളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് പഠിപ്പുമുടക്കങ്ങൾക്ക് നേതൃത്വം നൽകിയാണ് രാമകൃഷ്ണപിള്ള ജനശ്രദ്ധയിലേക്ക് കടന്നുവന്നത്. തുടർന്ന് വിദ്യാർത്ഥി കോൺഗ്രസിന്റെ കൊല്ലത്തെ പ്രമുഖ നേതാക്കളിൽ ഒരാളായി ഉയരുകയും ദിവാൻ സർ സി പി രാമസ്വാമി അയ്യർക്കെതിരായ അതിരൂക്ഷമായ പ്രക്ഷോഭങ്ങളിൽ സജീവ പങ്കാളിയാകുകയും ചെയ്തു. 1948ൽ കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാ വിദ്യാർത്ഥി കോൺഗ്രസ് സമ്മേളനത്തിൽവച്ച് രാമകൃഷ്ണപിള്ള ദേശീയസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[5] എൻ. ശ്രീകണ്ഠൻനായർ, കെ. ബാലകൃഷ്ണൻ, പ്രാക്കുളം ഭാസി, ജി. ഗോപിനാഥൻനായർ എന്നിവരാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും മാർക്സിസം - ലെനിനിസത്തിലേക്കും നയിച്ചത്. അവർക്കൊപ്പം രാമകൃഷ്ണപിള്ളയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെത്തി. കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സമദൂരം കാണുന്ന സോഷ്യലിസ്റ്റുകളുടെ മാർക്സിസ്റ്റ് വിരുദ്ധ നിലപാടിനോട് എതിർപ്പുണ്ടായിരുന്ന സി എസ് പി (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി) ക്കാർ എൻ ശ്രീകണ്ഠൻനായർ, മത്തായി മാഞ്ഞൂരാൻ, ടി.കെ. ദിവാകരൻ, ബേബിജോൺ, ആർ.എസ്. ഉണ്ണി, കെ. ബാലകൃഷ്ണൻ, കെ. ആർ. ചുമ്മാർ, ജി. ഗോപിനാഥൻനായർ, കെ. പങ്കജാക്ഷൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള സോഷ്യലിസ്റ്റ് പാർട്ടി (കെ.എസ്.പി) രൂപീകരിച്ചപ്പോൾ വി പി അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി. [6]

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ[തിരുത്തുക]

കൊല്ലം ജില്ലയിലെ കയർതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അസാമാന്യമായ സംഘാടകവൈഭവം പ്രദർശിപ്പിച്ച രാമകൃഷ്ണപിള്ളയെ ശ്രീകണ്ഠൻനായർ മറ്റു തൊഴിൽ മേഖലകളിലേക്കു കൂടി നിയോഗിച്ചു. മദ്ധ്യതിരുവിതാംകൂറിലെ 180-ഓളം കശുഅണ്ടി ഫാക്ടറികളിൽ പണിയെടുത്തിരുന്ന രണ്ടരലക്ഷം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ശ്രീകണ്ഠൻനായരുടെയും ടി.കെ ദിവാകരന്റെയും ആർ.എസ്. ഉണ്ണിയുടെയും നേതൃത്വത്തിൽ സ്ഥാപിതമായ അഖില കേരള കശുഅണ്ടി തൊഴിലാളി ഫെഡറേഷന്റെ സംഘാടകരിൽ ഒരാളായി മാറിയ വി.പി നിരവധി കശുഅണ്ടി തൊഴിലാളി സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. [7]കൊല്ലം ടെക്സ്റ്റൈൽ തൊഴിലാളി യൂണിയൻ, ചവറ മിനറൽസ് വർക്കേഴ്സ് യൂണിയൻ, ഓട്ടുകമ്പനി തൊഴിലാളി യൂണിയൻ, തിരുവിതാംകൂർ നാവിക തൊഴിലാളി യൂണിയൻ തുടങ്ങിയ യൂണിയനുകളുടെ ഭാരവാഹിയായിരുന്ന വി.പി, ഈ വിഭാഗം തൊഴിലാളികൾ നടത്തിയ യാതനാനിർഭരവും, ത്യാഗസുരഭിലവുമായ എണ്ണമറ്റ സമരങ്ങൾ വിജയത്തിലെത്തിക്കാൻ അക്ഷീണം യത്നിച്ചതിലൂടെ അദ്ദേഹം തൊഴിലാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു. ശ്രീകണ്ഠൻനായരും ടി.കെ. ദിവാകരനും ബേബിജോണും പ്രസിഡന്റായിരുന്ന നിരവധി യൂണിയനുകളുടെ ഭാരവാഹിയായി പ്രവർത്തിച്ച വി.പി. അവരുമായി ഊഷ്മളമായ ആത്മബന്ധം നിലനിറുത്തിയിരുന്നു. [8]

നിയമസഭയിൽ[തിരുത്തുക]

1987 ലും 1996 ലും അദ്ദേഹം ഇരവിപുരം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ അദ്ദേഹം ജലവിഭവ, തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. [9] ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് വി.പി രാമകൃഷ്ണപിള്ള തൊഴിൽ, ജലവിഭവ മന്ത്രിയായിരിക്കെയാണ് തൊഴിലാളി ക്ഷേമത്തിനായുള്ള 'ലേബർ അജണ്ട" ഇദംപ്രഥമമായി സംസ്ഥാനത്ത് കൊണ്ടുവന്നത്. [10]

84ആം വയസ്സിൽ അദ്ദേഹം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ആർ.എസ്.പി പാർട്ടി സംസ്ഥാന ഹെഡ്ഡോഫീസിൽ പൊതു ദർശനത്തിനു വച്ച ശേഷം മൃതദേഹം അഷ്ടമുടിയിലെ കുടുംബവീട്ടിൽ അടക്കം ചെയ്തു. [11]

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-28. Retrieved 2012-11-24.
 2. http://www.mathrubhumi.com/news/kerala/vp-ramakrishna-pillai-malayalam-news-1.1488425
 3. http://www.niyamasabha.org/codes/members/m562.htm
 4. https://keralakaumudi.com/news/news.php?id=942039&u=v-p-ramakrishna-pillai-942039
 5. https://keralakaumudi.com/news/news.php?id=942039&u=v-p-ramakrishna-pillai-942039
 6. https://keralakaumudi.com/news/news.php?id=942039&u=v-p-ramakrishna-pillai-942039
 7. https://keralakaumudi.com/news/news.php?id=942039&u=v-p-ramakrishna-pillai-942039
 8. https://keralakaumudi.com/news/news.php?id=942039&u=v-p-ramakrishna-pillai-942039
 9. https://www.thehindu.com/news/cities/Thiruvananthapuram/V.P.-Ramakrishna-Pillai-dead/article16440643.ece
 10. https://keralakaumudi.com/news/news.php?id=942039&u=v-p-ramakrishna-pillai-942039
 11. https://www.thehindu.com/news/cities/Thiruvananthapuram/V.P.-Ramakrishna-Pillai-dead/article16440643.ece
"https://ml.wikipedia.org/w/index.php?title=വി.പി._രാമകൃഷ്ണപിള്ള&oldid=3818147" എന്ന താളിൽനിന്ന് ശേഖരിച്ചത്