Jump to content

വിശുദ്ധ മലാഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മായേൽ മേഡോക് യുവാ മോർഗൈർ
(Máel Máedóc Ua Morgair)
അർമാഖിലെ ആർച്ച് ബിഷപ്പ്
ഭദ്രാസനംഅർമാഖ് അതിരൂപത
മുൻഗാമിസെൽഷ്യസ്
പിൻഗാമിഗലേഷ്യസ്
മെത്രാഭിഷേകം1124
വ്യക്തി വിവരങ്ങൾ
ജനനം1094
അർമാഖ്, അയർലാന്റ്
മരണം1148 നവംബർ 2
ക്ലൈർവോ, ഫ്രാൻസ്

വിശുദ്ധ മലാഖി (Malachy) (Middle Irish: Máel Máedóc Ua Morgair; ആധുനികം Irish: Maelmhaedhoc Ó Morgair) (1094 – 1148 നവംബർ 2) ഐറിഷ് വംശജനായ വിശുദ്ധനും അർമാഖിലെ ആർച്ച് ബിഷപ്പുമായിരുന്നു. ഇദ്ദേഹം പല അത്ഭുതപ്രവൃത്തികളും നടത്തിയതായി വിശ്വാസമുണ്ട്. ഇനി 112 മാർപ്പാപ്പമാരേ ഉണ്ടാകൂ എന്ന് ഇദ്ദേഹത്തിന് ദിവ്യദർശനം ലഭിച്ചു എന്നും വിശ്വാസമുണ്ട്. പുണ്യവാളനാക്കപ്പെട്ട ആദ്യത്തെ ഐറിഷ് വിശുദ്ധനാണിദ്ദേഹം. 1199-ൽ ക്ലെമന്റ് മൂന്നാമൻ മാർപ്പാപ്പയാണ് ഇദ്ദേഹത്തെ പുണ്യവാളനായി പ്രഖ്യാപിച്ചത്.

ജീവിതരേഖ[തിരുത്തുക]

ഉവ മോർഗൈർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബപ്പേര്. 1094-ൽ അർമാഖിലാണ് ഇദ്ദേഹം ജനിച്ചത്. കുലീനജാതനാണ് ഇദ്ദേഹമെന്നാണ് സെയിന്റ് ബർണാഡ് വിശേഷിപ്പിക്കുന്നത്. മായേൽ മേഡോക് (ഇംഗ്ലീഷ്: Malachy) എന്നാണ് മാമോദീസയ്ക്കുശേഷം ഇദ്ദേഹത്തിനു ലഭിച്ച പേര്. ഇംഹാർ ഓ'ഹേഗനു കീഴിലും പിന്നീട് അർമാഖ് അബോട്ടിനും കീഴിലാണ് ഇദ്ദേഹം പഠനം നടത്തിയത്. 1119-ൽ നീണ്ട പഠനത്തിനു ശേഷം ഇദ്ദേഹത്തിന് സഭാവസ്ത്രം ലഭിച്ചു. സെയിന്റ് സെല്ലാക്ക് ആണ് ഇദ്ദേഹത്തിനെ പാതിരിയായി നിയമിച്ചത്. ക്രിസ്തീയ പഠനം തുടരാനായി ഇദ്ദേഹം ലിസ്മോറിലേയ്ക്ക് തിരിക്കുകയും രണ്ടുവർഷത്തോളം സെയിന്റ് മലാക്കസിനു കീഴിൽ പഠനം നടത്തുകയും ചെയ്തു. 1123-ൽ ഇദ്ദേഹം ബാങ്കോറിലെ അബോട്ടായി നിയമിതനായി. ഒരു വർഷത്തിനു ശേഷം ഇദ്ദേഹം ഡൗണിലെ ബിഷപ്പായും കോണറിലെ ബിഷപ്പായും നിയമിതനായി.

