വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി, പതിപ്പ് 1.2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Original
English
version

പതിപ്പ് 1.2, നവംബർ 2002

പകർപ്പവകാശം നിക്ഷിപ്തം (C) 2000,2001,2002 സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം, Inc.
51 ഫ്രാങ്ക്ലിൻ തെരു., അഞ്ചാം നില, ബോസ്റ്റൺ, എംഎ 02110-1301 അമേരിക്കൻ ഐക്യനാടുകൾ
ഈ അനുമതിപത്രത്തിന്റെ പദാനുപദ പകർപ്പുകൾ എടുക്കാനും വിതരണം ചെയ്യാനും ഏവർക്കും സ്വാതന്ത്ര്യമുണ്ട്
പക്ഷേ മാറ്റങ്ങൾ അനുവദനീയമല്ല.

0. പീഠിക

ഒരു രേഖയെ, ഗ്രന്ഥത്തെ അഥവാ ഉപയുക്തവും ഉപയോഗ്യവുമായ മറ്റെന്തെങ്കിലും പ്രമാണത്തെ "സ്വതന്ത്രമാണെന്നു" വ്യക്തമാക്കാനുള്ളതാണ്‌ ഈ അനുമതി. ഈ സ്വാതന്ത്ര്യം: പ്രസ്തുത പ്രമാണത്തെ, മാറ്റങ്ങളോടെയോ മാറ്റങ്ങളില്ലാതെയോ, വാണിജ്യലക്ഷ്യങ്ങളോടെയോ അല്ലാതെയോ പകർത്താനും വിതരണം ചെയ്യുവാനുമുള്ള അവകാശം ഏവർക്കും പ്രദാനം ചെയ്യുന്നു. രണ്ടാമതായി മറ്റുള്ളവർ ചെയ്ത മാറ്റങ്ങൾ ഉൾപ്പെടുത്താതെ സൃഷ്ടാവിനും പ്രസിദ്ധപ്പെടുത്തുന്നയാൾക്കും ലഭിക്കേണ്ട പ്രശസ്തിയും ഈ അനുമതി ഉറപ്പുവരുത്തുന്നു.

ഈ അനുമതി ഒരു തരത്തിൽ "പകർപ്പവകാശമുക്തം" ആണ്‌, അതായത് പ്രമാണത്തിൽ നിന്നും സൃഷ്ടിക്കുന്ന മറ്റേതൊരു കൃതിയും ഇപ്രകാരം പകർപ്പവകാശസ്വാതന്ത്ര്യമുള്ളതായിരിക്കണം. ഇത് സ്വതന്ത്ര സോഫ്റ്റ്‌വേറുകൾക്കായി രൂപകല്പന ചെയ്തിട്ടുള്ള പകർപ്പവകാശരഹിത അനുമതിയായ ഗ്നു സാർവ്വ ജനിക അനുമതിയ്ക്കു പൂരകമായി പ്രവർത്തിക്കുന്നതാണ്‌.

സ്വതന്ത്ര സോഫ്റ്റ്‌വേറുകൾക്കൊപ്പം നൽകുന്ന, അവയുടെ ഉപയോഗം സംബന്ധിക്കുന്ന രേഖകളും അതേ സ്വാതന്ത്ര്യം നൽകുന്നവയായിരിക്കണം എന്നതിനാൽ, അപ്രകാരമുള്ള രേഖകൾക്കായിട്ടാണ് ഈ അനുമതി ഞങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ, അങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വേർ രേഖകൾക്കു മാത്രമല്ല ഈ അനുമതി ഉപയോഗിക്കാവുന്നത്; ഏതൊരു ലിഖിതകൃതിയുടെ കാര്യത്തിലും, കൃതിയിലെ പ്രതിപാദ്യവിഷയം എന്തുതന്നെ ആയാലും അത് അച്ചടിച്ചു പ്രസിദ്ധീകരിച്ചതായാലും അല്ലെങ്കിലും ഈ അനുമതി ഉപയോഗിക്കാം. അധ്യയനത്തിനായോ, സംശയനിവൃത്തിക്കായോ ഉള്ള കൃതികൾക്കാണ് ഈ അനുമതി മുഖ്യമായും ഞങ്ങൾ ശുപാർശ ചെയ്യുന്നത്.

1. ഉപയോഗക്ഷമതയും നിർവചനങ്ങളും

ഏതൊരു മാധ്യമത്തിലാകട്ടെ, മനുഷ്യപ്രയത്നം കൊണ്ടോ അല്ലാതെയോ സൃഷ്ടിക്കപ്പെട്ട കൃതിയാവട്ടെ, അതിന്റെ പകർപ്പവകാശക്കാരൻ ഈ അനുമതിപ്രകാരം ഉപയോഗിക്കാവുന്നതാണെന്ന് അറിയിപ്പു നൽകിയിയിട്ടുള്ള കൃതികൾക്കാണ് ഈ അനുമതി പ്രയോഗിക്കാവുന്നത്. ലോകമെമ്പാടും, സമയപരിധിയില്ലാതെ, പ്രതിഫലം നൽകാതെ, ഇവിടെ നൽകിയിരിക്കുന്ന നിബന്ധനകളനുസരിച്ച്, ആ കൃതിയെ ഉപയോഗിക്കാനുള്ള അനുമതിയാണ് അത്തരം അറിയിപ്പ് നൽകുന്നത്. താഴെ "പ്രമാണം" എന്നു കുറിക്കുന്നത് അത്തരത്തിലുള്ള ഒരു രേഖയേയോ കൃതിയേയോ ആണ്. പൊതുജനത്തിലെ ഏതൊരാൾക്കും ഈ അനുമതി ഉപയോഗിക്കാവുന്നതാണ്, അനുമതിയുടെ ഉപയോക്താവിനെ ഇവിടെ "താങ്കൾ" എന്നു സംബോധന ചെയ്യുന്നതാണ്. പകർപ്പവകാശനിയമപ്രകാരം അനുമതി ആവശ്യമുള്ള രീതിയിൽ ആ കൃതി പകർത്തുകയോ മാറ്റുകയോ വിതരണം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ താങ്കൾ ഈ അനുമതി അംഗീകരിച്ചിരിക്കണം

പ്രമാണത്തിന്റെ "പരിഷ്കരിച്ച പതിപ്പ്"എന്നാൽ, ആ പ്രമാണമോ അതിന്റെ ഏതെങ്കിലും ഭാഗമോ പദാനുപദമായോ പകർത്തിയതോ, പരിഷ്ക്കരിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷയിലേക്കു തർജ്ജമ ചെയ്ത രൂപത്തിലോ അതുമല്ലങ്കിൽ പരിഷ്കരിച്ച് തർജ്ജമ ചെയ്തതോ ആയ മറ്റൊരു പ്രമാണം എന്നാണ് അർത്ഥം.

