വിജിത റൊഹാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1987 ൽ ശ്രീലങ്കയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കുപ്രസിദ്ധനായ ശ്രീലങ്കൻ പട്ടാളക്കാരനും, നാവികനുമാണ് വിജെമുനി വിജിത റൊഹാന ഡിസിൽവ എന്ന വിജിത റൊഹാന. 1987 ജൂലൈ 29 ആം തീയതി ഇന്ത്യാ-ശ്രീലങ്ക കരാർ ഒപ്പു വെച്ചതിനുശേഷം, പിറ്റേദിവസം ജൂലൈ 30ന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ അപ്രതീക്ഷിതമായി വിജിത, തോക്കിന്റെ പാത്തികൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും, പെട്ടെന്ന് ഒഴിഞ്ഞു മാറിയതുകൊണ്ട് അപകടത്തിൽ നിന്നും രാജീവ് ഗാന്ധി രക്ഷപ്പെടുകയായിരുന്നു.[1]

ആദ്യകാല ജീവിതം[തിരുത്തുക]

ശ്രീലങ്കയുടെ ദക്ഷിണ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച വിജിത പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, ശ്രീലങ്കൻ നാവികസേനയിൽ ഉദ്യോഗസ്ഥനായി.[2]

വധശ്രമം[തിരുത്തുക]

കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 29-ന് ഒപ്പുവെച്ചു.[3] തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ വിജിത റൊഹാന എന്ന നാവികൻ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചു. രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു. രാജീവിനെ വധിക്കാൻ ശ്രമിച്ചതിൽ തെല്ലും ഖേദമില്ലെന്ന് പിന്നീട് വിജിത പറയുകയുണ്ടായി.[4]

സൈനിക വിചാരണ[തിരുത്തുക]

വിജിത പിന്നീട് സൈനിക വിചാരണ നേരിടേണ്ടി വന്നു. ദേശീയ നേതാവിനെതിരേയുള്ള വധശ്രമം, നാവികസേനയുടെ അച്ചടക്കലംഘനം എന്നിവയായിരുന്നു വിജിതക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ.[5] സൈനിക കോടതി, വിജിതക്കു ആറു വർഷം തടവുശിക്ഷ വിധിച്ചുവെങ്കിലും, പിന്നീട് പ്രസിഡന്റ് പ്രേമദാസ ശിക്ഷ കാലയളവ് രണ്ടു വർഷമാക്കി വെട്ടുച്ചുരുക്കി. രണ്ടര വർഷത്തിനു ശേഷം, വിജിത ജയിൽ മോചിതനായി.

പിൽക്കാല ജീവിതം[തിരുത്തുക]

ജയിൽ മോചിതനായ വിജിത പിന്നീട് അറിയപ്പെടുന്ന ഒരു ജ്യോത്സ്യൻ ആയി തീർന്നു. 1990 ൽ വിജിത രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ശ്രീലങ്കൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.[6]

അവലംബം[തിരുത്തുക]

  1. "Sri Lankan in Honor Guard Attacks Gandhi". LosAngels Times. 1987-07-30. ശേഖരിച്ചത് 2016-08-29.
  2. "Vijitha Rohana: Courage of his convictions". Nation Special. ശേഖരിച്ചത് 2016-08-29.
  3. "Looking back at the Indo-Sri Lanka Accord". The Hindu. 2010-07-29. ശേഖരിച്ചത് 2016-08-29.
  4. "No regrets for attack on Rajiv, says Lankan guard". The Newindian Express. 2013-08-30. ശേഖരിച്ചത് 2016-08-29.
  5. "Vijitha Rohana: Courage of his convictions". Nation Special. ശേഖരിച്ചത് 2016-08-29.
  6. "The stars show a major political change". 2014-01-28. ശേഖരിച്ചത് 2016-08-29.
"https://ml.wikipedia.org/w/index.php?title=വിജിത_റൊഹാന&oldid=2429539" എന്ന താളിൽനിന്ന് ശേഖരിച്ചത്