പുരാവൃത്തമനുസരിച്ച് വ്യാളി ദേവനായ,ലാക് ലോങ് കുവാന് അപ്സരസായ ഔകോകിയിലിലുണ്ടായ നൂറു മക്കളുടെ പിൻഗാമികളാണ് വിയറ്റ്നാംകാരെന്ന് അവർ വിശ്വസിക്കുന്നു. തെക്കു കിഴക്കൻഏഷ്യൻ രാജ്യങ്ങളിൽ പുരാവൃത്തങ്ങളിൽ പ്രാധാന്യമുള്ള ഒരു ജന്തുവാണ് വ്യാളി. 2500-ൽ അധികം വർഷത്തെ ചരിത്രമുള്ള വിയറ്റ്നാം ജനതയ്ക്ക്; ഒട്ടേറെ രാജവംശങ്ങൾ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്.ബി.സി 111-ൽചൈനയിലെഹാൻ രാജവംശം വിയറ്റ്നാമിൽ പ്രവേശിച്ചു, പിന്നീട് പല തവണ ചൈനയിലെ വിവിധ രാജവംശങ്ങൾ വിയറ്റ്നാമിനെ ആക്രമിച്ച് തങ്ങളോട് കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകൾ നീണ്ട ചൈനീസ് വാഴ്ചയിൽ നിന്നും എ.ഡി. 939-ൽ വിയറ്റ്നാം മോചിതമായി. വടക്കൻ വിയറ്റ്നാമിലെ ബാക്ക്ദാങ് നദീതീരത്തു നടന്ന യുദ്ധത്തിൽ എൻഗോ ക്യൂയെൻ എന്ന പ്രഭുവാണ് ചൈനയെ തോൽപ്പിച്ചത്.പിന്നീട് ഒട്ടേറെ വംശങ്ങളുടെ ഭരണത്തിലൂടെ വിയറ്റ്നാം കടന്ന് പോയി. 13-നൂറ്റാണ്ടിൽ മംഗോളിയാക്കാർ ആക്രമിച്ചു. ദായ് വിയറ്റ് എന്നായിരുന്നു വിയറ്റ്നാമിന്റെ അന്നത്തെ പേര്.മൂന്ന് മംഗോളിയൻ ആക്രമണത്തെ വിയറ്റ്നാം ചെറുത്തു നിന്നു.15 -നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനയിലെ മിങ് വംശം വിയറ്റ്നാമിൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ വർഷങ്ങൾ നീണ്ട ഒളിപ്പോരിലൂടെ വിയറ്റ്നാം അവരെ പുറത്താക്കി.16-ാം നൂററാണ്ടിൽ യൂറോപ്യൻമാർ വ്യാപാരലഷ്യവുമായി വിയറ്റ്നാമിലെത്തുമ്പോൾ അധികാരത്തിനു വേണ്ടി പരസ്പരം പൊരുതുന്ന യുദ്ധപ്രഭുക്കന്മാരുടെ നാടായിരുന്നു. 1802 - ൽ എൻഗുയെൻ അഞ് തന്റെ ആഭ്യന്തര യുദ്ധവിജയത്തിലൂടെ ഏകീകൃത വിയറ്റ്നാം രൂപപ്പെടുത്തി. ഗിയാ ലോങ് എന്ന പേരു സ്വീകരിച്ചാണ് അദ്ദേഹം അധികാരത്തിലേറിയത്. എൻഗുനയൻ രാജവംശത്തിന്റെ ഭരണം1945-ൽ ബാവോ ദായ് സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതു വരെ തുടർന്നു. നാം വിയറ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം, വിയറ്റ്നാം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയതും ഗിയാലോങ്ങിന്റെ ഭരണകാലം മുതലാണ്. മതപരിവർത്തനം എന്ന ലക്ഷ്യവുമായ വിയറ്റ്നാമിൽ ആദ്യം എത്തിച്ചേർന്നത് പോർച്ചുഗീസ് ക്രിസ്തുമത പ്രചാരകരാണ്. 17- നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലക്സാന്ദ്രെ റോഡ്സ് എന്ന ഫ്രഞ്ച് പുരോഹിതൻ എത്തി വിയറ്റ്നാംകാരെ കത്തോലിക്ക വിശ്വാസികളാക്കാൻ ശ്രമം തുടങ്ങി. എന്നാൽ പിയർ - ജോസഫ് പിഗ്നോ എന്ന പുരോഗിതനാണ് ഫ്രഞ്ച് കോളനി വാഴ്ചക്ക് തറക്കല്ലിട്ടത്.18- നൂറ്റാണ്ടിന്റെ അവസാനം എൻഗുയെൻ അഞും,എൻഗുയെൻ ഹ്യൂമും തമ്മിൽ നടന്നുകൊണ്ടിരുന്ന കിടമത്സരത്തിൽ ആ പുരോഗിതൻ ഇടപെട്ടു.എൻഗുയെൻ അഞിന് ഫ്രഞ്ച് സൈനിക സഹായം നൽകാമെന്ന് പിഗ്നോ സമ്മതിച്ചു.അദ്ദേഹത്തിന്റെ ഇളയ മകനുമായി പിഗ്നോ ഫ്രാൻസിലേക്ക് പോയി. ലൂയി പതിനാറാമനായിരുന്നു അന്ന് ഫ്രഞ്ച് ചക്രവർത്തി. വിയറ്റ്നാമിൽ ക്രിസ്തുമത പ്രചാരണത്തിന് സഹായിക്കുന്നതിന് പ്രതിഫലമായി സൈനിക സഹായം നൽകാമെന്ന കരാറുണ്ടാക്കുന്നതിൽ പിഗ്നോനോ വിജയിച്ചു. എന്നാൽ ഈ സമയത്ത് ഫ്രഞ്ച് വിപ്ലവം ഉണ്ടായതിനാൽ ഈ ലക്ഷ്യം വിജയം കണ്ടില്ല. ഇൻഡ്യയിലെ ഫ്രഞ്ച് കേന്ദ്രമായ പോണ്ടിച്ചേരിയിൽ എത്തിയ പിഗ്നോ, രണ്ടു കപ്പലുകളും സൈനികരുമായി 1788-ൽ വിയറ്റ്നാമിലെത്തി. 1799-ൽ പിഗ്നോ മരിക്കുമ്പോൾ ഫ്രഞ്ച് സഹായത്തോടെ എൻഗുയെൻ അഞ് ഏകീകൃത വിയറ്റ്നാം എന്ന ലക്ഷ്യത്തിലെത്തിച്ചേർന്നിരുന്നു. 1802-ൽ ഹാനോയ് കീഴടക്കി എൻഗുയെൻ അഞ്, ഗിയാലോങ് എന്ന പേര് സ്വീകരിച്ച് ചക്രവർത്തിയായി. കത്തോലിക്ക മത പ്രചരണത്തിന് ഗിയാലോങ് അനുമതി നൽകിയെങ്കിലും കൺഫ്യൂഷിയൻമതക്കാരായ പിൻതലമുറക്കാർ ക്രിസ്തുമതത്തെയും ഫ്രഞ്ച് മത പ്രചാരകരെയും എതിർത്തു.മിങ്മാങ്, തുർദുക് തുടങ്ങിയ ചക്രവർത്തിമാരുടെ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവരും വിദേശികളും കൂട്ടക്കൊല ചെയ്യപ്പെട്ടു.ഇത് യൂറോപ്യൻ കത്തോലിക്ക രാഷ്ട്രങ്ങളെ പ്രകോപിച്ചു.നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ ഉത്തരവു പ്രകാരം 1858 ഓഗസ്റ്റിൽ ഫ്രഞ്ച് സൈന്യം വിയറ്റ്നാമിലെത്തി.നൂറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിന്റെ തുടക്കമായിരുന്നു ഇത്. വിയറ്റ്നാമിൽ ആധിപത്യം നേടിയ ഫ്രാൻസ് വിയറ്റ്നാമിനെ രണ്ടായി വിഭജിച്ചു.ടോൻകിനും (വടക്കൻ വിയറ്റ്നാം) അന്നാമും (തെക്കൻ വിയറ്റ്നാം) ഇതോടെപ്പം ഖമർ റിപ്പബ്ലിക്കും(കംബോഡിയ) കൂട്ടിച്ചേർത്ത് അവർ 1887 ഒക്ടോബറിൽ ഫ്രഞ്ച് ഇൻഡോ ചൈന രൂപവൽക്കരിച്ചു.1889-ൽ ലാവോസും അതിനോട് കൂട്ടിച്ചേർത്തു. [1]