"ദ്വിതീയ വിഭാഗം" എന്നാൽ, ഒരു കൃതിയുടെ പ്രസാധകനും/പ്രസാധികയും അല്ലെങ്കിൽ അതിന്റെ രചയിതാവും കൃതിയിലെ പ്രമേയവുമായുള്ള (അല്ലെങ്കിൽ ബന്ധവിഷയങ്ങളുമായുള്ള) ബന്ധം മാത്രം പ്രതിപാദിക്കുന്ന, ആ കൃതിയിലെ തന്നെ പേരു നൽകിയിട്ടുള്ള അനുബന്ധമോ മുഖവുരയോ ആണ്. (അതുകൊണ്ട്, ഒരു ഗണിതശാസ്ത്രപാഠ്യപുസ്തകത്തിൽ, ദ്വിതീയ വിഭാഗത്തിൽ, ഗണിതശാസ്ത്രം വിശദീകരിക്കുകയില്ല.) കൃതിയിലെ വിഷയത്തിന്റെയോ, ബന്ധവിഷയത്തിന്റെയോ ചരിത്രപരമായതോ, നിയമപരമായതോ, വാണിജ്യപരമായതോ, തത്വസംബന്ധിയായതോ, ധർമ്മനീതിപരമായതോ, രാഷ്ട്രീയമോ ആയ കാര്യങ്ങൾക്ക് അവരുമായുള്ള ബന്ധവും ആവാം.

"മാറ്റമില്ലാത്ത ഭാഗങ്ങൾ" എന്നാൽ പ്രമാണം ഈ അനുമതിപ്രകാരമാണ് പുറത്തിറക്കിയിട്ടുള്ളത് എന്ന് കുറിക്കുക എന്ന ലക്ഷ്യത്തോടെ ദ്വിതീയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മാറ്റം വരുത്താൻ പാടില്ലാത്ത ഭാഗമാണ്. ദ്വിതീയ വിഭാഗത്തിലെ ഏതെങ്കിലും ഭാഗം ഈ നിർവചനത്തോടു ചേരുന്നില്ലങ്കിൽ അത് മാറ്റമില്ലാത്തതായി കുറിക്കരുത്. പ്രമാണത്തിൽ മാറ്റമില്ലാത്തതായി ഒരു ഭാഗം പോലും ഇല്ല എന്നും വരാവുന്നതാണ്. പ്രമാണത്തിലെ ഒന്നും മാറ്റമില്ലാത്തതായി തിരിച്ചറിയാൻ കഴിയുന്നില്ലങ്കിൽ മാറ്റമില്ലാത്ത ഭാഗമായി ഒന്നുമുണ്ടാകില്ല.

"പുറം എഴുത്തുകൾ" എന്നാൽ പുസ്തകങ്ങളുടെ പുറംചട്ടയിൽ മുന്നിലെ താളിലോ പിന്നിലെ താളിലോ ഉണ്ടാകാവുന്ന, പുസ്തകം ഈ അനുമതിയിലാണ് പുറത്തിറക്കിയിരിക്കുന്നതെന്നു കുറിക്കുന്ന എഴുത്തുകളുടെ ചെറുഖണ്ഡികകൾ ആണ്. മുൻപുറത്തിലെ എഴുത്തിൽ അങ്ങേയറ്റം അഞ്ച് വാക്കുകളും പിൻപുറത്തിലെ എഴുത്തിൽ അങ്ങേയറ്റം 25 വാക്കുകളുമാണുണ്ടാവുക

ഒരു പ്രമാണത്തിന്റെ “സുതാര്യമായ” പകർപ്പ് എന്നതു കൊണ്ട്, പൊതു സർവ്വോപയോഗ അനുമതിയിൽ ലഭ്യമാകുന്ന യന്ത്രത്തിനു മനസ്സിലാക്കാൻ കഴിയുന്ന ഘടനയിലുള്ള, തുറക്കാൻ നേരിട്ട് സാധാരണ ടെക്സ്റ്റ് എഡിറ്ററുകളോ, (പിക്സലുകളുടെ സംയോജനത്തിലൂടെയുണ്ടാകുന്ന ചിത്രങ്ങൾക്ക്) സാധാരണ പെയിന്റ് പ്രോഗ്രാമുകളോ, (ചിത്രരചനകൾക്ക്) പരക്കെ ഉപയോഗത്തിലിരിക്കുന്ന ഡ്രോയിങ് എഡിറ്ററുകളോ, അനുയോജ്യമായ രീതിയിലുള്ള ടെക്സ്റ്റ് ഫോർമാറ്റുകളിലേക്ക് ഇൻ‌പുട്ട് ചെയ്യാവുന്നതോ, ഇൻപുട്ട് ചെയ്ത കാര്യങ്ങളെ അനുയോജ്യമായ ടെക്സ്റ്റ് ഫോർമാറ്റുകളിലേയ്ക്ക് മാറ്റാവുന്നതോ ആയ പ്രമാണങ്ങളാണ്. സുതാര്യമായ ഫയൽ ഫോർമാറ്റിൽ ലഭ്യമാകുന്ന പകർപ്പ് മാർക്ൿ‌അപ് ഉപയോഗിച്ചോ, ഉപയോഗിക്കാതെയോ അതിൽ വരുത്തുന്ന മാറ്റങ്ങൾ വഴി സുതാര്യമല്ലാതെ ആക്കുന്നത് നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നു. ആവശ്യത്തിനു വിവരങ്ങൾ എഴുത്ത് ആയി നൽകിയിട്ടില്ലങ്കിൽ ഒരു ചിത്രം സുതാര്യമല്ല. “സുതാര്യ“മല്ലാത്ത പകർപ്പിനെ “അതാര്യം“ എന്നു വിളിക്കുന്നു

സുതാര്യമായ പകർപ്പുകൾക്ക് അനുയോജ്യമായ ഫോർമാറ്റുകൾക്കുള്ള ഉദാഹരണങ്ങളിൽ മാർക്ൿ‌അപ് ഇല്ലാത്ത ആസ്കി, റ്റെക്സിൻഫോ ഇൻപുട്ട് ഫോർമാറ്റ്, ലാറ്റെക്സ് ( LaTeX) ഇൻപുട്ട് ഫോർമാറ്റ്, പൊതു‌ ഉപയോഗത്തിനു ലഭ്യമായ ഡി.റ്റി.ഡി. ഉപയോഗിക്കുന്ന എസ്.ജി.എം.എൽ. അഥവാ എക്സ്.എം.എൽ., മാനകരൂപം ഉപയോഗിക്കുന്ന ലളിതമായ എച്ച്.റ്റി.എം.എൽ. പോസ്റ്റ്‌സ്ക്രിപ്റ്റ് അല്ലങ്കിൽ മനുഷ്യരാൽ തിരുത്താൻ കഴിയുന്ന പി.ഡി.എഫ്. തുടങ്ങിയവ ഉൾപ്പെടുന്നു. ചിത്രങ്ങൾക്കുള്ള സുതാര്യമായ ഫോർമാറ്റുകൾക്കുള്ള ഉദാഹരണങ്ങളിൽ പി.എൻ.ജി., എക്സ്.സി.എഫ്., ജെ.പി.ജി., തുടങ്ങിയവ ഉൾപ്പെടുന്നു. കുത്തകാവകാശമുള്ള വേഡ് പ്രോസസ്സറുകൾ ഉപയോഗിച്ചു മാത്രം വായിക്കാനോ എഴുതാനോ കഴിയുന്ന കുത്തകാവകാശമുള്ള ഫോർമാറ്റുകൾ, പൊതുവേ ലഭ്യമല്ലാത്ത ഡി.റ്റി.ഡി. ഉപകരണങ്ങളുപയോഗിക്കുന്ന എസ്.ജി.എം.എൽ. അല്ലങ്കിൽ എക്സ്.എം.എൽ., യന്ത്രം സൃഷ്ടിക്കുന്ന എച്ച്.റ്റി.എം.എൽ. ഔട്ട്‌പുട്ട് എന്ന ലക്ഷ്യത്തോടെ മാത്രം ചില വേഡ് പ്രോസസ്സറുകൾ സൃഷ്ടിക്കുന്ന പോസ്റ്റ്‌സ്ക്രിപ്റ്റ് അഥവാ പി.ഡി.എഫ്. തുടങ്ങിയവ അതാര്യമായ ഫോർമാറ്റുകളിൽ പെടുന്നു.

