വാണി
ധ്രുപദിൽ വിവിധ ഘരാനകളെ അഥവാ ശൈലികളെ 'വാണി' എന്നാണ് വിശേഷിപ്പിക്കുന്നത്. പരമ്പരാഗതമായി പാടിവരുന്ന ശൈലിയെയാണ് വാണിയെന്നുദ്ദേശിക്കുന്നത്. ഇവയിൽ ഗോബർഹാരി, ഡാഗുരി, ഖംഡഹാരി, നൗഹാരി തുടങ്ങിയവ പ്രസിദ്ധ വാണികളാണ്. ഈ വാണികളിലെല്ലാം പറയത്തക്ക ഭിന്നതകളൊന്നും കാണുകയില്ല.[1]
ഗോബർഹാരി
[തിരുത്തുക]ഗോബർഹാരി വാണിയിൽ സുപ്രസിദ്ധനായിരുന്നു മിയാൻതാൻസേൻ. അദ്ദേഹം മുസ്ലീം മതം സ്വീകരിക്കും മുമ്പ് ഒരു ഗൗഡ ബ്രാഹ്മണനായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ ശൈലിയെ ഗൗഡിവാണി അഥവാ ഗോബർഹാരി എന്നറിയപ്പെടാൻ തുടങ്ങിയത്.
ഡാഗുരി
[തിരുത്തുക]ഡാഗുരി (ഡാഗുർ) വാണി സ്വാമിഹരിദാസ് പ്രസിദ്ധമാക്കിയ ശൈലിയാണ്. പിന്നീട് ഉദ്യപൂരിലെ ജക് രുദ്ദീൻ ഖാൻ, ഇൻഡോറിലെ നസീർമൊഹുനുദ്ദീൻ ഖാൻ, നസീർ അമിനുദ്ദീൻ ഖാൻ, അൻവറിലെ അല്ലാബന്ദേഖാൻ തുടങ്ങിയവർ ഈ വാണിയെ പോഷിപ്പിച്ചു.
ഖംഡഹാരി
[തിരുത്തുക]ഖംഡഹാരി (ഖംഡാരി) വാണിയുടെ സ്ഥാപകൻ സമ്രാട്ട് അക്ബറിന്റെ സംഗീത ദർബാറിലെ പ്രസിദ്ധ വീണാ വാദകൻ (ബീൻകാർ) സമ്മോഹൻ സിംഹ് (നൗബദ്ഖാൻ) ആണെന്ന് കരുതപ്പെടുന്നു. അദ്ദേഹം ജനിച്ച ഖംഡാർ എന്നു പേരിലുള്ള ഗ്രാമത്തിന്റെ പേര് തന്നെയാണ് അദ്ദേഹത്തിന്റെ വാണിക്കും നല്കിയിട്ടുള്ളത്. പിന്നീട് ദബീർഖാൻ, വസീർഖാൻ, സദ്രുദ്ദീൻഖാൻ, അല്ലാദിയാൻഖാൻ, ഛോട്ടെ രാമദാസ് (ബനാറസ്), ലളിത് മോഹൻ മുഖർജി (ബംഗാൾ) തുടങ്ങിയവർ ഈ ശൈലിയെ പ്രസിദ്ധമാക്കി.
നൗഹാരി
[തിരുത്തുക]നൗഹാരി വാണി ഹാജി സുജാൻഖാൻ (സുജൻദാസ്) പ്രസിദ്ധമാക്കിയ ശൈലിയാണ്. അദ്ദേഹത്തെതുടർന്ന് ഈ വാണിയിൽ കല്ലൻഖാൻ, കരാമത് അലിഖാൻ, ഉസ്താദ് വിലായദ് ഹുസേൻഖാൻ, ഖാദിം ഹുസേൻഖാൻ, വസീർഖാൻ, മുഹമ്മദ്ഖാൻ എന്നിവർ സുപ്രസിദ്ധരായി.
അവലംബം
[തിരുത്തുക]- ↑ ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1