വാക്യപദീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാതന ഭാരതത്തിലെ ഭാഷാചിന്തകൻ ഭർതൃഹരിയുടെ (ക്രി.വ. 450-510) ഭാഷാദർശനവും വ്യാകരണനിയമങ്ങളും അടങ്ങുന്ന മുഖ്യകൃതിയാണ്‌ വാക്യപദീയം. മൂന്നു കാണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്. തന്റെ ഭാഷാചിന്തയിലെ കേന്ദ്ര ആശയമായ സ്ഫോടവാദം ഭർതൃഹരി അവതരിപ്പിക്കുന്നത് ഈ രചനയിലാണ്‌. വാക്യപദീയത്തിന്റെ ആദ്യത്തെ രണ്ടു ഖണ്ഡങ്ങളിൽ ഗ്രന്ഥകാരൻ ഭാരതീയ ഭാഷാദർശനത്തിലെ ശബ്ദാദ്വൈതപക്ഷവും അഖണ്ഡപക്ഷവും സ്ഥാപിക്കാൻ ശ്രമിക്കുന്നു. അവസാനഖണ്ഡം വ്യാകരണസംബന്ധിയാണ്‌.

കാണ്ഡങ്ങൾ[തിരുത്തുക]

കൃതിയുടെ മൂന്നു കാണ്ഡങ്ങളിൽ ആദ്യത്തേത് 156 കാരികകൾ ഉള്ള ബ്രഹ്മകാണ്ഡമാണ്‌. ബ്രഹ്മത്തെ തന്നെ ശബ്ദരൂപിയായി കാണുന്ന "ശബ്ദബ്രഹ്മം" എന്ന ആശയം ഭർതൃഹരി അവതരിപ്പിക്കുന്നത് ഈ കാണ്ഡത്തിലാണ്‌. രണ്ടാമത്തേത് 485 കാരികകൾ അടങ്ങിയ വാക്യകാണ്ഡമാണ്‌. ആശയപ്രകാശനത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന നിലയിൽ വാക്യങ്ങൾ അവിഭക്തമാണെന്നും അവയുടെ അർത്ഥം, ഘടകങ്ങളായ വാക്കുകളുടെ അർത്ഥങ്ങൾ ചേർന്നുണ്ടാവുന്നതല്ലെന്നും ഭർതൃഹരി ഈ കാണ്ഡത്തിൽ വാദിക്കുന്നു. ഭാഷാദർശനത്തിലെ അഖണ്ഡപക്ഷമാണ്‌ ഈ വാദം. 1320 കാരികകളുള്ളതും അവസാനത്തേതുമായ പദകാണ്ഡമാണ്‌ കാണ്ഡങ്ങളിൽ വലുത്. ഈ കാണ്ഡം ആദ്യകാണ്ഡങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു ഗ്രന്ഥമാണെന്നു കരുതുന്നവരുണ്ട്. ഒന്നും രണ്ടും കാണ്ഡങ്ങളുടെ വിഷയം ഭാഷാദർശനമായിരിക്കുമ്പോൾ മൂന്നാം കാണ്ഡത്തിന്റെ വിഷയം വ്യാകരണമാണ്‌. വാക്യങ്ങളെ അർത്ഥത്തിന്റെ അഖണ്ഡ ഘടകങ്ങളായി കണ്ട ഭർതൃഹരി, അവയുടെ വിശകലനം കൃത്രിമമായിരിക്കുമെന്നു വാദിച്ചിരുന്നു. എങ്കിലും ഈ കാണ്ഡത്തിൽ, വാക്യവിശകലനത്തിന്റെ കൃത്രിമമെങ്കിലും പ്രായോഗികമായ മാർഗ്ഗത്തിലൂടെ അദ്ദേഹം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് വിശദമായ പരിചിന്തനം നടത്തുന്നു.[1]

സ്ഫോടവാദം[തിരുത്തുക]

ഭർതൃഹരിയുടെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ സ്ഫോടവാദം അവതരിപ്പിക്കപ്പെടുന്നത് വാക്യപദീയത്തിലാണ്‌‌. ഭാഷാദർശനത്തിൽ, ഭാഷയെ ബോധത്തിൽ നിന്ന് അഭേദമായി കാണുന്ന ശബ്ദാദ്വൈതപക്ഷത്തിന്റെ(speech monistic school) നിലപാടാണിത്. ഭാഷണത്തിന്റെ പിറവി, ഭാഷയുടെ ഘടകങ്ങളെ ഗ്രാഹ്യമായ അർത്ഥവും ആശയങ്ങളുമായി മനസ്സ് ക്രമീകരിക്കുന്നതെങ്ങനെ, എന്നീ വിഷയങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. സ്ഫോട-സങ്കല്പത്തിന്റെ സൂചനകൾ പതഞ്ജലി പോലുള്ള മുൻ‌കാല വൈയാകരണന്മാരുടെ കൃതികളിലും കാണാമെങ്കിലും വാക്യപദീയത്തിലാണ്‌ ഭാഷാസിദ്ധാന്തമെന്ന നിലയിൽ ഇത് വ്യക്തതയോടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

വ്യാഖ്യാനങ്ങൾ[തിരുത്തുക]

എളുപ്പം വായിച്ചു മനസ്സിലാക്കാവുന്ന രചനയല്ല വാക്യപദീയം. അതിലെ ആശയങ്ങൾ സരളമായി വിശദീകരിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് ഭർതൃഹരി തന്നെ എഴുതിയ വ്യാഖ്യാനമാണ്‌. ആദ്യത്തെ രണ്ടു കാണ്ഡങ്ങൾക്കു മാത്രമാണ്‌ അദ്ദേഹം വ്യാഖ്യാനം രചിച്ചത്. രണ്ടാം കാണ്ഡത്തിന്‌ പുണ്യരാജനും മൂന്നാം കാണ്ഡത്തിനു ഹേലരാജനും എഴുതിയ വ്യാഖ്യങ്ങളും പ്രസിദ്ധമാണ്‌. ഹേലരാജന്റെ വ്യാഖ്യാനം "പ്രകീർണ്ണകപ്രകാശം" എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഒന്നാം കാണ്ഡത്തിനും അതിനു ഭർതൃഹരി തന്നെ എഴുതിയ വ്യാഖ്യാനത്തിനും, "പദ്ധതി" എന്ന പേരിൽ വൃഷഭരാജനും ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Sebastian Alackapally, Being and Meaning: Reality and Language in Bhartrhari and Heidegger, Motilal Banarsidas Publishers Pvt Ltd.[1]
"https://ml.wikipedia.org/w/index.php?title=വാക്യപദീയം&oldid=3670798" എന്ന താളിൽനിന്ന് ശേഖരിച്ചത്