“തലക്കെട്ട് താൾ“ എന്നാൽ, അച്ചടിച്ച പുസ്തകത്തിന്റെ തലക്കെട്ടുള്ള താളും കൂടാതെ വേണമെങ്കിൽ - ഈ അനുമതിയാണ് കൊടുത്തിരിക്കുന്നതെന്ന് കുറിക്കാവുന്നതുമായ താളാണ്. കമ്പ്യൂട്ടറിനായോ മറ്റോ ചിട്ടപ്പെടുത്തിയെടുത്ത കൃതികളിൽ അത്തരത്തിലൊരു തലക്കെട്ട് താൾ ഇല്ലങ്കിലും, “തലക്കെട്ട് താൾ” എന്നതുകൊണ്ട് കൃതിയുടെ തലക്കെട്ട് കൊടുത്തിരിക്കുന്നതിൽ പ്രമുഖമായതും ഉള്ളടക്കമായുള്ള എഴുത്തിനു മുമ്പായി കൊടുത്തിരിക്കുന്നതുമായ താളാണ്.

"തലക്കെട്ടിൽ കഖഗ” എന്നുള്ള ഉപവിഭാഗം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ഒന്നെങ്കിൽ തലക്കെട്ട് കൃത്യം കഖഗ എന്നുള്ളതോ അല്ലങ്കിൽ തർജ്ജമ ചെയ്യുമ്പോൾ കോഷ്ഠങ്ങൾക്കുള്ളിൽ കൊടുക്കാവുന്ന വിധത്തിൽ ഉള്ളതോ ആയ ഉപഖണ്ഡമാണ്. (ഇവിടെ കഖഗ എന്നത് “കടപ്പാടുകൾ‍”, “സമർപ്പണങ്ങൾ”, “അംഗീകരണങ്ങൾ”, അഥവാ “ചരിത്രം” തുടങ്ങിയവയാണ്.) “തലക്കെട്ട് സംരക്ഷിക്കുക” എന്നാൽ താങ്കൾ പ്രമാണം പുതുക്കുമ്പോൾ “തലക്കെട്ടിൽ കഖഗ” എന്നുള്ള ഭാഗം എങ്ങിനെയാണോ നിർവചിച്ചിരിക്കുന്നത്, അങ്ങിനെ തന്നെ നിലനിർത്തുക എന്നാണ്.

പ്രമാണത്തിൽ ചിലപ്പോൾ അതിന്റെ അനുമതി സാധുവായ പ്രവിശ്യകളെ കുറിച്ചുള്ള അറിയിപ്പിനു ശേഷം ഗുണമേന്മോത്തരവാദിത്ത നിരാകരണങ്ങൾ നൽകിയേക്കാം. ഇത്തരം ഗുണമേന്മോത്തരവാദിത്ത നിരാകരണങ്ങൾ അവലംബിതങ്ങളായി ഈ അനുമതിയിലേക്ക് ചേർക്കാവുന്നതാണ്, ഇത് ഗുണമേന്മോത്തരവാദിത്ത നിരാകരണം സംബന്ധിച്ചു മാത്രമായിരിക്കണം: ഗുണമേന്മോത്തരവാദിത്തം നിരാകരിക്കൽ മറ്റുരീതിയിൽ ഉപയോഗിച്ചാൽ അത് ഗുണമേന്മോത്തരവാദിത്തം ഇല്ലാതാകാൻ മാത്രമേ ഉപകരിക്കൂ ഒപ്പം അനുമതിയുടെ അർത്ഥത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാകില്ല.

2. പകർത്തൽ

താങ്കൾക്ക് ഈ അനുമതിയും ഈ അനുമതിയാണ് പ്രമാണത്തിൽ പ്രയോഗത്തിലുള്ളതെന്ന് കുറിക്കുന്ന അറിയിപ്പും കൂടെ വച്ച്, അനുമതിയിൽ മറ്റൊരു വ്യവസ്ഥയും കൂട്ടിച്ചേർക്കാതെ പ്രമാണം ഏതൊരു മാദ്ധ്യമത്തിലും വാണിജ്യോദ്ദേശത്തോടെയോ അല്ലാതെയോ പകർത്താനും വിതരണം ചെയ്യാനും സാധിക്കുന്നതാണ്. പ്രമാണം ഓരോ പതിപ്പിലും പുനഃസൃഷ്ടിക്കേണ്ടതാണ്, കൂടാതെ അനുമതിയിൽ ഉള്ളതിലധികം ഒരു വ്യവസ്ഥയും താങ്കൾ കൂട്ടിച്ചേർക്കാൻ പാടില്ലാത്തതുമാകുന്നു. താങ്കൾ ഉണ്ടാക്കിയതോ വിതരണം ചെയ്യുന്നതോ ആയ പ്രമാണം വായിക്കുന്നതോ, വീണ്ടും പകർത്തുന്നതോ തടയുന്ന വിധത്തിൽ യാതൊരു സാങ്കേതിക മാർഗ്ഗങ്ങളും അതിൽ ഉപയോഗിക്കാൻ പാടില്ല. എന്നിരുന്നാലും പകർപ്പുകളുടെ വിതരണനത്തിനു പ്രതിഫലം സ്വീകരിക്കാവുന്നതാണ്. താങ്കൾ വളരെയധികം പകർപ്പുകൾ വിതരണം ചെയ്യുന്നുവെങ്കിൽ ഭാഗം 3-ൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതാകുന്നു.

മുകളിൽ കൊടുത്തിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് താങ്കൾക്ക് പകർപ്പുകൾ കടംനൽകുകയോ, പൊതു പ്രദർശനം നടത്തുകയോ ചെയ്യാവുന്നതാണ്.

