വിഷ്ണുമംഗലം വിളക്കൊയ്ത്ത് സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർഷകസംഘത്തിന്റെ പ്രശസ്തിയും സ്വാധീനവും കാസർകോട് താലൂക്കിലും മലബാറിലും ഏറെ വർദ്ധിപ്പിച്ച സമരമായിരുന്നു വിഷ്ണുമംഗലം വിളക്കൊയ്ത്ത് സമരം.

വിഷ്ണുമംഗലം ക്ഷേത്രസമീപത്തെ വയലിൽ കൃഷിചെയ്തിരുന്ന ദേവസ്വത്തിന്റെ കുടിയാനായിരുന്നു വീണച്ചേരിയിലെ ചന്തൻകുഞ്ഞി. അക്കാലത്തു് ക്ഷേത്ര ഊരാളന്മാരായ എരട്ടിത്തായരും, പട്ടറോടത്തായരും തമ്മിലുള്ള അവകാശ തർക്കത്തെ സംബന്ധിച്ച് കേസ് വിചാരണയ്ക്ക് വന്നപ്പോൾ പട്ടറോടത്തായരെ സഹായിച്ചിരുന്ന ചന്തൻകുഞ്ഞിയെ ഒഴിപ്പിക്കാൻ, പുല്ലൂരിലെ അന്നത്തെ പ്രബല രാഷ്ട്രീയ പാർട്ടിയായിരുന്ന പി.എസ്.പി യുടെ സഹായത്തോടെ എരട്ടിത്തായരുടെ കാര്യസ്ഥൻ ശ്രമിച്ചു. വയൽ ഒഴിഞ്ഞുകൊടുക്കുവാൻ ചന്തൻകുഞ്ഞിക്ക് നോട്ടീസ് നൽകി. ഈ സന്ദർഭത്തിൽ കമ്മ്യൂണിസ്റ്റു് പാർട്ടിയും, കർഷകസംഘവും ഇതിൽ ഇടപെട്ടു.

കർഷകസംഘത്തിന്റെ നേതാക്കളായ കെ മാധവൻ, പി ചാത്തു, സി കേളുനായർ, വി രാമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കർഷകസംഘം പ്രവർത്തകർ വെള്ളിക്കോത്ത് നിന്ന് ജാഥയായി വിഷ്ണുമംഗലത്തെത്തി വയലിൽ വിത്തുവിതച്ചു. വിത്തുവിതച്ചത് മുതൽ വിളകൊയ്യുന്നതുവരെ വയലരികിൽ പന്തൽകെട്ടി കർഷകസംഘം പ്രവർത്തകർ കാവൽനിന്നു. നെല്ല് വിളഞ്ഞുകൊയ്യാറായപ്പോൾ സംഘത്തിന്റെ നേതൃത്വത്തിൽ വിളകൊയ്യാൻ തീരുമാനിച്ചു.

'ചന്തൻകുഞ്ഞി ഇട്ട വിള, ചന്തൻകുഞ്ഞി കൊയ്തെടുക്കും' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ജാഥയായിച്ചെന്ന് വിളകൊയ്തു. കൊയ്തെടുത്ത നെല്ലിൻകറ്റകൾ വീണച്ചേരിയിലെ ചന്തൻകുഞ്ഞിയുടെ വീട്ടിലെത്തിച്ചു. തുടർന്ന് ചന്തൻകുഞ്ഞി, അമ്പുഞ്ഞി എന്നിവരുടെ പേരിൽ ജന്മി കേസു് കൊടുത്തു. കേസിൽ കൃഷിക്കാർക്കനുകൂലമായ വിധിയാണുണ്ടായത്.[1]

അവലംബം[തിരുത്തുക]