1127-ൽ ഇദ്ദേഹം ലിസ്മോറിലേയ്ക്ക് വീണ്ടും യാത്ര ചെയ്തു. ഡെസ്മണ്ട് രാജ്യത്തിലെ രാജകുമാരനായ കോർമാക് മക്‌കാർത്തിയുടെ കുമ്പസാരമേൽക്കുന്ന ജോലിയായിരുന്നു ഇദ്ദേഹം ഇവിടെ ചെയ്തിരുന്നത്. ഡൗണിന്റെയും കോണറിന്റെയും ബിഷപ്പായിരുന്നപ്പോഴും ഇദ്ദേഹം ബാങ്കോറിലാണ് താമസിച്ചിരുന്നത്. നാട്ടുകാരായ ചില രാജകുമാരന്മാർ ഡൗൺ, കോണർ എന്നിവിടങ്ങളിലെ രൂപതകൾ നശിപ്പിച്ചപ്പോൾ ഇദ്ദേഹം അവിടെയുണ്ടായിരുന്ന സന്യാസിമാരെ ഐവെറാഖിലേയ്ക്ക് കൊണ്ടുവന്നു. കോർമാക് രാജാവ് ഇവരെ സ്വീകരിച്ചു. സെയിന്റ് സെൽഷ്യസ് 1129-ൽ മരിച്ചശേഷമാണ് 1132-ൽ ഇദ്ദേഹത്തെ അർമാഖിലെ ആർച്ച് ബിഷപ്പാക്കിയത്. ഉപജാപങ്ങൾ കാരണമാണ് ഇദ്ദേഹത്തിന് രണ്ടുവർഷത്തേയ്ക്ക് സ്ഥാനമേൽക്കാൻ സാധിക്കാഞ്ഞത്. ഒടുവിൽ ബാച്ചൽ ഐസു (യേശുവിന്റെ സ്ഥാനവടി) നിയാൽ എന്ന പ്രൈമേറ്റിൽ നിന്ന് ഇദ്ദേഹ‌ത്തിന് വാങ്ങേണ്ടി വന്നു.

അർമാഖിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഇദ്ദേഹം റോമൻ ലിറ്റർജി സ്വീകരിക്കുവാനുള്ള നടപടിയെടുത്തു. ഇതിനുശേഷം അർമാഖിലെ ആർച്ച് ബിഷപ്പ് സ്ഥാനം, കോണറിലെ ബിഷപ്പ് സ്ഥാനം എന്നിവ ഇദ്ദേഹം 1136-ലോ 1137-ലോ രാജിവച്ചു. ഡൗണിലെ ബിഷപ്പ് എന്ന സ്ഥാനം മാത്രമാണ് ഇദ്ദേഹം തുടർന്നും കൈവശം വച്ചത്. പ്രയറി ഓഫ് ഓസ്റ്റിൻ കാനൺസ് സ്ഥാപിച്ചതും ഇദ്ദേഹമാണ്. 1139-ന്റെ തുടക്കത്തിൽ ഇദ്ദേഹം റോമിലേയ്ക്ക് സ്കോട്ട്ലാന്റ്, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. ക്ലെയർവോയിൽ ഇദ്ദേഹം വിശുദ്ധ ബർണാഡിനെ സന്ദർശിക്കുകയുണ്ടായി. പോപ്പ് ഇന്നസെന്റ് രണ്ടാമൻ ഇദ്ദേഹത്തെ അയർലാന്റിന്റെ ലിഗേറ്റായി അവരോധിച്ചു. ഇദ്ദേഹം 1148-ൽ റോമിലേയ്ക്ക് യാത്ര പുറപ്പെട്ടുവെങ്കിലും ക്ലെയർവോയിൽ വച്ച് അസുഖം ബാധിച്ച് സെയിന്റ് ബെർണാഡിന്റെ അടുത്തുവച്ച് 1148 നവംബർ 2-ന് മരണമടഞ്ഞു.

മാർപ്പാപ്പമാരെപ്പറ്റിയുള്ള പ്രവചനം[തിരുത്തുക]

പ്രവചനത്തിന്റെ അവസാന ഭാഗം (1595), പേജ്. 311.

മാർപ്പാപ്പമാരെപ്പറ്റിയുള്ള പ്രവചനം (ലത്തീൻ: Prophetia Sancte Malachiae Archiepiscopi, de Summis Pontificibus) എന്ന 112 ലാറ്റിൻ പദസമുച്ചയങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് 1595-ലാണ്. ബെനഡിക്റ്റൈൻ സന്യാസിയായ ആർനോൾഡ് ഡെ വ്യോൺ ആണ് ഇവ പ്രസിദ്ധപ്പെടുത്തിയത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ വിശുദ്ധ മലാഖിയാണ് ഈ പ്രവചനങ്ങൾ നടത്തിയതെന്നാണ് ഡെ വ്യോൺ അവകാശപ്പെട്ടത്. മാർപ്പാപ്പമാരെയും ചില എതിർ മാർപ്പാപ്പമാരെയും ഈ പ്രവചന‌ത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെലസ്റ്റീൻ രണ്ടാമൻ മാർപ്പാപ്പയാണ് ഇതിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ള ആദ്യ പോപ്പ്.

1590 വരെയുള്ള മാർപ്പാപ്പമാരെ വളരെ കൃത്യമായി സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ളവരുടെ കാര്യത്തിൽ വ്യക്തതകുറയുന്നത് ഇത് വ്യാജരേഖയാണെന്ന സൂചന നൽകുന്നു. കത്തോലിക് ചരിത്രകാരന്മാരുടെ നിഗമനം ഈ പ്രവചനം പ്രസിദ്ധീകരിക്കപ്പെടുന്നതിന് തൊട്ടു മുൻപ് രചിക്കപ്പെട്ടതും കെട്ടിച്ചമച്ചതുമായ രേഖയാണെന്നാണ്. റോമൻ കത്തോലിക്കാ സഭയും ഇ‌ത് കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് എടുത്തിട്ടുള്ളത്. [1][2] 1590-ൽ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ കർദിനാൾ ജിറോലാമോ സിമോണെല്ലിയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിക്കാനാണ് ഈ വ്യാജരേഖ ചമച്ചതെന്ന് കരുതപ്പെടുന്നു.