3. വലിയ അളവിലുള്ള പകർത്തലുകൾ

പ്രമാണത്തിന്റെ അച്ചടിച്ച രൂപത്തിലുള്ള പകർപ്പുകൾ താങ്കൾ പ്രസിദ്ധീകരിക്കുകയാണെങ്കിൽ (അല്ലങ്കിൽ പകർപ്പുകളുടെ മാദ്ധ്യമത്തിനു അച്ചടിച്ച പുറംചട്ടയുണ്ടെങ്കിൽ), അവയുടെ എണ്ണം നൂറിലധികമുണ്ടെങ്കിൽ, പ്രമാണത്തിന്റെ അനുമതി അറിയിപ്പ് പുറം‌എഴുത്തുകൾ നിർബന്ധമാക്കുന്നു, എല്ലാ പകർപ്പുകളുടേയും പുറംചട്ടയിൽ വ്യക്തമായും സ്പഷ്ടമായും അതുണ്ടായിരിക്കണം: മുൻ‌പുറ എഴുത്തുകൾ മുന്നിലെ പുറംചട്ടയിലും, പിൻ‌പുറ എഴുത്തുകൾ പിന്നിലെ പുറംചട്ടയിലുമാണുണ്ടാകേണ്ടത്. ഇരു പുറംചട്ടകളും വ്യക്തമായും സ്പഷ്ടമായും ഈ പകർപ്പുകളുടെ പ്രസാധകൻ/പ്രസാധിക താങ്കളാണ് എന്ന് വെളിവാക്കിയിരിക്കണം. തുല്യപ്രാധാന്യത്തോടെ സുവ്യക്തമായി തലക്കെട്ട് മുൻപുറംചട്ടയിലുണ്ടാവേണ്ടതാണ്. പുറംചട്ടകളിൽ താങ്കൾക്ക് കൂടുതൽ കാര്യങ്ങൾ ചേർക്കാവുന്നതാണ്. തലക്കെട്ടും ഈ വ്യവസ്ഥകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പുറംചട്ടയിൽ മാറ്റങ്ങളോടെയുള്ള പകർപ്പെടുക്കൽ സാധുവാണ്, അവ പദാനുപദ പകർത്തലായി കരുതപ്പെടുന്നതാണ്.

ആവശ്യമായ എഴുത്തുകൾ പുറംചട്ടയിൽ സ്പഷ്ടമായി ചേർക്കാൻ സാധിക്കാത്ത വിധം വളരെ കൂടുതലുണ്ടെങ്കിൽ, ശരിക്കുമുള്ള പുറംചട്ടയിൽ ആദ്യം പറഞ്ഞിരിക്കുന്നവയാണ് താങ്കൾ ചേർക്കേണ്ടത് (പറ്റുന്നത്രയെണ്ണം ചേർക്കുക), തുടർന്നുള്ളവ അടുത്ത താളുകളിൽ ചേർക്കുക.

പ്രമാണത്തിന്റെ അതാര്യമായ നൂറിലധികം പകർപ്പുകൾ ആണ് താങ്കൾ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതെങ്കിൽ, ഓരോ അതാര്യമായ പകർപ്പിനുമൊപ്പം മെഷീൻ-റീഡബിൾ ആയ സുതാര്യമായ പകർപ്പ് താങ്കൾ വെച്ചിരിക്കണം, അല്ലങ്കിൽ ഓരോ അതാര്യമായ പകർപ്പുമിരിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്ക് സ്ഥാനത്തുനിന്നും നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന പൊതുജനങ്ങൾക്ക് പൊതു മാനക നെറ്റ്വർക്ക് നിയമങ്ങൾ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യാവുന്ന വിധത്തിൽ, മറ്റു കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ പ്രമാണത്തിന്റെ സുതാര്യമായ പകർപ്പ് ഉണ്ടായിരിക്കണം. രണ്ടാമതു പറഞ്ഞ മാർഗ്ഗമാണ് താങ്കൾ ഉപയോഗിക്കുന്നതെങ്കിൽ, എപ്പോഴാണോ താങ്കൾ വലിയ തോതിൽ അതാര്യമായ പകർപ്പുകളുടെ വിതരണം ആരംഭിക്കുന്നത് അപ്പോൾ, താങ്കൾ യുക്തിസഹമായവിധത്തിൽ സൂക്ഷ്മമായ നടപടികൾ കൈക്കൊണ്ടിരിക്കേണ്ടതാണ്, ഒടുവിൽ വിതരണം ചെയ്ത ശേഷം കുറഞ്ഞത് ഒരു വർഷമെങ്കിലും സുതാര്യമായ പകർപ്പ് നിശ്ചയിച്ച സ്ഥലത്ത് പൊതുജനങ്ങൾക്ക് പ്രാപ്യമായ വിധത്തിൽ (നേരിട്ടോ, പ്രതിനിധികൾ വഴിയോ, വിതരണക്കാർ വഴിയോ) ഉണ്ടായിരിക്കേണ്ടതാണ്.

അവശ്യമായ കാര്യമല്ലങ്കിൽ പോലും, വലിയ തോതിൽ പകർപ്പെടുത്ത് വിതരണം ചെയ്യുമ്പോൾ പ്രമാണത്തിന്റെ രചയിതാക്കളെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു, പ്രമാണത്തിന്റെ പുതുക്കിയ പതിപ്പ് താങ്കൾക്ക് ലഭ്യമാക്കാനുള്ള അവസരം ഇതുവഴി അവർക്ക് ലഭിക്കുന്നതാണ്.

4. പരിഷ്കരണങ്ങൾ

മുകളിലെ ഭാഗം 2, 3 എന്നിവ പാലിച്ചുകൊണ്ട് താങ്കൾക്ക് പ്രമാണത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പകർപ്പുകൾ വിതരണം ചെയ്യാവുന്നതാണ്, അപ്പോൾ ഇതേ അനുമതിപ്രകാരം തന്നെയായിരിക്കണം പരിഷ്കരിച്ച പതിപ്പും പുറത്തിറക്കേണ്ടത്, പരിഷ്കരിച്ച പതിപ്പ് പ്രമാണത്തിന്റെ ധർമ്മം പൂർത്തീകരിച്ചിരിക്കേണ്ടതാണ്, അതുപോലെ അനുമതി നൽകിയ വിതരണത്തിന്റെ പകർപ്പ് പരിഷ്കരിച്ച പതിപ്പിന്റെ പുതുക്കൽ ആരാണോ നടത്തിയത് അയാളുടെ കൈയ്യിലുണ്ടാവേണ്ടതാണ്. കൂടുതലായി, താങ്കൾ പരിഷ്കരിച്ച പതിപ്പിൽ ഈ കാര്യങ്ങൾ ചെയ്യേണ്ടതാണ്:

ക. തലക്കെട്ട് താളിൽ (പുറംചട്ടയുണ്ടെങ്കിൽ അതിലും), പ്രമാണത്തിൽ നിന്നും, പഴയ പതിപ്പുകളുണ്ടെങ്കിൽ അവയിൽ നിന്നും (അവയുണ്ടെങ്കിൽ പ്രമാണത്തിന്റെ ചരിത്രം ഉപവിഭാഗത്തിൽ കുറിച്ചിട്ടിട്ടുണ്ടാവും) വ്യത്യസ്തമായ തലക്കെട്ട് നൽകുക. ശരിക്കും പ്രസിദ്ധീകരിച്ച ആൾ അനുവാദം തന്നിട്ടുണ്ടെങ്കിൽ പഴയ തലക്കെട്ട് തന്നെ ഉപയോഗിക്കാവുന്നതാണ്.
ഖ. പരിഷ്കരിച്ച പതിപ്പിന്റെ തലക്കെട്ട് താളിൽ, രചയിതാക്കൾ എന്ന രീതിയിൽ, ഒന്നോ അതിലധികമോ ആൾക്കാരെ, പ്രമാണത്തിന്റെ പ്രധാന രചയിതാക്കളിൽ അഞ്ചുപേർ (അഞ്ചിൽ കുറവാണെങ്കിൽ എല്ലാവരും) , താങ്കളെ ഈ ആവശ്യത്തിൽ നിന്നും തടയാതിരിക്കുന്നുവെങ്കിൽ, രചനയുടെ ഉത്തരവാദിത്തത്തിൽ വ്യത്യാസമുണ്ടാക്കുന്ന മാറ്റം വരുത്തുക.
ഗ. പരിഷ്കരിച്ച പതിപ്പിന്റെ തലക്കെട്ട് താളിൽ പ്രസിദ്ധീകരിക്കുന്ന ആളെന്ന രീതിയിൽ പ്രസാധകനെ/പ്രസാധികയെ മാറ്റി കുറിക്കുക.
ഘ. പ്രമാണത്തിന്റെ പകർപ്പവകാശ അറിയിപ്പുകൾ അതേപടി സംരക്ഷിക്കുക.
ങ. താങ്കൾ വരുത്തിയ മാറ്റങ്ങൾക്കനുയോജ്യമായ പകർപ്പവകാശ അറിയിപ്പ്, മറ്റ് പകർപ്പവകാശ അറിയിപ്പുകൾക്ക് സമീപം ചേർക്കുക.
ച. പകർപ്പവകാശ അറിയിപ്പുകൾക്കു ശേഷം, പരിഷ്കരിച്ച പതിപ്പ് ഇതേ അനുമതിയിലെ വ്യവസ്ഥകളനുസരിച്ചാണ് നൽകുന്നതെന്ന് കുറിക്കുന്ന അനുമതി അറിയിപ്പ് താഴെ കൊടുത്തിട്ടുള്ള വിധത്തിൽ ചേർക്കുക.
ഛ. പ്രമാണത്തിന്റെ അനുമതി നോട്ടീസിൽ മാറ്റമില്ലാത്ത വിഭാഗങ്ങളായി കൊടുത്തിരിക്കുന്നവയും പുറം എഴുത്തുകളും അനുമതി അറിയിപ്പിൽ അതേപടി സംരക്ഷിക്കുക.
ജ. ഈ അനുമതിയുടെ മാറ്റമില്ലാത്ത പകർപ്പ് ഉൾപ്പെടുത്തുക.
ഝ. “ചരിത്രം” എന്ന തലക്കെട്ടിലുള്ള ഭാഗം സംരക്ഷിക്കുക, അതിന്റെ തലക്കെട്ട് സംരക്ഷിക്കുക, അതിലേക്ക് കുറഞ്ഞത് തലക്കെട്ട്, വർഷം, പുതിയ രചയിതാക്കൾ, പ്രസാധകർ തുടങ്ങിയവ പരിഷ്കരിച്ച പതിപ്പിന്റെ തലക്കെട്ട് താളിൽ നൽകിയതു പോലെ ചേർക്കുക. പ്രമാണത്തിൽ “ചരിത്രം” എന്ന തലക്കെട്ടിൽ ഇത്തരത്തിലുള്ള ഭാഗം ഇല്ലങ്കിൽ, അത്തരത്തിലൊന്നുണ്ടാക്കി തലക്കെട്ട്, വർഷം, രചയിതാക്കൾ, പ്രസാധകർ തുടങ്ങിയ വിവരങ്ങൾ തലക്കെട്ട് താളിൽ കൊടുത്തതു പോലെ ചേർക്കുക, എന്നിട്ട് മുമ്പത്തെ വരിയിൽ പറഞ്ഞതു പോലെ പരിഷ്കരിച്ച പതിപ്പിനുള്ള ഘടകം കൂട്ടിച്ചേർക്കുക.
ഞ. പ്രമാണത്തിൽ, പൊതുജനങ്ങൾക്ക് പ്രാപ്യമായവിധത്തിൽ പ്രമാണത്തിന്റെ സുതാര്യമായ പകർപ്പിരിക്കുന്ന നെറ്റ്വർക്ക് സ്ഥാനവും, അതുപോലെ പ്രമാണത്തിന്റെ അടിസ്ഥാനമായ പഴയ പതിപ്പുകൾ ഉള്ള നെറ്റ്‌വർക്ക് സ്ഥാനവും സംരക്ഷിക്കുക. ഇവ “ചരിത്രം” ഭാഗത്തിൽ ഉണ്ടായിരിക്കും. കുറഞ്ഞത് നാലു കൊല്ലം മുമ്പത്തെ കൃതിയുടെ നെറ്റ്‌വർക്ക് സ്ഥാനമോ, ശരിക്കുമുള്ള രചയിതാവ് അനുവാദം തന്നിട്ടുണ്ടെങ്കിലുമോ താങ്കൾക്ക് ഒഴിവാക്കാവുന്നതാണ്.
ട. “കടപ്പാടുകൾ” അഥവാ “സമർപ്പണങ്ങൾ” എന്നീ ഭാഗങ്ങളിൽ, ഭാഗങ്ങളുടെ തലക്കെട്ട് സംരക്ഷിക്കുക, ഭാഗത്തിലെ സകല ഉള്ളടക്കവും ഓരോ സംഭാവകന്റേയും കടപ്പാടുകളുടേയോ അഥവാ സമർപ്പണങ്ങളുടേയോ രണ്ടിന്റേയും കൂടിയോ ധ്വനിയിൽ വ്യത്യാസം വരുത്താതെ സംരക്ഷിക്കുക.
ഠ. അവയുടെ എഴുത്തിലോ തലക്കെട്ടിലോ മാറ്റം വരുത്താതെ, പ്രമാണത്തിലെ എല്ലാ മാറ്റമില്ലാത്ത ഭാഗങ്ങളും സംരക്ഷിക്കുക. ഭാഗങ്ങളുടെ ക്രമസംഖ്യകളോ തത്തുല്യമായവയോ വിഭാഗത്തിന്റെ തലക്കെട്ടായി കണക്കാക്കില്ല.
ഡ. “അംഗീകരണങ്ങൾ” എന്ന തലക്കെട്ടിലുള്ള ഭാഗം നീക്കുക. അത്തരമൊരു ഭാഗം പരിഷ്കരിച്ച പതിപ്പിൽ ഉൾപ്പെടുത്താതിരിക്കാം.
ഢ. “അംഗീകരണങ്ങൾ” എന്ന തലക്കെട്ടിലുള്ള ഭാഗത്തിന്റെ, അല്ലങ്കിൽ മാറ്റമില്ലാത്ത ഭാഗങ്ങളുമായി ചേർച്ചയില്ലാതെ വരുന്ന തലക്കെട്ടുകൾ, തലക്കെട്ട് മാറ്റരുത്.
ണ. എന്തെങ്കിലും ഗുണമേന്മോത്തരവാദിത്ത നിരാകരണങ്ങളുണ്ടെങ്കിൽ അവ സംരക്ഷിക്കുക.

പരിഷ്കരിച്ച പതിപ്പ് പുതിയ പുറം എഴുത്തുകളോ അല്ലങ്കിൽ അനുബന്ധങ്ങളോ ദ്വിതീയ വിഭാഗമായി കണക്കാക്കാൻ പ്രാപ്തമായ വിധത്തിൽ ഉൾക്കൊള്ളുന്നുവെങ്കിൽ, അവ പ്രമാണത്തിൽ നിന്നും പകർത്തിയതല്ലങ്കിൽ, താങ്കൾക്ക് സ്വയം ഈ ഭാഗങ്ങൾ മാറ്റമില്ലാത്തവയാണോ എന്നു തീരുമാനിക്കാം. അതിനായി, അവയുടെ തലക്കെട്ടുകൾ പരിഷ്കരിച്ച പതിപ്പിന്റെ അനുമതി അറിയിപ്പിൽ മാറ്റമില്ലാത്ത ഭാഗങ്ങളുടെ പട്ടികയിൽ ചേർക്കുക. ഈ തലക്കെട്ടുകൾ മറ്റേതൊരു തലക്കെട്ടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം.