ഈ പ്രവചനം സത്യമാണെന്ന് വിശ്വസിക്കുന്നവർ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയെ സംബന്ധിച്ച പ്രവചനം അവസാനത്തേതിനു തൊട്ടു മുൻപുള്ള പാപ്പയെപ്പറ്റിയാണെന്ന് വിശ്വസിക്കുന്നു. "പീറ്റർ ദി റോമൻ" എന്ന മാർപ്പാപ്പയോടെയാണ് ഈ പട്ടിക അവസാനിക്കുന്നത്. അവസാന മാർപ്പാപ്പയോടെ റോം നശിക്കുമെന്നും അപോകാലിപ്സ് ആരംഭിക്കുമെന്നുമാണ് പ്രവചനം.

സമീപകാല മാർപ്പാപ്പമാരും പ്രവചനങ്ങളുമായുള്ള സാമ്യം[തിരുത്തുക]

ഈ പ്രവചനം സത്യമാണെന്ന് വിശ്വസിക്കുന്നവർ ലാറ്റിൻ പദസമുച്ചയങ്ങളും മാർപ്പാപ്പമാരും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. ചില ഉദാഹരണങ്ങൾ താഴെക്കൊടുത്തിരിക്കുന്നു[3]

  • മാർപ്പാപ്പയായ പോൾ ആറാമനെ (1963-78) സംബന്ധിച്ചുള്ള പ്രവചനം ‘ഫ്ലോസ് ഫ്ലോറം’ (പുഷ്പങ്ങളുടെ പുഷ്പം) എന്നായിരുന്നു. ഇദ്ദേഹത്തിന്റെ മുദ്രയിൽ മൂന്ന് ഐറിസ് പുഷ്പങ്ങളുണ്ടായിരുന്നു.
  • ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെപ്പറ്റിയുള്ള പ്രവചനം ‘ഡെ മെഡിയേറ്റേറ്റ് ലൂണൈ’ (അർത്ഥചന്ദ്രന്റേത്) എന്നായിരുന്നു. ഇദ്ദേഹം സ്ഥാനമേറ്റത് അർത്ഥചന്ദ്രനുള്ളപ്പോഴായിരുന്നു. ചാന്ദ്രചക്രത്തിലെ അടുത്ത അർത്ഥ ചന്ദ്രൻ വന്നപ്പോൾ ഇദ്ദേഹം മരിക്കുകയും ചെയ്തു.
  • ജോൺ പോൾ രണ്ടാമന്റെ വിവരണം ‘ഡെ ലേബോർ സോളിസ്’ (സൂര്യഗ്രഹണത്തിന്റേത്) എന്നായിരുന്നു. ഇദ്ദേഹം സൂര്യഗ്രഹണ സമയത്താണത്രേ ജനിച്ചത്.
  • ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയെ സംബന്ധിച്ച പ്രവചനം 'ഗ്ലോറിയ ഒലീവേ' എന്നായിരുന്നു. ഇദ്ദേഹം ബെനഡിക്റ്റൈൻ സമൂഹത്തില്പെട്ടയാളായിരുന്നു. ബെനഡിക്റ്റൈൻ സഭയുടെ അടയാളം ഒലീവ് ചില്ലയാണ്.

അവലംബം[തിരുത്തുക]

  1. Sieczkowski, Cavan (14 February 2013). "St. Malachy Last Pope Prophecy: What Theologians Think About 12th-Century Prediction". Huffington Post Canada. Retrieved 17 February 2013.
  2. Boyle, Alan (12 February 2013). "Why the buzz over St. Malachy's 'last pope' prophecy outdoes 2012 hype". NBC News. Archived from the original on 2013-02-16. Retrieved 17 February 2013.
  3. അലിഖാൻ, അൻവർ (25 ഫെബ്രുവരി 2013). "സെയിന്റ് മലാഖി ദി ഓമിനസ്". ഔട്ട്‌ലുക്ക്. Retrieved 8 മാർച്ച് 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Malachy
ALTERNATIVE NAMES
SHORT DESCRIPTION Irish bishop
DATE OF BIRTH 1094
PLACE OF BIRTH Armagh
DATE OF DEATH November 2, 1148
PLACE OF DEATH Clairvaux
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_മലാഖി&oldid=3645293" എന്ന താളിൽനിന്ന് ശേഖരിച്ചത്