വിവിധ കക്ഷികൾക്ക് നൽകുന്ന അംഗീകരണങ്ങൾ മാത്രമേ ഉൾക്കൊള്ളുന്നുവെങ്കിൽ താങ്കളുടെ പരിഷ്കരിച്ച പതിപ്പിൽ താങ്കൾക്ക് “അംഗീകരണങ്ങൾ” എന്ന തലക്കെട്ടിൽ ഒരു ഭാഗം കൂട്ടിച്ചേർക്കാവുന്നതാണ് - ഒരുദാഹരണം പറഞ്ഞാൽ‍, പ്രാമാണികമായ വിധത്തിൽ മാനക നിർവചനപ്രകാരം താങ്കളുടെ എഴുത്തുകളുടെ സംശോധന നടത്തിയ സംഘത്തെ കുറിച്ചുള്ള വാക്യങ്ങൾ.

പരിഷ്കരിച്ച പതിപ്പിൽ പുറം എഴുത്തുകളുടെ പട്ടികയ്ക്കൊടുവിൽ 5 വാക്കിൽ കൂടാത്ത ഖണ്ഡിക മുൻപുറ എഴുത്തായും, 25 വാക്കിൽ കൂടാത്ത ഖണ്ഡിക പിൻപുറത്തിലും താങ്കൾക്ക് ചേർക്കാവുന്നതാണ്. മുൻപുറ എഴുത്തിന്റേയും പിൻപുറ എഴുത്തിന്റേയും ഓരോ ഖണ്ഡിക മാത്രമേ ഒരെണ്ണത്തിൽ ചേർക്കാൻ (അല്ലങ്കിൽ അതുപോലുള്ള സൌകര്യം ഉപയോഗിക്കാൻ) പാടുള്ളു. ഒരു പ്രമാണത്തിൽ അതിനുമുമ്പേ, പുറം ചട്ടയിൽ, താങ്കളാലോ താങ്കൾക്കുവേണ്ടി മറ്റുവിധത്തിലോ ചേർക്കപ്പെട്ടതോ ആയ അതേ കാര്യം ഉൾക്കൊള്ളുന്നുവെങ്കിൽ, താങ്കൾ ഒന്നുകൂടി ചേർക്കാൻ പാടില്ലാത്തതാകുന്നു, എങ്കിലും പഴയതിനു പകരമായി ഒരെണ്ണം, പഴയത് ചേർത്ത പ്രസാധകന്റെ/പ്രസാധികയുടെ സുവ്യക്തമായ അനുവാദത്തോടെ താങ്കൾക്ക് ചേർക്കാവുന്നതാണ്.

ഈ അനുമതി രചയിതാവിനോ (രചയിതാക്കൾക്കോ) പ്രസാധകനോ/പ്രസാധികയ്ക്കോ(പ്രസാധകർക്കോ), ഏതെങ്കിലും പരിഷ്കരിച്ച പതിപ്പുകളിൽ അവരുടെ പേരിനു പ്രസിദ്ധി നൽകാനോ, അംഗീകരണം നൽകാനോ അനുവാദം നൽകുന്നില്ല.

5. പ്രമാണങ്ങളുടെ സംയോജനം

പ്രമാണവുമായി ഇതേ അനുമതി പ്രകാരം പുറത്തിറക്കപ്പെട്ട മറ്റു പ്രമാണങ്ങൾ, മുകളിൽ ഭാഗം 4-ൽ പരിഷ്കരിച്ച പതിപ്പുകൾക്കായി എഴുതപ്പെട്ട ധാരണകൾ പാലിച്ച്, താങ്കൾക്ക് സംയോജിപ്പിക്കാവുന്നതാണ്, അപ്പോൾ എല്ലാ യഥാർത്ഥ പ്രമാണങ്ങളിലേയും മാറ്റമില്ലാത്ത ഭാഗങ്ങൾ ഉൾപ്പെടുത്തേണ്ടതും, അവയിലൊന്നിലും മാറ്റം വരുത്തരുതാത്തതും, അവ അനുമതി അറിയിപ്പിലെ മാറ്റമില്ലാത്ത ഭാഗങ്ങളുടെ പട്ടികയിൽ ചേർക്കേണ്ടതും, അവയിൽ ഉള്ള എല്ലാ ഗുണമേന്മോത്തരവാദിത്ത നിരാകരണങ്ങളും അതേ പടി സംരക്ഷിക്കേണ്ടതുമാകുന്നു.

സംയോജിത കൃതി ഈ അനുമതിയുടെ ഒരു പകർപ്പ് ഉൾക്കൊണ്ടാൽ മതിയാവും, മാറ്റമില്ലാത്ത ഭാഗങ്ങൾ സദൃശമെങ്കിൽ ഒരൊറ്റ പകർപ്പ് കൊണ്ട് ഉൾപ്പെടുത്താവുന്നതാണ്. വിവിധ മാറ്റമില്ലാത്ത ഭാഗങ്ങൾക്ക് ഒരേ നാമവും വ്യത്യസ്ത ഉള്ളടക്കവുമാണുള്ളതെങ്കിൽ, രചയിതാവിന്റെയോ പ്രസാധകന്റെയോ/പ്രസാധികയുടേയോ പേര് അറിയാമെങ്കിൽ ഓരോ തലക്കെട്ടിലും ഒടുവിലായി അത് കോഷ്ഠങ്ങൾക്കുള്ളിൽ നൽകിയോ അനന്യമായ ക്രമസംഖ്യ നൽകിയോ അനന്യമാക്കാവുന്നതാണ്. സംയോജിത കൃതിയുടെ അനുമതി അറിയിപ്പിലെ മാറ്റമില്ലാത്ത ഭാഗങ്ങളുടെ പട്ടികയിലും ഇതേ മാർഗ്ഗമുപയോഗിക്കുക.

സംയോജനത്തിൽ, വിവിധ മൂല പ്രമാണങ്ങളിലെ “ചരിത്രം” എന്ന തലക്കെട്ടിൽ വരുന്ന ഭാഗങ്ങൾ താങ്കൾ സംയോജിപ്പിച്ച്, “ചരിത്രം” എന്ന തലക്കെട്ടിൽ ഒരൊറ്റ ഭാഗം സൃഷ്ടിക്കേണ്ടതാണ്; അതുപോലെ “കടപ്പാടുകൾ“ എന്ന തലക്കെട്ടിലുള്ള ഭാഗമുണ്ടെങ്കിൽ അതും, “സമർപ്പണങ്ങൾ” എന്ന തലക്കെട്ടിലുള്ള ഭാഗമുണ്ടെങ്കിൽ അതും സംയോജിപ്പിക്കേണ്ടതാണ്. “അംഗീകരണങ്ങൾ” എന്ന തലക്കെട്ടിലുള്ള എല്ലാ ഭാഗങ്ങളും താങ്കൾ നീക്കിക്കളയേണ്ടതാകുന്നു.

6. പ്രമാണങ്ങളുടെ സമാഹാരം

പ്രമാണവും ഇതേ അനുമതിയിൽ പുറത്തിറക്കപ്പെട്ട മറ്റു പ്രമാണങ്ങളും ശേഖരിച്ച് ഒന്നിച്ച് ഒരു സമാഹാരം ഉണ്ടാക്കാവുന്നതാണ്, വ്യത്യസ്ത പ്രമാണങ്ങളിലെ ഓരോരോ അനുമതി പകർപ്പുകൾക്ക് പകരം ഒരൊറ്റ പകർപ്പ് സമാഹാരത്തിലുൾപ്പെടുത്തിയാൽ മതിയാവും, അപ്പോൾ പദാനുപദ പകർത്തലിനായി ഈ അനുമതിയിലുള്ള ചട്ടങ്ങൾ ഓരോ പ്രമാണത്തിലും എല്ലാ അർത്ഥത്തിലും പാലിച്ചിരിക്കേണ്ടതാകുന്നു.

അത്തരത്തിലൊരു സമാഹാരത്തിൽ നിന്നും ഒരു പ്രമാണം മാത്രമെടുത്ത് , ഈ അനുമതി പ്രകാരം താങ്കൾക്ക് വിതരണം ചെയ്യാവുന്നതാണ്, അപ്പോൾ ഈ അനുമതിയുടെ ഒരു പകർപ്പ് എടുത്ത പ്രമാണത്തിൽ ഉൾപ്പെടുത്തേണ്ടതാകുന്നു, പദാനുപദ പകർത്തലിനായി ഈ അനുമതിയിലുള്ള ചട്ടങ്ങൾ അതിന്റെ എല്ലാ അർത്ഥത്തിലും പ്രസ്തുത പ്രമാണത്തിൽ പാലിച്ചിരിക്കേണ്ടതാകുന്നു.

7. സ്വതന്ത്ര രചനകളുടെ സഞ്ചികാവത്കരണം

പ്രമാണമോ അതിന്റെ വ്യുൽപ്പന്നങ്ങളോ മറ്റ് സ്വതന്ത്ര പ്രമാണങ്ങളുമായോ കൃതികളുമായോ ചേർത്തോ, അല്ലങ്കിൽ സംഭരണത്തിനോ വിതരണത്തിനോ ഉള്ള മാദ്ധ്യമ സൌകര്യത്തിനായോ ഒത്തുചേർത്തോ തയ്യാറാക്കുന്നതിനെ "സഞ്ചിക" എന്നു പറയുന്നു. ചേർത്തെടുത്തതിന്റെ പകർപ്പവകാശഫലം അതിന്റെ ഉപയോക്താക്കളുടെ നിയമപരമായ അവകാശങ്ങൾ കൃതികൾ ഒറ്റയ്ക്കൊറ്റയ്ക്കെടുത്താൽ അനുവദനീയമായതിൽ കുറവാകരുത്. പ്രമാണം സഞ്ചികയിൽ ഉൾപ്പെടുത്തുമ്പോൾ, സഞ്ചികയിലെ മറ്റ് കൃതികൾ പ്രമാണത്തിന്റെ വ്യുൽപ്പന്നങ്ങളല്ലങ്കിൽ ഈ അനുമതി ചെലുത്തരുത്.

പ്രമാണത്തിന്റെ പകർപ്പുകളിൽ ഭാഗം 3-ൽ പറഞ്ഞിരിക്കുന്ന പുറം എഴുത്തുകളുടെ ആവശ്യം ഉണ്ടെങ്കിൽ, പ്രമാണം മുഴുവൻ സഞ്ചികയുടെ പകുതിയേക്കാളും ചെറുതെങ്കിൽ, പ്രമാണത്തിന്റെ പുറം എഴുത്തുകൾ സഞ്ചികയ്ക്കുള്ളിൽ പ്രമാണത്തെ ഉൾക്കൊള്ളിക്കുന്നതിനൊപ്പം ഉൾപ്പെടുത്താവുന്നതാണ്, പ്രമാണം ഇലക്ട്രോണിക് രൂപത്തിലാണെങ്കിൽ പുറംചട്ടയ്ക്ക് സദൃശമായ ഇലക്ട്രോണിക് മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. അല്ലാത്തപക്ഷം അവ മുഴുവൻ സഞ്ചികയേയും ഉൾപ്പെടുത്തി പുറംചട്ടയിൽ കൊടുക്കേണ്ടതാകുന്നു.

8. തർജ്ജമ

തർജ്ജമ ഒരു തരം പരിഷ്കരണമാണ്, അതുകൊണ്ട് തർജ്ജമ ചെയ്യപ്പെട്ട പ്രമാണം താങ്കൾക്ക് ഭാഗം 4-ലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് വിതരണം ചെയ്യാവുന്നതാണ്. മാറ്റമില്ലാത്ത ഭാഗങ്ങൾ അവയുടെ പകർപ്പവകാശം കൈവശം വച്ചിരിക്കുന്നവരുടെ പ്രത്യേകാനുവാദത്തോടെ മാത്രമേ തർജ്ജമ ചെയ്ത് മാറ്റിച്ചേർക്കാവൂ, എന്നാൽ താങ്കൾക്ക് മാറ്റമില്ലാത്ത ഭാഗങ്ങളുടെ മൂലരൂപങ്ങൾക്കൊപ്പം അവയിലേതാനമെണ്ണത്തിന്റേയോ, മുഴുവനുമെണ്ണത്തിന്റേയോ തർജ്ജമ ചേർക്കാവുന്നതാണ്. താങ്കൾക്ക് ഈ അനുമതിയും, പ്രമാണത്തിലെ എല്ലാ അനുമതി അറിയിപ്പുകളും, എല്ലാ ഗുണമേന്മോത്തരവാദിത്ത നിരാകരണങ്ങളും തർജ്ജമ ചെയ്ത് ഉൾപ്പെടുത്താവുന്നതാണ്, അപ്പോൾ താങ്കൾ ഈ അനുമതിയുടെ മൂല ഇംഗ്ലീഷ് പതിപ്പും അറിയിപ്പുകളുടേയും നിരാകരണങ്ങളുടേയും മൂല പതിപ്പുകളും ചേർത്തിരിക്കണം. ഈ അനുമതിയും, അല്ലങ്കിൽ അറിയിപ്പുകളും, നിരാകരണങ്ങളും അവയുടെ തർജ്ജമയും തമ്മിൽ എന്തെങ്കിലും ചേർച്ചയില്ലായ്മ വന്നെങ്കിൽ മൂല പതിപ്പായിരിക്കും ഫലത്തിൽ നിലനിൽക്കുക.

പ്രമാണത്തിലെ ഒരു ഭാഗത്തിന്റെ തലക്കെട്ട് “കടപ്പാടുകൾ” അഥവാ “സമർപ്പണങ്ങൾ”, അഥവാ “ചരിത്രം” എന്നാണെങ്കിൽ അവയുടെ തലക്കെട്ട് (ഭാഗം 1) സം‌രക്ഷിക്കണമെന്ന ആവശ്യം (ഭാഗം 4) നിലനിൽക്കെ ശരിക്കുമുള്ള തലക്കെട്ട് തിരുത്തേണ്ടി വരിക സാധാരണമാണ്.

9. ഉപസംഹാരം

ഈ അനുമതി പ്രകാരം സ്പഷ്ടമായി അനുവദിക്കപ്പെട്ടവയ്ക്കൊഴികെ താങ്കൾ പ്രമാണം പകർത്താനോ, പരിഷ്കരിക്കാനോ, ഉപാനുമതി നൽകാനോ, വിതരണം ചെയ്യാനോ പാടില്ല. അത്തരത്തിൽ പകർത്താനോ, പരിഷ്കരിക്കാനോ, ഉപാനുമതി നൽകാനോ, വിതരണം ചെയ്യാനോ ഉള്ള ശ്രമങ്ങൾ അസാധുവും, ഈ അനുമതിയിൽ താങ്കൾക്കുള്ള അവകാശങ്ങൾ ഇല്ലാതാകാൻ കാരണവുമാവുന്നതും ആണ്. എന്നിരുന്നാലും, ഈ അനുമതി പ്രകാരം താങ്കളിൽ നിന്ന് പകർപ്പുകളോ അവകാശങ്ങളോ ലഭിച്ച കക്ഷികളുടെ അനുമതി അവർ ഈ അനുമതിയുമായി ഒത്തുപോകുന്ന കാലത്തോളം നിലനിൽക്കുന്നതാണ്.

10. ഈ അനുമതിയുടെ ഭാവി പുനരവലോകനങ്ങൾ

സ്വതന്ത്ര സോഫ്റ്റ്‌വേർ സമിതി കാലാകാലങ്ങളിൽ ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതിയുടെ പുതിയ, പിഴപരിശോധന നടത്തിയ പതിപ്പുകൾ പ്രസിദ്ധീകരിച്ചേക്കാം. അത്തരം പുതിയ പതിപ്പുകൾ നിലവിലുള്ള പതിപ്പുമായി ആദർശത്തിൽ സമാനമെങ്കിലും, പുതിയ പ്രശ്നങ്ങളേയും വിഷയങ്ങളേയും അഭിമുഖീകരിക്കുന്നതിൽ വ്യത്യസ്തമായേക്കാം. http://www.gnu.org/copyleft/ കാണുക.

അനുമതിയുടെ ഓരോ പതിപ്പിനും വ്യത്യസ്തമായ പതിപ്പ് ക്രമസംഖ്യ നൽകുന്നതാണ്. പ്രമാണം ഈ അനുമതിയുടെ ഒരു പ്രത്യേക ക്രമസംഖ്യയുള്ള പതിപ്പോ “അഥവാ ഏതെങ്കിലും ഭാവി പതിപ്പോ” പാലിക്കുന്നതാണ് എന്ന് വ്യക്തമാക്കിയാൽ, താങ്കൾക്ക് ഇഷ്ടാനുസരണം വ്യക്തമാക്കിയ ക്രമസംഖ്യയിലുള്ള പതിപ്പിനേയോ, സ്വതന്ത്ര സോഫ്റ്റ്‌വേർ സമിതി അതിനു ശേഷം പ്രസിദ്ധീകരിച്ച (കരട് അല്ലാത്തത്) പതിപ്പുകളിലെ ധാരണകളും വ്യവസ്ഥകളും അനുവർത്തിക്കാവുന്നതാണ്. പ്രമാണം ഈ അനുമതിയുടെ ഒരു പ്രത്യേക പതിപ്പിന്റെ ക്രമസംഖ്യ വ്യക്തമാക്കുന്നില്ലങ്കിൽ, സ്വതന്ത്ര സോഫ്റ്റ്‌വേർ സമിതി എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഏതെങ്കിലും പതിപ്പ് (കരട് അല്ലാത്തത്) താങ്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

പ്രമാണങ്ങളിൽ ഈ അനുമതി എങ്ങിനെ ഉപയോഗിക്കാം

താങ്കൾ എഴുതിയ പ്രമാണങ്ങളിൽ ഈ അനുമതി ഉപയോഗിക്കാൻ, അനുമതിയുടെ ഒരു പകർപ്പ് പ്രമാണത്തിൽ ഉൾപ്പെടുത്തുക എന്നിട്ട് തലക്കെട്ട് താളിനു തൊട്ടുശേഷം താഴെ പറയുന്ന പകർപ്പവകാശ അനുമതി അറിയിപ്പ് ഇടുക:

പകർപ്പവകാശം നിക്ഷിപ്തം (c) വർഷം താങ്കളുടെ പേര്
ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി, പതിപ്പ് 1.2
അഥവാ ഏതെങ്കിലും ഭാവി പതിപ്പ് പ്രകാരം
മാറ്റമില്ലാത്ത ഭാഗങ്ങൾ ഇല്ലാതെ, മുൻ‌പുറ എഴുത്തുകൾ ഇല്ലാതെ, പിൻ‌പുറ എഴുത്തുകൾ ഇല്ലാതെ,
പകർപ്പെടുക്കാനോ വിതരണം ചെയ്യാനോ രണ്ടും കൂടി ചെയ്യാനോ ഉള്ള അനുവാദം നൽകിയിരിക്കുന്നു
അനുമതിയുടെ ഒരു പകർപ്പ് “ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി” എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


താങ്കളുടെ പ്രമാണത്തിൽ മാറ്റമില്ലാത്ത ഭാഗങ്ങൾ, മുൻ‌പുറ എഴുത്തുകൾ, പിൻ‌പുറ എഴുത്തുകൾ തുടങ്ങിയവയുണ്ടെങ്കിൽ അക്കാര്യം കുറിക്കുന്ന വരിയിൽ “എഴുത്തുകൾ ഉൾപ്പടെ” എന്നു ചേർക്കുക, ഇതുപോലെ:

മാറ്റമില്ലാത്ത ഭാഗങ്ങൾ ഉൾപ്പടെ - അവയുടെ തലക്കെട്ടുകളുടെ പട്ടിക, മുൻപുറ എഴുത്തുകൾ ഉൾപ്പടെ - അവയുടെ പട്ടിക,
പിൻപുറ എഴുത്തുകൾ ഉൾപ്പടെ - അവയുടെ പട്ടിക

താങ്കളുടെ പ്രമാണത്തിൽ മാറ്റമില്ലാത്ത ഭാഗങ്ങൾ പുറം എഴുത്തുകൾ ഇല്ലാതെ ഉണ്ടെങ്കിൽ, അഥവാ ഇവ മൂന്നിന്റേയും വ്യത്യസ്ത സങ്കലനമാണുള്ളതെങ്കിൽ സന്ദർഭത്തിനനുസരിച്ച് മാറ്റി എഴുതുക.

താങ്കളുടെ പ്രമാണം പ്രസക്തമായ രീതിയിൽ കമ്പ്യൂട്ടർ പ്രോഗ്രാം കോഡ് ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിൽ, സ്വതന്ത്ര സോഫ്റ്റ്‌വേറുകളിൽ ഉപയോഗിക്കാൻ പാകത്തിൽ ഗ്നു സാർവ്വ ജനിക അനുമതി പോലുള്ള സമാന്തരമായ സ്വതന്ത്ര സോഫ്റ്റ്‌വേർ അനുമതിയിൽ ഈ ഉദാഹരണങ്ങൾ പുറത്തിറക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.